ജോലിക്ക് കയറുമ്പോള്‍ വാഗ്ദാനം 29,500, കൈയ്യിലിപ്പോള്‍ കിട്ടുന്നത് 8500; പെരുവഴിയിലായി അധ്യാപകർ

സ്‌പെഷലിസ്റ്റ് അധ്യാപകര്‍ സമരത്തില്‍
സ്‌പെഷലിസ്റ്റ് അധ്യാപകര്‍ സമരത്തില്‍

ഞങ്ങള്‍ക്കും ഈ സമൂഹത്തില്‍ ജീവിക്കണം അതിന് ഞങ്ങള്‍ ചെയ്യുന്ന ജോലിക്ക് മാന്യമായുള്ള പണം നല്‍കണം. തിരുവനന്തപുരം എസ്എസ്എ ആസ്ഥാനത്തിന് മുന്നില്‍ സമരമിരിക്കുന്ന സ്‌പെഷലിസ്റ്റ് അധ്യാപകരുടെ(കല, പ്രവൃത്തി പരിചയത്തിനുള്ള അധ്യാപകർ) ആവശ്യം ഇതു മാത്രമാണ്. 

2016ല്‍ 2600 സ്‌പെഷലിസ്റ്റ് അധ്യാപകരെ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് നിയമിച്ചിരുന്നു. 29500 രൂപയായിരുന്നു ഇവര്‍ക്ക് അന്ന് നല്‍കിയ ശമ്പള വാഗ്ദാനം, കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമനം. എന്നാല്‍ ജോലിക്ക് കയറി ആദ്യമാസം മുതല്‍ വാഗ്ദാനങ്ങളെല്ലാം പാഴ്വാക്കുകളായി. ആദ്യമാസം ശമ്പളം കൈയിലെത്തിയത് 25000 രൂപയായിരുന്നു 2016 പ്രളയത്തിന്  ശേഷം 14000 രൂപയായി, ഇപ്പോഴത് 10,000 രൂപയായി കുറഞ്ഞു. ഈ 10000ത്തില്‍ നിന്ന് പിഎഫ് തുകയും പിടിച്ച് ഇപ്പോൾ 8,800 രൂപയാണ് കൈയില്‍ കിട്ടുന്നത്. 

ഇവരുടെ ശമ്പളത്തില്‍ 60 ശതമാനം കേന്ദ്ര സര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് നല്‍കുന്നത്. കേന്ദ്ര വിഹിതം വെട്ടികുറച്ചുവെന്നും സംസ്ഥാന സര്‍ക്കാര്‍ വിഹിതം നല്‍കുന്നുമില്ലെന്നാണ് ഇവരുടെ വാദം. എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള നോട്ടിഫിക്കേഷന്‍ പ്രകാരമായിരുന്നു ഭൂരിഭാഗം പേരും ഇതിലേക്ക് അപേക്ഷിച്ചത്. മറ്റു സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവരായിരുന്നും ഇതിലെ ഭൂരിഭാഗം പേരും. മികച്ച വേതനം മുന്നിൽ കണ്ടാണ് ഈ തൊഴിൽ തിരഞ്ഞെടുക്കുന്നത്. പക്ഷെ പെരുവഴിയിലായ അവസ്ഥയിലാണിവരിപ്പോൾ.

"ആറ് വര്‍ഷത്തോളമായി ഞങ്ങള്‍ ഈ ദുരിതം അനുഭവിക്കുകയാണ്. ആദ്യം ഞങ്ങളെ പാര്‍ട്ട് ടൈം എന്ന പേരിലാണ് കോണ്‍ട്രാക്റ്റ്  ജോലിക്കെടുത്തത്. എന്നാല്‍ ഇക്കാലമത്രയും ഞങ്ങള്‍ ഫുള്‍ടൈമായിട്ട് തന്നെയാണ് ജോലിയെടുത്തത്. സാധാരണ അധ്യാപകർക്ക് അ‍ഞ്ച് പ്രവൃത്തി ദിവസമാണെങ്കിൽ ഞങ്ങൾ ആറ് ദിവസം ജോലിയിൽ കയറണം. കാലങ്ങളോളം ഈ നീതികേട് അനുഭവിച്ചു ഇനി സാധ്യമല്ല. അതിനാലാണ് ജനുവരി 18മുതൽ സമരം ആരംഭിക്കാൻ കാരണം. പ്രളയം, കോവിഡ് എന്നീ ദുരിതങ്ങള്‍ നാട്ടില്‍ വന്നപ്പോള്‍ എങ്ങനെ ശമ്പള പ്രശ്‌നം ഉന്നയിക്കുമെന്ന് പേടിച്ചാണ് മിണ്ടാതിരുന്നത്. എന്നാല്‍ പിന്നീട് ചൂഷണം കൂടി സഹിക്കാന്‍ പറ്റാഞ്ഞിട്ടാണ് സമരത്തിന് ഇറങ്ങിയത്", സമര സമിതി പ്രസിഡന്റ് കൂടിയായ ദാസ് പറയുന്നു

ജോലി കഴിഞ്ഞ് പോയി മറ്റ് ചെറുകിട ജോലികള്‍ കൂടി ചെയ്താലെ ഇവര്‍ക്ക് കുടുംബം മുന്നോട്ട് കൊണ്ട് പോകാൻ കഴിയൂ. ഫുഡ് ഡെലിവറിയും, തട്ടുകട ജോലിയും ചെയ്താണ് ഇവരിൽ പലരും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നത്. സമരത്തിന് മുന്നിട്ട് വന്നിരിക്കുന്നതില്‍ ഭൂരിഭാഗവും സാമ്പത്തികമായി ദുര്‍ബലരാണ്.

"ഞങ്ങള്‍ക്ക് ഒരു ദിവസം മൂന്നും നാലും സ്‌കൂളുകളില്‍ പഠിപ്പിക്കാനായി പോവേണ്ടി വരും. ജോലിക്ക് കയറിയ സമയങ്ങളില്‍ ഒരു ദിവസം അഞ്ച് സ്‌കൂളുകളില്‍ പോയവര്‍ വരെയുണ്ട്. ഈ ആറ് സ്‌കൂളുകളിലേക്കും സമയബന്ധിതമായി പോവണമെങ്കില്‍ വണ്ടി വേണം. പെട്രോളടിക്കാന്‍ തന്നെ വേണം ഒരു വലിയ തുക. ഇതൊന്നും അധികാരികള്‍ മനസിലാക്കുന്നില്ല.ഞാനൊരു ആര്‍ട്ടിസ്റ്റായിരുന്നു. ഈ ജോലിയില്‍ നിന്ന് കരകയറുമെന്ന് കരുതിയാണ് മറ്റെല്ലാം ഉപേക്ഷിച്ച് ഇതിലേക്ക് ഇറങ്ങിയത്. ഇപ്പോള്‍ മറ്റു വരുമാനങ്ങളും നിലച്ചു ഇതില്‍ ഗതി പിടിച്ചുമില്ല", ദാസ് പറയുന്നു

ഹൈക്കോടതി കേസ് കൊടുത്തപ്പോള്‍ യുപി അധ്യാപകരുടെ ശമ്പള സ്‌കെയിലില്‍ ഞങ്ങളെ പരിഗണിക്കണമെന്ന നിര്‍ദേശം കോടതി സര്‍ക്കാരിന് മുന്നില്‍ വെച്ചിരുന്നു. ആ വിധി സര്‍ക്കാര്‍ പരിഗണിച്ചില്ല. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. ദിവസ വേതനക്കാര്‍ക്ക് വരെ തങ്ങളെക്കാളും ശമ്പളമുണ്ടെന്ന് പറയുന്നു സമരം ചെയ്യുന്ന അധ്യാപകർ.

വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ 11500 രൂപ തരാമെന്നായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ ഈ വാഗ്ദാനം സ്വീകരിക്കാന്‍ പറ്റില്ലെന്നും നിയമിക്കുമ്പോള്‍ വാഗ്ദാനം ചെയ്ത തുക വേണമെന്നാണ് സമരസമിതിയുടെ ആവശ്യം.

Content Highlights: Specialist teachers in kerala on strike