കേരള മീഡിയ അക്കാദമി മീഡിയ പേഴ്സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഗാസ റിപ്പോര്‍ട്ടര്‍ വഇല്‍ അല്‍ ദഹ്ദൂദിന്

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ 'മീഡിയ'യുടെ മീഡിയ പേഴ്സണ്‍ ഓഫ് ദ ഇയർ' പുരസ്‌കാരം അല്‍ജസീറ ചാനലിന്റെ ഗാസ ബ്യൂറോ ചീഫ് വഇല്‍ അല്‍ ദഹ്ദൂദിന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. കുടുംബം നഷ്ടമായിട്ടും അചഞ്ചലമായി മാധ്യമപ്രവര്‍ത്തനം തുടരുന്ന ദഹ്ദൂദിനുള്ള ആദരമായാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. കേരളത്തില്‍ നിന്നുളള ഈ ബഹുമതി വിലമതിക്കാനാവാത്തതാണെന്ന് ദഹ്ദൂദ് അറിയിച്ചതായി മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു പറഞ്ഞു.
ഗാസയില്‍ 2023 ഒക്ടോബറില്‍ തുടങ്ങിയ ഇസ്രയേല്‍ ആക്രമണത്തില്‍ ഇതിനകം നൂറിലധികം മാധ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ദഹ്ദൂദിന്റെ ഭാര്യയും മകനും മകളും പേരക്കുട്ടിയും ഓക്ടോബറില്‍ കൊല്ലപ്പെട്ടു. അല്‍ ജസീറയുടെ ഫോട്ടോ ജേണലിസ്റ്റ് കൂടിയായ മൂത്തമകന്‍ ഹംസ രണ്ടാഴ്ച മുമ്പ് ഇസ്രയേല്‍ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മിസൈല്‍ ആക്രമണത്തില്‍ തന്റെ ക്യാമറമാന്‍ കൊല്ലപ്പെട്ടപ്പോള്‍ നിലത്തുകിടന്ന ക്യാമറ എടുത്ത് ആ സംഭവം ദഹ്ദൂദ് ലോകത്തെ അറിയിച്ചു. യുദ്ധഭൂമിയില്‍ റിപ്പോര്‍ട്ടിങ്ങിനിടെ പരിക്കേറ്റ ദഹ്ദൂദ് ഇപ്പോള്‍ ഖത്തറിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകളുടെ സംഘടനയുടെയും മീഡിയ മാഗസിന്‍ പത്രാധിപസമിതി അംഗങ്ങളുടെയും ശുപാര്‍ശ പ്രകാരം അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് മീഡിയ പേഴ്സണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിന് ദഹ്ദൂദിനെ തിരഞ്ഞെടുത്തത്.
മീഡിയ മാഗസിന്റെ കഴിഞ്ഞ വര്‍ഷത്തെ 'മീഡിയ പേഴ്സണ്‍ ഓഫ് ദ ഇയര്‍' അവാര്‍ഡ് വിഖ്യാത യൂറോപ്യന്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക പാവ്ലാ ഹോള്‍സോവയ്ക്കായിരുന്നു. ചെക്ക് റിപ്പബ്ലിക്കിലെ മാധ്യമപ്രവര്‍ത്തകയായ ഹോള്‍സോവയുടെ അന്വേഷണാത്മക റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സ്ലൊവാക്യയിലെ സര്‍ക്കാര്‍ നിലംപതിക്കുകയും 21 ജഡ്ജിമാര്‍ അഴിമതിക്കേസില്‍ പ്രതികളാകുകയും ചെയ്തിരുന്നു. പൊലീസ് മേധാവിയാകട്ടെ ആത്മഹത്യ ചെയ്തു. ഇറ്റാലിയന്‍ മാഫിയയും സ്ലൊവാക്യയിലെ സര്‍ക്കാരും തമ്മിലുളള അവിശുദ്ധബന്ധം പുറത്തുകൊണ്ടുവന്നത് പാവ്ലയുടെ റിപ്പോര്‍ട്ടുകളായിരുന്നു. കൊച്ചിയില്‍ മീഡിയ അക്കാദമി സംഘടിപ്പിച്ച ഗ്ലോബല്‍ മീഡിയ ഫെസ്റ്റിവലില്‍ പാവ്ല എത്തി അവാര്‍ഡ് സ്വീകരിച്ചു.
Content Highlights: wael al-dahdouh to be the mediaperson of the year