'അകവും പുറവുംപൊള്ളി മടങ്ങിവന്നാല്‍ എത്ര പെണ്‍കുട്ടികളെ വീട്ടുകാര്‍ അതേ സ്‌നേഹത്തോടെ സ്വീകരിക്കും?'

ഗാര്‍ഹിക പീഡനങ്ങളും മരണങ്ങളും കേരളത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. കുടുംബവും സമൂഹവും തങ്ങള്‍ക്കുമേല്‍ ചെലുത്തുന്ന അസാധാരണമായ സമ്മര്‍ദം കാരണം അനുയോജ്യമല്ലാത്ത വിവാഹബന്ധങ്ങളില്‍നിന്ന് ഇറങ്ങിവരാന്‍ പാടുപെടുന്ന സ്ത്രീകളില്‍ പലരും ആത്മഹത്യയില്‍ അഭയം തേടുന്നു. ചിലര്‍ നീറിപ്പുകഞ്ഞ് അതേ ബന്ധങ്ങളില്‍ എരിഞ്ഞെരിഞ്ഞ് വെണ്ണീരാകുന്നു. ഇതെല്ലാം കണ്ട് വളരുന്ന കുട്ടികള്‍ മാനസികമായി ഉലഞ്ഞുപോയ ബാല്യത്തെ ഉള്ളിലൊതുക്കി സമൂഹത്തിലേക്കിറങ്ങുന്നു, ചിലര്‍ പോരാടുന്നു.
പെണ്ണായിപ്പിറന്നതിന്റെ പേരില്‍ മാത്രം ബാല്യത്തില്‍ തുടങ്ങി വാര്‍ധക്യത്തില്‍ വരെ സ്ത്രീകള്‍ക്ക് സ്വന്തം കുടുംബന്ധങ്ങളില്‍നിന്നും സമൂഹത്തില്‍ നിന്നും നേരിടേണ്ടിവരുന്ന ദുരനുഭവങ്ങള്‍ക്ക് കൈയും കണക്കുമില്ല. ഇതെല്ലാം പലപ്പോഴും നാം ചര്‍ച്ചകള്‍ക്ക് വിധേയമാക്കിയതുമാണ്. ഗാര്‍ഹികപീഡനം അനുഭവിക്കുകയും ഒടുവില്‍ ജീവന്‍ നഷ്ടപ്പെടുകയും ചെയ്ത, അടുത്തിടെ നടന്ന സംഭവങ്ങളെ സൂചിപ്പിച്ചുകൊണ്ട് എഴുത്തുകാരന്‍ മുഹമ്മദ് അബ്ബാസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് പ്രസക്തമാണ്. ജനനം മുതല്‍ പെണ്‍കുട്ടികളെ ബാധ്യതയായി മാത്രം കാണുന്ന മാതാപിതാക്കളെ പുനര്‍വിചിന്തനം നടത്താന്‍ പ്രേരിപ്പിക്കുന്ന വരികളാണതില്‍. വസ്തുക്കളോ നാല്‍ക്കാലികളേയോ വില്‍ക്കുന്നതുപോലെയോ ബാധ്യതയൊഴിപ്പിക്കുന്നതുപോലെയോ ആണ് നമ്മുടെ സമൂഹത്തില്‍ പെണ്‍മക്കളെ വിവാഹംചെയ്തയക്കുന്നതിനെ പോലും കാണുന്നതും പറയുന്നതും, കുറിപ്പില്‍ എഴുത്തുകാരന്‍ ഇതെടുത്തു പറയുന്നുണ്ട്.
ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം;
ആരുടെ കണ്ണീരാവും ഈ ഭൂമിയില്‍ ഏറ്റവുമധികം വീണിട്ടുണ്ടാവുക?
സംശയമൊന്നും വേണ്ട അത് സ്ത്രീയുടേതാണ്.
ആ കണ്ണീര് കൊണ്ട് നനഞ്ഞു കുതിര്‍ന്നതാണ് നമ്മള്‍ വസിക്കുന്ന ഈ കൊച്ചു ഗൃഹം.
ഈ മണ്ണില്‍ ഒന്ന് തൊട്ടു നോക്കി മണത്താലറിയാം ആ കണ്ണീരുപ്പിനെ....
വിരലിലറിയാം ആ കണ്ണീരിന്റെ നനവിനെ...
അടുത്തിടയായി മരണപ്പെട്ടത് മൂന്നിലധികം സ്ത്രീകളാണ്. മരണമല്ല, ആത്മഹത്യ.
എന്റെ മകള്‍ ആത്മഹത്യ ചെയ്യില്ല, അവളെ കൊന്നതാണെന്ന് ഒരച്ഛന്‍ നെഞ്ചു പൊട്ടി വിലപിക്കുന്നു.
മറ്റൊരുവള്‍ കുഞ്ഞിനെയും കൊണ്ട് പുഴയിലേക്ക് ചാടുന്നു.
ഇനിയൊരുത്തി....
പിന്നെയൊരുത്തി....
വേറെയൊരുത്തി....
ആവര്‍ത്തിക്കുകയും നീണ്ടു പോവുകയും ചെയ്യുന്ന ഈ പട്ടികയ്ക്ക് മുമ്പില്‍ നെഞ്ച് കനത്ത് ഞാന്‍ നില്‍ക്കുന്നു.
വിവാഹമോചനം ചെയ്യപ്പെട്ട രണ്ട് സഹോദരിമാര്‍ എനിക്കുമുണ്ട്.
അവരാണ് ഞങ്ങളുടെ തറവാട്ട് വീട്ടില്‍ ഇപ്പോള്‍ താമസിക്കുന്നത്. അവരാണ് ആ വീടിന്റെ ഉടമകള്‍(ഞങ്ങള്‍ ഏഴ് ആണ്‍മക്കള്‍ക്കും മറ്റൊരു സഹോദരിക്കും അതില്‍ യാതൊരു അവകാശവുമില്ല) മരിക്കും മുമ്പ് എന്റെ ഉപ്പ ഉണ്ടാക്കിയ ഉടമ്പടിയാണത്.
വയ്യെങ്കില്‍ ആ ബന്ധം ഉപേക്ഷിച്ചു പോന്നൂടേ എന്ന് ചോദിക്കുന്നവരുണ്ട്. അത്ര എളുപ്പമല്ല അത്. ഇനി എല്ലാ തീപ്പാതകളും ചവിട്ടി അകവും പുറവും പൊള്ളി മടങ്ങി വന്നു എന്നുതന്നെ കരുതുക.
എത്ര പെണ്‍കുട്ടികളെ വീട്ടുകാര്‍ പഴയ അതേ സ്‌നേഹത്തോടെ വാത്സല്യത്തോടെ സ്വീകരിക്കും? സ്വീകരിച്ചാല്‍ തന്നെ എത്ര കാലത്തേക്ക്?
'പെണ്‍കുട്ടിളെ കല്യാണം കഴിച്ചയക്കുക'
'കൊടുത്തയക്കുക'
'കെട്ടിച്ച് വിടുക'
തുടങ്ങിയ പ്രയോഗങ്ങളില്‍ തന്നെയുണ്ട് അപാകതകള്‍. കൊടുത്തയക്കാന്‍ അവര്‍ കന്നുകാലികളോ പച്ചക്കറിയോ മറ്റോ ആണോ?
എനിക്കുമുണ്ട് രണ്ട് പെണ്‍മക്കള്‍.
മൂത്തവള്‍ക്ക് വയസ്സ് 23.
രണ്ടാമത്തവള്‍ക്ക് 20. അവര്‍ക്ക് പെണ്ണന്വേഷണം നടത്തുന്ന ബന്ധുക്കളോടും നാട്ടുകാരോടും ഞാന്‍ പറയാറുള്ളത്
'നിങ്ങള്‍ അവരോട് തന്നെ നേരിട്ട് ചോദിക്കുന്നതാണ് നല്ലത്' എന്നാണ്.
കാരണം വിവാഹം പെണ്‍കുട്ടികളുടെ ഇഷ്ടവും തീര്‍പ്പുമാണ്.
ആര്? എപ്പോള്‍? എന്നതൊക്കെ അവരാണ് തീരുമാനിക്കേണ്ടത്. ഞാനല്ല.
ചിലരൊക്കെ അവരോട് നേരിട്ട് ചോദിച്ച് നല്ല മറുപടികള്‍ വാങ്ങിയിട്ടുമുണ്ട്. ആ മറുപടി അവരുടെ ധിക്കാരമാണെങ്കില്‍ ഉപ്പയെന്ന നിലയില്‍ ഞാനാ ധിക്കാരത്തില്‍ അഭിമാനം കൊള്ളുന്നു.
എന്നെ സംബന്ധിച്ച് അവരുടെ വിദ്യാഭ്യാസത്തിനും അവര്‍ക്കൊരു മാന്യമായ തൊഴിലിനുമാണ് പ്രാധാന്യം. എന്നിട്ടേ സ്വന്തമായിട്ടൊരു വീടെന്ന എന്റെ സ്വപ്നം പോലും വരുന്നുള്ളൂ.
നിലവില്‍ ഇരുപത് കഴിഞ്ഞ ഏത് പെണ്‍കുട്ടിയോടും വിവാഹത്തെപ്പറ്റി സൂചിപ്പിച്ചാല്‍ അവരതിന് സമ്മതിക്കില്ല. പിന്നെ സംഭവിക്കുന്നത് അച്ഛനും അമ്മയും ഏട്ടന്മാരും ഏട്ടത്തിമാരും എന്ന നിലയ്ക്കുള്ള ഇമോഷണല്‍ ഇടപെടലുകളാണ്.
എന്ത് സ്‌നേഹത്തിന്റെ പേരിലായാലും പെണ്‍കുട്ടികളെ അവരുടെ ഇഷ്ടമില്ലാതെ മാതാപിതാക്കള്‍ വിവാഹത്തിന് നിര്‍ബന്ധിക്കരുത്.
അവര്‍ നമ്മളിലൂടെ ഈ ഭൂമിയിലേക്ക് വന്നു എന്നല്ലാതെ നമുക്ക് അവരുടെ മേല്‍ മറ്റ് അവകാശങ്ങളൊന്നുമില്ല. പെണ്‍കുട്ടികള്‍ക്ക് അവരുടെ ലക്ഷ്യങ്ങളിലേക്ക് എത്താന്‍ നമ്മള്‍ വെളിച്ചം കാണിച്ചില്ലെങ്കിലും അവരെ ഇരുട്ടിലേക്ക് തള്ളി വിടരുത്.
അപേക്ഷയാണ്...
സസ്‌നേഹം
അബ്ബാസ്.
Content Highlights: Domestic Violence and women issues in Kerala