പ്രാങ്ക് കോള്‍: മറ്റുള്ളവരുടെ സ്വകാര്യത ഹനിക്കരുത്, സോഷ്യല്‍ മീഡിയ 'താരങ്ങള്‍' നിയമം അറിഞ്ഞിരിക്കണം

പ്രാങ്ക് കോളുകള്‍ വിളിച്ച് ആളുകളെ കബളിപ്പിക്കുകയോ അതല്ലെങ്കില്‍ തമാശരൂപേണ സംഭാഷണങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച് അതില്‍നിന്ന് സാമ്പത്തിക ലാഭമോ സാമ്പത്തികമായ നേട്ടമോ ഉണ്ടാക്കുന്ന പ്രവൃത്തികള്‍ നിയമവിരുദ്ധമാണ്. ഇതേക്കുറിച്ച് അവബോധമുള്ളവരല്ല പല സോഷ്യല്‍ മീഡിയ ഉപഭോക്താക്കളും എന്നതിന്റെ ഉദാഹരണമാണ് ഇപ്പോള്‍ വിവാദമായിക്കൊണ്ടിരിക്കുന്ന റേഡിയോ ജോക്കി പ്രാങ്ക് വിഷയം.
ഒരാളുടെ വസ്തുവകകളില്‍ അയാള്‍ക്ക് എന്തൊക്കെ അവകാശങ്ങള്‍ ഉണ്ടോ അതുപോലെ തന്നെ അവകാശങ്ങള്‍ ഒരു വ്യക്തിക്ക് അയാളുടെ വ്യക്തിപരമായ അവകാശങ്ങളുടെമേലും ഉണ്ട് എന്നുള്ളത് പലരും മറന്നുപോവുകയോ അല്ലെങ്കില്‍ അവഗണിക്കുകയോ ചെയ്യുന്ന കാര്യമായി ഇന്ന് മാറിക്കൊണ്ടിരിക്കുകയാണ്. മറ്റൊരാളുടെ പേഴ്‌സണാലിറ്റി റൈറ്റ്‌സിന്റെ അഥവാ ഐഡന്റിറ്റിയുടെ ഭാഗമായ യാതൊന്നും അയാളുടെ അനുവാദമില്ലാതെ സോഷ്യല്‍ മീഡിയയിലൂടെയോ അല്ലാതെയോ പ്രചരിപ്പിക്കുവാനോ എടുത്തു ഉപയോഗിക്കുവാനും സാമ്പത്തിക ലാഭത്തിനുവേണ്ടി ഉപയോഗിക്കാനോ ആര്‍ക്കും അവകാശം ഇല്ല എന്നുള്ളത് പറഞ്ഞുവയ്ക്കട്ടെ. ഇതിലെ നിയമവിഷയം മാത്രമാണ് ഇവിടെ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.
ഇന്ത്യന്‍ ഭരണഘടന മൗലികാവകാശങ്ങളില്‍ ഉറപ്പു നല്‍കുന്ന ഒരു മൗലിക അവകാശമാണ് സ്വകാര്യതക്കുള്ള അവകാശം. ഒരു വ്യക്തിയുടെ സ്വകാര്യത എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്നുള്ളത് നിയമപരിജ്ഞാനം ഇല്ലാത്ത വ്യക്തികള്‍ക്ക് പോലും അറിവുള്ള വസ്തുതയാണ്. സ്വകാര്യതകളിലേക്കുള്ള ഏതൊരു കടന്നുകയറ്റവും മൗലികാവകാശത്തിന്റെ ലംഘനമാണെന്നുള്ളത് പറയാതെ വയ്യ. സോഷ്യല്‍ മീഡിയ വഴിയോ, ഇന്‍സ്റ്റഗ്രാം പോലുള്ള മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയോ മറ്റു വ്യക്തികളുടെ സ്വകാര്യതകളിലേക്ക് അവരുടെ അനുവാദമില്ലാതെ കടന്നു കയറി അവരുടെ വ്യക്തിപരമായ സ്വകാര്യ അവകാശങ്ങളെ ലംഘിക്കുന്ന രീതിയിലുള്ള പ്രവൃത്തികള്‍ ചെയ്യുന്നത് നിയമവിരുദ്ധം തന്നെയാണ്. അതോടൊപ്പം എടുത്തു പറയേണ്ട ഒരു കാര്യമാണ്, സാധാരണഗതിയില്‍ ഒരു വ്യക്തിയുടെ സ്വകാര്യ വസ്തുവകകളില്‍ അയാള്‍ക്കുള്ള അവകാശങ്ങളെ പറ്റി എല്ലാവര്‍ക്കും വളരെ കൃത്യമായി അറിവുള്ളതാണ്.
ഒരാള്‍ക്ക് അവന്റെ വസ്തുവകകളില്‍ ഉള്ള അവകാശംപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് അയാളുടെ ഐഡന്റിറ്റി/ പേഴ്‌സണാലിറ്റി റൈറ്റ്‌സും. വസ്തുവകകളില്‍ വ്യക്തിക്ക് അവകാശം ഉള്ളതുപോലെ പ്രാധാന്യമുള്ളതാണ് ഒരാളുടെ ശബ്ദം, അയാളുടെ ചില പ്രത്യേക രീതികള്‍, രൂപം ഇവയൊക്കെ. ഒരാളുടെ വസ്തുവകകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച് അതുകൊണ്ട് സാമ്പത്തിക ലാഭം ഉണ്ടാക്കുന്നപോലെതന്നെ നിയമവിരുദ്ധമായ പ്രവൃത്തിയാണ് മറ്റൊരു വ്യക്തിയുടെ ശബ്ദമോ, അയാളുടെ പേഴ്‌സണാലിറ്റി റൈറ്റ്‌സില്‍ പെടുന്ന മറ്റു കാര്യങ്ങളോ അനുവാദമില്ലാതെ റെക്കോര്‍ഡ് ചെയ്തു അതൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിച്ച് അത് സാമ്പത്തിക നേട്ടത്തിനായി ഉപയോഗിക്കുന്നത്. തീര്‍ച്ചയായും ഒരാളുടെ സ്വകാര്യതയ്ക്ക് മുകളിലുള്ള ഒരു കടന്നുകയറ്റം എന്നതിലുപരി നിയമപരമായി തെറ്റായ പ്രവണതകൂടിയാണ് ഇത്തര പ്രവര്‍ത്തികള്‍.
വ്യക്തികളുടെ അനുവാദം കൂടാതെ അവരുടെ വസ്തു വകകളില്‍ കഷ്ടനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതിനു തുല്യം തന്നെയാണ് ഇപ്രകാരമുള്ള സ്വകാര്യതകളിലേക്കും അവകാശങ്ങളിലേക്കുമുള്ള കടന്നുകയറ്റങ്ങള്‍. സോഷ്യല്‍ മീഡിയ വഴിയുള്ള കടന്നുകയറ്റങ്ങള്‍ വഴി പൗരന്മാര്‍ക്ക് ഉണ്ടാവുന്ന നാശനഷ്ടങ്ങള്‍ക്ക് അല്ലെങ്കില്‍ അവരുടെ കടന്നുകയറുന്നതിനെതിരെ കൂടുതല്‍ കണിശമായ നിയമ സംവിധാനം കൊണ്ടുവരേണ്ടതാണ്- നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് തന്നെ ഈ വക നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സിവില്‍ കോടതി വഴി നിവൃത്തി ലഭിക്കുന്നതാണ്. ക്രിമിനല്‍ നിയമ വ്യവസ്ഥയിലും ഐടി നിയമത്തിലും ഇതിനെതിരെ നിയമ നടപടിക്കുള്ള വകുപ്പുകള്‍ ഉണ്ടെന്നതും വസ്തുതയാണ.് സിവില്‍ കോടതികള്‍ വഴി ഇരകളായ വ്യക്തികള്‍ക്ക് താങ്കള്‍ക്കുണ്ടായ കഷ്ടനഷ്ടങ്ങള്‍ക്കു മാനസിക വിഷമത്തിനും ന്യായമായ നഷ്ടപരിഹാരത്തിനായി അന്യായം ബോധിപ്പിക്കാവുന്നതാണ്.
ഇംഗ്ലീഷ് നിയമവ്യവസ്ഥയില്‍ ഒക്കെ വളരെ ഗുരുതരമായ ഒരു സിവില്‍ കുറ്റമായാണ്(tort) ഇതുപോലെയുള്ള നിയമവിരുദ്ധമായ പ്രവൃത്തികളെ കാണുന്നത്. ഇന്ത്യയില്‍ ഈയടുത്ത് വളരെ ശ്രദ്ധിക്കപ്പെട്ട ഒരു കേസാണ് ശ്രീ സദ്ഗുരു ഫൗണ്ടേഷന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. സദ് ഗുരുവിന്റെ ചില പ്രത്യേക രീതികള്‍ പകര്‍ത്തി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിപ്പിച്ച വ്യക്തികള്‍ക്ക് സ്ഥാപനങ്ങള്‍ക്കും എതിരെ ഡല്‍ഹി ഹൈക്കോടതി ഇഞ്ചക്ഷന്‍ ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. പ്രസ്തുത കേസില്‍ ഇഷാ ഫൗണ്ടേഷന്‍ ഉയര്‍ത്തിയ വാദങ്ങളില്‍ ഒന്ന് ഒരു വ്യക്തിയുടെ ശബ്ദം, അയാളുടെ ചില പെരുമാറ്റ രീതികള്‍, പ്രത്യേക വസ്ത്രധാരണ രീതി ഇതൊക്കെ അയാളുടെ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആയതുകൊണ്ട് അതിന്മേല്‍ അദ്ദേഹത്തിന് പൂര്‍ണാവകാശമുണ്ട്. അനുവാദമില്ലാതെ മറ്റൊരാള്‍ അത് എടുത്ത് ഉപയോഗിക്കുന്നത് തീര്‍ച്ചയായും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണ് എന്നാണ്.
സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളും സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സര്‍മാരും ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുമ്പോള്‍ തീര്‍ച്ചയായും മനസ്സില്‍ ഉറപ്പിക്കേണ്ട ഒരു കാര്യം സാമ്പത്തികലാഭത്തിനുവേണ്ടി മറ്റുള്ളവരുടെ സ്വകാര്യതകളെയും മൗലിക അവകാശങ്ങളെയും ഹനിക്കാതിരിക്കുക എന്നതു തന്നെയാണ്.
Content Highlights: Illegal Prank Calls & Social Media: Know Your Rights