കോവിഡാനന്തര വിദ്യാലയ ജീവിതം കുട്ടികൾക്ക് നൽകാതെ പോയത് | അഭിമുഖം

ഒന്നര വര്‍ഷക്കാലത്തെ സ്‌കൂള്‍ അടച്ചിടല്‍ കുട്ടികളുടെ സാമൂഹിക വിവേകത്തിലും (SocialIntelligence) ശാരീരിക ക്ഷമതയിലും വലിയ വിടവാണ് വരുത്തിയത്. രണ്ട് വര്‍ഷത്തോളം വീട്ടില്‍ ഒതുങ്ങിയതുമൂലം കുട്ടികള്‍ക്ക് നഷ്ടപ്പെട്ട ശാരീരിക ക്ഷമതയെയോ സാമൂഹിക വിവേകത്തെയോ വിദ്യാലയങ്ങളും അധ്യാപകരും അഡ്രസ്സ് ചെയ്തില്ലെന്ന് മാത്രമല്ല; പാഠഭാഗം തീര്‍ക്കുക എന്ന ഉദ്ദേശത്തില്‍ മാത്രമൂന്നിയാണ് കോവിഡിനു ശേഷമുള്ള വിദ്യാലയ കാലം കടന്നു പോയത്. ഇത് കുട്ടികളിലുണ്ടാക്കിയ ആഘാതത്തെ കുറിച്ച് സംസാരിക്കുകയാണ് സാമൂഹികവൈകാരിക പഠനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന Zocio എന്ന സംഘടനയുടെ സ്ഥാപകയായ അപർണ വിശ്വനാഥൻ.
കുട്ടികളുടെ സോഷ്യല്‍ ഇന്റലിജന്‍സില്‍ വലിയൊരു വിടവ് വരുത്തിയിരുന്നു കോവിഡ്. ഓൺലൈൻ കാലത്തെ പഠനമെന്നത് അക്കാദമികം മാത്രമായതാണ് അതിനുള്ള പ്രധാന കാരണം. ആ വിടവ് നികത്തുന്നതായിരുന്നോ കോവിഡാനന്തര വിദ്യാലയ അന്തരീക്ഷം?
സ്കൂൾ തുറന്നതുതന്നെ പരീക്ഷയ്ക്ക് മുന്നോടിയായുള്ള കാലത്താണ്. കുട്ടികളുടെ മാനസികവും വൈകാരികവുമായ ശേഷിയെ ഒട്ടും പരിഗണിക്കാതെയാണ് സ്‌കൂള്‍ തുറന്നത്.
കോവിഡ് കഴിഞ്ഞ് സ്‌കൂളില്‍ വന്നപ്പോള്‍ രണ്ട് തരത്തിലുള്ള സമ്മര്‍ദ്ദമാണ് കുട്ടികള്‍ അനുഭവിച്ചത്. സാമൂഹിക ഉത്കണ്ഠയും അത് പോലെ പഠന നഷ്ടവും (Learning loss). കോവിഡിനു ശേഷമുള്ള സ്‌കൂള്‍ തുറക്കലില്‍ കുട്ടികളുടെ ഉത്കണ്ഠ ഇല്ലാതാക്കിയുള്ള വിദ്യാര്‍ഥി സൗഹൃദ അന്തരീക്ഷത്തിന് സര്‍ക്കാരും സ്‌കൂള്‍ മാനേജ്മെന്റും വലിയ പരിഗണന നൽകിയില്ല. സാമൂഹിക ഉത്കണ്ഠ കൂടുതല്‍ ബാധിച്ചത് എട്ടാം ക്ലാസ്സ് മുതലുള്ള കുട്ടികളെയയാണ്. വീട്ടില്‍ കുറഞ്ഞ അംഗങ്ങളെ മാത്രം കണ്ടുശീലിച്ചതില്‍ നിന്ന് നൂറും 200 ഉം വരുന്ന വലിയ സംഘങ്ങളെ കുട്ടികള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നത് പെട്ടെന്നാണ്. അതുപോലെ തന്നെയാണ് കുട്ടികള്‍ക്കുണ്ടായ പഠന നഷ്ടം. ഈ പഠന നഷ്ടം അഡ്രസ്സ് ചെയ്യാതെ പരീക്ഷകളിലേക്ക് ഉന്തിത്തള്ളുന്ന രീതി വലിയ രീതിയിലുള്ള ഡിപ്രഷനും പരീക്ഷാപ്പേടിയുമാണ് കുട്ടികളിലുണ്ടാക്കിയത്. എന്നാല്‍ സ്‌കൂള്‍ തുറക്കും മുമ്പ് ഈ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിയുള്ള പരിശീലന ക്ലാസ്സുകള്‍ അധ്യാപകര്‍ക്ക് നല്‍കാമായിരുന്നു. വേനലവധിക്കാലത്ത് അധ്യാപകർക്ക് പരിശീലനം നല്‍കുന്നുണ്ടെന്ന് കേൾക്കുന്നു. അപ്പോഴും പരിശീലന പരിപാടി വിദ്യാര്‍ഥികളുടെ സാമൂഹികവും വൈകാരികവുമായ ശേഷിയെ അളക്കാനും മെച്ചപ്പെടുത്താനും ഉപകരിക്കുന്നുണ്ടോ എന്നതും നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമാണ് . ഇല്ലെങ്കില്‍ ജൂണില്‍ കുട്ടികള്‍ സ്‌കൂളിലേക്ക് തിരിച്ചു വരുമ്പോള്‍ ഉണ്ടാകുന്ന മാനസിക വൈകാരിക വൈകല്യങ്ങള്‍ വലുതായിരിക്കാം.
ഭാരമേറിയ സിലബസ്സാണ് കുട്ടികൾക്ക് പഠിക്കാനുള്ളത്. കോവിഡ് വന്നതിനു ശേഷം ഇത്ര ഹെവിയായി പഠിപ്പിക്കുന്നതിന് പകരം സിലബസ് ചുരുക്കേണ്ടിയിരുന്നില്ലേ. മാത്രവുമല്ല കുട്ടികളെ മാനസികമായി ഫിറ്റ് ആക്കുന്നതിന് പ്രാധാന്യം കൊടുക്കുകയായിരുന്നില്ലേ വിദ്യാലയങ്ങളും അധ്യാപകരും ചെയ്യേണ്ടിയിരുന്നത്?
ചെയ്യാമായിരുന്നു. മാനസികമായി മാത്രമല്ല ശാരീകമായും കുട്ടികളെ പ്രാപ്തരാക്കുന്നതിന് പ്രാധാന്യം കൊടുക്കേണ്ടതായിരുന്നു . അടച്ചിരുന്ന എക്കോ സിസ്റ്റത്തില്‍ നിന്നാണ് കുട്ടികൾ സ്‌കൂളിലെത്തിയത്. അവരുടെ ശാരീരിക ക്ഷമതയെ നമ്മള്‍ അഡ്രസ്സ് ചെയ്യാതെ പോയി. കോവിഡിനു ശേഷമുള്ള സ്കൂൾ കാലത്ത് ചെയ്യാന്‍ പറ്റുന്ന ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. അതിലൊന്നാണ് ക്ലസ്റ്റര്‍ ലേണിങ്ങ്. നാലോ അഞ്ചോ കുട്ടികളെ ക്ലസ്റ്ററാക്കി എക്സാമിനു പകരം കുട്ടികള്‍ വിഷയവും ആശയവും പഠിച്ച് സെമിനാറായി അവതരിപ്പിക്കാം. അതിലൂടെ നമുക്ക് അവരെ ഇവാലുവേറ്റ് ചെയ്യാമായിരുന്നു. മാത്രവുമല്ല കുട്ടികള്‍ തമ്മിലുള്ള ഇഴയടുപ്പവും കൂടും. സാമൂഹിക ഉത്കണ്ഠയെയും ഒരു പരിധി വരെ അതിലൂടെ അഡ്രസ്സ് ചെയ്യാന്‍ പറ്റും. എന്നാൽ പരമ്പരാഗത പഠന രീതിയാണ് എല്ലാവരും പിന്തുടർന്നത്
ഇതൊന്നും പോരാഞ്ഞ് വേനലവധിക്കാലത്ത് കുട്ടികള്‍ക്ക് ഹോംവര്‍ക്കുകള്‍ കൊടുത്തു കൊണ്ടിരിക്കുകയാണ് പല സ്‌കൂളുകളും?
നമ്മള്‍ കാലാവസ്ഥയെയും മാനിക്കുന്നില്ല. അത് പരിഗണിച്ചാണല്ലോ വേനലവധിയും മറ്റും കൊടുക്കുന്നത് തന്നെ. കടുത്ത ചൂടുള്ള കാലമാണ്. പെട്ടെന്നാണ് കുട്ടികള്‍ സ്‌കൂളിലെത്തിയത്. അക്കാദമികമായ പഠന നഷ്ടം നികത്താന്‍ വേണ്ടി മാത്രമാണ് രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കുന്നത്. അതിനാണ് ഗൃഹപാഠവും അവധി ക്ലാസ്സുകളും. ശരിയായ പഠന നഷ്ടം അഡ്രസ്സ് ചെയ്യപ്പെടുന്നേയില്ല. സ്‌കൂളുകളില്‍ പഠിപ്പിക്കുന്നതും പഠിക്കുന്നതും പലപ്പോഴും അക്കാദമികം മാത്രമാകുന്നതുകൊണ്ടാണ് ലേണിങ്ങ് എന്ന വാക്ക് തന്നെ അക്കാദമികം എന്ന് മാത്രമായി ചുരുങ്ങി ചിന്തിക്കുന്നത്. കോവിഡ് കാലത്ത് ഓരോ കുട്ടിയുടെയും സാമൂഹിക, മാനസിക, ലൈംഗികമായ വിദ്യാഭ്യാസത്തില്‍ വലിയ വിടവാണ് സംഭവിച്ചത് അതിനെ അഡ്രസ്സ് ചെയ്യാന്‍ നമ്മളെന്താണ് ചെയ്തത്. ഇനിയെങ്കിലും അവബോധവും മോഡ്യൂള്‍സും ഉണ്ടാക്കിയില്ലെങ്കില്‍ വലിയ പ്രത്യാഘാതം ആണ് ഉണ്ടാവുക.
നേരത്തെ പഠന വിടവിനെ കുറിച്ച് സംസാരിച്ചല്ലോ. പഠന വിടവെന്നത് ആളുകളെ സംബന്ധിച്ച് അധ്യാപകര്‍ക്കെടുക്കാന്‍ കഴിയാതെ പോയ പാഠഭാഗങ്ങള്‍ മാത്രമാണ്. പാഠഭാഗത്തിനപ്പുറപ്പുള്ള പഠന വിടവിനെക്കുറിച്ച് ആരും ആശങ്കാകുലരല്ല. ഈ പഠന വിടവ് എന്തെന്ന് വിശദീകരിക്കാമോ?
വികാരങ്ങൾ കൈകാര്യം ചെയ്യലാണ് അതില്‍ പ്രധാനം. കോവിഡ് കാലത്ത് എല്ലാതരം വികാരങ്ങളും അച്ഛനും അമ്മയും കുടുംബവുമടങ്ങുന്ന ചുരുങ്ങിയ ആളുകള്‍ക്കിടയിലാണ് പ്രകടിപ്പിച്ചിരുന്നത്. ഒരു കുട്ടിക്ക് കരയണം എന്ന് തോന്നിയെന്നിരിക്കട്ടെ. എപ്പോ കരയണം അത് ആളുകള്‍ എങ്ങനെയാണ് എടുക്കുക എന്നൊക്കെ സ്‌കൂളില്‍ വന്ന് ശീലമുള്ള കുട്ടി ഇതിനോടകം നേടിയെടുത്തിട്ടുണ്ട്. പക്ഷെ സ്‌കൂളില്‍ വരാത്ത കുട്ടി വികാരത്തെ കൈകാര്യം ചെയ്യാനുള്ള സാമൂഹിക വിദ്യാഭ്യാസം നേടിയിട്ടുണ്ടാവില്ല. നിലവിൽ പ്രകടിപ്പിക്കുന്ന രീതി ശരിയായതാവണമെന്നുമില്ല. ദേഷ്യം പോലുള്ള വികാരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് നമ്മള്‍ പഠിച്ചെടുക്കുന്ന പാഠശാലയാണ് വിദ്യാലയം. സാമൂഹിക ബന്ധങ്ങള്‍ എങ്ങനെ ഉടലെടുക്കുന്നു എങ്ങനെ തുടര്‍ന്നു കൊണ്ടു പോകുന്നു എങ്ങനെ നിലനിര്‍ത്തുന്നു എന്നെല്ലാം സ്‌കൂളില്‍ നിന്നാണ് കൂടുതലും പഠിക്കുന്നത്. ശിഥിലമായ ബന്ധങ്ങളുള്ള വീട്ടുചുറ്റുപാടില്‍ നിന്ന് വരുന്ന കുട്ടികള്‍ ബന്ധങ്ങളെ കാണുന്നത് മറ്റൊരു രീതിയിലായിരിക്കും. അവര്‍ ശിഥിലമായ, ആരോഗ്യകരമല്ലാത്ത സ്വഭാവമോ പെരുമാറ്റ രീതികളോ കാണിക്കുകയാണെങ്കില്‍ അത് ശരിയാക്കി കൊടുക്കേണ്ട ഇടമാണ് വിദ്യാലയ ചുറ്റുപാടും അധ്യാപകരും. കോവിഡ് കാലത്ത് ആരോഗ്യകരമല്ലാത്ത കുടുംബ ചുറ്റുപാടില്‍ നിന്ന് വരുന്ന കുട്ടികളില്‍ ഉണ്ടായ ആരോഗ്യകരമല്ലാത്ത സ്വഭാവം സ്‌കൂളിലെത്തിയിട്ടും തുടരുന്ന അവസ്ഥയാണ്. അധ്യാപകര്‍ക്ക് അതിനുള്ള പരിശീലനമോ അതൊരു വിഷയമാണെന്ന തോന്നലോ ഉണ്ടായിട്ടില്ല. സമൂഹമാവട്ടെ സർക്കാരാവട്ടെ, മാധ്യമങ്ങളാവട്ടെ എന്നും എപ്പോഴും സംസാരിക്കുന്നത് പരീക്ഷകളെ കുറിച്ച മാത്രമാണ്. പോര്‍ഷനുകള്‍ തീര്‍ക്കാനുള്ള തിരക്കില്‍ ഇതൊന്നും പരിഗണിക്കപ്പെട്ടതേയില്ല.
വികാരങ്ങളെ നിയന്ത്രിക്കാനുള്ള ശേഷി നഷ്ടത്തിനു പുറമെ കോവിഡ് നഷ്ടപ്പെടുത്തിയ മറ്റ് പഠന വിടവുകള്‍ എന്തൊക്കെയാണ്?
ഞാനും നിലീനയുമടങ്ങുന്നവര്‍ കോവിഡ് കാലത്ത് വീട്ടിലിരുന്നാണ് ജോലി ചെയ്തത്. അതിനാല്‍ തന്നെ ഏറ്റവും കുറഞ്ഞ പ്രാധാന്യം കൊടുത്തത് ഗ്രൂമിങ്ങിനാണ്. പെട്ടെന്നാണ് വലിയ ആൾക്കൂട്ടത്തെ അഭിമുഖീകരിക്കേണ്ട സന്ദർഭം വന്നത്. അതിനാൽ തന്നെ സാമൂഹിക സ്വീകാര്യത ലഭിക്കാൻ എങ്ങനെ വസ്ത്രം ധരിക്കണം എന്തൊക്കെ ധരിക്കണം, എങ്ങനെ സ്വയം പ്രസന്റ് ചെയ്യണം എന്നത് കുട്ടികൾ അറിയാതെ പോയി. ഞാനൊരു ഉദാഹരണം പറയാം. പല ആൺ കുട്ടികളും കോവിഡ് കാലത്ത് മുടി വളര്‍ത്തിയിരുന്നു. അവരുടെ സ്റ്റൈല്‍ സ്റ്റേറ്റ്മെന്റിന്റെ ഭാഗമായിരുന്നു മുടി വളർത്തൽ. പക്ഷെ ആൺകുട്ടികൾ സ്കൂളിലേക്ക് മുടി വെട്ടി വരണം എന്ന ചട്ടങ്ങൾ പലതും അവർക്ക് ഉൾക്കൊള്ളാനായില്ല. അവര്‍ക്ക് അവരുടെ ഐഡന്റിറ്റിയെ ചോദ്യം ചെയ്യുന്നതുപോലെയായി അതല്ലാം അനുഭവപ്പെട്ടു. അത് മാത്രമല്ല നമ്മള്‍ ബാര്‍ബര്‍ ഷോപ്പ് തുറന്നത് ഏറ്റവും അവസാനമല്ലേ. ഇന്റിമേറ്റ് സോഷ്യലൈസിങ് സര്‍വ്വീസാണ് സലൂണ്‍സ്. ഇത് പല കുട്ടികളിലും മാനസ്സിക സംഘർഷങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
അതുപോലൊന്നാണ് ശാരീരിക പ്രവൃത്തിയും ഉറക്ക രീതിയും. കോവിഡിനു മുമ്പുള്ള കാലത്തെ ഉറക്കം, പ്രാഥമിക കാര്യ നിര്‍വ്വഹണം എന്നിവക്കെല്ലാം കുട്ടികള്‍ക്കൊരു സിസ്റ്റം ഉണ്ടായിരുന്നു. കോവിഡ് കാലത്ത് സ്‌കൂളുകള്‍ പൂട്ടിയതോടെ അത് മാറി. അവരുടെ ബയോളജിക്കൽ ക്ലോക്ക് ആകെ മാറി. ഇപ്പോ പലകുട്ടികള്‍ക്കും ക്ലാസ്സില്‍ ഇരിക്കാന്‍ പറ്റാത്തത് ഈ പ്രശ്നം കൊണ്ടാണ്. പല സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്തവരാണവര്‍. പെട്ടെന്ന് സ്‌കൂള്‍ തുറന്നപ്പോള്‍ അവരുടെ എല്ലാ ശീലങ്ങളും ഡിസ്റ്റര്‍ബ് ചെയ്യപ്പെട്ടു. ആറ് മണിക്ക് എണീറ്റ് പഴയ ചിട്ടയിലേക്ക് വരുമ്പോള്‍ നമ്മുടെ ബോഡിക്ലോക്ക് റെഡിയാവാന്‍ സമയമാവും. ചുരുങ്ങിയത് പ്രൈമറി ക്ലാസ്സുകളിലെങ്കിലും അരമണിക്കൂര്‍ ഉറക്കത്തിന് നൽകണമായിരുന്നു. പക്ഷെ ഇതിലൊന്നും നമ്മള്‍ ശ്രദ്ധ കൊടുത്തതേയില്ല. നമ്മൾ ചർച്ച ചെയ്തത് പരീക്ഷയെയും പാഠഭാഗം തീർക്കുന്നതിനെക്കുറിച്ചും മാത്രമാണ്.
പഠന വിടവിന്റെ കുറവുകള്‍ നമ്മളെങ്ങനെയെല്ലാമായിരുന്നു പരിഹരിക്കേണ്ടിയിരുന്നത്. അതില്‍ നമുക്ക് വന്ന വീഴ്ചകള്‍ എന്തൊക്കെയാണ്?
അധ്യാപകര്‍ക്കുള്ള അവധിക്കാല ട്രെയിനിങ്ങ് കോവിഡ് കഴിഞ്ഞ് തുറക്കുന്നതിനു മുമ്പെ കൊടുക്കണമായിരുന്നു. ഡിപ്രഷന്‍, ഉത്കണ്ഠ എന്നീ കോവിഡാനന്തര പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന പരിശീലനം അധ്യാപകർക്ക് കൊടുക്കേണ്ടതായിരുന്നു. ഇപ്പോഴോ കഴിഞ്ഞില്ല. അടുത്ത വര്‍ഷം സ്‌കൂള്‍ തുറക്കുന്നതിനു മുമ്പെങ്കിലും നമ്മളത് ചെയ്യണം. പരീക്ഷ ആലോചിച്ച് ആത്മഹത്യ ചെയ്തത്, പരീക്ഷ എഴുതുന്ന ബുദ്ധിമുട്ടുകള്‍ ആലോചിച്ച് ആത്മഹത്യ ചെയ്തത് എല്ലാം നമ്മള്‍ വാര്‍ത്തകളില്‍ കണ്ടതാണ്. കുട്ടിയുടെ ആകെയുള്ള വികാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വിദ്യാലയ അന്തരീക്ഷത്തിലേക്ക് നമ്മള്‍ നിര്‍ബന്ധമായും പോയില്ലെങ്കില്‍ വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങളുണ്ടാക്കും.
എട്ട് മുതലുള്ള ഹൈസ്‌കൂള്‍ കുട്ടികളെയാണ് ഇതെല്ലാം ഏറ്റവും കൂടുതല്‍ ബാധിച്ചതെന്ന് പറഞ്ഞില്ലേ. എന്ത്കൊണ്ടാണത്.
ഒന്ന് പരീക്ഷാ സമ്മർദ്ദം. രണ്ട് ഹോര്‍മോണല്‍ പ്രശ്നങ്ങൾ.
അതിനെ എങ്ങനെ വിദ്യാലയങ്ങളില്‍ അഡ്രസ്സ് ചെയ്യാം?
എട്ട് മുതല്‍ അങ്ങോട്ടുള്ള കുട്ടികള്‍ക്ക് എല്ലാ ആഴ്ചയും ഒരു കൗണ്‍സിലിങ് സിസ്റ്റത്തിന്റെ ആവശ്യമുണ്ട്. അവരുടെ ശാരീരിക മാറ്റം, കായിക ക്ഷമത എന്നിവക്ക് സ്കൂളുകൾ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്..
അതുപോലെ നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടതാണ് പ്രീപ്രൈമറി കുട്ടികളുടെ പ്രശ്‌നങ്ങള്‍. സ്‌കൂള്‍ എന്ന അനുഭവം തന്നെ ഓണ്‍ലൈനിലെ പഠിപ്പിക്കലായിരുന്നു എല്‍കെജി യുകെജി കുട്ടികളെ സംബന്ധിച്ച്. രണ്ട് വര്‍ഷകാലത്തെ വീട്ടിലിരിപ്പിനു ശേഷം വിദ്യാലയത്തിലെ ഒത്തുചേരല്‍ സ്വപ്‌നം കണ്ടെത്തിയ കുരുന്നുകളെ സംബന്ധിച്ച് പഠനവും അധ്യാപകരും എന്നത് പാഠഭാഗങ്ങൾ ഇടമുറിയാതെ തീര്‍ക്കുന്ന പേടിപ്പിക്കുന്ന അനുഭവമായിരുന്നു. അധ്യാപകര്‍ക്ക് അവരുടേതായ രീതിയില്‍ ഒരു ഇടപടല്‍ ആവശ്യമായിരുന്നില്ലേ....
അവര്‍ക്ക് ചെയ്യാമായിരുന്നു. പക്ഷെ പാഠഭാഗങ്ങൾ തീര്‍ക്കുന്നതിന്റെ പേരില്‍ മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് അവരനുഭവിക്കുന്ന സമ്മര്‍ദ്ദം നമ്മള്‍ കാണാതെ പോവരുത്. പ്രൈവറ്റ് സ്‌കൂളിലെ അധ്യാപകരാണ് ശമ്പളമില്ലാതെ ജോലി ചെയ്യുന്നത്. എത്ര അധ്യാപകര്‍ക്ക് മാനേജ്‌മെന്റ് ഓണ്‍ലൈന്‍ ക്ലാസ്സ് നടത്താനുള്ള പരിശീലനം നല്‍കിയിട്ടുണ്ട്. അവരുടെ മനസ്സിലെ സ്‌കൂളും നേരിട്ട് കണ്ട സ്‌കൂളും വലിയ വ്യത്യാസമുണ്ടായിരുന്നു. കെ ജി ക്ലാസ്സുകളില്‍ കുട്ടികളുടെ ഭാവനാശേഷി വര്‍ധിപ്പിക്കാനുള്ലള സാഹചര്യമാണ് സ്കൂളുകൾ ഒരുക്കേണ്ടത്. പകരം പാഠഭാഗം പൂര്‍ത്തീകരിക്കുന്നത് കേന്ദ്രീകരിച്ചുള്ള പഠന രീതി അവരുടെ ഭാവനാ ശേഷിയെ വളരെയധികം ബാധിക്കും.
ഇത്രവലിയ മഹാമാരി വന്ന് സ്‌കൂള്‍ തുറക്കുന്ന ഘട്ടത്തില്‍ പരീക്ഷയ്ക്കായിരുന്നോ നമ്മള്‍ ശ്രദ്ധകൊടുക്കേണ്ടിയിരുന്നത്. ഏറ്റവും പ്രധാനപ്പെട്ട ക്ലസ്സുകളില്‍ പരീക്ഷ നല്‍കി മറ്റ് ക്ലാസ്സുകളില്‍ പരീക്ഷയല്ലാത്ത തരത്തിലുള്ള ഇവാലുവേഷന്‍ രീതിയായിരുന്നു വരേണ്ടിയിരുന്നത്. അങ്ങനെയായിരുന്നേല്‍ അവര്‍ സ്‌കൂളുകളെ ഇഷ്ടപ്പെട്ടേനേ. അധ്യാപകരുടെ മേലുള്ള സമ്മര്‍ദ്ദവും കുറക്കാമായിരുന്നു. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വലിയ മാറ്റം കൊണ്ടുവരേണ്ട സമയമാണിത്
അധ്യാപകര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം എന്താണ്?
ക്ലാസ്സില്‍ തുടര്‍ച്ചയായി ഇരുന്ന് ശ്രദ്ധകേന്ദ്രീകരിക്കാൻ പല കുട്ടികള്‍ക്കും കഴിയുമായിരുന്നില്ല. അതോടൊപ്പം പല കുട്ടികൾക്കും സാമൂഹിക ഉത്കണ്ഠയും ഉണ്ടായിരുന്നു. കുട്ടികളുടെ ഉത്കണ്ഠയെ എങ്ങനെ കൈകാര്യ ചെയ്യുമെന്ന കണ്‍ഫ്യൂഷന്‍ പല അധ്യാപകര്‍ക്കുമുണ്ട്. പാഠഭാഗം പൂർത്തിയാക്കാൻ രക്ഷിതാക്കളുടെ ഭാഗത്തു നിന്നും സമ്മര്‍ദ്ദം അധ്യാപകര്‍ നേരിടുന്നുണ്ട്. എല്ലാം പരിഗണിച്ച് വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വലിയ മാറ്റം കൊണ്ടുവരേണ്ട സമയമാണിത്
ഇതില്‍ മീഡിയയ്ക്കും വലിയ പങ്കില്ലേ. അവര്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് എന്നും പരീക്ഷകള്‍ക്ക് മാത്രമല്ലേ പ്രാധാന്യം നല്‍കുന്നത്...
തീര്‍ച്ചയായും. കുട്ടികളുടെ വൈകാരിക പ്രശ്‌നങ്ങളെയും ഉത്കണ്ഠയെയും ഭൂരിഭാഗം മാധ്യമങ്ങളും ചര്‍ച്ച ചെയ്ത് കണ്ടില്ല. പാഠഭാഗം പൂര്‍ത്തീകരിക്കുമോ ഇല്ലയോ എന്ന ചര്‍ച്ചകളാണ് പലയിടത്തും കണ്ടത്. കോവിഡ് കഴിഞ്ഞ് സ്‌കൂള്‍ തുറന്നപ്പോള്‍ പരീക്ഷ തുടര്‍ച്ചയായി രണ്ട് മണിക്കൂര്‍ ഇരുന്ന് എഴുതേണ്ട അവസ്ഥ വന്നു. അത് കോവിഡ് കാലത്ത് ശീലമുള്ള കാര്യമായിരുന്നില്ല. കൈകൊണ്ട് പരീക്ഷ തുടര്‍ച്ചയായി എഴുതി ശീലമില്ലാത്ത കുട്ടികള്‍ക്കാണ് രണ്ടും മൂന്നും മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ എഴുതേണ്ടി വന്നത്. റിസേർച്ച് ടീമിനെ വെച്ച് ഈ പ്രശ്‌നങ്ങള്‍ പഠിക്കുകയോ പരിഹരിക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇനി ജൂണില്‍ സ്‌കൂള്‍ തുറക്കുമ്പോഴെങ്കിലും കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യത്തിന് നമ്മള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.
Content Highlights: Post Covid School atmosphere,learning loss,Interview Aparna Vishwanathan,Social,mathrubhumi latest