തടവറയിൽ പൊലിഞ്ഞ 10 വര്ഷം, യു.എ.പി.എ നീതിന്യായവ്യവസ്ഥയ്ക്ക് മുന്നിൽ വയ്ക്കുന്ന ചോദ്യങ്ങൾ

പത്ത് വര്ഷത്തോളം തടവറയില് ഇരുട്ടില് നിന്ന് തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള പോരാട്ടം. തന്റെ ജീവിതത്തിന്റെ വലിയൊരുകാലം മുഴുവന് കോടതി വരാന്തകളിലും കല്ത്തുറങ്കിലും അടയ്ക്കപ്പെടേണ്ടി വരുന്നത് ചെറിയ കാര്യമില്ല. മാവോവാദിബന്ധം ആരോപിച്ചുള്ള കേസില് ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ ജി.എന്. സായിബാബ ജയില്മോചിതനാവുമ്പോള് ഇന്ത്യന് നിയമസംവിധാനത്തിലുളള വിശ്വാസ്യത ഏറുകയാണ്. യുഎപിഎ പോലുള്ള നിയമങ്ങൾക്ക് നേരെ അത് ശക്തമായ ചോദ്യമെറിയുകയും ചെയ്യുന്നു.
പത്തുവര്ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് സായിബാബ പുറംലോകം കാണുന്നത്. നാഗ്പുര് സെന്ട്രല് ജയിലില് നിന്നാണ് സായിബാബ പുറത്തിറങ്ങിയത്. പോളിയോ ബാധിച്ച് ശരീരത്തിന്റെ 90 ശതമാനവും തളര്ന്ന് ചക്രക്കസേരയുടെ സഹായത്തോടെ ജീവിക്കുന്ന സായിബാബ, 2014-ല് അറസ്റ്റിലായത് മുതല് നാഗ്പുര് സെന്ട്രല് ജയിലില് തടവിലായിരുന്നു. ഏകാന്ത തടവുകാരെ താമസിപ്പിക്കുന്ന അതിസുരക്ഷാ ലോക്കപ്പായ അണ്ഡാ സെല്ലിലായിരുന്നു അദ്ദേഹം. ഹൈക്കോടതി കുറ്റവിമുക്തനാക്കിയെങ്കിലും സുപ്രീം കോടതി ആ ഉത്തരവ് സ്റ്റേ ചെയ്തതിനാല് സായിബാബയ്ക്ക് ജയില് മോചിതനാകാന് സാധിച്ചിരുന്നില്ല. ഹൈക്കോടതിയുടെ നാഗ്പുര് ബെഞ്ച് വീണ്ടും വാദം കേട്ടാണ് സായിബാബ അടക്കമുള്ളവരെ വെറുതേവിട്ടത്. വിധി സ്റ്റേചെയ്യണമെന്ന് സര്ക്കാര് ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളിയതോടെയാണ് സായിബാബയ്ക്ക് ജയില് മോചനം സാധ്യമായത്.
Content Highlights: gn saibaba explainer