കർണാടകത്തിൽ ആർടിസി ജീവനക്കാരികൾക്ക് ആർത്തവാവധി; ജനുവരി മുതൽ പ്രാബല്യം

ബെംഗളൂരു: ജീവനക്കാരികൾക്ക് മാസത്തിൽ ഒരു ദിവസം ശമ്പളത്തോടെയുള്ള ആർത്തവാവധി നടപ്പാക്കി കർണാടക ആർടിസി ഉത്തരവിറക്കി. ജനുവരി ഒന്നുമുതൽ ഇത് പ്രാബല്യത്തിൽവരും. 18 മുതൽ 52 വയസ്സുവരെയുള്ള ജീവനക്കാരികൾ അവധിക്ക് അർഹരായിരിക്കുമെന്ന് കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ അക്രം പാഷ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി.
അവധി അനുവദിക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ അവധി മറ്റ് അവധികളുമായി ചേർത്ത് എടുക്കാൻ അനുവദിക്കില്ല. ഒരുമാസത്തെ അവധി മറ്റ് മാസങ്ങളിൽ എടുക്കാനും അനുവദിക്കില്ല. കർണാടക സർക്കാർ നടപ്പാക്കിയ ആർത്തവാവധി നയം അനുസരിച്ചാണ് ഉത്തരവ്.
നവംബർ 12-ന് വിജ്ഞാപനംചെയ്ത നിയമമനുസരിച്ച് സർക്കാർ-സ്വകാര്യ മേഖലയിലെ ജീവനക്കാരികൾക്ക് പ്രതിമാസം ഒരുദിവസത്തെ ശമ്പളത്തോടുകൂടിയ അവധി നിയമാനുസൃതമാക്കിയിരുന്നു. ഹോട്ടലുകളും കച്ചവടസ്ഥാപനങ്ങളുമുൾപ്പെടെ ഇതിന്റെ പരിധിയിൽവരും. ഇതിനെതിരേ ബെംഗളൂരു ഹോട്ടൽ അസോസിയേഷനും ഒരു സ്വകാര്യ സ്ഥാപനവും നൽകിയ ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
Content Highlights: karnataka rtc women employees will get periods leave from january