ബിൽക്കിസ് ബാനു കേസ്: കുറ്റവാളികളെ വിട്ടയക്കാന്‍ സഹായിച്ച റൗള്‍ജി ആര്?

അഹമ്മദാബാദ്: ഗുജറാത്തിലെ ഗോധ്ര ജയിലില്‍നിന്ന് മോചിതരായ ബില്‍ക്കിസ് ബാനു കേസിലെ കുറ്റവാളികളെ വിശ്വഹിന്ദു പരിഷത്തിന്റെ ഓഫീസില്‍ മാലയിട്ടാണ് സ്വീകരിച്ചത്. 2022 സ്വാതന്ത്ര്യദിനത്തില്‍ നടന്ന ഈ സംഭവം ഏറെ വിമര്‍ശിക്കപ്പെട്ടു. കൂട്ടക്കൊലയ്ക്കും ബലാത്സംഗത്തിനും ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പേരാണ് അന്ന് പുറത്തിറങ്ങിയത്. ഗോധ്രയിലെ വി.എച്ച്.പി. ഓഫീസില്‍ ഇവര്‍ക്ക് മധുരം നല്‍കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ആയിരത്തിലേറെപ്പേര്‍ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തിന് തുടക്കം കുറിച്ച നഗരംകൂടിയാണ് ഗോധ്ര. രണ്‍ധിക്പുര്‍ ഗ്രാമത്തിലും ഇവരെ സ്വീകരിക്കാന്‍ പരിപാടിയുണ്ടായിരുന്നെങ്കിലും പോലീസ് അനുമതി നിഷേധിച്ചു.പ്രതികള്‍ പുറത്തിറങ്ങിയതിനെത്തുടര്‍ന്ന് ആശങ്കയിലായ ഗ്രാമത്തിലെ എഴുപതോളം മുസ്‌ലിം കുടുംബങ്ങള്‍ സമീപ ദിവസങ്ങളില്‍ ബന്ധുവീടുകളിലേക്ക് മാറി. ഇവരില്‍ പലരും തിരിച്ചുവരാതെ ദേവഗഢ് ബരിയയിലെ റിലീഫ് കോളനിയിലാണ് കഴിയുന്നത്.
കുറ്റവാളികളെ വിട്ടയക്കാന്‍ ശുപാര്‍ശചെയ്ത സമിതിയിലെ അംഗമായ ബിജെപി എം.എല്‍.എ. സി.കെ. റൗള്‍ജി പ്രസ്താവിച്ചത് ബ്രാഹ്‌മണരായ പ്രതികള്‍ സംസ്‌കാരമുള്ളവരായതിനാൽ ഇങ്ങനെയൊരു കൃത്യം ചെയ്യാനിടയില്ലെന്നായിരുന്നു. ഈ പ്രസ്താവനയ്‌ക്കെതിരേ പ്രതികളെ ശിക്ഷിച്ച മുംബൈ സി.ബി.ഐ. കോടതി ജഡ്ജി യു.ഡി. സാല്‍വി തന്നെ രംഗത്തുവന്നിരുന്നു.
ആരാണ് റൗള്‍ജി
കുറ്റവാളികളെ വിട്ടയക്കാന്‍ സഹായിച്ച എട്ടംഗ ജയില്‍ ഉപദേശക സമിതിയില്‍ നാല് ബിജെപിക്കാരാണുണ്ടായിരുന്നത്. കൂട്ടത്തിലെ ഏറ്റവും പ്രധാനിയായിരുന്നു സി.കെ റൗൾജി. ഏഴ് തവണ ഗോധ്ര എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട , മുന്‍ ഗുജറാത്ത് മന്ത്രി കൂടിയായ ചന്ദ്രസിന്‍ഹ് റൗൾജി അഥവാ സി.കെ റൗള്‍ജി പ്രതികളെ വിട്ടയക്കാന്‍ ശുപാര്‍ശ ചെയ്ത ഗോധ്ര ജയില്‍ ഉപദേശക സമിതിയിലെ അംഗമാണ്. 2017 ഓഗസ്റ്റില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്ത് വന്ന് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി ടിക്കറ്റില്‍ മത്സരിക്കുകയായിരുന്നു അദ്ദേഹം.
നല്ല സംസ്‌കാരമുള്ള ബ്രാഹ്‌മണരും അവരുടെ ജയിലിലെ പെരുമാറ്റവും നല്ല നടപ്പും പരിഗണിച്ചാണ് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അവരെ വിട്ടയക്കാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്തതെന്നായിരുന്നു അന്ന് പ്രതികളെ വിട്ടയച്ചപ്പോള്‍ മാധ്യമങ്ങളോട് റൗള്‍ജി പ്രതികരിച്ചത്. കൂട്ടബലാത്സംഗത്തിന് ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് ഇത്തരത്തില്‍ ഇളവ് നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കില്ലേ എന്ന ചോദ്യങ്ങളുയര്‍ന്നപ്പോള്‍ അതിനെ ന്യായീകരിച്ചു റൗള്‍ജി സംസാരിച്ചതിപ്രകാരമാണ്- "അതിന് സാധ്യതയുണ്ടെങ്കിലും ഞങ്ങള്‍ സമിതി അംഗങ്ങള്‍ക്കാര്‍ക്കും അങ്ങനൊരു കാര്യം തോന്നിയിട്ടില്ല. സംസ്ഥാന സര്‍ക്കാറിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായ നടപടി മാത്രമാണ് ഞങ്ങള്‍ കൈക്കൊണ്ടത്. കുറ്റവാളികളുടെ ജാതിയോ വംശമോ ഞങ്ങൾ നോക്കിയിട്ടില്ല. സമിതിയിലെ അംഗങ്ങള്‍ക്കാർക്കും പരിചയമുള്ള വ്യക്തികളല്ല കുറ്റവാളികള്‍. കലാപത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ സംഭവിച്ചതാണ് അക്കാര്യങ്ങള്‍, അല്ലാതെ അവര്‍ കൊടും കുറ്റവാളികളല്ല".
മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കര്‍സിങ് വഗേലയുടെ അടുത്ത സഹായിയായ റൗള്‍ജി ജനതാദളില്‍ ചേര്‍ന്നുകൊണ്ടാണ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1990 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗോധ്രയില്‍ നിന്ന് വിജയിച്ചു. 1991ല്‍ ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം ആ വര്‍ഷം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു. 1995-ല്‍ ബിജെപി ടിക്കറ്റില്‍ അദ്ദേഹം വീണ്ടും ജയിച്ചു. ശങ്കര്‍ സിങ് വഗേല ബിജെപി വിട്ട് രാഷ്ട്രീയ ജനതാ പാര്‍ട്ടിയുണ്ടാക്കിയപ്പോള്‍(ആര്‍.ജെ.പി) അദ്ദേഹത്തിനൊപ്പം നിന്നു
2002-ല്‍ കലാപത്തിനു ശേഷം ബി.ജെ.പി. ജയിച്ചു. ആര്‍ജെപി പിന്നീട് കോണ്‍ഗ്രസില്‍ ലയിച്ചതോടെ, 2007, 2012 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് റൗള്‍ജി മത്സരിച്ചു വിജയിച്ചത്. രാഷ്ട്രീയ ജീവിതത്തില്‍ അദ്ദേഹം മൂന്ന് തവണ ക്യാബിനറ്റ് മന്ത്രിയുമായി.2017-ല്‍ 298 വോട്ടിന് ജയിച്ച റൗള്‍ജി കഴിഞ്ഞവര്‍ഷം 35,198 വോട്ടിന് ജയിച്ച് വീണ്ടും എം.എല്‍.എ.യായി.
കുറ്റവാളികളെ വിട്ടയക്കാൻ ശുപാർശ ചെയ്ത സമിതിയിലെ മറ്റംഗങ്ങള്‍
ഗോധ്ര മുന്‍സിപ്പാലിറ്റി മുന്‍ പ്രസിഡന്റും 2002 സബര്‍മതി എക്‌സപ്രസ് തീവണ്ടി തീവെപ്പ് കേസിലെ ദൃക്‌സാക്ഷിയുമായ മുരളീധര്‍ മുല്‍ചന്ദാനി ആണ് അതിലൊരാള്‍. ബിജെപിയുടെ 2002ലെ ഗോധ്ര ജില്ലാ യൂണിറ്റ് ജനറല്‍ സെക്രട്ടറി കൂടിയാണവര്‍ നാല് ബിജെപി അംഗങ്ങളില്‍ രണ്ട് പേര്‍ വനിതകളായിരുന്നു. കാലോല്‍ എംഎല്‍എ സുമന്‍ ചൗഹാന്‍, ബിജെപി ഗോധ്ര സിറ്റി യൂണിറ്റ് സെക്രട്ടറി സ്‌നേഹ ബാട്ടിയ എന്നിവരായിരുന്നു ആ രണ്ട് വനിതാ ബിജെപി അംഗങ്ങള്‍. ചൗഹാനും ബാട്ടിയയും മറ്റ്‌സമിതിയംഗങ്ങളെപ്പോലെ വിട്ടയക്കാനുള്ള തീരുമാനത്തിനൊപ്പം നിന്നവരാണെന്ന് റൗള്‍ജി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2017-22 ലെ ബിജെപി എംഎല്‍എയായിരരുന്നു ചൗഹാന്‍. മാത്രവുമല്ല മുന്‍ പഞ്ചമഹാല്‍ എംപി പ്രഭാത് സിനങ് ചൗഹാന്റെ മരുമകള്‍ കൂടിയാണവര്‍.
Content Highlights: Bilkis bano convicts felicitated, who is BJP MLA JAC panel member C K Raulji