'പഠിച്ചത് MBBS, ജോലി അടുക്കളയിൽ'; അവള്‍ മുന്നോട്ടു കുതിക്കുന്നെന്ന് കണക്കുകള്‍, എന്നാല്‍ എത്രത്തോളം

പിന്നിട്ട 25 വര്‍ഷം. സ്ത്രീകള്‍ സമൂഹത്തില്‍ തുല്യാവകാശം സ്വന്തമാക്കിത്തുടങ്ങിയ കാലം. അവള്‍ മുന്നോട്ടുകുതിക്കുന്നുവെന്ന് കണക്കുകള്‍. എന്നാല്‍ പിന്നോട്ടുപോയതിന്റെ കണക്കുകളും കാണാതിരിക്കാനാവില്ല. സ്ത്രീയുടെ സാമൂഹികാവസ്ഥ എത്രത്തോളം മാറിയിട്ടുണ്ട്? തദ്ദേശഭരണത്തില്‍ പകുതിയും സ്ത്രീകള്‍വന്ന, ഗാര്‍ഹികപീഡനനിരോധന നിയമമുണ്ടായ, വിദ്യാഭ്യാസമുണ്ടായിട്ടും അതിനൊക്കുംവിധം തൊഴില്‍പങ്കാളിത്തമില്ലാത്ത, അവളവളിടങ്ങള്‍ ഏറെയുണ്ടായ പുതിയ നൂറ്റാണ്ടിലൂടെ ഒരന്വേഷണം.
കാലത്തിനൊപ്പം ഏറ്റവും നന്നായി മാറിയത് സ്ത്രീകളാണെന്ന് തോന്നാറില്ലേ? തോന്നലല്ല, അതൊരു വസ്തുതയാണ്. അറിവും അധ്വാനശേഷിയും ആന്തരികവളര്‍ച്ചയും മലയാളിസ്ത്രീയുടെ കൈമുതലാണ്. കേരളമെന്ന ചെറിയ സംസ്ഥാനത്തിന്റെ സകലശേഷിയുമുപയോഗിച്ച് കടല്‍കടന്നും വളരാന്‍ അവള്‍ പ്രാപ്തയായിട്ടുമുണ്ട്. എന്നാല്‍ ഉള്ളില്‍ ഉയര്‍ന്നുനില്‍ക്കുമ്പോഴും അവളെ താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങള്‍ ഏറെയാണ്. 25 വര്‍ഷത്തിന്റെ കണക്കുകളില്‍ അവളുടെ കുതിപ്പിന്റെയും കിതപ്പിന്റെയും കഥകളുണ്ട്.
അകത്തേക്ക് തുറക്കുന്ന വീട്
മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് സ്വദേശി ആയിഷാബി വിവാഹിതയാവുന്നത് 13-ാം വയസ്സിലാണ്. 42 വര്‍ഷംമുന്‍പ് നടന്ന ആ വിവാഹത്തിന്റെ ആദ്യവാര്‍ഷികമാവുംമുന്‍പ് അവര്‍ക്കൊരു മകള്‍ ജനിച്ചു. റംല. റംല വിവാഹിതയാവുന്നത് 15-ാം- വയസ്സില്‍. അടുത്ത വര്‍ഷം അവള്‍ ഉമ്മയായി. ആയിഷാബി മുപ്പതാംവയസ്സില്‍ ഉമ്മുമ്മയും. ഇന്ന് റംലയുടെ മകള്‍ ഷാഹബ ഫാത്തിമയ്ക്ക് പ്രായം 26. ''വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നുണ്ട്. പക്ഷേ, സ്ഥിരംജോലിയായിട്ടേ വിവാഹത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കൂ. അതും, വേണമെന്ന് തോന്നിയാല്‍മാത്രം'' ഒരു സ്വകാര്യ എന്‍ജിനിയറിങ് കോളേജില്‍ താത്കാലിക അധ്യാപികയായ അവള്‍ക്ക് സ്വന്തംകാര്യങ്ങളില്‍ നല്ല തീര്‍ച്ചയുണ്ട്. കേരളത്തിലെ പിന്നാക്കജില്ലകളിലൊന്നായി കരുതപ്പെട്ടിരുന്ന മലപ്പുറത്തിന്റെ മാറ്റം ഷാഹബയെപ്പോലുള്ള പെണ്‍കുട്ടികളിലൂടെയാണ്.
പഠിച്ചത് എംബിബിഎസ്, ജോലി അടുക്കളയില്‍
''എംബിബിഎസ് കഴിഞ്ഞ് എംഡിക്ക് എന്‍ട്രന്‍സ് എഴുതാന്‍ നില്‍ക്കുമ്പോഴായിരുന്നു കല്യാണം. എനിക്ക് സര്‍ജറിയില്‍ സ്പെഷ്യലൈസ്‌ചെയ്യാനായിരുന്നു ഇഷ്ടം. ഗൈനക്കോളജിയോ പീഡിയാട്രിക്സോ മതിയെന്ന് ഭര്‍ത്താവിന് നിര്‍ബന്ധം. 'എന്റെ ഭാര്യ ആണുങ്ങളെ തൊട്ടുംപിടിച്ചും ചികിത്സിക്കണ്ട' എന്നാണ് അതിന് അദ്ദേഹം കാരണം പറഞ്ഞത്. എംഡിക്ക് ചേരുംമുന്‍പേ ഞാന്‍ ഗര്‍ഭിണിയായി. ഇപ്പോ മൂന്നുകുട്ടികളായി. ഞാന്‍ ഇപ്പോ കുട്ടികളെയും നോക്കി വീട്ടിലിരിക്കുന്നു.
അശ്വതി, എറണാകുളം കാക്കനാട് സ്വദേശി
പഠിക്കുന്നത് പെണ്‍കുട്ടികള്‍, പണിക്കുപോവുന്നത് ആണ്‍കുട്ടികള്‍
അഭ്യസ്തവിദ്യരായ സ്ത്രീകളിലെ തൊഴിലില്ലായ്മ കേരളത്തില്‍ 15 ശതമാനമാണ്. ഇന്ത്യയില്‍ നാലുശതമാനംപേരേ ഈ പ്രശ്‌നം അനുഭവിക്കുന്നുള്ളൂവെന്ന് കേരള ആസൂത്രണ കമ്മിഷന്റെ പഠനം പറയുന്നു. അഭ്യസ്തവിദ്യരായ സ്ത്രീകളുടെ എണ്ണം കേരളത്തില്‍ കൂടുതലാണെന്നത് സത്യമാണ്. അപ്പോഴും ബിരുദധാരികളായ 40 ശതമാനം സ്ത്രീകള്‍ക്കും ജോലിക്കുപോവാനുള്ള സാമൂഹിക അന്തരീക്ഷമില്ല എന്ന വലിയ സത്യം തുറിച്ചുനോക്കുന്നുണ്ട്. കേരള നോളജ് ഇക്കോണമി മിഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുപ്രകാരം ഉന്നതവിദ്യാഭ്യാസത്തിന് ചേരുന്ന പെണ്‍കുട്ടികള്‍ 52.3 ശതമാനമാണ്. ആണ്‍കുട്ടികള്‍ 34.5 ശതമാനവും. എന്നാല്‍ ജോലിക്കണക്കില്‍ ഇതല്ല കാര്യം. 55.6 ശതമാനം പുരുഷന്മാര്‍ക്കും ജോലിയുണ്ട്. സ്ത്രീകളില്‍ 20.4 ശതമാനംപേര്‍ക്കേ ജോലിക്കുള്ള അവസരം ലഭിക്കുന്നുള്ളൂ. ശേഷിക്കുന്നവര്‍ എവിടെപ്പോയി?ബിരുദാനന്തരബിരുദധാരികളായ പുരുഷന്മാരില്‍ 6.6 ശതമാനംപേര്‍ക്കേ തൊഴിലില്ലാത്തതുള്ളൂ. ഇതേ യോഗ്യതയുള്ള സ്ത്രീകളില്‍ 34 ശതമാനംപേര്‍ വീട്ടിലൊതുങ്ങുന്നു!കുറ്റം സ്ത്രീയുടേതല്ല. സമൂഹം ചാര്‍ത്തിയ അധികഭാരങ്ങളാണ് അവളെ തടയുന്നത്.
വിവാഹമല്ല പ്രധാനം
സ്ത്രീയുടെ ജീവിതം തീരുമാനിക്കുന്നത് വിവാഹമാണെന്ന് കരുതിയിരുന്ന ഒരു കാലത്തിന്റെ മാറ്റമാണിത്. വിവാഹമല്ല, സ്ത്രീയുടെ തീരുമാനമാണ് പ്രധാനമെന്ന് സമൂഹം അംഗീകരിച്ചുതുടങ്ങുകയാണ്.
15-നും 22-നും ഇടയിലായിരുന്നു 2000 മുതലുള്ള വര്‍ഷങ്ങളില്‍ മലയാളിസ്ത്രീയുടെ വിവാഹപ്രായം. 2010-20-ല്‍ അത് 24 വരെ ഉയര്‍ന്നു. 2021-ല്‍ പുറത്തുവന്ന അവസാന ദേശീയ കുടുംബാരോഗ്യ സര്‍വേ കണക്കുകളില്‍ 21.5 ആണ് സ്ത്രീയുടെ ശരാശരി വിവാഹപ്രായം. എന്നാല്‍ 25 കഴിഞ്ഞുമതി വിവാഹം എന്ന് ചിന്തിക്കുന്ന സ്ത്രീകളാണ് ഇന്നേറെയും. വിവാഹംകഴിക്കാതെ ഒന്നിച്ചുജീവിക്കുന്നവരുടെ എണ്ണവും ഏറെയാണ്. വിവാഹംകഴിക്കാതെ ഒറ്റയ്ക്ക് ജീവിക്കാമെന്ന് കരുതുന്ന സ്ത്രീകള്‍ അതിലുമേറെയുണ്ട്.
മുതിര്‍ന്ന പുരുഷന്‍, ഇളയ സ്ത്രീ
മുന്‍പ് വിവാഹത്തില്‍ പുരുഷനായിരുന്നു പ്രായം കൂടുതല്‍. ഇത് അവന് നല്‍കിയ സാമൂഹിക മുന്‍തൂക്കം ചെറുതല്ല. ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ കണക്കനുസരിച്ച് കേരളത്തില്‍ അറുപതുകഴിഞ്ഞ 82 ശതമാനം പുരുഷന്മാരുടെയും ഭാര്യമാര്‍ ജീവിച്ചിരിപ്പുണ്ട്! എന്നാല്‍ 32 ശതമാനം സ്ത്രീകള്‍ക്കുമാത്രമേ ഭര്‍ത്താവ് കൂടെയുള്ളൂ. ഉയര്‍ന്ന വിവാഹപ്രായം പുരുഷന് ജോലി സമ്പാദിക്കാനുള്ള സമയവും സാഹചര്യവും നല്‍കിയിരുന്നു. സ്ത്രീക്ക് അത് കിട്ടിയിരുന്നുമില്ല.
തുല്യപ്രായക്കാര്‍ക്കും ചെറിയ പ്രായവ്യത്യാസമുള്ളവര്‍ക്കും ഇടയിലാണ് പുതിയകാലത്തെ വിവാഹങ്ങള്‍. അതോടെ തൊഴില്‍ കണ്ടെത്തി, വിവാഹജീവിതം തിരഞ്ഞെടുക്കാനുള്ള സമയം സ്ത്രീക്ക് കിട്ടുന്നുണ്ട്.
ഇതെല്ലാം മുഖ്യധാരയുടെമാത്രം കാര്യം. 2021-ലെ ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ കണ്ടെത്തലില്‍ കേരളത്തില്‍ ആറുശതമാനംപേര്‍ 18 വയസ്സിനുമുന്‍പ് വിവാഹിതയായവരാണ്. 20-24-നുമിടയില്‍ പ്രായമുള്ള വിവാഹിതരായ സ്ത്രീകള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്.
20 വര്‍ഷംമുന്‍പ് 15 ശതമാനംപേര്‍ ഈ ഗണത്തിലുണ്ടായിരുന്നത് ഏകദേശം മൂന്നിലൊന്നായി കുറയ്ക്കാനായത് കേരളത്തിന്റെ നേട്ടംതന്നെയാണ്. ദേശീയതലത്തില്‍ 23 ശതമാനം സ്ത്രീകള്‍ക്ക് ഇപ്പോഴും 18 വയസ്സിനുമുന്‍പ് വിവാഹിതരാവേണ്ടിവരുന്നു.
മുന്നിലാണ് കേരളം
- കുറഞ്ഞ ശിശുമരണനിരക്ക് (ആയിരത്തില്‍) 4.4% (ദേശീയനിരക്ക് 30%)
- ആശുപത്രികളില്‍ പ്രസവം 99.8% (ദേശീയം 88.6)
- സ്ത്രീസാക്ഷരത 95.2% (ദേശീയം 77%)
- സ്ത്രീകളുടെ മൊബൈല്‍ ഉപയോഗം 86% (ദേശീയം 55%)
- ആര്‍ത്തവശുചിത്വത്തിന് ശാസ്ത്രീയമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവര്‍ 93% (ദേശീയം 78%)
അവളുടെ ജോലി, അവന്റെ തീരുമാനം
കേരളത്തില്‍ ഗൃഹഭരണവുമായി കഴിയുന്ന സ്ത്രീകളെ വിളിക്കുന്നത് വീട്ടമ്മമാര്‍ എന്നാണ്. അവര്‍ പുറംജോലിക്ക് പോവുന്നില്ല. വരുമാനമില്ല. സമ്പാദ്യവുമില്ല. അവര്‍ ജോലിചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതുപോലും അവരല്ല; സാഹചര്യങ്ങളാണ്. നല്ല വിദ്യാഭ്യാസമുള്ള മലയാളിപ്പെണ്‍കുട്ടികള്‍പോലും വിവാഹത്തോടെ 'വീട്ടമ്മ'യായി ചുരുങ്ങുന്നു. അതൊക്കെ പണ്ട്, ഇപ്പോള്‍ എല്ലാം മാറിയെന്നാണ് ചിന്തിക്കുന്നതെങ്കില്‍ ചില കണക്കുകള്‍ നോക്കാം. കേരള നോളജ് ഇക്കോണമി മിഷന്‍ പുറത്തുവിട്ട കണക്കുകള്‍പ്രകാരം അഞ്ചുലക്ഷം സ്ത്രീകളാണ് കിട്ടിയ തൊഴിലുപേക്ഷിച്ച് വീട്ടിലൊതുങ്ങിയത്. ഇതിനുള്ള കാരണങ്ങള്‍ അന്വേഷിച്ച് നോളജ് മിഷന്‍ ഒരു സര്‍വേ നടത്തി. വിവാഹവും പ്രസവവും മുതിര്‍ന്നവരെ പരിചരിക്കലും കുട്ടികളെ നോക്കലും കാരണമാണ് പകുതി സ്ത്രീകള്‍ക്കും ജോലി ഉപേക്ഷിക്കേണ്ടിവന്നതെന്ന് സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. ഈ കാരണങ്ങളാല്‍ ജോലി ഉപേക്ഷിക്കേണ്ടിവന്ന എത്ര പുരുഷന്മാരുണ്ടാവും? ഉണ്ടാവാനിടയില്ല. കാരണം പുറംജോലിയുള്ളവരായാലും അല്ലെങ്കിലും സ്ത്രീകള്‍ ഏഴുമണിക്കൂര്‍ വീട്ടുജോലി ചെയ്യുന്നിടത്ത് പുരുഷന്മാര്‍ അരമണിക്കൂര്‍പോലും അത് ചെയ്യുന്നില്ലെന്ന് കണക്കുകള്‍ പറയുന്നു.ജോലി ഉപേക്ഷിക്കേണ്ടിവന്നവരില്‍ ആറിലൊന്നുപേര്‍, ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോവേണ്ടിവന്നതോടെ ജോലിസ്ഥലം ദൂരെയായിപ്പോയതുകൊണ്ടുമാത്രം അങ്ങനെ ചെയ്യേണ്ടിവന്നവരാണ്. ജോലി വീടിനടുത്താണെങ്കില്‍ ചെയ്യാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞത് അഭ്യസ്തവിദ്യരായ 40 ലക്ഷം സ്ത്രീകള്‍. സ്ത്രീകള്‍ സ്വന്തമാക്കിയ പുതിയകാലത്തിന്റെ പ്രതീക്ഷ തരുന്ന ചിത്രങ്ങളുണ്ട്. അവളുടെ ആവേഗങ്ങള്‍ക്കൊപ്പം സമൂഹത്തിന്റെ പിന്‍വിളികളുമുണ്ട്. അതേക്കുറിച്ച് നാളെ.
(തുടരും)
Content Highlights: who sets limit on malayali women life career choices and finacial freedom