പരിശോധനഫലം വെെകിപ്പിച്ചത് ഞാനല്ല, നിരപരാധിയാണ്, അതാണ് സത്യം- ഷീല സണ്ണി പ്രതികരിക്കുന്നു

നാലുമാസംമുന്‍പ് ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാ സണ്ണിയില്‍നിന്ന് എക്‌സൈസ് പിടികൂടിയത് എല്‍.എസ്.ഡി സ്റ്റാമ്പല്ല മറിച്ച് കടലാസ് കഷ്ണങ്ങളാണെന്ന് തെളിഞ്ഞു. മയക്കുമരുന്നു കേസില്‍ പ്രതിയെന്ന് ആരോപിച്ച് പിടികൂടിയ ഷീല 72 ദിവസമാണ് ജയില്‍വാസം അനുഭവിച്ചത്. ഇക്കാലത്ത് ഓണ്‍ലൈന്‍-സാമൂഹികമാധ്യമങ്ങള്‍ ഷീലയെയും കുടുംബത്തെയും നിരന്തരം വേട്ടയാടി.ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് അറസ്റ്റെന്നായിരുന്നു എക്‌സൈസിന്റെ വിശദീകരണം.
എന്താണ് സംഭവിക്കുന്നതെന്നുപോലും മനസ്സിലാകാതെ പകച്ചുനിന്ന ഷീലയുടെ വാക്കുകള്‍ കേള്‍ക്കാന്‍പോലും തയ്യാറാവാതിരുന്ന ഉദ്യോഗസ്ഥര്‍ അന്നുതന്നെ കോടതിയില്‍ ഹാജരാക്കി. ആ രാത്രി റിമാന്‍ഡിലായ ഷീലയ്ക്ക് മേയ് 10-നാണ് ഹൈക്കോടതി ജാമ്യമനുവദിച്ചത്.
എന്നാല്‍ പിടിച്ചെടുത്തത് എല്‍.എസ്.ഡി സ്റ്റാമ്പ് തന്നെയായിരുന്നുവെന്നാണ് അന്ന് പരിശോധന നടത്തിയ എക്‌സൈസ് ഉദ്യോഗസ്ഥന്‍ കെ സതീഷ് പറയുന്നത്. ഇദ്ദേഹമിപ്പോള്‍ കേസന്വേഷണത്തിന്റെ ഭാഗമായി സസ്‌പെന്‍ഷനിലാണ്. ഉദ്യോഗസ്ഥന്റെ പ്രതികരണത്തെ കുറിച്ചും താന്‍ അനുഭവിച്ചതിനെക്കുറിച്ചും ഷീല സണ്ണി മാതൃഭൂമി ഡോട്ട് കോമിനോട് മനസ്സു തുറക്കുന്നു
.
പിടിച്ചെടുത്തത് എൽഎസ്ഡി സ്റ്റാമ്പ് തന്നെയായിരുന്നുവെന്നാണ് കേസ് ആദ്യം അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥൻ പറയുന്നത്. ഇതിൽ എന്താണ് പറയാനുള്ളത്
അതിനെ കുറിച്ച് ഞാന്‍ എന്തു പറയാനാണ്. അത് എല്‍എസ്ഡി ആണോ സ്റ്റാമ്പാണോ എന്ന് എനിക്കറിയില്ല. ഞാന്‍ അല്ല ആ സ്റ്റാമ്പ് ബാഗില്‍ വെച്ചത്. ഞാന്‍ തെറ്റുകാരിയല്ല അതു മാത്രമാണ് എനിക്ക് അറിയുന്നത്. സാമ്പിളെടുത്ത് ഒന്നരമാസത്തിന് ശേഷമാണ് പരിശോധയ്ക്കായി അയച്ചതെന്നും പരിശോധന വെെകിയെന്നും പറയുന്നത്. ഞാനല്ലല്ലോ ഇത് വൈകിപ്പിച്ചത്. ഞാന്‍ നിരപരാധിയാണ് ആ സത്യം തെളിയും ഞാന്‍ തെളിയിച്ചിരിക്കും അതല്ലാതെ വേറെയൊരു മാര്‍ഗം എനിക്കില്ല. ഇതിൽ കൂടുതൽ എനിക്കൊന്നും പറയാനില്ല
അന്ന് എന്താണ് ഉണ്ടായത് വ്യക്തമാക്കാമോ
ഫെബ്രുവരി 27ാം തിയതിയാണ് ഈ സംഭവമെല്ലാം നടക്കുന്നത്. പാര്‍ലറില്‍ മയക്കുമരുന്ന് കച്ചവടമുണ്ടെന്ന് വിവരം ലഭിച്ചുവെന്നും പരിശോധിക്കണമെന്നും പറഞ്ഞുകൊണ്ട് കുറച്ചു ഉദ്യോഗസ്ഥര്‍ വന്നു. ഞാനവരോട് പരിശോധിക്കാന്‍ പറഞ്ഞു. തെറ്റ് ചെയ്യാത്ത ഞാന്‍ പേടിക്കേണ്ട ആവശ്യമില്ലല്ലോ. അവര്‍ എന്റെ ബാഗ് പരിശോധിക്കുകയും അതില്‍ നിന്നൊരു തുളയില്‍ നിന്ന് ചെറിയൊരു പൊതി കണ്ടെടുത്തു. അങ്ങനൊരു തുള എന്റെ ബാഗിലുള്ളത് കാണുന്നത് അന്നാണ്. പിന്നീട് മകനെ വിളിച്ച് വണ്ടിയില്‍ നിന്നും പാക്കറ്റെടുത്തു. പിന്നെ നടന്നത് ഓര്‍ക്കാന്‍ തന്നെ പ്രയാസമാണ്. ഫോട്ടോയെടുക്കാന്‍ പറഞ്ഞപ്പോള്‍ തലതാഴ്ത്തിയിരിക്കാന്‍ സ്‌റ്റേഷനില്‍ നിന്ന് പറഞ്ഞു. ഞാന്‍ വേദന കൊണ്ട് ഉരുകിയൊലിക്കുകയായിരുന്നു. ജയിലിലെ ഓരോ ദിവസവും ഞാന്‍ പ്രാത്ഥനയിലായിരുന്നു. അല്ലാതെ എന്നെ രക്ഷിക്കാന്‍ ആരോട് പറയാനാണ്.
ഇതിന് പിന്നില്‍ ആരാണ് പ്രവര്‍ത്തിച്ചതെന്നാണ് വിശ്വസിക്കുന്നത്
ഒരുമാസമായി എനിക്കെതിരെ പരാതി വന്നുവെന്ന് പോലിസ് പറയുന്നു എന്നിട്ട് എന്തുകൊണ്ട് അവര്‍ അതേ മാസം തന്നെ അന്വേഷിച്ചില്ല. ബന്ധുക്കളില്‍ ചിലരെ എനിക്ക് സംശയമുണ്ട്. അവര്‍ക്ക് നേരിട്ട് എന്നോട് വൈഷമ്യം വരാനായി ഞാനൊന്നും ചെയ്തിട്ടില്ല. ഇങ്ങനെ ഒരു അവസ്ഥയില്‍ പെടുമ്പോള്‍ കൂടെ നില്‍ക്കുന്ന നിഴലിനെ വരെ സംശയിക്കുന്ന സ്ഥിതിയാണ്.
ഞാനൊരു സാധാരണ വീട്ടമ്മയാണ്. വീടും പാര്‍ലറുമാണ് എന്റെ ലോകം. സ്വന്തം കാലില്‍ നില്‍കാനുള്ള ആഗ്രഹത്തിലാണ് ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയത്.ചാലക്കുടി വിട്ട് അധികമൊന്നും പുറത്ത് പോവാത്ത ഞാന്‍ മയക്കുമരുന്ന് കണ്ടിട്ടു പോലുമില്ല. ആരെയും ഞാന്‍ വെറുപ്പിക്കാന്‍ ചെന്നിട്ടില്ല. കുടുംബവും പ്രാരബ്ധത്തിന്റെയും ഇടയില്‍ എനിക്ക് അതിനൊന്നും നേരമുണ്ടായിരുന്നില്ല.
ഗള്‍ഫിലേക്ക് പോവാനായി എല്ലാം ശരിയായി നില്‍ക്കുകയായിരുന്നു. അറസ്റ്റിന്റെ അന്ന് എല്ലാം ശരിയായി ഇനിയൊരു അഭിമുഖം മാത്രമേയുള്ളു എന്ന് വിളിച്ചു പറഞ്ഞതുമാണ്. ഗള്‍ഫില്‍ പോവുന്നത് അസൂയ കാരണം മുടക്കിയതാണോയെന്നും അറിയില്ല. കുറച്ചു നാളു പോയാല്‍ കുടുംബം രക്ഷപ്പെടും ബാക്കി കാലം സന്തോഷത്തോടെ ഇവിടെ ജീവിക്കാമെന്നായിരുന്നു സ്വപ്‌നം കണ്ടത്. ചീട്ടു കൊട്ടാരം തകര്‍ന്നു വീഴുന്നത് പോലെ എല്ലാം പോയി.
ഈ കാലഘട്ടത്തെ എങ്ങനെയാണ് മറികടന്നത് സമൂഹത്തില്‍ നിന്നുള്ള ഇടപെടല്‍ എങ്ങനെയായിരുന്നു
നാട്ടുകാരുടെ മുന്നിലും വീട്ടുകാരുടെ മുന്നിലും നാണംകെട്ട് ഒറ്റപ്പെട്ടാണ് ജിവിച്ചത്. ഇങ്ങനെയൊരു കേസില്‍ പിടിച്ച് പത്രത്തില്‍ ഫോട്ടോയും വന്നാല്‍ എല്ലാവരും അത് വിശ്വസിക്കുകയല്ലേ ചെയ്യു. എല്ലാവരുടെ ഇടയിലും സംസാര വിഷയമായി. ചെയ്യാത്ത് തെറ്റിന്റെ പേരില്‍ ഞാന്‍ എല്ലാവരുടെയും മുന്നില്‍ മയക്കുമരുന്ന് കടത്തുകാരിയായി.
എന്റെ വരുമാനമായിരുന്ന പാര്‍ലര്‍ അടയ്‌ക്കേണ്ടി വന്നു. വളരെ കഷ്ടപ്പെട്ടാണ് അത് ഞാന്‍ ഉയര്‍ത്തി കൊണ്ടു വന്നത്. പാര്‍ലറിനു വേണ്ടിയെടുത്ത ലോണ്‍ ഇപ്പോഴും അടച്ചു തീര്‍ന്നിട്ടില്ല.
ജയില്‍ നാളുകളില്‍ മുന്നോട്ട് നയിച്ച വെളിച്ചമെന്തായിരുന്നു
എന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് എന്റെ ഉത്തരവാദിത്ത്വമായിരുന്നു. തളര്‍ന്നു പോയാല്‍ രക്ഷിക്കാനാരുമുണ്ടാവില്ലെന്ന് ഉറപ്പായിരുന്നു. ആത്മഹത്യ ചെയ്യാന്‍ പലതവണ ചിന്ത വന്നെങ്കിലും നിരപരാധിത്വം തെളിയിക്കണമെന്ന ചിന്തയാണ് എന്നെ പിടിച്ചു നിര്‍ത്തിയത്. എല്ലാവരും സംശയദൃഷ്ടിയോടെ നോക്കി നിന്നപ്പോഴും കൂടെ നിന്നത് എന്റെ കുടുംബമാണ്. ഭർത്താവും മകനും മകളും മരുമകനും ഒരുപോലെ ഒപ്പം നിന്നു. വേദനിപ്പിക്കുന്ന ഒരു വാക്ക് പോലും അവർ എന്നോട് പറഞ്ഞില്ല. എപ്പോഴെല്ലാം കാണാൻ അനുവാദം കിട്ടുമോ അപ്പോഴെല്ലാം എന്റെ ഭർത്താവ് എന്നെ കാണാൻ ഓടിയെത്തിയിരുന്നു. തളർന്നിരിക്കുന്ന എനിക്ക് അത് നൽകിയ ഊർജ്ജം ചെറുതല്ല.
ജയിൽ ജീവിതത്തിൽ ഉദ്യോഗസ്ഥരുടെ പെരുമാറ്റം എങ്ങനെയായിരുന്നു
അന്വേഷണത്തിന്റെ ചില ഘട്ടത്തിൽ ചില ഉദ്യോഗസ്ഥർ മനസ്സ് തകർക്കുന്ന തരത്തിൽ പെരുമാറിയിരുന്നു. അതൊഴിവാക്കി നിർത്തിയാൽ എല്ലാവരും മാന്യമായി തന്നെയാണ് പെരുമാറിയത്
മാറി നിന്ന് നാട്ടുകാരും ബന്ധുക്കളും സത്യം അംഗീകരിച്ചോ, എന്താണ് ഇപ്പോഴത്തെ അവസ്ഥ, ഇനിയെന്തു ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്?
.
ബന്ധുക്കളും, നാട്ടുകാരും എന്നെ മനസിലാക്കിയെന്നു തന്നെയാണ് വിശ്വസിക്കുന്നത്. എല്ലാവർക്കും സഹതാപമാണ്. ചെയ്യാത്ത തെറ്റിന് പിടിക്കപ്പെട്ടലോ എന്നാണ് പറയുന്നത്. കുറേ പേർ വിളിച്ചിരുന്നു. എന്നാലും ചിലരുടെയെങ്കിലും മനസിൽ ഈ വിഷയം കരടായി കിടക്കുമെന്ന് ഉറപ്പാണ്. ഭാവിയിൽ മാറുമായിരിക്കും.
കേസിന്റെ കാര്യങ്ങളെല്ലാം തീർക്കണം അതാണ് ആദ്യ ലക്ഷ്യം. പാർലർ വീണ്ടും തുറക്കണം. ജീവിക്കാതെ നിവൃത്തിയില്ലല്ലോ.. പെെസ കുറേ വേണം കടം. വാങ്ങാതെ വേറെ നിവൃത്തിയില്ല. എല്ലാം ശരിയാവുമെന്ന് തന്നെയാണ് പ്രതീക്ഷ
Content Highlights: Sheela sunny LSD case victim interview