തൊഴിലിൽ തളച്ചിടപ്പെടുന്ന ബാല്യങ്ങൾ; ഈ തെറ്റിന്‌ മാപ്പില്ല | ജൂൺ 12, ലോക ബാലവേല വിരുദ്ധ ദിനം

#പ്രൊഫ.മുഹമ്മദുണ്ണി എലിയാസ്‌ മുസ്തഫ | ശിഫാലി ടി.വി
പ്രതീകാത്മക ചിത്രം/ ഫോട്ടോ : എ.എഫ്.പി
പ്രതീകാത്മക ചിത്രം/ ഫോട്ടോ : എ.എഫ്.പി

“മനുഷ്യൻ അവന്റെ ജീവിതയാത്രയിൽ നിരവധി കുറ്റങ്ങൾക്കും തെറ്റുകൾക്കും മാപ്പിരക്കേണ്ടി വന്നിട്ടുണ്ട്‌ അതിൽ ഏറ്റവും ഭയാനകമായത്‌ നാം കുട്ടികളോട്‌ ഉപേക്ഷ കാണിക്കുന്നു എന്നുള്ളതാണ്‌. കുഞ്ഞുങ്ങൾക്ക്‌ അവകാശപ്പെട്ടതെല്ലാം 'ഇന്നി'ൽ നൽകാതെ നാളേക്ക്‌ മാറ്റിവെയ്ക്കുന്നതാണ്. കാരണം കുട്ടികൾക്ക്‌ ലഭിക്കേണ്ടത്‌ അവരുടെ രക്തവും മാംസവും വളർന്ന്‌ പരിപോഷിച്ചു കൊണ്ടിരിക്കുന്ന 'ഇന്നിലാണ്‌.. ഒരിക്കലും തന്നെ നമുക്ക്‌ അവരോട്‌ 'നാളെ' എന്നു പറഞ്ഞുകൂടാ”-പ്രശസ്ത നോബൽ സമ്മാന ജേതാവായ ചിലി സാഹിത്യകാരി ഗബ്രിയേല മിസ്മലിന്റെ വാക്കുകളാണിവ. 

ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്ന ഈ വേളയിൽ ഇവരുടെ വാക്കുകൾക്ക്‌ പ്രസക്തി വർദ്ധിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയും ഇൻറർനാഷണൽ ലേബർ ഓർഗനൈസേഷനും (ഐ. എൽ. ഒ) സംയുക്തമായി 2002-ലാണ്‌ ലോക ബാലവേല വിരുദ്ധ ദിനാചരണം ആരംഭിച്ചത്‌. അഞ്ചു വയസ്സു മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക്‌ സാധാരണ ബാല്യം ഉറപ്പവരുത്തുന്നതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്താനും ഈട്ടി ഉറപ്പിക്കുന്നതിനുമായാണ്‌ ഈ ദിവസം അന്താരാഷ്ട തലത്തിൽ തന്നെ ആചരിക്കുന്നത്‌. കുട്ടികൾക്ക്‌ ഏറ്റവും അനുയോജ്യമായ വിദ്യാഭ്യാസം, ആരോഗ്യം, മറ്റ്‌ അടിസ്ഥാന സൗകര്യങ്ങൾ, സ്വാതന്ത്ര്യം അവരുടെ പ്രായത്തിന്റെ വികാസത്തിനുതകുന്ന സർവ്വ സാഹചര്യങ്ങളും സൃഷ്ടിക്കുക എന്നതിലേക്ക്‌ ശ്രദ്ധയൂന്നിയാണ്‌ അന്താരാഷ്ട ബാലവേല വിരുദ്ധ ദിനം ലക്ഷ്യമിടുന്നത്‌.' എല്ലാവർക്കും സാമൂഹിക നീതി, ബാലവേല അവസാനിപ്പിക്കുക!” എന്ന പ്രമേയമാണ്‌ അന്താരാഷ്ട തൊഴിൽ സംഘടന ഈ വർഷം മുമ്പോട്ട്‌ വെയ്ക്കുന്നത്.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

യൂണിസെഫ്‌, അന്താരാഷ്ട തൊഴിൽ സംഘടന എന്നീ ഏജൻസികളുടെ കണക്ക്‌ പ്രകാരം ത്വരിത നടപടികളുമായി മുമ്പോട്ടു പോകാത്ത പക്ഷം ലോകത്ത്‌ 2025 ആകുമ്പോഴേക്കും ഏകദേശം 14 കോടി കുട്ടികളും 2030 ൽ ഏകദേശം 12.5 കോടി കുട്ടികളും ബാലവേലയിലേക്ക് എടുത്തെറിയപ്പെടും. 

2025 ആകുമ്പോഴേക്കും ലോകത്ത്‌ നിന്ന്‌ ബാലവേല എല്ലാ അർത്ഥത്തിലും ഉന്മൂലനം ചെയ്യുക എന്നതാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങളിൽ എട്ടാമത്തേത്‌ (എസ്‌.ഡി.ജി 8). ഈ ലക്ഷ്യം കൈവരിക്കണമെങ്കിൽ ആഗോളതലത്തിൽ തന്നെ കഴിഞ്ഞ രണ്ട്‌ ദശകങ്ങളിൽ ഏർപ്പെട്ട പ്രയത്നത്തിന്റെ 18 മടങ്ങ്‌ പ്രവർത്തനക്ഷമത വേണമെന്നാണ്. ദാരിദ്ര്യനിർമ്മാർജ്ജനം, സാമൂഹിക സുരക്ഷിതത്വം, വിദ്യാഭ്യാസ അവസര അസമത്വം, ജനസംഖ്യ വിസ്ഫോടനം, തുടങ്ങിയ സങ്കീർണങ്ങളായ മറ്റ്‌ സാമൂഹിക- രാഷ്ട്രീയ - സാമ്പത്തിക വിഷയങ്ങളുമായി ഇഴുകി ചേർന്നിരിക്കുന്നു ബാലവേല നിർമ്മാർജനവും. 

മനുഷ്യന്റെ വ്യക്ത്യാധിഷ്ടിതവും സാമൂഹികപരവുമായ മുന്നേറ്റത്തിന്‌ പ്രധാനമായും നിദാനമായി മാറുന്നത്‌ എത്രമാത്രം "ഇന്നി'ന്റെ കുഞ്ഞുങ്ങളെ പരിപോഷിപ്പിക്കുന്നു എന്നതാണ്‌. കുട്ടിക്കാല അനുഭവങ്ങൾ ഒരു വ്യക്തിയുടെ ഭാവി നിർണയിക്കുന്നതിൽ സുപ്രധാന നാഴികക്കല്ലാണ്. ഇത്‌ ബാലവേലയുടെ തിക്താനുഭവങ്ങളായി മാറിയാൽ തുന്നിചേർക്കാൻ പറ്റാത്ത വിധം ശിഥിലമായി പോകും പിന്നീടുള്ള ജീവിതം! നമ്മുടെ മക്കളുടെ ദേഹത്ത്‌ ചെളി കണ്ടാൽ, അല്ലെങ്കിൽ നടക്കാൻ ശ്രമിക്കുന്നതിനിടയിൽ അവരൊന്ന്‌ വീണാൽ, അവർ സൂളിൽ നിന്നും വീട്ടിലേക്ക്‌ തിരിച്ചെത്താൻ വൈകിയാൽ ആധി കൊള്ളുന്ന നാം, ഒരു നേരത്തെ അന്നത്തിനായി പണിയെടുക്കാൻ നിർബന്ധിതരാകുന്ന കുട്ടികളുടെ ഇരുളടഞ്ഞ ബാല്യം സൗകര്യപൂർവ്വം വിസ്മരിക്കുകയാണ്.

നിയമം മൂലം ബാലവേല നിരോധിച്ചിട്ടുണ്ടെങ്കിലും ട്രെയിനുകളിലും തെരുവുകളിലും ഭിക്ഷാടനം ചെയ്യുന്ന, ഹോട്ടലുകളിൽ എച്ചിൽ പാത്രം വൃത്തിയാക്കുന്ന, കെട്ടിട നിർമ്മാണ മേഖലയിൽ പണിയെടുക്കാൻ നിർബന്ധിതരാകുന്ന കുട്ടികളെ കാണുമ്പോൾ നാം സൗകര്യപൂർവ്വം കണ്ണ്‌ ചിമ്മുന്നു. ബാലവേലയുടെ കാര്യത്തിൽ തികച്ചും വേദനാജനകമായ അവസ്ഥയാണ്‌ നമ്മുടെ രാജ്യത്തുള്ളത്‌. 2019 - ലെ കുട്ടികളുടെ ക്ഷേമ സൂചികയിൽ രാജ്യങ്ങളെ വിലയിരുത്തുന്ന ഗ്ലോബൽ ചൈൽഡ്ഹുഡ്‌ റിപ്പോർട്ട്‌ 2019 അനുസരിച്ച്‌ മൊത്തം 176 രാജ്യങ്ങളിൽ 113-ാം സ്ഥാനമാണ്‌ ഇന്ത്യയ്ക്കുള്ളത്.

2011 സെൻസസ്‌ പ്രകാരം ഇന്ത്യയിൽ ഏകദേശം 25.96 കോടി കുട്ടികൾ തൊഴിലിടങ്ങളിൽ ജോലിചെയ്യുന്നു. ഇതിൽ തന്നെ ഒരു കോടിയാളുകൾ  മാർജിനൽ വർക്കർ ആയി ജോലി ചെയ്യൂന്നു. ഇവരിൽ 50 ലക്ഷം ആൺകുട്ടികളും 45 ലക്ഷം പെൺകുട്ടികളുമാണ്‌ ഉള്ളത്‌. സെന്‍സസ് പ്രകാരം ചില സംസ്ഥാനങ്ങളിലെ ബാലവേല ചെയ്യുന്ന അഞ്ച് മുതല്‍ 14 വരെ പ്രായമുള്ള കുട്ടികളുടെ എണ്ണം ചുവടെ കൊടുക്കുന്നു...

ആന്തരിക കുടിയേറ്റം സർവ വ്യാപകമായ നമ്മുടെ രാജ്യത്തിൽ കുടിയേറ്റക്കാരിൽ, ഓരോ അഞ്ചാമത്തെ ആളും ഒരു കുട്ടിയാണ്‌ എന്ന വസ്തുത ഈ പ്രശ്നങ്ങളുടെ സങ്കീർണ്ണതക്ക്‌ ആക്കും കൂട്ടുന്നു.

ആർട്ടിക്കിൾ 45 പ്രകാരം ആറു മുതൽ പതിനാല്‌ വയസ്സുവരെയുള്ള കുട്ടികൾക്ക്‌ സൗജന്യ വിദ്യാഭ്യാസം സാർവത്രികവത്കരിക്കാൻ ലക്ഷ്യമിടുന്നു. ഇതിന്റെ ചുവടു പിടിച്ച്‌ നിലവിൽ വന്ന വിദ്യാഭ്യാസ അവകാശ നിയമം (ആർ.ടി. ഇ ആക്ട്‌ 2009) ആറ്‌ മുതൽ പതിനാല്‌ വയസ്സ്‌ വരെയുള്ള എല്ലാവർക്കും അടിസ്ഥാന വിദ്യാഭ്യാസം നിയമപരമായി തന്നെ പരിരക്ഷിക്കപ്പെടുന്നു. ഇതു കൂടാതെ ആർട്ടിക്കിൾ 24 കുട്ടികളെക്കൊണ്ട്‌ വേല ചെയ്യിപ്പിക്കുന്നത്‌ കർശനമായി വിലക്കുന്നു. ഈ നിയമങ്ങളൊക്കെ നിലനിൽക്കുമ്പോഴും രാജ്യത്ത്‌ ബാലവേല തുടരുകാണ്.

സർക്കാർ- സർക്കാരിതര ഏജൻസികളുടെ ശ്രമഫലമായി നമ്മുടെ രാജ്യത്ത്‌ സ്കൂൾ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ്വ്‌ കൈവരിച്ചിട്ടുണ്ട്‌. 2006 ഒക്ടോബർ 10 മുതൽ ബാലവേല നിരോധിച്ച്‌ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്‌. പണിയെടുക്കുന്ന കുട്ടികളെ കാണാനിടയായാൽ അക്കാര്യം ചൈൽഡ്‌ ലൈൻ ടോൾ ഫ്രീ നമ്പരായ 1098-ൽ വിളിച്ച്‌ അറിയിക്കുകയോ തൊഴിൽ വകുപ്പിലെ അസിസ്റ്റന്റ്‌ ലേബർ ഓഫീസറെ വിളിച്ച്‌ വിവരം അറിയിക്കുകയോ ചെയ്യാം. കേരള സർക്കാർ ഇതിനൊപ്പം പാരിതോഷികമായി വിവരം നൽകുന്ന വ്യക്തിക്ക്‌ 2500 രൂപ നൽകും എന്നും പ്രഖ്യാപിച്ചിരുന്നു.
‌‌
വിവിധ സംസ്ഥാനങ്ങളിൽ അനൃസംസ്ഥാനങ്ങളിൽ നിന്നും വരുന്നവരും അവരുടെ കുട്ടികളുടെ സ്കൂൾ പ്രവേശന കണക്കുകളും തമ്മിൽ വലിയ അന്തരം കാണപ്പെടുന്നു. ഇത്‌ ബാലവേലയെ സംബന്ധിച്ച ആശാവഹമായ അവസ്ഥയിലേക്കല്ല വിരൽ ചൂണ്ടുന്നത്‌ . ഗ്രോസ്‌ എൻറോൾമെന്റ്‌ അനുപാതം കൂടുന്നതും സ്കൂൾ കൊഴിഞ്ഞ്‌ പോക്ക്‌ കുറയുന്നതുമെല്ലാം നല്ലതു തന്നെ. പക്ഷെ ഇവയെല്ലാം തന്നെ ബാലവേല പരിപൂർണ്ണമായി ഇല്ലെന്നതിന്റെ സൂചകങ്ങളായി കണക്കാക്കുക വയ്യ.

ദേശീയ വിദ്യാഭ്യാസ പദ്ധതി (എൻ. ഇ.പി 2020) പ്രകാരമുള്ള 5+3+3+4 എന്ന ഘടനയനുസരിച്ച്‌ ഒരു കുട്ടിക്ക്‌ മൂന്ന്‌ വയസ്സാകുന്നത്‌ മുതൽ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ഘട്ടത്തിന്‌ (ഫൌണ്ടേഷൻ സ്റ്റേജ്) ആരംഭം കുറിക്കുകയാണ്‌. ആകയാൽ ആർ.ടി.ഇ. ആക്ട്‌ നിഷ്ടർഷിക്കുന്ന പ്രായപരിധി പുന:പരിശോധിക്കപ്പെടേണ്ടതാണ്‌. അത്‌ പോലെ തന്നെ നിലവിലെ വ്യവസ്ഥകൾ 14 മുതൽ 18 വയസ്സവരെയുള്ളവരുടെ വിവിധങ്ങളായ വസ്തുതകളും പ്രശ്നങ്ങളും പ്രതിനിധാനം ചെയ്യേണ്ടതുണ്ട്‌. സ്ഥൂലവും സൂക്ഷമവുമായ ഇത്തരം വിഷയങ്ങളെ കൂടി ഉൾകൊള്ളിച്ചുള്ള ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ പ്രവർത്തനങ്ങൾക്ക്‌ രൂപം കൊട്ടുക്കേണ്ടതുണ്ട്‌. കുട്ടികളുടെ അവകാശങ്ങൾക്ക്‌ വേണ്ടിയുള്ള ശ്രമങ്ങളും പോരാട്ടങ്ങളും കൂടുതൽ ശക്തിപ്പെടുത്തിയേ മതിയാവു. ഓരോ കുട്ടിയും ചൂഷണത്തിന്‌ വിധേയമാകില്ലെന്ന്‌ ഉറപ്പാക്കും വരെ നമ്മുടെ ശ്രമങ്ങൾ തുടർന്നു കൊണ്ടേയിരിക്കണം. അതിലേക്കുള്ള ഉർജ്ജസ്വലമായ പ്രയത്നങ്ങൾ ഇനിയും അതൃന്താപേക്ഷിതമാണ്‌ !

(കാസർകോട്  കേരള കേന്ദ്ര സർവകലാശാല പ്രൊഫസറാണ് മുഹമ്മദുണ്ണി ഏലിയാസ്, ശിഫാലി ​ഗവേഷക വിദ്യാർത്ഥിനിയാണ്)

Content Highlights: about the current situation of child labour