കമ്മീഷനെ കമ്മിറ്റിയാക്കിയത് തട്ടിപ്പ്, ലക്ഷ്യം സഭാചര്‍ച്ച ഒഴിവാക്കല്‍-ടി.ബി.മിനി

ടി.ബി മിനി
ടി.ബി മിനി

സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ വേട്ടക്കാര്‍ക്കെതിരായുള്ള റിപ്പോർട്ട് ആണ് വരുന്നതെങ്കിൽ നിയമസഭയിൽ മേശപ്പുറത്ത് വെച്ചാൽ കോളിളക്കം സൃഷ്ടിക്കും. അത് ഒഴിവാക്കാനായി സർക്കാർ ബുദ്ധിപൂർവം ചെയ്ത കളിയായിരുന്നു കമ്മിറ്റി എന്ന് അഡ്. ടി.ബി മിനി. കമ്മിറ്റിയുടെ റിപ്പോർട്ട് വെറുതേ സ്വീകരിക്കാം. അതിൽ നടപടികൾ സ്വീകരിച്ചാലും ഇല്ലെങ്കിലും നിയമപരമായ ചുമതലകൾ ഇല്ല. കമ്മിറ്റി എന്ന് പറയുമ്പോൾ ഒരു വിഷയത്തെക്കുറിച്ച് പഠിച്ച് അതിന്റെ റിപ്പോർട്ട് സമർപ്പിക്കുക എന്നത് മാത്രമാണ് ചെയ്യുന്നത്. എന്നാൽ, കമ്മീഷൻ അങ്ങനെയല്ല. കമ്മീഷന്റെ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വെക്കണമെന്നും അഡ്വ. ടിബി. മിനി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതി അതിശക്തമായ ഇടപെടലാണ് നടത്തിയിരിക്കുന്നത്. ഈ റിപ്പോർട്ടുമായി ബന്ധപ്പെട്ട് എന്ത് നടപടിയാണ് നിയമപരമായി സ്വീകരിക്കാൻ കഴിയുക.

ഹേമ കമ്മിറ്റി രൂപീകരിക്കുന്ന സമയത്തുതന്നെ സർക്കാർ ഈ കേസുമായി ബന്ധപ്പെട്ട് ചെറിയ തട്ടിപ്പ് നടത്തി. കമ്മീഷനെ നിയോഗിക്കുന്നതിന് പകരം കമ്മിറ്റി രൂപീകരിച്ച് തട്ടിപ്പ് നടത്തുകയാണ് ചെയ്തത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ഉണ്ടായ വിഷയങ്ങളെ പിന്തുടർ‌ന്നാണ് വിമൺ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി)  ഉണ്ടാകുന്നത്. തൊഴിൽ മേഖലയിലെ അവരുടെ സുരക്ഷിതത്വം, തുല്യ വേതനം, പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യം തുടങ്ങിയ ആവശ്യങ്ങൾ നമ്മുടെ നാട്ടിലെ നിയമങ്ങൾ അനുസരിച്ച് മറ്റുള്ള മേഖലകളെപ്പോലെ സിനിമാ മേഖലയിലും നടത്തണമെന്നതായിരുന്നു ഡബ്ല്യൂ.സി.സി യുടെ ആവശ്യം. അത് നടപ്പിലാക്കണമെങ്കിൽ അതിനെക്കുറിച്ച് പഠിക്കണം. അതിന് വേണ്ടിയാണ് ഒരു കമ്മിറ്റിയെ നിയോഗിച്ചത്. നമ്മുടെ നാട്ടിൽ പല കമ്മീഷനുകളും കമ്മിറ്റികളും ഉണ്ട്. കമ്മിറ്റി എന്ന് പറയുമ്പോൾ ഒരു വിഷയത്തെക്കുറിച്ച് പഠിച്ച് അതിന്റെ റിപ്പോർട്ട് സമർപ്പിക്കുക എന്നത് മാത്രമാണ് ചെയ്യുന്നത്. എന്നാൽ കമ്മീഷൻ അങ്ങനെയല്ല. കമ്മീഷന്റെ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വെക്കണം. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഇത്തരം പ്രശ്നങ്ങളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾക്ക് അറിയാം. ഏതെങ്കിലും തരത്തിൽ വേട്ടക്കാര്‍ക്കെതിരായുള്ള റിപ്പോർട്ടാണ് വരുന്നതെങ്കിൽ അത് നിയമസഭയിൽ മേശപ്പുറത്ത് വെച്ചാൽ കോളിളക്കം സൃഷ്ടിക്കുമെന്ന് അവർക്കറിയാം. അത് ഒഴിവാക്കാനായി ബുദ്ധിപൂർവം ചെയ്ത കളിയായിരുന്നു കമ്മിറ്റി എന്നത്. കമ്മിറ്റിയുടെ റിപ്പോർട്ട് വെറുതേ സ്വീകരിക്കാം. അതിൽ നടപടികൾ സ്വീകരിച്ചാലും ഇല്ലെങ്കിലും നിയമപരമായ ചുമതലകൾ ഇല്ല. ഇതിനെക്കുറിച്ച് അറിയാമെന്നുള്ളവർ ബുദ്ധിപരമായി കളിച്ച കളിയായിരുന്നു കമ്മിഷന് പകരം കമ്മിറ്റി രൂപീകരിച്ചത്. എന്നാൽ, ആ ബുദ്ധിക്കുള്ള മറുപടി ഇപ്പോൾ കിട്ടി. കേരളത്തിലെ ജനങ്ങൾക്ക് ഭയങ്കരമായ കഴിവുണ്ട്. അവരുടെ പ്രതികരണശേഷി, ഇന്റലിജൻസ്, ജനാധിപത്യബോധമൊക്കെ ഇത്രയധികം രാജ്യത്തെ ഒരു സംസ്ഥാനത്തെ ജനങ്ങൾക്കും ഇല്ല. ഇത്തരം ജനങ്ങളുടെ മുന്നിൽ കള്ളം കാണിച്ച് പിടിക്കപ്പെട്ടാൽ പിന്നെ നിലത്ത് നിർത്തില്ല. അതാണ് ഇപ്പോൾ പൊതുസമൂഹത്തിൽ നിന്നും കണ്ടുകൊണ്ടിരിക്കുന്നത്.

Content Highlights: interview with tb mini on hema committee report, amritha au, kerala govt

Continue reading