ഈ കുട്ടികൾ അറിയുന്നുണ്ടോ ലോകം ഇങ്ങനെ ഒരു ദിനം കൊണ്ടാടുന്നത്, യു.എൻ ആശങ്കപ്പെടുന്നത്?

ഒക്ടോബർ 11 അന്താരാഷ്ട്ര ബാലികാ ദിനമായി ആചരിക്കാൻ തുടങ്ങിയിട്ട് ഒരു വ്യാഴവട്ടത്തിലേറെയായി. 2011 ഡിസംബർ 11-നാണ് ഐക്യരാഷ്ട്ര പൊതുസഭ ഇതുസംബന്ധിച്ച പ്രമേയം അംഗീകരിച്ചത്. പെൺകുട്ടികളുടെ അവകാശങ്ങളും ലോകമെന്പാടും അവർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും തിരിച്ചറിയുക എന്നതായിരുന്നു ലക്ഷ്യം. കൗമാരക്കാരായ പെൺകുട്ടികൾക്ക് സുരക്ഷിതത്വം, വിദ്യാഭ്യാസം, ആരോഗ്യകരമായ ജീവിതം എന്നിവയ്ക്കുള്ള അവകാശമുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന ചൂണ്ടിക്കാട്ടുന്നു.
ഇങ്ങ് കേരളത്തിൽ അട്ടപ്പാടി മലനിരകളിൽ ജീവിക്കുന്ന ഗോത്രമനുഷ്യർ ഈ ദിനാചരണത്തിന്റെ കഥയൊന്നും അറിഞ്ഞിട്ടേ ഉണ്ടാവില്ല. തങ്ങളുടെ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ് അവർ. പദ്ധതികൾക്കും പ്രഖ്യാപനങ്ങൾക്കും കുറവൊന്നുമില്ല. പക്ഷേ, നവജാതശിശുക്കളുടെ മരണം അട്ടപ്പാടിയിൽ തുടർക്കഥയാവുകയാണ്. 2024-ൽ ഇതുവരെ അഞ്ചു കുഞ്ഞുങ്ങളാണ് അട്ടപ്പാടിയിലെ ആദിവാസി ഗ്രാമങ്ങളിൽ പിറന്നുവീണ് ദിവസങ്ങൾക്കുള്ളിൽ മരണമടഞ്ഞത്. ഇതിൽ മൂന്നുപേർ പെൺകുഞ്ഞുങ്ങളായിരുന്നു. 2023-ൽ അഞ്ച് നവജാതശിശുക്കൾ മരിച്ചതിൽ മൂന്നുപേർ ആൺകുഞ്ഞുങ്ങളായിരുന്നു. കുഞ്ഞുങ്ങളുടെ മാത്രമല്ല അമ്മമാരുടെ ആരോഗ്യക്കുറവും ഈ മരണങ്ങൾക്ക് പ്രധാന കാരണമാണ്.
പെൺകുട്ടികൾക്കായി നിക്ഷേപിക്കുക
പെൺകുട്ടികളുടെ ഭാവിക്കായി നടത്തുന്ന നിക്ഷേപങ്ങൾ മനുഷ്യസമൂഹത്തിന്റെ മുഴുവൻ ഭാവിക്കുള്ള നിക്ഷേപങ്ങളാണെന്ന് ഈ വർഷത്തെ ബാലികാ ദിനാചരണം സംബന്ധിച്ചുള്ള കുറിപ്പിൽ ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാണിക്കുന്നു. അവളുടെ വിദ്യാഭ്യാസമാണ് നമ്മുടെ ഭാവി. കൗമാരപ്രായത്തിൽ ഓരോ പെൺകുട്ടിക്കും ലഭിക്കുന്ന അവസരങ്ങളും പിന്തുണയും അവളുടെ മികച്ച ഭാവിക്ക് വഴിയൊരുക്കുന്നു. ഇന്നത്തെ പെൺകുട്ടി നാളത്തെ തൊഴിലാളിയും അമ്മയും സംരംഭകയും ഗൃഹനാഥയും രാഷ്ട്രീയ നേതാവുമൊക്കെയാണ്. ജീവിതം രൂപപ്പെടുത്തുന്ന കൗമാരകാലത്ത് സുരക്ഷിതത്വം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയൊക്കെ അവളുടെ അവകാശമാണ് -ഐക്യരാഷ്ട്രസഭ പറയുന്നു. നിർഭാഗ്യവശാൽ, അട്ടപ്പാടിയിലെ പെൺകുട്ടികൾക്ക് നിഷേധിക്കപ്പെടുന്നതും ഈ അവകാശങ്ങളാണ്. അരിവാൾ കോശരോഗം പോലുള്ള ജനിതകരോഗങ്ങൾ മുതൽ പോഷകാഹാരക്കുറവ് വരെ അവരുടെ ജീവിതത്തെ ബാധിക്കുന്നു.
തൂക്കക്കുറവ്, വിളർച്ച – പഠനം കണ്ടെത്തിയത്
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന് (ഐ.സി.എം.ആർ) കീഴിലുള്ള ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യുട്രീഷൻ 2022-ൽ അട്ടപ്പാടി താലൂക്കിലെ പട്ടികവർഗക്കാരിലെ പോഷകാഹാരസ്ഥിതിയെപ്പറ്റി സമഗ്രപഠനം നടത്തിയിരുന്നു. 20 ആദിവാസി ഗ്രാമങ്ങളിലെ നവജാതശിശുക്കൾ (0 മുതൽ 59 മാസം വരെ), കുട്ടികൾ (5 മുതൽ 9 വയസ്സുവരെ), കൗമാരക്കാരായ പെൺകുട്ടികൾ (10 മുതൽ 19 വയസ്സുവരെ), ഗർഭിണികൾ (15 മുതൽ 49 വയസ്സുവരെ), പാലൂട്ടുന്ന അമ്മമാർ (ഒരു വയസ്സുവരെയുള്ള കുഞ്ഞുങ്ങളുള്ളവർ) എന്നിവരാണ് പഠനത്തിന് വിധേയരായത്. 2023-ലാണ് പഠനറിപ്പോർട്ട് പുറത്തു വന്നത്. അതിലെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നതായിരുന്നു.
- *അട്ടപ്പാടിയിലെ കുട്ടികളിൽ 91.2 % വിളർച്ച അനുഭവിക്കുന്നവരാണ്. ഒരു വയസ്സിനും രണ്ടു വയസ്സിനും ഇടയിലുള്ള കുഞ്ഞുങ്ങളിൽ 97.7 ശതമാനത്തിനും വിളർച്ചയുണ്ട്. ഇതിൽ 16.7 ശതമാനത്തിന് ഗുരുതരമായ വളർച്ചയാണുള്ളത്.
- അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിൽ 48.3 ശതമാനം തൂക്കക്കുറവുള്ളവരാണ്.
- പഠന വിധേയമാക്കിയ 40 ഗർഭിണികളിൽ 14 പേർക്ക് ഉയരക്കുറവോ തൂക്കക്കുറവോ ഉണ്ട്.
- മുലയൂട്ടുന്ന അമ്മമാരിൽ 40 ശതമാനം പേരും ക്രോണിക്ക് എനർജി ഡെഫിഷ്യൻസി (സി.ഇ.ഡി) അനുഭവിക്കുന്നു.
- ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ഭക്ഷണത്തിൽ ധാന്യങ്ങൾ, ചെറുധാന്യങ്ങൾ, പച്ചക്കറികൾ, പാൽ, പാലുല്പന്നങ്ങൾ എന്നിവയുടെ അളവ് ആവശ്യമായതിനേക്കാൾ താഴെയാണ്.
- 97.9 ശതമാനം പ്രസവങ്ങളും നടക്കുന്നത് ആരോഗ്യകേന്ദ്രങ്ങളിലാണ്.
- 41.4 ശതമാനം കുട്ടികൾക്കും ജനനസമയത്ത് തൂക്കക്കുറവുണ്ടായിരുന്നു
നഷ്ടപ്പെട്ട ജീവന് ആരുത്തരം പറയും?
മികച്ച ആരോഗ്യ രക്ഷാ സംവിധാനങ്ങളുള്ള സംസ്ഥാനമായിട്ടും ഭൂരിഭാഗം പ്രസവങ്ങളും ആശുപത്രികളിലായിരുന്നിട്ടും അട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനാവാത്തത് എന്തുകൊണ്ടാണ്? ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം തരാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പല കാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെടാറുണ്ടെങ്കിലും അവയൊന്നും പരിഹരിക്കാനും ആവുന്നില്ല. അട്ടപ്പാടി കോട്ടത്തറയിലെ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നടക്കുന്ന പ്രസവങ്ങളിൽ അമ്മയ്ക്കോ കുഞ്ഞിനോ എന്തെങ്കിലും ഗുരുതരാവസ്ഥ ഉണ്ടായാൽ കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്കാണ് ഇപ്പോൾ റഫർ ചെയ്യുന്നത്. പാലക്കാട് ഗവ. മെഡിക്കൽ കോളേജ് നിലവിൽ വന്നിട്ട് 10 വർഷമായെങ്കിലും കിടത്തിചികിത്സാ സൗകര്യം ഇവിടെയില്ല. അട്ടപ്പാടിയിൽ നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് സർക്കാർ ആശുപത്രിയിൽ വിദഗ്ധ ചികിത്സ കിട്ടണമെങ്കിൽ തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലെത്തണം. ഇതിനുള്ള ബുദ്ധിമുട്ടാണ് കോയമ്പത്തൂരിലേക്ക് അയക്കുന്നതിന് കാരണമായി അധികൃതർ പറയുന്നത്. എന്നാൽ, കോയമ്പത്തൂരിൽ വേണ്ടത്ര ശ്രദ്ധയും പരിചരണവും കിട്ടാത്തതാണ് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയാത്തതിന്റെ പ്രധാനകാരണമെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് ആദിവാസികൾ പ്രക്ഷോഭം നടത്തിയിട്ടും പ്രയോജനമൊന്നുമുണ്ടായില്ല. പാലക്കാട്ടോ അട്ടപ്പാടിയിൽ തന്നെയോ മികച്ച ചികിത്സാസൗകര്യം ലഭ്യമായാൽ കുറേ ജീവനുകളെങ്കിലും രക്ഷിക്കാനായേക്കും.
പാഴാകുന്ന പദ്ധതികൾ
ആദിവാസി അമ്മമാരുടെയും കുട്ടികളുടെയും ക്ഷേമത്തിനെന്ന പേരിൽ തുടങ്ങിയ പല പദ്ധതികളും പ്രയോജനം കാണാതെ പോവുന്ന സ്ഥിതിയാണ്. ലക്ഷങ്ങൾ ചെലവഴിച്ചിട്ടും ഒരാൾക്കു പോലും ഇതുവരെ പ്രയോജനപ്പെടാത്ത പദ്ധതികൾ വരെയുണ്ട്. പ്രസവനാനന്തര പരിചരണം നൽകാനായി ട്രൈബൽ ആശുപത്രിയോട് ചേർന്ന് നിർമ്മിച്ച അമ്മവീടുകൾ വർഷങ്ങളായി പൂട്ടിക്കിടക്കുകയാണ്. പ്രസവാനന്തരം ഇവിടെ തങ്ങാൻ സ്ത്രീകൾ തയ്യാറാകാത്തതാണ് പ്രധാന പ്രശ്നം. പ്രസവത്തിന് മുമ്പ് അവരെ ഇവിടെ എത്തിക്കാൻ കഴിഞ്ഞാൽ അമ്മയുടെയും കുഞ്ഞിന്റെയും ഗുരുതരാവസ്ഥ ഒഴിവാക്കാൻ കഴിഞ്ഞേക്കും. എന്നാൽ, പദ്ധതിയിൽ അതിനുള്ള വകുപ്പില്ല. പ്രസവം കഴിഞ്ഞ് അവിടെ തങ്ങാൻ ആരും തയ്യാറാകാത്തതുകൊണ്ട് പണിത കെട്ടിടങ്ങളെല്ലാം നോക്കുകുത്തിയായി കിടക്കുന്നു.
വെല്ലുവിളിയായി അരിവാൾ കോശ രോഗവും
അട്ടപ്പാടിയിലെ ആദിവാസി ജനവിഭാഗങ്ങൾക്കിടയിൽ വ്യാപകമായ അരിവാൾകോശ രോഗം സ്ത്രീകളുടെയും പെൺകുട്ടികളുടെയും ആരോഗ്യത്തിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ഈ രോഗം ബാധിച്ചവർക്ക് സന്ധികളിൽ വേദന, വിളർച്ച, കൈകാലുകളിൽ നീർവീക്കം, ബാക്ടീരിയ അണുബാധകൾ, തലകറക്കം, പക്ഷാഘാതം തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. കരൾ, ഹൃദയം, വൃക്കകൾ, പിത്തസഞ്ചി, കണ്ണുകൾ, എല്ലുകൾ, സന്ധികൾ തുടങ്ങി എല്ലാ പ്രധാന അവയവങ്ങളെയും രോഗം ബാധിക്കാം. രോഗബാധിതരിൽ പകുതിയും 50 വയസ്സുവരെയേ ജീവിച്ചിരിക്കുന്നുള്ളൂ എന്നാണ് ആഗോളതലത്തിലുള്ള കണക്ക്.
ചികിത്സയിലൂടെ ഭേദമാക്കാൻ കഴിയില്ലെങ്കിലും ഈരോഗം നേരത്തേ കണ്ടെത്തിയാൽ മരുന്നും ഭക്ഷണവും മറ്റും വഴി നിയന്ത്രിച്ചു നിർത്താൻ സാധിക്കും. എന്നാൽ, അട്ടപ്പാടിയിൽ മറ്റെന്തെങ്കിലും ചികിത്സയ്ക്കോ ശസ്ത്രക്രിയയ്ക്കോ വേണ്ടി ആശുപത്രിയിൽ എത്തുമ്പോൾ മാത്രമാണ് മിക്കവാറും അരിവാൾകോശ രോഗം തിരിച്ചറിയുന്നത്. ആദിവാസി ഗ്രാമങ്ങളിൽ പോയി പരിശോധന നടത്താനുള്ള മൊബൈൽ ലാബറട്ടറിയടക്കം രേഖകളിൽ ഉണ്ടെങ്കിലും പ്രവർത്തനം വേണ്ടതുപോലെ നടക്കുന്നില്ല. അരിവാൾകോശരോഗം ബാധിച്ചവരിൽ മൂന്നുപേരാണ് ഏതാനും മാസങ്ങൾക്കിടെ അട്ടപ്പാടിയിൽ മരിച്ചതെന്ന് പറയുമ്പോൾ സ്ഥിതി എത്ര ഗുരുതരമാണെന്ന് വ്യക്തമാവും.
പെൺകുട്ടിയായിരിക്കുക എന്നാൽ
ഒരു പെൺകുട്ടിയായിരിക്കുക എന്നത് നിങ്ങൾക്ക് എന്തു ചെയ്യാനാവും, എവിടെയൊക്കെ പോവാനാവും, ആരായിത്തീരാനാവും എന്നിവയെയൊന്നും ബാധിക്കരുത്-ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്യുന്നു. എന്നാൽ, യാഥാർഥ്യം ഇതിൽ നിന്ന് ഏറെ അകലെയാണെന്ന് അനുഭവങ്ങൾ അട്ടപ്പാടിക്കാരെ പഠിപ്പിക്കുന്നുണ്ട്. ബാല്യത്തിലും കൗമാരത്തിലും അട്ടപ്പാടിയിലെ പെൺകുട്ടികൾക്ക് നിഷേധിക്കപ്പെടുന്ന സൗകര്യങ്ങൾ ജീവിതകാലം മുഴുവൻ അവരെ പിന്തുടരുന്നു. അടുത്ത തലമുറയുടെ ആരോഗ്യത്തെപ്പോലും ബാധിക്കുന്നു. ദിനാചരണങ്ങൾ മാത്രം പിന്നെയും മുറപോലെ നടക്കുന്നു.
Content Highlights: A look at the challenges faced by girls in Attappadi, Kerala, on International Day of the Girl Child