ഉള്ളത് ജീവിതരേഖ മാത്രം; ജാതി സർട്ടിഫിക്കറ്റ് കിട്ടാത്തതിനാൽ അനുകൂല്യങ്ങളില്ലാതെ പട്ടികജാതിക്കാർ

#ഷാജി കുരിശ്ശുംമൂട്
പ്രതീകാത്മകചിത്രം | Photo: Mathrubhumi
പ്രതീകാത്മകചിത്രം | Photo: Mathrubhumi

വണ്ടിപ്പെരിയാർ (ഇടുക്കി): പൂർവികരുടെ രേഖകൾ ഹാജരാക്കാനാകാത്തതിനാൽ, ഇടുക്കിയിലെ കുറച്ച് മനുഷ്യർക്ക് ജാതിസർട്ടിഫിക്കറ്റെന്ന പ്രധാനപ്പെട്ടരേഖ ഇല്ല. ദേവികുളം, ഉടുമ്പൻചോല, പീരുമേട് താലൂക്കുകളിലെ പള്ളർ, പറയർ, ചക്ലിയൻ തുടങ്ങിയ പട്ടികജാതിക്കാർക്കാണ് പ്രതിസന്ധി. ജാതി സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ പൂർവികരുടെ വിവരങ്ങളും, അപേക്ഷകർ ഇതേ സമുദായത്തിൽപ്പെട്ടവരാണെന്ന പഴയ രേഖകളും ഹാജരാക്കാനാണ് വില്ലേജ്, താലൂക്ക് ഓഫീസുകളിൽനിന്ന് പറയുന്നത്.

സമുദായ സംഘടനകളുടെ സർട്ടിഫിക്കറ്റ് ഉദ്യോഗസ്ഥർ കണക്കിലെടുക്കുന്നില്ല. തമിഴ്നാട്ടിൽനിന്ന് വർഷങ്ങൾക്കുമുൻപ് കുടിയേറിവരായതിനാൽ പൂർവികർ ആരെന്നുപോലും പലർക്കും അറിയില്ല. ഇതോടെ വിദ്യാഭ്യാസം, വിവാഹം, വീട് നിർമാണം തുടങ്ങിയ ആവശ്യങ്ങൾക്ക് സർക്കാരിന്റെ ധനസഹായങ്ങളും ആനുകൂല്യങ്ങളും ഇവർക്ക് കിട്ടുന്നില്ല. വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് അടിസ്ഥാനമാക്കി, താലൂക്ക് ഓഫീസിൽനിന്നാണ് ജാതി സർട്ടിഫിക്കറ്റ് നൽകുന്നത്. വില്ലേജിൽനിന്ന് അനുകൂല റിപ്പോർട്ട് നൽകിയാലും മതിയായ രേഖകളില്ലാത്തതിനാൽ തള്ളുന്നു.

ഏറ്റവും കൂടുതൽപേർ ജാതി സർട്ടിഫിക്കറ്റിന് കാത്തി രിക്കുന്നത് ദേവികുളം താലൂക്കിലാണ്. മറ്റ് രണ്ട് താലൂക്കുകളിലും വലിയൊരു വിഭാഗം തോട്ടംതൊഴിലാളികളാണ്. 1870-കളിലാണ് ഇവർ കേരളത്തിലേക്ക് കുടിയേറിയത്. മാതാപിതാക്കൾ മരിച്ചു പോയ കുടുംബങ്ങളിലെ പുതിയ തലമുറക്കാരാണ് ദുരിതംകൂടുതൽ അനുഭവിക്കുന്നത്. പൂർവികരെ കണ്ടെത്താൻ തമിഴ്നാട്ടിൽപോയി തിരയേണ്ടിവരുന്നു.

പൂർവികരുടെ രേഖകളില്ലെന്ന ഒറ്റകാരണത്താൽ, ഭരണഘടനാപരമായ അവകാശങ്ങളും സർക്കാർ ആനുകൂല്യങ്ങളും നിഷേധിക്കരുതെന്ന് സമുദായസംഘടനകൾ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് സംഘടനകൾ പരാതി നൽകിയിരുന്നെങ്കിലും നടപടികളില്ല.

അടിയന്തരമായി ഇടപെടണം

പ്രായമായ തോട്ടം തൊഴിലാളികൾക്ക്, രേഖകൾ കണ്ടെത്തുക അസാധ്യമാണ്. പലർക്കും പൂർവികർ ആരെന്നുപോലും അറിയില്ല. പ്രശ്‌നപരിഹാരത്തിന് സർക്കാർ അടിയന്തരമായി ഇട പെടണം.- എസ്. കാളീശ്വരൻ. സംസ്ഥാന പ്രസിഡന്റ്, കേരള പള്ളൻ സമുദായം. 

Content Highlights: Scheduled Caste families in Devikulam, Udumbanchola, and Peermade taluks lack caste certificates., Authorities demand ancestral records from descendants of Tamil Nadu migrants who arrived in the 1870s., Denial of certificates leads to the loss of educational, marriage, and housing government benefits., Community organizations have urged the Chief Minister for urgent intervention, but no action has been taken yet.