ബോഡിഷെയ്മിങ്മാത്രം സ്ത്രീയുടെ അന്തസ്സിനെ അവഹേളിക്കുന്ന കുറ്റകൃത്യമാവില്ല-കർണാടക ഹൈക്കോടതി

ബെംഗളൂരു: ശരീരപ്രകൃതിയെ പരിഹസിക്കുകയോ(ബോഡി ഷെയ്മിങ്) വാക്കാലുള്ള അധിക്ഷേപമോമാത്രം ഇന്ത്യൻ ശിക്ഷാനിയമം 509 വകുപ്പ് പ്രകാരം ഒരു സ്ത്രീയുടെ അന്തസ്സിനെ അവഹേളിക്കുന്ന കുറ്റകൃത്യമായി കാണാനാവില്ലെന്ന് കർണാടക ഹൈക്കോടതി.
രണ്ടുയുവതികളുടെപേരിൽ ബെംഗളൂരു സ്വദേശിനി നൽകിയ കേസ് തള്ളി ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഐ.പി.സി. 509 പ്രകാരം ശിക്ഷാർഹമായ കുറ്റം നടന്നതായി കേസിന്റെ രേഖകളിലുള്ള വിവരങ്ങളിൽനിന്ന് പറയാനാവില്ലെന്നും കോടതി പറഞ്ഞു.
2023 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. രണ്ടുസ്ത്രീകളും ഒരു പുരുഷനും ചേർന്ന് തങ്ങളെയും സുഹൃത്തുക്കളെയും അധിക്ഷേപിച്ചെന്നായിരുന്നു 26-കാരിയായ സ്ത്രീയുടെ പരാതി.
കേസെടുത്ത പോലീസ് 509 വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം നടത്തുകയും ബെംഗളൂരു മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. കേസിലെ മൂന്നാംപ്രതിയായ പുരുഷന്റെ പേരിലുള്ള നടപടികൾ 2024 ജൂണിൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
Content Highlights: Karnataka High Court ruled that body shaming and verbal abuse alone do not fall under IPC Section 509., Justice S.R. Krishna Kumar quashed the case filed by a Bengaluru woman against two women., The court noted that case records failed to establish ingredients required for an offence under IPC 509., Proceedings against a male co-accused in the same case were earlier quashed in June 2024.