മഴ കാത്ത് 13 വർഷം; ചിലിയില്‍ ഇനി വെള്ളവും റേഷന്‍

പ്രതീകാത്മക ചിത്രം | AFP
പ്രതീകാത്മക ചിത്രം | AFP

സാന്‍ഡിയേഗോ: ജീവന്‍ നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമായ ജലവും റേഷനാകുന്നു. കടുത്ത വരള്‍ച്ചയെ നേരിടുന്ന തെക്കെ അമേരിക്കന്‍ രാജ്യമായ ചിലിയാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായത്.

13 വര്‍ഷമായി ചിലിയില്‍ മഴ പെയ്തിട്ടില്ല. നദികള്‍ വറ്റിവരണ്ടു. കടുത്ത വരള്‍ച്ച രാജ്യത്തെ കൃഷി പകുതിയായി കുറച്ചു. ആദ്യപടിയായി തലസ്ഥാനമായ സാന്‍ഡിയേഗോയിലാണ് വെള്ളം റേഷനായി നല്‍കുക. 60 ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തില്‍ നാലുഘട്ടങ്ങളിലായി വിതരണം നടത്താനാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ പച്ച ജാഗ്രത പ്രഖ്യാപിക്കും. ജലസംരക്ഷണത്തെക്കുറിച്ചും ഭൂഗര്‍ഭജലം വിനിയോഗിക്കേണ്ടതിനെക്കുറിച്ചും ഈ ഘട്ടത്തില്‍ ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തും. അവസാന ഘട്ടമാണ് ചുവപ്പ് ജാഗ്രത. ഈ ഘട്ടത്തില്‍ ജലവിനിയോഗം സര്‍ക്കാരിന്റെ പൂര്‍ണനിയന്ത്രണത്തിലാക്കും. വൈദ്യുതി വിതരണം നിയന്ത്രിക്കുന്നതിന് പവര്‍ക്കട്ട് ഏര്‍പ്പെടുത്തുന്ന മാതൃകയില്‍ ജലവിതരണത്തിന് വാട്ടര്‍ കട്ട് ഏര്‍പ്പെടുത്തും. ഒരുദിവസം ഒരുപ്രദേശത്തുമാത്രം വെള്ളം നല്‍കുന്ന വിധമാണ് നിയന്ത്രണം നടപ്പാക്കുക.

മയിപോ, മപോചോ നദികളില്‍ ജലനിരപ്പ് വര്‍ധിച്ചാല്‍മാത്രമേ നിലവിലെ സ്ഥിതിയില്‍ മാറ്റമുണ്ടാകൂവെന്ന് മേയര്‍ ക്ലോഡിയോ ഒറേഗോ പറയുന്നു. കഴിഞ്ഞ 30 വര്‍ഷത്തിനകം രാജ്യത്തെ ജലലഭ്യത 10 മുതല്‍ 37 ശതമാനം വരെയായി കുറഞ്ഞിട്ടുണ്ട്. 2060 ആവുമ്പോഴേക്കും 50 ശതമാനംകൂടി കുറയുമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന കണക്കുകള്‍.

Content Highlights: Chile plans water rationing after 12 years of drought, drought, Social, Mathrubhumi latest