വംശീയ വിവേചനം; PhD നിഷേധിച്ച ഓക്‌സ്‌ഫഡ് സർവകലാശാലയ്‌ക്കെതിരേ നിയമനടപടിയുമായി വിദ്യാർഥിനി

ചെന്നൈ: പിഎച്ച്.ഡി. നിഷേധിച്ചെന്ന ആരോപണവുമായി യു.കെ.യിലെ ഓക്‌സ്‌ഫഡ് സർവകലാശാലയ്‌ക്കെതിരേ നിയമനടപടിക്കൊരുങ്ങി തമിഴ്‌നാട്ടിൽനിന്നുള്ള വിദ്യാർഥിനി. ഓക്‌സ്‌ഫഡിൽ ഗവേഷണത്തിനുചേർന്ന മധുര സ്വദേശിനി ലക്ഷ്മി ബാലകൃഷ്ണനാണ് ആരോപണമുന്നയിച്ചത്.
ഒരുകോടിരൂപ ചെലവിട്ട് ചേർന്ന തന്നെ സർവകലാശാല അനുവാദമില്ലാതെ ബിരുദാന്തരതലത്തിലേക്കു മാറ്റിയെന്നും ഇതോടൊപ്പം വംശീയവിവേചനം നേരിട്ടുവെന്നും ലക്ഷ്മി പറഞ്ഞു. സർവകലാശാലയുടെ അപ്പീൽവിഭാഗത്തിൽനിന്ന് നീതി ലഭിക്കാത്തതിനാലാണ് നിയമനടപടിയുമായി മുന്നോട്ടു പോകുന്നതെന്നും പറഞ്ഞു. ഏറെ ബഹുമാനത്തോടെ കണ്ട സ്ഥാപനത്തിൽനിന്ന് തിരിച്ചടിനേരിട്ടതിൽ ദുഃഖവും രേഖപ്പെടുത്തി.
ഇന്ത്യയിൽനിന്ന് ഇരട്ട ബിരുദാനന്തരബിരുദംനേടിയശേഷമാണ് ലക്ഷ്മി പിഎച്ച്.ഡി.ക്കായി ഓക്‌സ്‌ഫഡിൽ എത്തുന്നത്. നാലാംവർഷത്തെ പഠനത്തിനിടയിൽ ലക്ഷ്മിയുടെ സമ്മതമില്ലാതെ പിഎച്ച്.ഡി തലത്തിൽനിന്ന് മാസ്റ്റേഴ്‌സ് തലത്തിലേക്ക് മാറ്റി. സംഭവം ബി.ബി.സി. ഉൾപ്പടെ റിപ്പോർട്ട് ചെയ്തതോടെയാണ് വിവാദമായത്. ലക്ഷ്മി സമർപ്പിച്ച ഷേക്‌സ്പിയറെക്കുറിച്ചുള്ള ഗവേഷണപ്രബന്ധം പിഎച്ച്.ഡി. തലത്തിൽ പരിഗണിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തതെന്നാണ് സർവകലാശാലയുടെ അവകാശവാദം. അതിനാൽ നാലാംവർഷത്തിൽ പരാജയപ്പെട്ടുവെന്ന് വിലയിരുത്തി അവരെ കോഴ്‌സിൽനിന്ന് ഒഴിവാക്കുകയായിരുന്നെന്നും സർവകലാശാല അറിയിച്ചു.
എന്നാൽ തന്നെ നിർബന്ധിതമായി പിഎച്ച്.ഡിയിൽനിന്ന് മാറ്റിയെന്നാണ് ലക്ഷ്മിയുടെ പരാതി. ഫാക്കൽറ്റിയുടെ തീരുമാനത്തിനെതിരേ ലക്ഷ്മി അപ്പീൽ നൽകിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. അതേസമയം ഷേക്‌സ്പിയറെക്കുറിച്ചുള്ള ഗവേഷണത്തിൽ വൈദഗ്ധ്യംനേടിയ രണ്ട് പ്രൊഫസർമാർ ലക്ഷ്മിയുടെ പ്രബന്ധം പിഎച്ച്.ഡിക്ക് പരിഗണിക്കാമെന്നവാദത്തെ പിന്തുണച്ചിരുന്നു. എന്നാൽ ഓക്‌സ്‌ഫഡ് നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഓഫീസ് ഓഫ് ഇൻഡിപെൻഡന്റ് അഡ്ജുഡിക്കേറ്ററും (ഒ.ഐ.എ.) സർവകലാശാലയുടെ തീരുമാനത്തിനൊപ്പംനിന്ന് മാസ്റ്റർ കോഴ്സിലേക്കുള്ള മാറ്റത്തെ ശരിവെച്ചു. ഇത് വംശീയപക്ഷപാതമാണെന്നാണ് ലക്ഷ്മി പറയുന്നത്.
Content Highlights: Student takes legal action against Oxford University for denying PhD