മുലപ്പാലില്ല, ആദിവാസിക്കുഞ്ഞുങ്ങൾക്ക് നൽകുന്നത് തണുപ്പിച്ചവെള്ളം; മാതൃഭൂമി വാർത്തയിലിടപെട്ട് സർക്കാർ

#കണ്ണന്‍ നായർ | മാതൃഭൂമി ന്യൂസ്
Image: Mathrubhumi news screen grab
Image: Mathrubhumi news screen grab

കൊല്ലം: ആദിവാസിക്കുഞ്ഞുങ്ങളോട് കടുത്ത അവഗണന. ഭാരക്കുറവുമായി ജനിച്ച ഇരട്ടക്കുഞ്ഞുങ്ങളെ പോറ്റാൻ മാർഗമില്ലാതെ ആദിവാസിദമ്പതികൾ. കൊല്ലം അച്ചൻകോവിലിലാണ് സംഭവം.

കുഞ്ഞുങ്ങൾക്ക് നൽകാൻ മുലപ്പാലില്ലാത്തതിനാൽ തിളപ്പിച്ചാറിയ വെള്ളമാണ് നൽകുന്നത്. ഗർഭകാലത്ത് എസ്എസി-എസ്ടി വകുപ്പ് തിരിഞ്ഞുനോക്കിയതുപോലുമില്ലെന്നും കുഞ്ഞുങ്ങളുടെ മാതാപിതാക്കളായ അഞ്ജുവും സുനിലും പറഞ്ഞു.

വിഷയം അറിഞ്ഞിട്ടും ആശുപത്രിയിലെത്തി അന്വേഷിക്കാൻ ട്രൈബൽ പ്രമോട്ടർമാർ തയ്യാറായില്ലെന്നും വീട്ടിലെത്തി മൂന്നുമാസമായിട്ടും ഇതുവരെയും കുട്ടികളുടെ കാര്യം അന്വേഷിച്ചിട്ടില്ലെന്ന് അഞ്ജു, മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. മാതൃഭൂമി ന്യൂസ് ആണ് വാർത്ത പുറത്തെത്തിച്ചത്.

പൂർണവളർച്ചയെത്താതെ ജനിച്ച കുഞ്ഞുങ്ങൾ എസ്‌ഐടി ആശുപത്രിയിൽ മൂന്നാഴ്ചയോളം ശിശുരോഗ വിഭാഗത്തിലെ ഐസിയുവിലായിരുന്നു. ആദിവാസി സ്ത്രീകൾ ഗർഭിണികളാകുന്ന സമയത്ത് മാസം 2,000 രൂപയുടെ സഹായം നൽകാറുണ്ട്. എന്നാൽ അഞ്ജുവിന് ഇതുവരെയും പണമൊന്നും ലഭിച്ചിട്ടില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തിന്- അപേക്ഷ നൽകിയില്ല എന്നതായിരുന്നു പ്രമോട്ടറുടെ മറുപടി. വിദ്യാഭ്യാസം കുറവുള്ളവരാണ് മാതാപിതാക്കളാണെങ്കിൽ, ആദിവാസിമേഖലയിൽ പ്രവർത്തിക്കുന്ന പ്രമോട്ടർമാർ അപേക്ഷയിലെ മറ്റുവിവരങ്ങൾ പൂരിപ്പിച്ച് സഹായിക്കുക പതിവാണ്. അത്തരം സാഹചര്യങ്ങളിൽ മാതാപിതാക്കൾക്ക് മിക്കപ്പോഴും അപേക്ഷയിൽ ഒപ്പിടേണ്ടി മാത്രമേ വരാറുള്ളൂ.

വാർത്ത പുറത്തെത്തിയതിന് പിന്നാലെ മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിക്കുകയും വാർത്തയിൽ ഇടപെടുകയും ചെയ്തു. ദുഃഖത്തോടു കൂടി മാത്രമേ ഇത്തരം വാർത്തകൾ കേൾക്കാൻ കഴിയുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. ഇന്നത്തെ കാലത്ത് ഈ സാഹചര്യത്തിൽ ഒരു കുടുംബം കഴിയേണ്ടിവരുന്നു എന്നത് നൊമ്പരപ്പെടുത്തുന്നതാണ്. വിഷയത്തിൽ അടിയന്തരമായി ഇടപെടും. എന്തുകൊണ്ട് ബന്ധപ്പെട്ട ആളുകൾ, പ്രൊമോട്ടർമാർ അടക്കമുള്ളവർ എന്താണ് ജോലി എടുക്കുന്നതെന്ന് മനസ്സിലാകുന്നില്ല. എസ്‌സി പ്രൊമോട്ടർമാർ അടക്കം ബന്ധപ്പെട്ട ആളുകൾ ജോലി ചെയ്യാതെ ഓണറേറിയം വാങ്ങുന്നുവെന്നാണ് ഈ വാർത്തകളിലൂടെ മനസ്സിലാകുന്നത്. അതിൽ കർശന നടപടി സ്വീകരിക്കും. കുഞ്ഞുങ്ങൾക്ക് ആരോഗ്യകരമായി ജീവിക്കാനുള്ള സാഹചര്യം സർക്കാർ ഉറപ്പാക്കിക്കൊടുക്കും, മന്ത്രി പറഞ്ഞു.

Content Highlights: Twin infants born underweight in Achankovil, Kollam, suffered from lack of breast milk and proper nutrition., Tribal promoters failed to provide assistance or facilitate government aid for the family., Minister Bindu Krishna condemned the negligence and promised immediate corrective action., Government is investigating the failure of tribal promoters to support vulnerable families.