വധശിക്ഷ, ഏകാന്തതടവ്‌..; മാറുന്ന നിയമങ്ങൾ, മാറാത്ത നീതിസങ്കല്പങ്ങൾ

#അഡ്വ. കാളീശ്വരം രാജ്
സുപ്രീം കോടതി | Photo: Mathrubhumi
സുപ്രീം കോടതി | Photo: Mathrubhumi

മൂന്ന് അടിസ്ഥാനനിയമങ്ങൾക്കു പകരം പുതിയ മൂന്ന് നിയമസംഹിതകൾ കൊണ്ടുവരാനുള്ള ബില്ലുകൾ അവതരിപ്പിച്ചിരിക്കുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലും ക്രിമിനൽ നടപടിക്രമ നിയമത്തിലും തെളിവുനിയമത്തിലും മാറ്റങ്ങൾ വേണമെന്ന ആവശ്യം ഏറെക്കാലമായി നിലനിൽക്കുന്നതാണ്. കാലഹരണപ്പെട്ട നടപടിക്രമങ്ങളും യുക്തിരഹിതമായ ശിക്ഷാവിധികളും ഈ ആവശ്യത്തിന് ആക്കംകൂട്ടി. ഇത്തരം ആവശ്യങ്ങളുടെ പൂർത്തീകരണമായി പുതിയ നിർദിഷ്ടനിയമങ്ങളെ കാണാനാവില്ല. എന്നാൽ, അങ്ങിങ്ങായി ചില മാറ്റങ്ങൾ വരുത്താൻ ഈ പുതിയ ബില്ലുകൾ ശ്രമിക്കുന്നുണ്ടെന്നത് വാസ്തവമാണ്.

ശിക്ഷാനിയമത്തിനുപകരം ഭാരതീയ ന്യായസംഹിത, ക്രിമിനൽ നടപടിക്രമത്തിനുപകരം ഭാരതീയ നാഗരിക് സുരക്ഷാസംഹിത, തെളിവുനിയമത്തിനുപകരം ഭാരതീയ സാക്ഷ്യനിയമം എന്നിങ്ങനെയാണ് നിർദേശിക്കപ്പെട്ടിട്ടുള്ളത്. ഇംഗ്ലീഷിലുള്ള ഉള്ളടക്കത്തിന് ഇംഗ്ലീഷ് ഭാഷയിൽത്തന്നെ തലക്കെട്ടും നൽകിയിരുന്നെങ്കിൽ നിയമങ്ങളുടെ പേരുകൾ അഹിന്ദിസംസ്ഥാനങ്ങൾക്കുകൂടി എളുപ്പത്തിൽ പരിചിതമായേനെ. ബില്ലുകൾ നിയമങ്ങളാകാത്തതിനാൽ അതിനിനിയും സമയമുണ്ട്.

വധശിക്ഷയും ഏകാന്തതടവും

ആദ്യമേ പറയട്ടെ, നീതിസങ്കല്പങ്ങളിൽ എന്തെങ്കിലും അടിസ്ഥാനപരമായ പൊളിച്ചെഴുത്തിന്‌ തുനിയുന്നവയല്ല ഈ മൂന്നു ബില്ലുകളും. ഉദാഹരണത്തിന്, വധശിക്ഷയുടെ കാര്യത്തിൽ കൂടുതൽ കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നിർദേശിക്കാനാണ് അല്ലാതെ കുറച്ചുകൊണ്ടുവരാനോ നിർത്തലാക്കാനോ അല്ല ബില്ലുകൾ ശ്രമിക്കുന്നത്. പല ആധുനിക ജനാധിപത്യരാജ്യങ്ങളിലും വധശിക്ഷയ്ക്കെതിരായ പൗരാവകാശമുന്നേറ്റങ്ങൾ വിജയിക്കുകയും തത്ഫലമായി തൂക്കുമരങ്ങൾ ഇല്ലാതാവുകയുംചെയ്ത ചരിത്രസന്ധിയിൽ തികച്ചും വിപരീതദിശയിലാണ് ഇന്ത്യയുടെ സഞ്ചാരമെന്ന് പുതിയ ‘ന്യായസംഹിത’ സൂചിപ്പിക്കുന്നു.

വധശിക്ഷയുടെ വിപുലീകരണംപോലെ അലോസരപ്പെടുത്തുന്ന ഒന്നാണ് ഏകാന്തതടവിനുള്ള വ്യവസ്ഥകൾ. സുനിൽബത്ര (1978), കിഷോർസിങ്‌ രവീന്ദ്രർ (1980), ചാൾസ് ശോഭരാജ് (1978) കേസുകളിലെ വിധികളിൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരെപ്പോലുള്ള പ്രഗല്‌ഭമതികൾ ഏകാന്തതടവിന്റെ പ്രാകൃതസ്വഭാവത്തെക്കുറിച്ച് സൂചിപ്പിച്ചതാണ്. എന്നാൽ, പുതിയ ന്യായസംഹിതയ്ക്കായുള്ള ബില്ലിന്റെ 11-ാം വകുപ്പിൽ സമയപരിധി നിശ്ചയിച്ചുകൊണ്ടാണെങ്കിലും ഏകാന്തതടവ് ഒരു ശിക്ഷാവിധിയെന്നനിലയിൽ തുടരും.

പഴയ ശിക്ഷാനിയമത്തിലെ 22 വ്യവസ്ഥകൾ പുതിയ ന്യായസംഹിതയോടെ ഇല്ലാതാകും. 175 വകുപ്പുകളിൽ മാറ്റങ്ങൾവരും. എട്ടു പുതിയ വകുപ്പുകൾ കൂട്ടിച്ചേർക്കപ്പെടും.

കോടതിവിധികൾക്ക് അംഗീകാരം

ആൾക്കൂട്ടക്കൊലപാതകങ്ങളെ ഒരു പ്രത്യേകകുറ്റകൃത്യമായി നിർവചിച്ചത് സ്വാഗതാർഹമാണ്. സുപ്രീംകോടതിതന്നെ ഇക്കാര്യത്തിൽ നടത്തിയ നിരീക്ഷണങ്ങളെ നിയമനിർമാതാക്കൾ ഗൗരവത്തിലെടുത്തത് നന്നായി. അതുപോലെ, സുപ്രീംകോടതി റദ്ദാക്കിയ ശിക്ഷാനിയമത്തിലെ വിവാഹേതരബന്ധം സംബന്ധിച്ച 497-ാം വകുപ്പ്, വലിയൊരളവുവരെ റദ്ദാക്കപ്പെട്ട സ്വവർഗബന്ധം സംബന്ധിച്ച 377-ാം വകുപ്പ് എന്നിവയെ പുനരവതരിപ്പിക്കാൻ കേന്ദ്രം ഒരുങ്ങിയില്ല എന്നതും അഭിനന്ദിക്കപ്പെടേണ്ട കാര്യമാണ്.

രാജ്യദ്രോഹക്കുറ്റത്തിന്റെ നാനാർഥങ്ങൾ

അതേസമയം, രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച് 124 എ-യുടെ കാര്യത്തിൽ ആ പുതിയ ചില പദപ്രയോഗങ്ങളിലൂടെ നിയമവ്യവസ്ഥ മറ്റൊരുവിധത്തിൽ നിലനിർത്താനാണ് ബിൽ ശ്രമിക്കുന്നത്. യഥാർഥത്തിൽ ഭരണകൂടത്തിനെതിരേയുള്ള അട്ടിമറികളെ കുറ്റകൃത്യമായി നിർവചിച്ച് കഠിനശിക്ഷ ഉറപ്പിക്കുന്ന 121, 121 എ, 122 തുടങ്ങിയ വ്യവസ്ഥകൾ പഴയ ശിക്ഷാനിയമത്തിൽതന്നെ ഉണ്ടായിരുന്നു. അവ നിലനിർത്തി രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച 124 എ വകുപ്പ് പൂർണമായും ഒഴിവാക്കിയിരുന്നെങ്കിൽ അത് കൂടുതൽ ഉചിതമായേനെ. 124 എ വകുപ്പിന്റെ പ്രയോഗത്തിനെതിരേ കഴിഞ്ഞവർഷം സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അന്തഃസത്ത ഉൾക്കൊള്ളാനും അതുവഴി കഴിയുമായിരുന്നു. ഇപ്പോഴത്തെ സമാനവ്യവസ്ഥയിൽ ഭീകരവാദംപോലുള്ള വിഷയങ്ങൾകൂടി ഉൾപ്പെടുന്നുണ്ട്. പ്രധാനപ്രശ്നം പുതിയ പദാവലികളിലൂടെ അവതരിപ്പിക്കപ്പെട്ട രാജ്യവിരുദ്ധ കുറ്റകൃത്യങ്ങളിൽ കൃത്യതക്കുറവിന്റെയും ദുർവ്യാഖ്യാനസാധ്യതയുടെയും അപകടങ്ങൾ നിലനിൽക്കുന്നുവെന്നതാണ്. പുതിയ വ്യവസ്ഥയുടെപേരിൽ നിയമവിരുദ്ധ പ്രവർത്തനം (തടയൽ) നിയമം-യു.എ.പി.എ.-പോലുള്ള കരിനിയമങ്ങൾ റദ്ദാക്കുമെന്ന സൂചനയൊന്നും കേന്ദ്രം നൽകിയിട്ടില്ല. പുതിയ ബില്ലിലെ 111, 150 വകുപ്പുകളുടെ അടിസ്ഥാനത്തിൽ യു.എ.പി.എ. പൂർണമായും പിൻവലിക്കപ്പെടേണ്ടതാണ്.

അറസ്റ്റുംഅവകാശങ്ങളും

എഫ്.ഐ.ആർ.മുതൽ അറസ്റ്റുവരെയുള്ള കാര്യങ്ങളിൽ സുപ്രീംകോടതി പലപ്പോഴായി വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്. 2023-ൽ ഒരു പ്രധാന നിയമനിർമാണം നടക്കുമ്പോൾ കോടതിവിധികളിലൂടെവന്ന ഇത്തരം അവകാശങ്ങൾകൂടി കണക്കിലെടുക്കപ്പെടണം. ഡി.കെ. ബാബു കേസ് (1996) മുതൽ അർണേഷ്‌കുമാർ കേസ് വരെ(2014)യുള്ള ഒട്ടേറെ കേസുകളിലെ സുപ്രീംകോടതി വിധികൾ അന്യായ അറസ്റ്റുകൾക്കെതിരേ നിയമപരമായ മുൻകരുതലുകൾ ഉറപ്പുവരുത്താൻ ഉദ്ദേശിച്ചിട്ടുള്ളവയാണ്. പുതിയ നാഗരികസുരക്ഷാസംഹിതയിലെ 5-ാം അധ്യായത്തിൽ അന്യായ അറസ്റ്റുകൾക്കെതിരേയുള്ള മുൻകരുതലുകൾ വേണ്ടത്ര കാണാനില്ല. അതിനാൽത്തന്നെ പോലീസിന്റെയും അന്വേഷണോദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായേക്കാവുന്ന അതിക്രമങ്ങൾക്ക് തടയിടാനുള്ള വ്യവസ്ഥ പുതിയ അടിസ്ഥാനനിയമത്തിലില്ല.

നഷ്ടപ്പെടുന്ന അവസരം

വിവാഹത്തിനുശേഷം ഭാര്യയെ ഭർത്താവ് ബലാത്സംഗംചെയ്താലും അത് ബലാത്സംഗമെന്ന കുറ്റകൃത്യത്തിന്റെ പരിധിയിൽവരില്ല എന്ന ശിക്ഷാനിയമത്തിലെ സമീപനംതന്നെയാണ് പുതിയ ന്യായസംഹിതയും പറയുന്നത്. അതേസമയം, വിവാഹംകൊണ്ടുമാത്രം ബലാത്സംഗക്കുറ്റം ഇല്ലാതാകുന്നില്ലെന്ന വാദം ഉന്നയിക്കുന്ന കേസുകൾ ഇപ്പോഴും നിലവിലുണ്ട്. ഇതുസംബന്ധിച്ച് കൂടുതൽ ന്യായയുക്തവും പ്രായോഗികവുമായ നിലപാടെടുക്കാൻ കോടതികളെക്കാളും നിയമനിർമാണ സഭയ്ക്കുതന്നെയാണ് കഴിയുക. കുറ്റകൃത്യത്തെ നിർവചിക്കാനും സാധാരണ ബലാത്സംഗത്തിൽനിന്ന് വേർതിരിച്ചുകാണാനും ഉചിതമായ ശിക്ഷ നിർണയിക്കാനും മറ്റും വേണ്ടിയുള്ള സംവാദങ്ങൾക്കുശേഷംവേണം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ. എന്നാൽ, ശിക്ഷാനിയമത്തിലെ സമീപനം അതുപോലെ ആവർത്തിച്ചതുവഴി ഇത്തരം നിയമനിർമാണസാധ്യതയാണ് ഇല്ലാതായിപ്പോവുക.

ചില നല്ലവശങ്ങൾ

ലഘുവായ കുറ്റകൃത്യങ്ങൾക്ക് സാമൂഹിക സേവനംപോലുള്ള പുതിയ ശിക്ഷാവിധികൾ ആവിഷ്‌കരിക്കപ്പെടുന്നത് തികച്ചും സ്വാഗതാർഹമാണ്‌. നിശ്ചിത സമയത്തിനുള്ളിൽ പ്രോസിക്യൂഷൻ അംഗീകാരം നൽകപ്പെടാത്ത കേസുകളിൽ അത് ലഭിച്ചതായി കണക്കാക്കാനുള്ള നിർദേശവും തികച്ചും ഉചിതംതന്നെ.

ഇന്ത്യൻ തെളിവുനിയമത്തിൽ വരുത്തിയ മാറ്റങ്ങൾ ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്നവിധത്തിലാണ്. തെളിവുനിയമത്തിലെ അഞ്ച് വ്യവസ്ഥകൾ മാറ്റുകയും 23 എണ്ണത്തിൽ മാറ്റംവരുത്താനും ഒരു പുതിയ വ്യവസ്ഥകൂടി ചേർക്കാനുമാണ് ബിൽ നിർദേശിക്കുന്നത്. ഇലക്‌ട്രോണിക്-ഡിജിറ്റൽ തെളിവുകളെ ഇതരതെളിവുകളെപ്പോലെ സ്വീകരിക്കാൻ ബിൽ വ്യവസ്ഥചെയ്യുന്നു. പ്രഥമവിവര റിപ്പോർട്ടുമുതൽ വിധിപ്പകർപ്പിന്റെ പ്രസിദ്ധീകരണംവരെയുള്ള കാര്യങ്ങൾക്ക് ഡിജിറ്റൽ പകർപ്പ് ലഭ്യമാകുമെന്നത് ഇപ്പോൾത്തന്നെ വലിയൊളവുവരെ നടപ്പിൽവന്നുകഴിഞ്ഞ കാര്യമാണ്. എന്നാൽ, വീഡിയോ കോൺഫറൻസ് വഴിയുള്ള വിചാരണയും രാജ്യംവിട്ടുപോകുന്നവരെ അവരുടെ അസാന്നിധ്യത്തിൽ വിചാരണചെയ്യാനുള്ള വ്യവസ്ഥകളും പ്രായോഗികതലത്തിൽ എങ്ങനെ അനുഭവപ്പെടും എന്നത് കാത്തിരുന്നു കാണേണ്ടതാണ്.

നിയമവാഴ്ച എന്ന സമസ്യ

പുതിയ മൂന്നുബില്ലുകളെ സംബന്ധിച്ചും പാർലമെന്റിനകത്തും പുറത്തും ഗൗരവപ്പെട്ട ചർച്ചകൾ നടക്കേണ്ടതാണ്. വിപ്ലവകരമായ, മനുഷ്യാവകാശ സംരക്ഷണത്തിലൂന്നിയ എന്തെങ്കിലും നിയമപരിഷ്‌കാരങ്ങൾ നിർദിഷ്ട നിയമങ്ങളിൽ കാണാനില്ല. അവ എത്രമാത്രം ‘ഭാരതീയ’മാണെന്നും സംശയിക്കപ്പെടാം. ആളും തരവുംനോക്കി നിയമത്തെ ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ദുരുപയോഗപ്പെടുത്തുകയോ ചെയ്യുന്ന സമകാലിക ഇന്ത്യയിൽ മനുഷ്യാവകാശങ്ങളും പൗരസ്വാതന്ത്ര്യവുമെല്ലാം പഴങ്കഥകളാണെന്നറിയാം. മാറുന്ന നിയമങ്ങൾ പക്ഷേ, നമ്മുടെ മാറാത്ത നീതിസങ്കല്പങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. ചില സംസ്ഥാനങ്ങളിലെങ്കിലും ഇതിനകം തകർന്നുകഴിഞ്ഞ നിയമവാഴ്ച സംബന്ധിച്ച ആകുലതകളെ ശമിപ്പിക്കാനും പുതിയ ബില്ലുകൾ അപര്യാപ്തമാണ്. കൂടുതൽ ചർച്ചകളും പരീക്ഷണങ്ങളും തിരുത്തലുകളും പുതിയ ബില്ലുകളുടെയും നിയമങ്ങളുടെയും കാര്യത്തിൽ ആവശ്യമായിവരുന്നു. ഓരോ പുതിയ നിയമനിർമാണവും ഒരു രാഷ്ട്രീയപ്രസ്താവനയാണ്. അതിനാൽത്തന്നെ നിയമങ്ങൾ ജനതാത്‌പര്യത്തിനും രാഷ്ട്രതാത്‌പര്യത്തിനും ഉതകുന്നവയാണെന്ന് സംവാദങ്ങളിലൂടെ ഉറപ്പുവരുത്തണം.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ ചില വ്യവസ്ഥകളെ ചോദ്യംചെയ്ത കേസുകളിൽ സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകനാണ് ലേഖകൻ

Content Highlights: concepts of justice and law