ഹിജാബ് പ്രക്ഷോഭത്തിന് ശേഷം ഉള്‍വസ്ത്രം മാത്രം ധരിച്ച പ്രതിഷേധം; പെൺകുട്ടികൾ ഇറാനോട് പറയുന്നത്!

ശിരോവസ്ത്രത്തിന് പുറത്തേക്ക് നീളുന്ന ഒരു മുടിയിഴ പോലും ഇറാനില്‍ പ്രതിഷേധത്തിന്റെ അടയാളമാണ്. തോക്കിന്‍ മുനമ്പില്‍ നില്‍ക്കുന്നതുപോലെയാണ് ഇറാനിലെ ഓരോ സ്ത്രീ പ്രക്ഷോഭകാരിയുടേയും ജീവിതം. വിദ്യാര്‍ഥിനിയായ മഹ്‌സ അമീനിയും മാധ്യമപ്രവര്‍ത്തകയായ നിലൂഫര്‍ ഹമീദിയും മനുഷ്യാവകാശ പ്രവര്‍ത്തക വിദ മുവാഹീദും വിദ്യാര്‍ഥിനികളായ മെയ്ദി ഹുജാബ്രിയും നര്‍ഗീസ് ഹുസൈനിയുമെല്ലാം മരണം പതിയിരിക്കുന്ന ഇടനാഴി സ്വയം തിരഞ്ഞെടുത്തവരാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെ ആകാശത്തെ മൂടിയിരിക്കുന്ന വസ്ത്രധാരണ നിയന്ത്രണങ്ങളെ ഇറാനില്‍നിന്ന് നാടുകടത്താന്‍ സ്വന്തം ജീവന്‍ പോലും ത്യജിക്കാന്‍ തയ്യാറായവര്‍. മഹ്‌സ അമീനിക്ക് ജീവന്‍ നഷ്ടമായപ്പോള്‍ വിദ മുവാഹീദി ഉള്‍പ്പെടെ ചിലരെ ഏകാന്ത തടവില്‍ പാര്‍പ്പിച്ചു. മറ്റു ചിലരെ നാടുകടത്തി.
ടെഹ്‌റാനിലെ കസ്‌റ ആശുപത്രിയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട മഹ്‌സ അമീനിയുടെ വിയോഗത്തിന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ടെഹ്‌റാനിലെ സര്‍വകലാശാലയില്‍ മറ്റൊരു വിദ്യാര്‍ഥിനി കൂടി ഭരണകൂടത്തോട് കലഹിച്ച് തെരുവിലേക്കിറങ്ങിയിരിക്കുകയാണ്. ഇസ്ലാമിക് ആസാദ് യൂണിവേഴ്‌സിറ്റിയിലെ അഹൂ ദാര്യോയ് എന്ന വിദ്യാര്‍ഥിനി ആള്‍ക്കൂട്ടത്തിന് നടുവില്‍ ഉള്‍വസ്ത്രം മാത്രം ധരിച്ച് ഇറാന്‍ ഭരണകൂടത്തിനുനേരെ ചോദ്യമെറിഞ്ഞു. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് സദാചാര പോലീസ് സര്‍വകലാശാലയ്ക്കുള്ളില്‍വെച്ച് തന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറിയത് അവള്‍ക്കൊരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. ഉള്‍വസ്ത്രം മാത്രം ധരിച്ച് ഭരണകൂടത്തെ വെല്ലുവിളിച്ചാണ് തനിക്കേറ്റ അപമാനത്തെ അഹൂ ദാര്യോയ് മായ്ച്ചുകളഞ്ഞത്. ഇപ്പോള്‍ അവള്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. പോലീസ് അറസ്റ്റ് ചെയ്തുനീക്കിയ അഹൂ ദാര്യോയ്ക്ക് മാനസിക വിഭ്രാന്തിയാണെന്നാണ് ഭരണകൂടത്തിന്റെ ഭാഷ്യം. മാനസികപ്രശ്‌നങ്ങള്‍ക്ക് ചികിത്സിക്കുന്ന ഏതോ ആശുപത്രിയുടെ ഇടനാഴിയിലായിരിക്കാം അവളിപ്പോഴുള്ളത്. മഹ്‌സ അമീനിയെപ്പോലെ നാളെ അഹൂ ദാര്യോയും ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടേക്കാം. അതല്ലെങ്കില്‍ ഏകാന്ത തടവില്‍ വര്‍ഷങ്ങളോളം കഴിഞ്ഞ് മാനസികനില തെറ്റിയവളായി മാറിയേക്കാം.
Content Highlights: iran hijab protest in detail and stripped of freedom women movements