OPINION
ജാതിയും ചോദ്യവും, സംഘപരിവാറിന്റെ ഇരട്ടത്താപ്പും

#സുധാ മേനോൻ
രമേഷ് ജിഗജിനാഗി,പ്രിയങ്ക് ഖാർഗെ | Photo: Mathrubhumi, ANI
രമേഷ് ജിഗജിനാഗി,പ്രിയങ്ക് ഖാർഗെ | Photo: Mathrubhumi, ANI

1989 നവംബർ ഒൻപത് ഇന്ത്യയിലെ സംഘപരിവാർപ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണായകമായ ഒരു ദിവസമായിരുന്നു. അന്നാണ്, അയോധ്യയിൽ ‘ശിലാന്യാസ്’ നടന്നത്. രാജ്യമെമ്പാടുമുള്ള സന്ന്യാസിമാരും ഹൈന്ദവസംഘടനാനേതാക്കളും സാക്ഷിനിൽക്കവേ, രാമക്ഷേത്രത്തിനായുള്ള ആദ്യത്തെ ശിലാസ്ഥാപനം നടത്തിയത് രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ സജീവപ്രവർത്തകനും ബിഹാറിലെ ദളിത് നേതാവുമായിരുന്ന കാമേശ്വർ ചൗപാൽ ആയിരുന്നു. ‘ആദ്യത്തെ കാർസേവകനാ’യി ഒരു ദളിതനെ തിരഞ്ഞെടുത്ത ‘ചരിത്രമുഹൂർത്ത’ത്തെ സംഘപരിവാർ അന്ന് വിശേഷിപ്പിച്ചത് ഹിന്ദുമതത്തിലെ ശ്രേണീബദ്ധമായ ഘടനയെ മറികടന്നുകൊണ്ട് ‘സാമാജിക് സമരസത’ (സാമൂഹിക ഐക്യം) ഉറപ്പുവരുത്താനുള്ള തങ്ങളുടെ പ്രതീകാത്മകമായ ചുവടുവെപ്പായിട്ടാണ്. ‘ജാതിഭേദമെന്യേ എല്ലാ ഹിന്ദുക്കളും ഒന്നാണ്’ എന്ന ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പുതിയ ആഖ്യാനം രാജ്യത്തോടു പ്രഖ്യാപിക്കുന്ന പ്രതീകാത്മകനിമിഷം.

രാജ്യമെമ്പാടുമുള്ള വിഭിന്ന ദളിത് സമുദായങ്ങളെ രാഷ്ട്രീയമായും സാമൂഹികമായും സാംസ്കാരികമായും ചേർത്തുനിർത്താനുള്ള ഒട്ടേറെ പരിപാടികൾ അതിനുമുൻപുതന്നെ ആർ.എസ്.എസും സംഘപരിവാറും ഏറ്റെടുത്തുനടത്താൻ തുടങ്ങിയിരുന്നു. 1980-കളിൽ ഉയർന്നുവന്ന മണ്ഡൽ- ബഹുജൻ-സാമൂഹികനീതി രാഷ്ട്രീയവും പിന്നാക്കസമുദായങ്ങളുടെ ശാക്തീകരണവും നൽകിയ തിരിച്ചറിവിന്റെ വെളിച്ചത്തിലാണ് ‘സാമാജിക് സമരസത’ അവരുടെ അജൻഡയായത്. അതിന്റെ ഔപചാരികമായ ഉദ്ഘാടനംനടന്നതാകട്ടെ, 1983-ലെ അംബേദ്കർജയന്തിദിവസവും!

പിന്നീടുള്ള ദശകങ്ങളിൽ സനാതനധർമത്തിന്റെ ഏറ്റവും വലിയ വിമർശകനായിരുന്ന അംബേദ്കറെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമങ്ങൾമുതൽ പ്രാദേശികമായ കീഴാളബിംബങ്ങൾക്ക് ആരാധനാലയങ്ങൾ പണികഴിപ്പിക്കൽവരെ ഈയൊരു സമഗ്രപദ്ധതിയുടെ ഭാഗമായി നടത്തപ്പെട്ടു. ദളിത് കോളനികളിൽ ആർ.എസ്.എസ്. ശാഖകൾ തുടങ്ങി. ജ്യോതിറാവു ഫുലെയെയും ദളിത് പ്രതീകങ്ങളെയും ഹിന്ദുത്വ ആഖ്യാനത്തിനുള്ളിൽ ഉൾപ്പെടുത്തി. ദളിത് നേതാക്കൾക്കും അണികൾക്കും പ്രാതിനിധ്യംനൽകാൻ ശ്രമിച്ചു. രാഷ്ട്രപതിസ്ഥാനത്തേക്ക് രാംനാഥ് കോവിന്ദിനെയും ദ്രൗപദി മുർമുവിനെയും ഉയർത്തിക്കൊണ്ടുവന്നതും സാമൂഹികപ്രതിനിധാനത്തിന്റെ രാഷ്ട്രീയപ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടായിരുന്നു. ഒട്ടേറെ ദളിതർ രാമജന്മഭൂമിപ്രസ്ഥാനത്തിന്റെ ഭാഗമായിമാറി. ഈ പ്രവർത്തനങ്ങളുടെ ഫലമായി സ്വാഭാവികമായും ഒട്ടേറെ സംസ്ഥാനങ്ങളിലെ ദളിത് ഉപജാതികൾക്കിടയിൽ ബി.ജെ.പി. ശക്തമായ സ്വാധീനംനേടുകയും ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ദളിത് വോട്ടുകളുടെ ഒരു ഭാഗം ഹിന്ദുത്വരാഷ്ട്രീയത്തിലേക്ക് കൂടുമാറുകയുംചെയ്തു. 1980-കൾമുതൽ ആർ.എസ്.എസ്. വിത്തിട്ടുമുളപ്പിച്ച ദളിത് വോട്ടുകളുടെ ഈ ഹിന്ദുത്വവത്കരണം, 2014 മുതലുള്ള ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്.

പ്രിയങ്ക് ഖാർഗെ ഉയർത്തുന്ന ചോദ്യങ്ങൾ

കർണാടകയിലെ ആഭ്യന്തരമന്ത്രിയായ പ്രിയങ്ക് ഖാർഗെയും ബി.ജെ.പി. എം.പി.യായ രമേഷ് ജിഗജിനാഗിയും തമ്മിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വാദപ്രതിവാദങ്ങളുടെ രാഷ്ട്രീയപ്രസക്തി പരിശോധിക്കേണ്ടത് ഈയൊരു ചരിത്രപശ്ചാത്തലത്തിലാണ്. കഴിഞ്ഞ നാലുദശകങ്ങളിലായി ‘സാമാജിക് സമരസത’യെന്നും ‘നമ്പൂതിരിമുതൽ നായാടിവരെയുള്ള ഹിന്ദുക്കളുടെ ഐക്യം’ എന്നുമൊക്കെ ഓമനപ്പേരിട്ടുവിളിച്ച മഹത്തായ നാടകത്തിനുശേഷം, സംഘപരിവാർ ഇന്ന് കുറ്റബോധമില്ലാതെ ‘ദളിതർ എന്തിനാണ് ആർ.എസ്.എസിനെക്കുറിച്ച് ചിന്തിക്കുന്നത്’ എന്ന ഞെട്ടിക്കുന്ന ചോദ്യം ഉന്നയിക്കുകയാണ്. പുച്ഛരസം നിഴലിക്കുന്ന ആ ചോദ്യം ചോദിച്ചതാകട്ടെ, ആർ.എസ്.എസുകാരനായ ഒരു ദളിത് നേതാവ്! ചോദിക്കുന്നത് ആരോടാണ്? ഒരു അംബേദ്കറൈറ്റ് ലിബറൽ ദളിത് നേതാവിനോട്!

ജിഗജിനാഗിയുടെ ചോദ്യത്തിന് മറുപടിയായി പ്രിയങ്ക് ഖാർഗെ ഉയർത്തിയ വിമർശനങ്ങൾ അതിലും മൂർച്ചയുള്ളതായിരുന്നു. ആർ.എസ്.എസിന്റെ അധികാരകേന്ദ്രങ്ങളിലേക്ക് ഒരു ദളിതന് ഒരിക്കലും എത്താനാകാത്ത അവസ്ഥ എന്തുകൊണ്ടാണു നിലനിൽക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ശ്രേണീവത്കരിക്കപ്പെട്ട സമൂഹഘടനയിൽ മാറ്റംവരുത്താൻ ആഗ്രഹിക്കാത്ത ഒരു വരേണ്യസമൂഹം നയിക്കുന്ന സംഘടനയെ വിമർശിക്കാനും ചോദ്യംചെയ്യാനും ജാതിവ്യവസ്ഥയുടെ ചവിട്ടിയിൽ കിടക്കുന്ന ദളിതന് ഒരിക്കലും അവകാശമില്ലെന്ന പ്രഖ്യാപനംകൂടിയായിട്ടാണ് പ്രിയങ്ക് ഖാർഗെ, ജിഗജിനാഗിയുടെ പരാമർശങ്ങളെ നിരീക്ഷിച്ചത്. ‘സമരസത’ നിലവിലുള്ള ജാതിയും അധികാരഘടനകളും അതേപടി നിലനിർത്തിക്കൊണ്ടുള്ള ഐക്യമാണ്. സമത്വമാകട്ടെ, ആ അധികാരഘടനകളുടെ നൈതികതയെത്തന്നെ ചോദ്യംചെയ്യുന്നതാണ്. ഇതാണ് പ്രിയങ്ക് ഖാർഗെ ഉയർത്തിയ കരുത്തുറ്റ രാഷ്ട്രീയചോദ്യത്തിന്റെ കാതൽ.

ദളിതർക്ക് എന്തുകാര്യം

വ്യക്തിപരമായ ഏറ്റുമുട്ടലുകൾക്കപ്പുറം ഈ വിവാദമുണ്ടാക്കിയ തിരിച്ചറിവുകൾക്ക് രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ മാനങ്ങൾ ഉണ്ട്. ആർ.എസ്.എസും സംഘപരിവാറും ഹൈന്ദവ ഐക്യത്തെക്കുറിച്ച് എത്രമേൽ വർണിച്ചാലും അവരുടെ അടിസ്ഥാനഘടന വർണാശ്രമധർമത്തെയും ഉച്ചനീചത്വത്തെയും നീതീകരിക്കുന്ന ഒന്നാണെന്ന് ‘ദളിതർക്ക് എന്തുകാര്യം’ എന്ന ജിഗജിനാഗിയുടെ ചോദ്യം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ‘ചിത്പവൻ ബ്രാഹ്മണ’ന്റെ ലോകബോധത്തിൽനിന്ന് ഒട്ടും വളരാത്ത തികച്ചും സങ്കുചിതമായ ആന്തരികസത്തയിലാണ് ആർ.എസ്.എസിന്റെ ബഹുശാഖികൾ രാജ്യമെങ്ങും പടർന്നുപന്തലിച്ചത്. അതുകൊണ്ടുതന്നെയാണ്, ഒരൊറ്റ ദളിതനും ആർ.എസ്.എസിന്റെ നേതൃനിരയിൽ എത്താത്തത്. ആർ.എസ്.എസ്. അസ്‌പൃശ്യതയെ വിമർശിച്ചിട്ടുണ്ടെങ്കിലും ജാതിവ്യവസ്ഥയെ സമൂലമായി തള്ളിക്കളഞ്ഞിട്ടില്ല. സംഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട സൈദ്ധാന്തികനായ എം.എസ്. ഗോൾവാൾക്കർ വർണവ്യവസ്ഥയെ സാമൂഹിക ഐക്യത്തിന്റെ ഘടകമായി അവതരിപ്പിക്കുകയും മനുസ്മൃതിയെ പ്രശംസിക്കുകയുംചെയ്ത ആളാണ്. ജാതിയുടെപേരിലുള്ള അതിക്രമങ്ങളെ അപലപിക്കുമ്പോഴും ജാതിവ്യവസ്ഥയെ ദൈവികവത്കരിക്കുന്ന ആശയങ്ങളെ പ്രചരിപ്പിക്കുന്നതിൽ ആർ.എസ്.എസ്. ഒരിക്കലും പിന്നോട്ടുപോയിട്ടില്ല. ഇതാണ് സംഘപരിവാറിന്റെ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വൈരുധ്യം. ഒരു കൈയിൽ മനുസ്മൃതിയും മറുകൈയിൽ സാമൂഹികനീതിയുടെ മുദ്രാവാക്യവും ഒരുമിച്ച് ഉയർത്തിപ്പിടിക്കുന്ന ഈ ഇരട്ടനിലപാട് സംഘത്തിന്റെ അടിസ്ഥാനപ്രത്യയശാസ്ത്രത്തെ തുറന്നുകാട്ടുന്നതാണ്. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നപ്പോൾപ്പോലും ജനാധിപത്യത്തിന്റെയും സമത്വത്തിന്റെയും വിജയമായി അതിനെ കാണാതെ, മനുസ്മൃതിയുടെ മഹത്ത്വം വേണ്ടത്ര അംഗീകരിച്ചില്ലെന്ന ഖേദമാണ് ആർ.എസ്.എസ്. പ്രകടിപ്പിച്ചത്.

ഹിന്ദുത്വത്തിന്റെ കാലാൾപ്പട

ആർ.എസ്.എസിനെ സംബന്ധിച്ചിടത്തോളം ‘ദളിതർക്ക് കാര്യമുള്ളത്’ നയരൂപവത്കരണങ്ങളിലും സംഘത്തിന്റെ പരമോന്നതപദവിയിലും അല്ല. പകരം, ഹിന്ദുത്വരാഷ്ട്രീയത്തിന്റെ തെരുവുസംഘർഷങ്ങളിലും സാമുദായികസംഘട്ടനങ്ങളിലും ആയുധമേന്തിയ കാർസേവകളിലും ഹിംസാത്മകമായ മുദ്രാവാക്യങ്ങളുമായി നടന്നുനീങ്ങുന്ന വെറും കാലാൾപ്പടയായിട്ടാണ്. ‘സാമാജിക് സമരസത’യുടെ അർഥം വരൂ, ഞങ്ങൾ തരുന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് ‘ഞങ്ങളുടെ കാലാളാകൂ’ എന്നുമാത്രമാണ്. അതുകൊണ്ടാണ് ഗുജറാത്ത് കലാപത്തിനുശേഷം അറസ്റ്റുചെയ്യപ്പെട്ട ഹിന്ദുക്കളിൽ പകുതിയോളംപേരും ദളിതരാകുന്നതും!

പൊതുകിണറിൽനിന്നു വെള്ളമെടുത്തതിന്റെപേരിലും ഗോമാംസം ഭക്ഷിച്ചതിന്റെപേരിലും കുതിരപ്പുറത്ത് വിവാഹയാത്ര നടത്തിയതിന്റെപേരിലും ഇന്നും ധാരാളം ദളിത് യുവാക്കൾ മർദിക്കപ്പെടുന്നുണ്ട്. കഴിഞ്ഞവർഷം ലഖ്‌നൗവിൽ ഒരു ദളിത് വയോധികനെക്കൊണ്ട് മൂത്രംകുടിപ്പിച്ചത് പ്രാദേശിക ആർ.എസ്.എസ്. നേതാവായിരുന്നു. ഹാഥ്‌റസിലെ ദളിത് പെൺകുട്ടിയെ ബലാത്സംഗംചെയ്ത് മൃതദേഹം കത്തിച്ച സവർണർക്കൊപ്പമായിരുന്നു ബി.ജെ.പി.ക്കാരനായ സ്ഥലം എം.പി.

ഒരുവശത്ത് ദളിതരെ ‘വിശാലഹിന്ദു കുടുംബ’ത്തിന്റെ ഭാഗമായി വിശേഷിപ്പിക്കുന്നവർതന്നെയാണ് മറുവശത്ത്, ജാതിവ്യവസ്ഥയെ അടിസ്ഥാനപരമായി ചോദ്യംചെയ്യുന്ന അംബേദ്കറൈറ്റ് രാഷ്ട്രീയത്തെ സംശയത്തോടെയും മുൻവിധിയോടെയും കാണുന്നതും. ഭാൻവർ മേഘവംശിയെപ്പോലുള്ള മുൻ കാർസേവകർ ഈ ഇരട്ടത്താപ്പിനെ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. അയിത്തത്തെയും ജാതിമേധാവിത്വത്തെയും എതിർക്കുന്ന ഒരു മഹാസമരവും ആർ.എസ്.എസ്. നടത്തിയിട്ടില്ല എന്നുമോർക്കണം. അതുകൊണ്ടുതന്നെ, ‘ദളിതർ ആർ.എസ്.എസിനെക്കുറിച്ച് എന്തിന് ചിന്തിക്കണം’ എന്ന ചോദ്യത്തിന് മറുപടിയായി പൊതുസമൂഹം ഉയർത്തേണ്ടത്, നാലുപതിറ്റാണ്ടായി ഹിന്ദുത്വത്തിന്റെ ഐക്യസന്ദേശവുമായി ദളിതരുടെ വാതിലിൽ മുട്ടുന്ന ആർ.എസ്.എസ്., സമത്വത്തെക്കുറിച്ചും ആത്മാഭിമാനത്തെക്കുറിച്ചുമുള്ള ഇന്നാട്ടിലെ ദളിതരുടെ ഏറ്റവും അടിസ്ഥാനപരമായ ചോദ്യങ്ങൾക്കുനേരേ എന്തിനാണ് മുഖംതിരിക്കുന്നത് എന്ന ചോദ്യമാണ്. ദളിതരെ ഹിന്ദുത്വത്തിന്റെ കാലാൾപ്പടയാക്കുന്നത് എളുപ്പമാണ്. എന്നാൽ, അംബേദ്കർ ആവശ്യപ്പെട്ട സാമൂഹികസമത്വത്തിന്റെ ഇന്ത്യ സൃഷ്ടിക്കുക അത്ര എളുപ്പമല്ല.

അതുകൊണ്ടുതന്നെ, ജാതീയമായ അസമത്വം നിറഞ്ഞ അധികാരഘടനകളെ ചോദ്യംചെയ്യാൻ ദളിതരെ ഒരിക്കലും അനുവദിക്കാത്ത ആർ.എസ്.എസിന്റെ ദീർഘമായ ചരിത്രത്തോടും വർത്തമാനകാലത്തോടുമുള്ള ഏറ്റവും സത്യസന്ധമായ ‘അംബേദ്കറൈറ്റ് വിചാരണ’യാണ് വാസ്തവത്തിൽ പ്രിയങ്ക് ഖാർഗെ നടത്തുന്നത്. ഈ വിവാദത്തിന്റെ പ്രസക്തിയും അവിടെയാണ്.

(രാഷ്ട്രീയനിരീക്ഷകയും തൊഴിലവകാശപ്രവർത്തകയുമാണ് സുധാ മേനോൻ)

Content Highlights: Explore the complex relationship between RSS, Dalit identity, and Hindutva politics. R