സ്ത്രീധനത്തിനെതിരേ പോര്‍ട്ടലിലൂടെ പരാതിനല്‍കാം, ആവര്‍ത്തിക്കുന്ന ദുരന്തങ്ങൾ ഒഴിവാക്കാം

#രാകേഷ് കെ. നായര്‍
പ്രതീകാത്മക ചിത്രം | AP
പ്രതീകാത്മക ചിത്രം | AP
ഉന്നതവിദ്യാഭ്യാസംനേടി സ്വന്തംകാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുള്ള പെണ്‍കുട്ടികള്‍ക്കാണ് ഭര്‍ത്തൃവീട്ടിലെ പീഡനങ്ങളില്‍ ജീവന്‍പോലും ത്യജിക്കേണ്ടിവരുന്നത്

വിസ്മയയുടെയും ഉത്രയുടെയും കഥകള്‍ കേരളത്തില്‍ എല്ലാ വര്‍ഷവും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രബുദ്ധകേരളത്തില്‍ വിവാഹിതരായ പെണ്‍കുട്ടികളുടെ ജീവനെടുക്കുന്ന സ്ത്രീധനപീഡന കഥകളുടെ പശ്ചാത്തലം മാത്രമാണ് മാറുന്നത്. ഓരോ വര്‍ഷവും ശരാശരി 10 പെണ്‍കുട്ടികള്‍ക്കാണ് സ്ത്രീധനപീഡനത്തിന്റെ പേരില്‍ ഇവിടെ ജീവന്‍ നഷ്ടമാകുന്നത്.

കുറ്റക്കാര്‍ക്കെതിരേ നടപടികള്‍ ശക്തമാകുമ്പോഴും പലയിടത്തും സമ്പത്തിന്റെപേരില്‍ നവവധുക്കളുടെ ജീവിതം തകരുകയാണ്. വിദ്യാസമ്പന്നരായ യുവാക്കള്‍പോലും സ്ത്രീധനത്തിന്റെപേരില്‍ ഭാര്യയെ ശാരീരികമായി ആക്രമിക്കുകയും കൂടുതല്‍ പണവും വസ്തുക്കളും ആവശ്യപ്പെടുകയും ചെയ്യുന്ന സമൂഹമായി നമ്മള്‍ തരംതാഴുന്നു.

ഉന്നതവിദ്യാഭ്യാസംനേടി സ്വന്തംകാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുള്ള പെണ്‍കുട്ടികള്‍ക്കാണ് ഭര്‍ത്തൃവീട്ടിലെ പീഡനങ്ങളില്‍ ജീവന്‍ ത്യജിക്കേണ്ടിവരുന്നത്. പുറത്തറിയുന്നതിനെക്കാള്‍ ഭീകരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ നമുക്കുചുറ്റുമുണ്ട്. പൊള്ളയായ ദുരഭിമാനംകാരണം എന്തു ത്യാഗം സഹിച്ചും കുടുംബജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പലരെയും പ്രേരിപ്പിക്കുന്നു.

നിലവില്‍ കേരളത്തിലെ കുടുംബക്കോടതികളില്‍ ഒരു ലക്ഷത്തിലധികം കേസുകളാണുള്ളത്. എന്നാല്‍, കേരളത്തിലെ സ്ത്രീധനപീഡനക്കേസുകളെക്കുറിച്ചോ ഭര്‍ത്തൃവീട്ടിലെ അക്രമങ്ങളുടെ പരാതികളെക്കുറിച്ചോ കൃത്യമായ കണക്കുകളും രേഖകളും വനിതാ കമ്മിഷനില്‍പ്പോലും ലഭ്യമല്ല.

മത്സരബുദ്ധിയും പ്രദര്‍ശനാത്മകതയും

കുഞ്ഞുനാള്‍മുതല്‍ തീവ്രമായ മത്സരബുദ്ധി കുട്ടികള്‍ക്കിടയിലുണ്ടാകുന്നുണ്ട്. സാമ്പത്തികവും ഭൗതികവുമായ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ആശയമാണ് സ്‌കൂള്‍ക്കാലംമുതല്‍ കുട്ടികള്‍ക്കിടയിലേക്ക് എത്തിക്കുന്നത്. ഇത് കുട്ടികളുടെ മാനസികനിലയില്‍ വലിയ മാറ്റംവരുത്തുന്നുണ്ട്. വളര്‍ന്നുവരുമ്പോഴേക്കും സാമ്പത്തികമായി എങ്ങനെ മെച്ചപ്പെടാം എന്നതാണ് കുട്ടികള്‍ ലക്ഷ്യമിടുന്നത്. വളഞ്ഞവഴിയിലൂടെയായാലും സമ്പത്തുണ്ടാക്കുകയെന്നതാണ് ചിന്ത. പ്രദര്‍ശനാത്മകതയാണ് ഇന്നത്തെ തലമുറയുടെ ജീവിതലക്ഷ്യം. യുവാക്കള്‍ തങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നു. ഭൗതികസാഹചര്യങ്ങള്‍ മറ്റുള്ളവരുടെമുന്നില്‍ ഉയര്‍ത്തിക്കാണിക്കുകയെന്നതൊരു ശീലമായി. ഇങ്ങനെയാണ് കൂടുതല്‍ മികച്ച മനുഷ്യനാകുന്നതെന്ന തെറ്റിദ്ധാരണ കുട്ടികള്‍ക്കിടയില്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. സ്ത്രീധനം, ഓണ്‍ലൈന്‍ തട്ടിപ്പ് തുടങ്ങിയവയിലെല്ലാം മലയാളികള്‍ ധാരാളമായി നിക്ഷേപസാധ്യതകള്‍ തേടുന്നത് ഇതിനുദാഹരണമാണ്.

2016 മുതല്‍ ജീവന്‍ നഷ്ടമായത് 97 പേര്‍ക്ക്

2016 മുതല്‍ ഈ വര്‍ഷം ഫെബ്രുവരിവരെയുള്ള കണക്കുകള്‍ പ്രകാരം കേരളത്തില്‍ സ്ത്രീധനത്തിന്റെപേരില്‍ പൊലിഞ്ഞത് 97 ജീവനുകളാണ്. 2023-ല്‍ മാത്രം എട്ടുപേരും 2024-ല്‍ ഒരാളും ഇത്തരത്തില്‍ സ്ത്രീധനത്തിന്റെപേരില്‍ മരിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ ഭര്‍ത്തൃവീട്ടില്‍വെച്ച് പീഡനമേറ്റത് 20,383 പേര്‍ക്കാണ്. ഇതില്‍ പകുതിയിലധികം ആക്രമണങ്ങളും സ്ത്രീധനത്തിന്റെ പേരിലാണെന്നാണ് കണക്കാക്കുന്നത്. 2024-ലെ ആദ്യ രണ്ടുമാസത്തില്‍ മാത്രം 744 പേരാണ് ഭര്‍ത്തൃവീട്ടില്‍വെച്ചുണ്ടായ പീഡനങ്ങളില്‍ പരാതിയുമായെത്തിയത്.

ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം 2022-ല്‍മാത്രം 12 പേരാണ് കേരളത്തില്‍ സ്ത്രീധനപീഡനം കാരണം മരിച്ചിട്ടുള്ളത്. അക്കൊല്ലം ദേശീയതലത്തില്‍ ­20-ാമതാണ് നമ്മുടെ കൊച്ചുകേരളം. വിദ്യാഭ്യാസത്തിലും സാമൂഹികനിലവാരത്തിലും രാജ്യത്തിന് മാതൃകയാകുന്ന മലയാളികള്‍, സ്ത്രീധനപീഡനത്തിന്റെപേരില്‍ പിന്നോട്ടുനടക്കുകയാണ്.

സമൂഹം അംഗീകരിച്ച തെറ്റ്

സ്ത്രീധനം നമ്മുടെ സമൂഹം അംഗീകരിച്ച തെറ്റാണ്. തനിക്ക് ഇതിലും ഇതില്‍ക്കൂടുതലും കിട്ടാന്‍ അവകാശമുണ്ട് എന്ന ചിന്തയാണ് ആണ്‍കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നത്. 'ഇതില്‍ക്കൂടുതല്‍ ഞാന്‍ ഡിസര്‍വിങ് ആണ്' എന്നാണ് പന്തീരാങ്കാവ് കേസിലെ പ്രതി നവവധുവിനോടു പറഞ്ഞത്. സ്ത്രീധനം കൊടുക്കേണ്ടത് തങ്ങളുടെ കടമയാണെന്ന തെറ്റിദ്ധാരണയുടെ ഭാഗമായുള്ള കീഴ്വഴക്കം സമൂഹം സൃഷ്ടിച്ചിട്ടുണ്ട്.

സ്ത്രീധനത്തിനെതിരേയും സ്ത്രീധനപീഡനത്തിനെതിരേയും പരാതിനല്‍കാനുള്ള സംവിധാനമുണ്ട്. പക്ഷേ, എവിടെ, എങ്ങനെ പരാതിപ്പെടണമെന്നതിനെക്കുറിച്ച് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവത്കരണം ആവശ്യമാണ്. വിദ്യാഭ്യാസമാണ് മക്കള്‍ക്ക് കൊടുക്കാന്‍പറ്റുന്ന സമ്പത്ത്.

പൈസകൊടുത്ത് വാങ്ങാവുന്ന സന്തോഷമല്ല കുടുംബജീവിതത്തിന്റേത് എന്നതാണ് സത്യം. അത് പെണ്‍കുട്ടികളും ആണ്‍കുട്ടികളും മനസ്സിലാക്കണം. കല്യാണം കച്ചവടമല്ല; കുടുംബജീവിതത്തിന്റെ തുടക്കമാണ് എന്ന് തിരിച്ചറിയണം.

ആർ. നിശാന്തിനി
"സ്ത്രീധനം എന്നത് തെറ്റായ കീഴ്വഴക്കമാണ്. നിയമത്തിന്റെ സഹായം തേടാതെ തന്നെ സമൂഹം ഒറ്റക്കെട്ടായി ഇതിനെ എതിര്‍ക്കണം. സ്ത്രീധനവുമായി ബന്ധപ്പെട്ട് എവിടെ, എങ്ങനെ പരാതിപ്പെടണമെന്നതിനെക്കുറിച്ച് കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യമാണ്. വിദ്യാഭ്യാസമാണ് മക്കള്‍ക്ക് കൊടുക്കാന്‍ പറ്റുന്ന സമ്പത്ത്"-ആര്‍.നിശാന്തിനി, ഡി.ഐ.ജി., തിരുവനന്തപുരം 

തടവും പിഴയും കിട്ടാവുന്ന കുറ്റം

സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും, വാങ്ങുന്നതിനും കൊടുക്കുന്നതിനും പ്രേരിപ്പിക്കുന്നതും ജാമ്യം ലഭിക്കാത്തതും തടവ്, പിഴ എന്നീ ശിക്ഷകള്‍ ലഭിക്കാവുന്നതുമായ കുറ്റകൃത്യമാണ്. 1961-ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമമാണ് ഇപ്പോഴും നിലവിലുള്ളത്. അഞ്ചുവര്‍ഷത്തില്‍ കുറയാത്ത തടവും പതിനയ്യായിരം രൂപയില്‍ കുറയാത്ത തുക പിഴയുമാണ് ശിക്ഷ. സ്വര്‍ണവും പൊന്നും പണവും മാത്രമല്ല വിവാഹച്ചെലവിന് നല്‍കുന്ന തുകപോലും സ്ത്രീധനമാണ്.

സംസ്ഥാന വനിത-ശിശു വികസനവകുപ്പില്‍ സ്ത്രീധനത്തിനെതിരേ http://wcd.kerala.gov.in/dowry എന്ന പോര്‍ട്ടലിലൂടെ പരാതിനല്‍കാം. പരാതിനല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. സ്ത്രീധനദുരിതബാധിതരായ സ്ത്രീകള്‍, മാതാപിതാക്കള്‍, ബന്ധുക്കള്‍, അംഗീകൃതസ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് പരാതിനല്‍കാം.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ ഭര്‍ത്തൃവീട്ടില്‍വെച്ച് പീഡനമേറ്റത് 20,383 പേര്‍ക്ക്

അവലംബം: കേരളാപോലീസ്

2023ൽ പൊലിഞ്ഞത് ഏഴു ജീവൻ

11 മാര്‍ച്ച്

•സ്ത്രീധനത്തിന്റപേരില്‍ നിശ്ചിയിച്ചുറപ്പിച്ച വിവാഹത്തില്‍നിന്നു വരന്‍ പിന്മാറിയതിനെത്തുടര്‍ന്ന് നെടുമങ്ങാട് വലിയമല ശ്രീകൃഷ്ണവിലാസത്തില്‍ ശ്രീകുമാറിന്റെ മകള്‍ ആതിര ആത്മഹത്യചെയ്തു.

11 ഏപ്രില്‍

•തിരുവനന്തപുരം നെടുമങ്ങാട് കരകുളം കാച്ചാണി മയൂരംവീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സുരേന്ദ്രനാഥിന്റെയും പുഷ്പലതയുടെയും മകള്‍ അനുപ്രിയ ആത്മഹത്യചെയ്തു. സംഭവത്തില്‍ ഭര്‍ത്താവ് മനുവിന്റെ മാതാപിതാക്കളായ അഞ്ചല്‍ ഐരൂര്‍ സ്വദേശികള്‍ മന്മദനെയും വിജയെയും പോലീസ് അറസ്റ്റുചെയ്തു. ഭര്‍ത്താവ് മനു വിദേശത്തായിരുന്നു.

17 ഏപ്രില്‍

•വര്‍ക്കല വെട്ടൂര്‍ റാത്തിക്കല്‍ മൗണ്ട്മുക്ക് ഊറ്റുകുഴി റോഡ് നബീന മന്‍സിലില്‍ നബീന ആത്മഹത്യചെയ്തു. ഭര്‍ത്താവ് കല്ലപമ്പലം കപ്പാംവിള കരിമ്പുവിളയില്‍ ദാറുല്‍ അഫ്സല്‍ വീട്ടില്‍ അഫ്സലിനെ അറസ്റ്റുചെയ്തു.

20 ജൂലായ്

•വയനാട് വെണ്ണിയോട് സ്വദേശി ഓംപ്രകാശിന്റെ ഭാര്യ ­ദര്‍ശന കുഞ്ഞുമായി പുഴയില്‍ച്ചാടി ആത്മഹത്യംചെയ്തു. ­മരിക്കുമ്പോള്‍ ദര്‍ശന ­അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു.

25 ഒക്ടോബര്‍

•തൃശ്ശൂര്‍ പെരുമ്പിലാവ് കല്ലുംപുറം പുത്തന്‍പീടികയില്‍ ആബിദിന്റെ ഭാര്യ സബീന ആത്മഹത്യചെയ്തു.

07 നവംബര്‍

•കോട്ടയം ഏറ്റുമാനൂര്‍ അതിരമ്പുഴ ശ്രീകണ്ഠമംഗലത്ത് ഷൈമോള്‍ സേവ്യര്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യചെയ്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതി ക്രൂരമര്‍ദനത്തിനിരയായതായി പറഞ്ഞിരുന്നു. ഭര്‍ത്താവ് അനിലിനെയും ഇയാളുടെ അച്ഛന്‍ വര്‍ക്കിയെയും പോലീസ് അറസ്റ്റുചെയ്തു.

05 ഡിസംബര്‍

•തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ജി. വിദ്യാര്‍ഥിനി ഷഹ്ന ആത്മഹത്യചെയ്തു. സ്ത്രീധനം കുറഞ്ഞതുകാരണം നിശ്ചയിച്ച വിവാഹത്തില്‍നിന്ന് പിന്മാറിയെന്ന കുറ്റത്തിന് സഹപാഠിയായ യുവഡോക്ടര്‍ റുവൈസിനെ പോലീസ് അറസ്റ്റുചെയ്തു.

"മനുഷ്യത്വം, നന്മ, അനുതാപം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസ രീതി ഇല്ല. മത്സരങ്ങളില്‍ വിജയിച്ച് ഒന്നാമതെത്തിയാല്‍ മാത്രമാണ് അഭിനന്ദനം ലഭിക്കുന്നത്. നല്ല പ്രവര്‍ത്തികള്‍ക്കുപോലും പ്രോത്സാഹനം കിട്ടുന്നില്ല. കുട്ടികളുടെ സ്വഭാവത്തില്‍ അനുതാപം വികസിക്കുന്നില്ല. കുടുംബത്തിനുള്ളില്‍പോലും വ്യക്തിബന്ധങ്ങള്‍ക്ക് അടുപ്പം കുറയുന്നു. അവനവന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് വ്യക്തിബന്ധം പുലര്‍ത്തുന്നതും അപകടകരമാണ്", ഡോ. അരുണ്‍ ബി.നായര്‍, പ്രൊഫസര്‍ ഓഫ് സൈക്യാട്രി, മെഡിക്കല്‍ കോളേജ്,തിരുവനന്തപുരം


 

Content Highlights: Dowry cases, deaths,Kerala, Marriage,women,husband,harassment