പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും ബലാത്സംഗം ചെയ്യപ്പെടുന്നു; ഇരകൾക്ക് ലിംഗഭേദമില്ലെന്ന് ഡൽഹി കോടതി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 15 വര്‍ഷം കഠിനതടവ് വിധിച്ച് ഡല്‍ഹി കോടതി. ലൈംഗികാതിക്രമത്തിന് പെണ്‍കുട്ടികള്‍ മാത്രമാണ് ഇരകളാകുന്നത് എന്നത് ഒരു 'മിഥ്യാധാരണ' ആണെന്നും, ഈ ഹീനമായ കുറ്റകൃത്യത്തിന് ആണ്‍കുട്ടികളും തുല്യമായി വിധേയരാകുന്നുണ്ടെന്നും കോടതി പറഞ്ഞു. 2019-ല്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസില്‍ വിധി പറയവെയായിരുന്നു കോടതിയുടെ നിരീക്ഷണം.
പോക്‌സോ നിയമത്തിലെ സെക്ഷന്‍ 6 (ഗുരുതരമായ ലൈംഗികാതിക്രമം), ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 377 (അസ്വാഭാവിക കുറ്റകൃത്യങ്ങള്‍) എന്നിവ പ്രകാരം കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇയാളുടെ ശിക്ഷ സംബന്ധിച്ച വാദം കേള്‍ക്കുന്നതിനിടയിലാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് അനു അഗര്‍വാള്‍ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയത്.
'ലൈംഗികാതിക്രമത്തിന് പെണ്‍കുട്ടികള്‍ക്ക് മാത്രമേ ഇരയാകാന്‍ കഴിയൂ എന്നാണ് പൊതുവില്‍ എല്ലാവരും കരുതുന്നത്. എന്നാല്‍, അതൊരു മിഥ്യാധാരണയാണ്. ലൈംഗിക പീഡനത്തിനും ചൂഷണത്തിനും പെണ്‍കുട്ടികളെപ്പോലെ ആണ്‍കുട്ടികളും ഇരയാകാന്‍ സാധ്യതയുണ്ട്. ലൈംഗികാതിക്രമം എന്ന ഹീനമായ കുറ്റകൃത്യത്തിന് ആണ്‍കുട്ടികളും തുല്യമായി വിധേയരാകുന്നു എന്നാണ് ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്,' ജൂലൈ 31-ന് പുറപ്പെടുവിച്ച ഉത്തരവില്‍ കോടതി പറയുന്നു.
ജയില്‍ ശിക്ഷയ്ക്ക് പുറമെ, ഒരു മാസത്തിനുള്ളില്‍ അതിജീവിതന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും പ്രതിയോട് കോടതി ഉത്തരവിട്ടു. പ്രായപൂര്‍ത്തിയാകാത്ത അതിജീവിതന് 10.5 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
വാദം കേള്‍ക്കുന്നതിനിടെ, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരില്‍ ഏകദേശം 54.68 ശതമാനം ആണ്‍കുട്ടികളാണെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അരുണ്‍ കെ.വി. വാദിച്ചു. കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാദം. ആണ്‍കുട്ടികളും ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും പെണ്‍കുട്ടികളുടേതിന് സമാനമായ കടുത്ത മാനസികാഘാതം അവര്‍ അനുഭവിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
'ലൈംഗികമായി പീഡിപ്പിക്കപ്പെട്ട ഒരു ആണ്‍കുട്ടി അനുഭവിക്കുന്ന മാനസികാഘാതം, ലൈംഗികമായി പീഡിപ്പിക്കപ്പെട്ട മറ്റേതൊരു അതിജീവിത/ അതിജീവിതന്‍ അനുഭവിക്കുന്നതിന് തുല്യമാണ്. അവര്‍ ഭയം, പഴയ ഓര്‍മ്മകള്‍ (ഫ്‌ലാഷ്ബാക്കുകള്‍) എന്നിവ അനുഭവിക്കുകയും പോസ്റ്റ്-ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡറിന് വിധേയരാവുകയും ചെയ്യുന്നു,' അഡ്വക്കേറ്റ് അരുണ്‍ പറഞ്ഞു. പോക്‌സോ നിയമം ലിംഗഭേദമില്ലാതെ എല്ലാ കുട്ടികള്‍ക്കും സംരക്ഷണം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുരുഷത്വത്തെ വൈകാരിക ശക്തിയുമായി തെറ്റായി ബന്ധിപ്പിക്കുന്ന സാമൂഹിക സാഹചര്യത്തില്‍, ലൈംഗികാതിക്രമം മൂലമുണ്ടാകുന്ന മാനസികാഘാതത്തെ നേരിടാന്‍ ആണ്‍കുട്ടികള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. 'സാമൂഹികമായ ഈ കാഴ്ചപ്പാടുകള്‍ കാരണം, അവര്‍ക്ക് അപമാനം തോന്നാന്‍ തുടങ്ങുന്നു. തങ്ങള്‍ വേണ്ടത്ര ശക്തരല്ലെന്ന് അവര്‍ക്ക് തോന്നുന്നു. ഇത് കുട്ടിയുടെ മൊത്തത്തിലുള്ള മാനസികാരോഗ്യത്തെ ബാധിക്കുന്നു,' കോടതി പറഞ്ഞു.
Content Highlights: delhi court highlights the misconception that only girls are victims of sexual assault social issue