നിഷ്‌ക്രിയ ദയാവധം: രോഗിയുടെ ഉത്തമതാത്പര്യം പ്രധാനമെന്ന് സുപ്രീംകോടതി

#ന്യൂസ് ഡെസ്ക്
സുപ്രീംകോടതി | ഫോട്ടോ: എ.എന്‍.ഐ
സുപ്രീംകോടതി | ഫോട്ടോ: എ.എന്‍.ഐ

ന്യൂഡൽഹി: ജീവൻരക്ഷാ സംവിധാനങ്ങളോ ചികിത്സയോ പിൻവലിക്കുമ്പോൾ, അതാണോ രോഗിക്ക് ഏറ്റവും ഗുണകരമാവുക എന്നതിനായിരിക്കണം പ്രഥമപരിഗണനയെന്ന് നിഷ്‌ക്രിയ ദയാവധക്കേസിലെ വിധിയിൽ സുപ്രീംകോടതി.

രോഗിയുടെ ഉത്തമതാത്പര്യം പരിശോധിക്കാനുള്ള ചില സൂചനകളും സുപ്രീംകോടതി തയ്യാറാക്കി. കെട്ടിടത്തിൽനിന്ന് വീണ് ഗുരുതരപരിക്കേറ്റ് 13 വർഷമായി ചലനമറ്റുകിടക്കുന്ന ഡൽഹിയിലെ ഹരീഷ് റാണ(32)യുടെ ചികിത്സ പിൻവലിക്കാൻ അനുമതിനൽകുന്ന വിധിയിലാണ് സുപ്രധാന നിരീക്ഷണങ്ങൾ.

ചികിത്സ പിൻവലിക്കലാണോ രോഗിയുടെ ഉത്തമതാത്പര്യം എന്നതിനായിരിക്കണം മുഖ്യപരിഗണന. ചികിത്സാപരവും അല്ലാത്തതുമായ എല്ലാ സാഹചര്യങ്ങളും പരിഗണിച്ചുവേണം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ. അതേസമയം, അതിന് നിശ്ചിതമായ ഒരു പരിശോധന സാധ്യമല്ലെന്നും കോടതി പറഞ്ഞു.

ഒരു നിശ്ചിത ചികിത്സകൊണ്ട് ജീവിതം നീട്ടിക്കൊണ്ടുപോകുന്നതാണോ രോഗിയുടെ ഏറ്റവും മികച്ച താത്പര്യമെന്നാണ് ജീവൻരക്ഷാ സംവിധാനങ്ങൾ പിൻവലിക്കുമ്പോഴുള്ള ചോദ്യം. അതിന് ഉത്തരം തേടുമ്പോൾ രോഗിയുടെ ഏറ്റവും മികച്ച താത്പര്യം എന്നതിനെ ഇടുങ്ങിയ രീതിയിൽ പരിശോധിക്കരുത്. ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും അതിനായി പരിഗണിക്കണം. രോഗമോ ചികിത്സയോ ആയി ബന്ധപ്പെട്ടല്ലാത്ത വിഷയങ്ങളിൽ കുടുംബാംഗങ്ങളുടെ സമ്മതവും ഉൾപ്പെടുന്നു. ജീവൻ നിലനിർത്തണം എന്ന ശക്തമായ ധാരണയിലായിരിക്കണം ഇക്കാര്യം പരിശോധിക്കേണ്ടത്. അതേസമയം, ജീവൻ നിലനിർത്തുന്നത് രോഗിക്ക് വേദനയും ദുരിതവും തുടരാൻ മാത്രമേ ഉപകരിക്കൂവെങ്കിൽ ചികിത്സ പിൻവലിക്കാം.

ചികിത്സ നിർത്തുന്നതിൽ തീരുമാനമെടുക്കുന്ന ഉറ്റബന്ധുക്കൾ, ഡോക്ടർമാർ, മെഡിക്കൽ ബോർഡുകൾ, കോടതികൾ എന്നിവർ രോഗിയുടെ ക്ഷേമം വിശാലമായതലത്തിൽ നോക്കിക്കാണണം. അതിനെ രോഗാവസ്ഥയുടെ അടിസ്ഥാനത്തിൽ മാത്രമല്ല, സാമൂഹികവും മാനസികവുമായ കാര്യങ്ങൾകൂടി പരിശോധിച്ചാകണം വിലയിരുത്തേണ്ടത്. രോഗിയുടെ സ്ഥാനത്ത് തങ്ങളെത്തന്നെ പ്രതിഷ്ഠിച്ചുകൊണ്ട് ചോദ്യമുന്നയിച്ചാകണം തീരുമാനമെടുക്കേണ്ടത്. ആത്യന്തികമായ ലക്ഷ്യം, രോഗിയുടെ ഉത്തമതാത്പര്യം പാലിക്കപ്പെടുന്നുണ്ടോ എന്നതുതന്നെയാകണമെന്നും ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും കെ.വി. വിശ്വനാഥനുമടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

Content Highlights: Patient's best interest is the primary consideration for withdrawing life support., Decisions must account for medical, social, and psychological factors., Life support should only be withdrawn if it causes undue suffering or pain., Relatives, doctors, and medical boards must act with the patient's perspective in mind.