വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തി,പരിശോധനയിൽ ഗർഭിണി;വേട്ടക്കാരൻ വീട്ടിൽത്തന്നെ|ആര് കാക്കും ഞങ്ങളെ?

Representative Image| Photo: AI Generated
Representative Image| Photo: AI Generated

കുട്ടികള്‍ ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ നമ്മുടെ വീട്ടകങ്ങള്‍ സുരക്ഷിതമാണ് എന്നുകരുതുന്നവരാണ് ഭൂരിഭാഗം പേരും. പക്ഷേ അടുത്ത ബന്ധുക്കളില്‍ നിന്നും പരിചയക്കാരില്‍ നിന്നും സംരക്ഷിക്കപ്പെടേണ്ടവരില്‍ നിന്നുമാണ് കുട്ടികള്‍ കൂടുതല്‍ അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ കുട്ടികള്‍ നേരിടുന്ന ലൈംഗികാതിക്രമത്തിന്റെ യാഥാര്‍ത്ഥ്യം പങ്കുവെച്ചുകൊണ്ടുള്ള അന്വേഷണ പരമ്പര...

''അബദ്ധം പറ്റിയതാണ്...''
സ്വന്തം ജ്യോഷ്ഠന്റെ മൂന്നരവയസ്സുള്ള കുഞ്ഞിനെ പീഡിപ്പിച്ചതിനേക്കുറിച്ച് കുറ്റസമ്മതം നടത്തിയ പ്രതിയുടെ വാക്കുകളാണിത്. കോലഞ്ചേരിയില്‍ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കുഞ്ഞിനെയോര്‍ത്ത് വിലപിക്കാത്ത മലയാളികളില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോട്ട് പുറത്തുവന്നതോടെയാണ് ചെറിയച്ഛനാല്‍ ഒന്നരവര്‍ഷത്തോളം ആ കുഞ്ഞ് പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന വിവരം പുറംലോകമറിയുന്നത്. കൊല്ലപ്പെടുന്നതിന്റെ അന്നുപോലും അയാള്‍ ആ കുരുന്നിനെ പീഡിപ്പിച്ചിരുന്നുവെന്ന് പോലീസിന് മുന്നില്‍ സമ്മതിച്ചു. തുടക്കത്തില്‍ കുട്ടിയുടെ മരണത്തേക്കുറിച്ച് വിലപിച്ച പ്രതിക്ക് മുന്നില്‍ പോലീസ് തെളിവുകള്‍ നിരത്തിയതോടെ പൊട്ടിക്കരഞ്ഞുകൊണ്ട് അബദ്ധം പറ്റിയെന്നുപറഞ്ഞ് കുറ്റസമ്മതം നടത്തുകയായിരുന്നു. അവൾക്കേറ്റവും പ്രിയ്യപ്പെട്ട, ഏറ്റവും വിശ്വസിച്ച ചെറിയച്ഛൻ തന്നെയായിരുന്നു കുരുന്നുശരീരത്തെ കാമാസക്തിയോടെ സമീപിച്ചത്.

ഞെട്ടിക്കുന്ന കണക്കുകള്‍

കുട്ടികളോട് എങ്ങനെ പെരുമാറുന്നു എന്നതിനേക്കാള്‍ ഒരു സമൂഹത്തിന്റെ ആത്മാവിനെ ആഴത്തില്‍ വെളിപ്പെടുത്തുന്ന മറ്റൊന്നില്ല.- യുഗപ്രഭാവനായ നെല്‍സണ്‍ മണ്ടേലയുടെ വാക്കുകളാണിത്. എന്നാല്‍ കുട്ടികളോട് ക്രൂരവും നികൃഷ്ടവുമായി പെരുമാറുന്ന സമൂഹമാണ് ഇന്നത്തേതെന്ന് വ്യക്തമാക്കുന്ന വാര്‍ത്തകളാണ് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

2025-ല്‍ ലാന്‍സെറ്റ് നടത്തിയ പഠനപ്രകാരം ഒരാള്‍ പതിനഞ്ചോ അതിന് താഴെയോ പ്രായത്തിലാണ് ആദ്യമായി ലൈംഗിക അതിക്രമത്തിന് ഇരയാകുന്നത്. 1990 മുതല്‍ 2023 വരെയുള്ള കാലയളവിലായി 204 രാജ്യങ്ങളിലുള്ള കുട്ടികള്‍ക്കെതിരേ നടന്ന ലൈംഗിക അതിക്രമങ്ങളെ ആധാരമാക്കി നടത്തിയ പഠനത്തിനൊടുവിലാണ് ഈ വിലയിരുത്തല്‍.

ആഗോളതലത്തില്‍ അഞ്ചില്‍ ഒരു സ്ത്രീയും (18.9%) ഏഴില്‍ ഒരു പുരുഷനും (14.8%) പതിനെട്ട് വയസ്സിന് മുമ്പേ ലൈംഗിക അതിക്രമത്തിന് ഇരകളാകുന്നുവെന്ന് പഠനം പറയുന്നു. പ്രായം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കെതിരേ നടക്കുന്ന ലൈംഗിക അതിക്രമങ്ങളേക്കുറിച്ച് ഏറ്റവും സമഗ്രമായി നടത്തിയ പഠനമാണിത്. പതിമൂന്നിനും ഇരുപത്തിനാലിനും ഇടയില്‍ പ്രായമുള്ള 67 ശതമാനം സ്ത്രീകളും 72 ശതമാനം പുരുഷന്മാരും പതിനെട്ട് വയസ്സിനു മുമ്പേ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരകളായിട്ടുണ്ടെന്നും കണ്ടെത്തി.

അമേരിക്കയില്‍ 27.5 ശതമാനം സ്ത്രീകളും 16.1 ശതമാനം പുരുഷന്മാരും യു.കെ.യില്‍ 24.4 ശതമാനം സ്ത്രീകളും 16.5 ശതമാനം പുരുഷന്മാരുമാണ് ലൈംഗിക അതിക്രമ ഇരകളായതെങ്കില്‍ ഇന്ത്യയില്‍ ഈ നിരക്ക് കൂടുതലാണ്. 32ശതമാനം സ്ത്രീകളും 13.5 ശതമാനം പുരുഷന്മാരും  പതിനെട്ടിന് മുമ്പേ ലൈംഗികമായി അതിക്രമിക്കപ്പെട്ടു.

ഓരോ പതിനഞ്ച് മിനിറ്റിലും ഒരു കുഞ്ഞ്

2024-ല്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഓരോ പതിനഞ്ച് മിനിറ്റിലും ഇന്ത്യയില്‍ ഒരു കുഞ്ഞ് ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. അതില്‍ തന്നെയും 90 ശതമാനം കുട്ടികളും അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നത് അവര്‍ക്ക് പരിചയമുള്ള ആളുകളില്‍ നിന്നുതന്നെയാണ്. അപരിചിതരില്‍ നിന്ന് സംരക്ഷിക്കപ്പെടേണ്ടതിനേ കുറിച്ചും പൊതുയിടത്തില്‍ സുരക്ഷിതരാകേണ്ടതിനേക്കുറിച്ചും നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നവര്‍ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന വീട്ടകങ്ങളെ വിസ്മരിക്കുകയാണ്.

2024-ല്‍ കേരള സ്റ്റേറ്റ് കമ്മീഷന്‍ ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലും ഞെട്ടിക്കുന്ന കണക്കുകളാണ് വ്യക്തമാക്കുന്നത്. ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയാകുന്ന കുട്ടികളില്‍ 21 ശതമാനത്തിലും വേട്ടക്കാരാകുന്നത് സ്വന്തം വീട്ടില്‍ തന്നെ ഉള്ളവരാണെന്നതാണ്. നാലുശതമാനം സ്‌കൂള്‍ ഇടങ്ങളില്‍ നിന്നും അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. 4,663 കേസുകളെ ആധാരമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇതേക്കുറിച്ച് പരാമര്‍ശിക്കുന്നത്. ഇതില്‍ 988 പേരും (21 ശതമാനം) വീട്ടകങ്ങളില്‍ നിന്നും 725പേര്‍( 15 ശതമാനം) പ്രതിയുടെ ചുറ്റുപാടില്‍ നിന്നും 935 പേര്‍ (20 ശതമാനം) പൊതുയിടങ്ങളില്‍ നിന്നും അതിക്രമങ്ങള്‍ക്ക് ഇരയാകുന്നു. 173 കേസുകള്‍ സ്‌കൂളുകളില്‍ നിന്ന് ഉണ്ടായവയാണ്, 139 എണ്ണം വാഹനങ്ങളില്‍ വച്ചും 146 എണ്ണം മറ്റിടങ്ങില്‍ വച്ചും 166 എണ്ണം ഒറ്റപ്പെട്ട ഇടങ്ങളില്‍ വച്ചും സംഭവിച്ചവയാണ്. ഇതുകൂടാതെ 60 എണ്ണം ഹോട്ടലുകള്‍, 72 എണ്ണം സുഹൃത്തുക്കളുടെ വീടുകള്‍, 73 എണ്ണം മതസ്ഥാപനങ്ങള്‍, 16 എണ്ണം ആശുപത്രികള്‍, എട്ടെണ്ണം ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വച്ചും സംഭവിച്ചു. അതേസമയം 791(17ശതമാനം) കേസുകളുടെ വിവരങ്ങള്‍ ലഭ്യമേയല്ല.

കുട്ടികളോടുള്ള ലൈംഗിക അതിക്രമങ്ങളേക്കുറിച്ച് കേരള പോലീസ് പുറത്തുവിട്ട കണക്കുകളും ആശങ്കപ്പെടുത്തുന്നതാണ്. വര്‍ഷം തോറും നിരക്ക് കൂടിവരുന്നതായാണ് വ്യക്തമാകുന്നത്. 2019-ല്‍ 3634, 2020-ല്‍ 3042, 2021-ല്‍ 3516, 2022-ല്‍ 4518, 2023-ല്‍ 4641, 2024-ല്‍ 4594, 2025-ല്‍ 1201 (മാര്‍ച്ച് വരെ) എന്നിങ്ങനെയാണ് കുറ്റകൃത്യങ്ങളുടെ നിരക്കുകള്‍. 

സുരക്ഷിതമല്ല വീട്ടകവും

വയറുവേദനയ്ക്ക് ചികിത്സ തേടിയാണ് പത്തനംതിട്ട റാന്നി സ്വദേശിയായ പതിന്നാലുകാരി ആശുപത്രിയിലെത്തിയത്. പരിശോധനയ്‌ക്കൊടുവില്‍ കണ്ടെത്തിയത് ഗര്‍ഭിണിയാണെന്ന വിവരമാണ്. ലാബ് ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിച്ചതിനേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി സ്വന്തം അച്ഛന്‍ തന്നെയാണെന്ന് കണ്ടെത്തിയത്. എട്ടാം ക്ലാസ്സുകാരിയായ മകള്‍ ഉറങ്ങിക്കിടക്കവേയാണ് അച്ഛന്‍ പീഡനത്തിന് ഇരയാക്കിയത്. 2025 മാര്‍ച്ച് ഒന്നിനും എട്ടിനും ഇടയിലുള്ള ദിവസങ്ങളിലൊന്നിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് അച്ഛന്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു.

കഴിഞ്ഞ ഒക്ടോബറിലാണ് തിരുവനന്തപുരത്ത് അഞ്ചുവയസ്സുകാരിയായ ചെറുമകളെ പീഡിപ്പിച്ച കേസില്‍ 62-കാരന് പ്രത്യേക പോക്‌സോ കോടതി വിവിധ വകുപ്പുകളിലായി 102 വര്‍ഷം തടവും 105000 രൂപ പിഴയും ശിക്ഷിച്ചത്. കുട്ടിയുടെ അമ്മയുടെ പിതൃസഹോദരനായിരുന്നു പ്രതി. കളിക്കാനെത്തിയപ്പോഴാണ് അതിക്രമം കാട്ടിയത്. പ്രതിയുടെ ഭീഷണി ഭയന്ന് കുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. കൂട്ടുകാരോട് അപ്പൂപ്പന്‍ ചീത്തയാണെന്ന് പറയുന്നതുകേട്ട അമ്മൂമ്മ ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് കാര്യങ്ങള്‍ അറിഞ്ഞതും പോലീസില്‍ പരാതിപ്പെട്ടതും.

കഴിഞ്ഞ ഒക്ടോബറില്‍ത്തന്നെ മഞ്ചേരിയില്‍ നിന്നും സമാനമായ വാര്‍ത്ത പുറത്തുവന്നിരുന്നു. അന്ന് പതിമൂന്നുകാരിയായ സഹോദരിയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ കേസില്‍ പത്തൊമ്പതുകാരന് 123 വര്‍ഷം കഠിനതടവും ഏഴുലക്ഷം രൂപ പിഴയുമാണ് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി വിധിച്ചത്. വീട്ടില്‍വച്ച് പലതവണ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ഗര്‍ഭിണിയാക്കുകയുമായിരുന്നു. പക്ഷേ, പിന്നീട് അതിജീവിതയടക്കം പ്രധാനസാക്ഷികളെല്ലാം കൂറുമാറിയത് കേസിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരുന്നു. എന്നാല്‍ കുഞ്ഞിന് ജന്മം നല്‍കാന്‍ ആശുപത്രിയില്‍ എത്തവേ ഡോക്ടറാണ് ഇക്കാര്യം പോലീസില്‍ അറിയിച്ചത്.

അമ്മയുടെ ഒത്താശയോടെ രണ്ടാനച്ഛന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. പെണ്‍കുട്ടി നേരിട്ടാണ് മാന്നാര്‍ പോലീസ് സ്റ്റേഷനിലെത്തി രണ്ടാനച്ഛന്‍ പീഡിപ്പിച്ച വിവരം പറഞ്ഞത്. അമ്മയോട് പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്നും വീണ്ടും ഉപദ്രവം തുടര്‍ന്നപ്പോഴും അമ്മ മൗനം പാലിച്ചുവെന്നും പെണ്‍കുട്ടി പോലീസില്‍ പറഞ്ഞത്. പരാതിക്കൊടുവില്‍ മാന്നാര്‍ പോലീസ് രണ്ടാനച്ഛനേയും അമ്മയേയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

സ്വന്തം മകളെ പത്തു വയസ്സു മുതല്‍ 14 വയസ്സുവരെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 72 വര്‍ഷം കഠിനതടവും 1,80,000 രൂപ പിഴയും ഒടുക്കിയ വാര്‍ത്ത ഇടുക്കിയില്‍ നിന്ന് പുറത്തുവന്നിരുന്നു. അഗതിമന്ദിരങ്ങളില്‍ നിന്ന് പഠിച്ചിരുന്ന പെണ്‍കുട്ടി നാലാം ക്ലാസ് മുതല്‍ ഒമ്പതാംക്ലാസ് വരെ അവധിക്കാലത്ത് വീട്ടില്‍വരുമ്പോഴാണ് പിതാവ് ലൈംഗിക പീഡനം നടത്തിയത്. 2020-ലാണ് പെണ്‍കുട്ടി വിവരം പുറത്തുപറയുന്നത്. 2019ലും അതിനു മുമ്പും പിതാവില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന അനുഭവങ്ങള്‍ കടലാസിൽ എഴുതി കുട്ടി കിടക്കയ്ക്ക് അടിയില്‍ സൂക്ഷിച്ചിരുന്നു. ഇത് പ്രോസിക്യൂഷന് സഹായകരമായി. സംരക്ഷണം നല്‍കേണ്ട പിതാവ് തന്നെ സ്വന്തം മകളോട് ഇങ്ങനെ ചെയ്തത് ഹീനമായെന്നാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി വിലയിരുത്തിയത്.

2023-ല്‍ പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലും അറിയുന്നയാള്‍ തന്നെയായിരുന്നു പ്രതി. അമ്മയുടെ സുഹൃത്ത് തന്നെ പീഡിപ്പിക്കുന്ന വിവരം ചേച്ചിയോടാണ് പെണ്‍കുട്ടി തുറന്നുപറഞ്ഞത്. 2018 മുതല്‍ പലവട്ടം വീട്ടിലും കാറിലുമായി പീഡിപ്പിച്ചതിന്റെ പേരില്‍ പ്രതിക്കെതിരെയും കുട്ടിയുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും പ്രതിക്ക് നല്‍കി പീഡനത്തിന് കൂട്ടുനിന്നതിന്റെ പേരില്‍ അമ്മയ്‌ക്കെതിരെയും കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.

നടിയുടെ അനുഭവം

വരലക്ഷ്മി ശരത്കുമാര്‍

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് നടിയും തമിഴ്‌നടന്‍ ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മി ശരത്കുമാറും കുട്ടിക്കാലത്തെ ലൈംഗികാതിക്രമ അനുഭവം പങ്കുവെച്ചത്. ചാനല്‍ റിയാലിറ്റി ഷോയിലായിരുന്നു വരലക്ഷ്മിയുടെ തുറന്നുപറച്ചില്‍. കുട്ടിക്കാലത്ത് അമ്മയും അച്ഛനും തന്നെ മറ്റുചിലരെ ഏല്‍പ്പിച്ചാണ് ജോലിക്ക് പോയിരുന്നത്. അക്കാലത്ത് അഞ്ചോ ആറോ പേര്‍ ഉപദ്രവിച്ചിട്ടുണ്ട്. കുട്ടികളെ ഗുഡ് ടച്ചിനേക്കുറിച്ചും ബാഡ് ടച്ചിനേക്കുറിച്ചും പഠിപ്പിക്കണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെടുകയാണ് എന്നായിരുന്നു വിതുമ്പലോടെ വരലക്ഷ്മി പങ്കുവെച്ചത്.

സ്പര്‍ശം തിരിച്ചറിയാന്‍ പഠിപ്പിക്കണം

ഡോ. ജയശ്രീ ​​​​​​

കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. എപ്പോഴും വീട്ടിനകം സുരക്ഷിതമാണ് എന്നാണ് നാം കരുതുന്നത്. എന്നാല്‍ പരിചയക്കാരില്‍ നിന്നുതന്നെയാണ് അതിക്രമങ്ങള്‍ കൂടുതലുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പുരുഷന്മാരുടെ ഭാഗത്തുനിന്നാണ് കൂടുതലും ലൈംഗികാതിക്രമങ്ങള്‍ ഉണ്ടാകുന്നത്. ഒരു അതിക്രമം ഉണ്ടായാല്‍ ആരോട് ആദ്യം പറയണം എന്ന് കുട്ടികള്‍ തിരിച്ചറിയണം. സ്‌നേഹം പ്രകടിപ്പിക്കാന്‍ ആണെങ്കില്‍പ്പോലുമുള്ള സ്പര്‍ശനങ്ങള്‍ എങ്ങനെയാണെന്ന് അവരെ പറഞ്ഞുമനസ്സിലാക്കണം. സ്വന്തം ശരീരത്തെ ഉപദ്രവിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് കുട്ടികള്‍ തിരിച്ചറിയണം.

ഡോ. ജയശ്രീ, കമ്മ്യൂണിറ്റി മെഡിസിന്‍ മേധാവി, പരിയാരം മെഡിക്കല്‍ കോളേജ്

Content Highlights: Child Sexual Abuse in India: The Disturbing Reality Within Homes