വിസിൽബ്ലോവർ സംരക്ഷണനിയമം: പാസാക്കി 12 വർഷമായിട്ടും നടപ്പാക്കുന്നില്ല, സുപ്രീംകോടതിയിൽ ഹർജി

#ന്യൂസ് ഡെസ്ക്
സുപ്രീം കോർട്ട് ഓഫ് ഇന്ത്യ| Photo: Sabu Scraiachan
സുപ്രീം കോർട്ട് ഓഫ് ഇന്ത്യ| Photo: Sabu Scraiachan

ന്യൂഡൽഹി: അഴിമതിയും ക്രമക്കേടുകളും പുറത്തുകൊണ്ടുവരുന്നവരെ (വിസിൽ ബ്ലോവേഴ്‌സ്) സംരക്ഷിക്കാൻ 2014-ൽ കൊണ്ടുവന്ന നിയമം ഇതുവരെയും നടപ്പാക്കിയില്ലെന്നുകാട്ടി സുപ്രീംകോടതിയിൽ ഹർജി. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനും മാഗ്‌സസെ പുരസ്കാര ജേതാവുമായ സഞ്ജീവ് ചതുർവേദിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

പല അഴിമതികളും പുറത്തുകൊണ്ടുവന്നിട്ടുള്ള ചതുർവേദി, സ്വകാര്യ വ്യക്തികൾ നൽകിയ ഒട്ടേറെ കേസുകളും വിവിധ സർക്കാരുകളുടെ നടപടികളും നേരിടുന്നുണ്ട്. ഇതിനെ വ്യക്തിപരമായ പരാതി എന്നതിനു പകരം ഭരണഘടനാ വിഷയമായി പരിഗണിക്കണമെന്ന് ചതുർവേദി ആവശ്യപ്പെട്ടു.

ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമുള്ള സവിശേഷാധികാരമുപയോഗിച്ച് സുപ്രീംകോടതി ഇടപെടണമെന്നാണ് ചതുർവേദിയുടെ അഭ്യർഥന. പാർലമെന്റ് പാസാക്കിയ നിയമം 2014 മേയ് 12-ന് വിജ്ഞാപനം ചെയ്തിരുന്നു. എന്നാൽ നിയമത്തിലെ ഒന്നാംവകുപ്പിന്റെ മൂന്നാം ഉപവകുപ്പു പ്രകാരം കേന്ദ്ര സർക്കാർ വിജ്ഞാപനംചെയ്യുന്ന തീയതി മുതലാണ് അത് നടപ്പാവേണ്ടത്. ഇതുവരെ അത് വിജ്ഞാപനം ചെയ്തിട്ടില്ല. രാജ്യത്തിന്റെ സുരക്ഷയെയും അഖണ്ഡതയെയും ബാധിക്കാത്തവിധം നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് തീരുമാനിച്ച കേന്ദ്ര സർക്കാർ ഇതിനായി 2015-ൽ ഭേദഗതി കൊണ്ടുവന്നു.

ഭേദഗതി ബിൽ 2015 മേയ് 13-ന് ലോക്‌സഭ പാസാക്കി രാജ്യസഭയ്ക്കയച്ചെങ്കിലും പിന്നീട് ഒന്നുംസംഭവിച്ചില്ല. ഈസാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ ഹർജിയെത്തിയത്.

Content Highlights: Whistleblowers Protection Act passed in 2014 remains unimplemented after 12 years., Magdalene awardee and IFS officer Sanjiv Chaturvedi filed the Supreme Court petition., Seeks Supreme Court intervention under Article 142 of the Constitution., Central government failed to notify the Act or push the 2015 amendment bill through Rajya Sabha.