വാക്കും ശബ്ദവുമില്ലാത്തവര്‍ക്ക് ആംഗ്യത്തിന്റെ സ്‌നേഹഭാഷയായി 32 വര്‍ഷം; സിസ്റ്റര്‍ അഭയ പടിയിറങ്ങുന്നു

കൊച്ചി: പതിറ്റാണ്ടുകളായി എറണാകുളത്തെ പോലീസ് സ്റ്റേഷനുകളും കോടതികളും കയറിയിറങ്ങുകയാണ് കാലടി മഞ്ഞപ്ര സ്വദേശിനിയായ സിസ്റ്റര്‍ അഭയ. വാക്കും ശബ്ദവുമില്ലാത്തവര്‍ക്ക് ആംഗ്യത്തിന്റെ സ്‌നേഹഭാഷയില്‍ നീതിയുറപ്പിക്കാനാണ് തന്റെ അധ്യാപകവൃത്തിയ്ക്കിടയിലും സിസ്റ്റര്‍ സമയം മാറ്റിവെയ്ക്കുന്നത്. നിയമഞ്ജര്‍ക്കും നിയമപാലകര്‍ക്കും ഒരു പോലെ സഹായമേകുന്ന സിസ്റ്റര്‍, 32 വര്‍ഷമായി മാണിക്കമംഗലം സെയ്ന്റ് ക്‌ളയര്‍ ഓറല്‍ ഹയര്‍ സെക്കന്‍ഡറി ബധിര വിദ്യാലയത്തിലെ അധ്യാപികയാണ്. മൂകരും ബധിരരും ആയ കുട്ടികള്‍ക്ക് ആംഗ്യഭാഷയിലൂടെ പാഠങ്ങളോതുന്നതിന് ഒപ്പം സംസാരിക്കാനാകാത്തവര്‍ കേസില്‍ പ്രതികളാകുമ്പോള്‍ അവര്‍ക്ക് നീതി ഉറപ്പാക്കാനും സിസ്റ്ററിന്റെ സഹായഹസ്തമുണ്ടാകും. മൊഴിയെടുപ്പ്, വിധിന്യായം എന്നിവ ആംഗ്യഭാഷയില്‍ പരിഭാഷപ്പെടുത്തി നല്‍കാനാണ് സിസ്റ്റര്‍ കോടതിയിലെത്തുക. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തിപ്പെടുന്ന ബധിരരും മൂകരുമായ കുട്ടികളോട് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കാന്‍ ഇപ്പോഴും പോലീസുകാര്‍ ആദ്യം വിളിക്കുക സിസ്റ്ററിനെയാണ്.
വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ട് എറണാകുളം മേനകയിലെ വഴിയോരത്ത് കഴിഞ്ഞ ബധിരരും മൂകരുമായ ഖാജ-സാറ ദമ്പതികള്‍ക്കും അവരുടെ സംസാരവൈകല്യമുള്ള നാല് മക്കള്‍ക്കും രക്ഷകയായതും സിസ്റ്റര്‍ അഭയ ആയിരുന്നു. 2021-ലാണ് സാറ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുന്നത്. സംസാരശേഷിയോ കേള്‍വിശക്തിയോ ഇല്ലാത്ത ദമ്പതികളുടെയും മക്കളുടെയും സങ്കടം കണ്ട് ആശുപത്രി അധികൃതര്‍ സിസ്റ്റര്‍ അഭയയെ വിളിച്ചുവരുത്തി. ആംഗ്യഭാഷയില്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം അമീറാ, സല്‍മ, അമീര്‍, അനസ് എന്ന നാല് കുഞ്ഞുങ്ങളെയും മാണിക്കമംഗംലം സ്‌കൂളിലേക്ക് ഒപ്പം കൂട്ടി. നാല് പേര്‍ക്കും ഇപ്പോള്‍ സിസ്റ്ററാണ് വളര്‍ത്തമ്മ. രോഗം ഭേദമായ സാറയെ അങ്കമാലിയിലുള്ള പീസ് വാലി ഫൗണ്ടേഷന്‍ ഏറ്റെടുത്തിരുന്നു. ആധാര്‍ അടക്കമുള്ള രേഖകള്‍ ശരിയാകാത്തതിനാല്‍ കുട്ടികള്‍ എല്‍.പി. ക്‌ളാസുകളില്‍ തന്നെ തുടരുന്നതാണ് സിസ്റ്ററിനുള്ള ഏക വിഷമം.
മൂക കഥാപാത്രങ്ങളെ പൂര്‍ണതയിലെത്തിക്കാന്‍ സിനിമാക്കാരും സിസ്റ്ററെ തേടിയെത്തും. രാവണന്‍, സ്പിരിറ്റ്, ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ എന്നി സിനികളിലെ അഭിനേതാക്കളെ സിസ്റ്റര്‍ അണിയറയില്‍ ആംഗ്യഭാഷ പഠിപ്പിച്ചിട്ടുണ്ട്.
1993 മുതല്‍ മാണിക്കമംഗലം ബധിര വിദ്യാലയത്തിന്റെ ഭാഗമായ സിസ്റ്റര്‍ അഭയ ഫെബ്രുവരി ഒന്നിന് അധ്യാപന ശുശ്രൂഷയില്‍ നിന്ന് വിരമിക്കും, ഇതുവരെ ആയിരത്തിലധികം മൂകരും ബധിരരും ആയ കുട്ടികള്‍ക്ക് ആംഗ്യഭാഷയുടെ കരുതലൊരുക്കിയ ചാരിതാര്‍ഥ്യത്തോടെ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 230-ല്‍ അധികം കുട്ടികളാണ് ഇന്ന് മാണിക്യമംഗലം സ്‌കൂളിലുള്ളത്. എല്‍.കെ.ജി. മുതല്‍ ഡിഗ്രി വരെയുള്ള വിദ്യാര്‍ഥികള്‍ അതില്‍പ്പെടുന്നു. ഇവിടെ നിന്ന് പഠിച്ചിറങ്ങിയവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എന്‍ജിനിയര്‍മാരും കമ്പനി മേധാവികളുമൊക്കയാണെന്ന് പ്രിന്‍സിപ്പല്‍ കൂടിയായ സിസ്റ്റര്‍ അഭയ അഭിമാനത്തോടെ പറയുന്നു. ജോലിക്കാര്യം മാത്രമല്ല ഇവര്‍ക്ക് ജീവിതപങ്കാളികളെ കണ്ടെത്തി നല്‍കുന്നതിനുള്ള മാട്രിമോണിയല്‍ സഹായവും കെ.സി.ബി.സിയുടെ സഹകരണത്തില്‍ സിസ്റ്റര്‍ ഒരുക്കി നല്കുന്നുണ്ട്. കൂടാതെ മാര്‍പ്പാപ്പയുടെ വചനങ്ങളും ലേഖനങ്ങളും കെ.സി.ബി.സി. മീഡിയ കമ്മിഷന്റെ നേതൃത്വത്തിലുള്ള സൈന്‍ ഓഫ് ലവ് എന്ന ഓണ്‌ലൈന്‍ മീഡിയ ചാനലിലൂടെ ആംഗ്യഭാഷയില്‍ അവതരിപ്പിക്കുന്നുമുണ്ട്.
Content Highlights: Sister Abhaya, sign language expert teacher retired