'മരണവും കാത്തുകിടക്കുന്ന സാധുജനങ്ങളോട് ഞങ്ങളുണ്ട് എന്നുപറയാന്‍ ചുരുക്കം ചിലരെങ്കിലും വേണം'

#ഡോ. എം.എം. ബഷീര്‍
പ്രതീകാത്മകചിത്രം- മെറ്റ എഐയുടെ സഹായത്തോടെ നിർമിച്ചത്
പ്രതീകാത്മകചിത്രം- മെറ്റ എഐയുടെ സഹായത്തോടെ നിർമിച്ചത്

ജീവിതത്തിലെ സങ്കടകരവും ദയനീയവുമായ അവസ്ഥ എന്ത് എന്ന ചോദ്യത്തിന് ഒന്നേയുള്ളൂ മറുപടി -മരണവുംകാത്തു കിടക്കേണ്ടിവരുക. ചിലപ്പോള്‍ ദിവസങ്ങളും മാസങ്ങളും കിടന്നുപോകും. നോക്കാനോ ഒരുനേരത്തെ ആഹാരംനല്‍കാനോ ആരുമുണ്ടാവില്ല.

പെന്‍ഷന്‍കാര്‍ക്ക് മരിക്കുന്നതുവരെ പരിചരിക്കാനും മരുന്നുകൊടുക്കാനും ആശുപത്രിയിലെത്തിക്കാനും ആരെങ്കിലുമൊക്കെയുണ്ടാവും. എത്രപേരാണ് നമ്മുടെ മുന്നില്‍ക്കിടന്നു മരിക്കാതെ മരിക്കുന്നത്? ഇതിനൊരു പരിഹാരമുണ്ടാക്കാന്‍ നമുക്കു സാധിക്കുമോ? മരണവുംകാത്തുകിടക്കുന്ന നിരാലംബരായ മനുഷ്യരെ ഏതെങ്കിലുംതരത്തില്‍ സഹായിക്കാന്‍ സാധിക്കുമോ? ചില നാടുകളില്‍ അത്തരത്തിലുള്ള ചില വെല്‍നെസ്/പാലിയേറ്റീവ് പരിപാടികളുള്ളതായറിയാം. നമ്മുടെ സര്‍ക്കാരിന് അത്തരം ഒരു പരിപാടിയുമില്ല. അവര്‍ കൈമുതലുകളും സ്ഥിരനിക്ഷേപങ്ങളും കാത്തുസൂക്ഷിക്കുകയും കുളങ്ങള്‍ കുത്തി കുഴിച്ചിടുകയും ചെയ്തുകൊണ്ടിരിക്കുന്നു.

മരണവും സാഹിത്യവും

വാര്‍ധക്യകാല ജീവിതത്തെക്കുറിച്ചും മരണത്തിന്റെ നേരംപോക്കുകളെക്കുറിച്ചും മഹാന്മാരായ പലസാഹിത്യകാരും നോവലുകളും ആത്മകഥകളും എഴുതിയിട്ടുണ്ട്. വാര്‍ധക്യവും മരണവും എഴുത്തുകാര്‍ക്ക് പ്രിയങ്കരമായ വിഷയങ്ങളാണ്. 'ഇവാന്‍ ഇല്ലിച്ചിന്റെ മരണം' എന്ന നീണ്ടകഥയില്‍ വാര്‍ധക്യത്തിന്റെ അനിവാര്യതയെക്കുറിച്ചും അസഹ്യതയെക്കുറിച്ചും ദുരിതസങ്കടങ്ങളെക്കുറിച്ചും മരണത്തിന്റെ ശാന്തവും ഭീതിദവുമായ അവസ്ഥാന്തരങ്ങളെക്കുറിച്ചും ഇവാന്‍ ഇല്ലിച്ചിന്റെ ജീവിതത്തിലൂടെ ടോള്‍സ്റ്റോയ് അവതരിപ്പിച്ചിരിക്കുന്നു. മറ്റനേകംപേര്‍ എഴുതിയ കഥകളും നോവലുകളും ആത്മകഥകളും കൂടിച്ചേര്‍ന്ന് വാര്‍ധക്യവും മരണവും സാഹിത്യത്തിലെ ഒരു മഹാപ്രസ്ഥാനമായിമാറിയിട്ടുണ്ട്.

ആക്‌സല്‍ മുന്‍തെ എന്ന ഡോക്ടര്‍ 'ദ സ്റ്റോറിഓഫ് സാന്‍മിഷേല്‍' എന്ന ആത്മകഥയില്‍ മരണത്തിന്റെയും ദയാവധത്തിന്റെയും ഭീകരമുഖങ്ങളെക്കുറിച്ച് ഹൃദയസ്പര്‍ശിയായി ആഖ്യാനംചെയ്തിട്ടുണ്ട്. റഷ്യയില്‍നിന്ന് പേപ്പട്ടിവിഷബാധയേറ്റ മൂന്നുമനുഷ്യരെ പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയ്ക്കായി കൊണ്ടുവന്നു. പാസ്ചറുടെ ശിഷ്യനായ ആക്‌സല്‍ മുന്‍തെക്കായിരുന്നു രോഗികളുടെ പരിചരണച്ചുമതല. മുന്‍തെ സിറം കുത്തിയെടുക്കാനായി നേരിട്ട് പേബാധസെല്ലിലേക്കു കയറി. അങ്ങനെ ചെയ്യരുത് എന്ന് അവിടെ നിയമമുണ്ട്. അപ്പോള്‍ മുന്‍തെ അതൊന്നും ഓര്‍ത്തില്ല. കരുത്തനായ ഒരു രോഗി മുന്‍തെയെ കയറിപ്പിടിച്ചു. ഭാഗ്യംകൊണ്ടാണ് സെക്യൂരിറ്റിക്കാരുടെ സഹായം പെട്ടെന്നു ലഭിച്ചത്. വിവരമറിഞ്ഞ പാസ്ചര്‍, മുന്‍തെയെ ശകാരിച്ചതൊന്നുമില്ല. ഇനിമേലാല്‍ ഇത്തരം അതിബുദ്ധി കാണിക്കരുതെന്ന് അപേക്ഷിക്കുകയും അഭിനന്ദിച്ചു പറഞ്ഞയക്കുകയും ചെയ്തു.

പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അന്തേവാസികളായ 'ദേവദൂതന്മാര്‍' ഒന്നിച്ചുകൂടി ഒരു തീരുമാനമെടുത്തു. റഷ്യക്കാരായ പേപിടിച്ചവരെ ദയാവധത്തിന് വിധേയരാക്കിക്കളയാം. സര്‍വാധികാരിയായ ഡോ. പാസ്ചറുടെ അനുമതിവേണം. നാളെ തീരുമാനിക്കാം എന്നറിയിച്ച് ഡോക്ടര്‍ വന്നവരെ തിരിച്ചയച്ചു. അദ്ദേഹം ഉറങ്ങാതെകിടന്ന് ഒരു തീരുമാനത്തിലെത്തി. ഡോ. പാസ്ചര്‍ പറഞ്ഞു: ''ദൈവം നല്‍കിയ ജീവിതത്തെ കെടുത്തിക്കളയാന്‍ ഈ ലോകത്ത് ആര്‍ക്കും അവകാശമോ അധികാരമോ ഇല്ല. നമ്മളെല്ലാം ആ മഹാശക്തിയുടെ ദാസന്മാര്‍. ദൈവത്തിന്റ വിളിവരുമ്പോള്‍ ആ പാവങ്ങള്‍ പൊയ്ക്കൊള്ളട്ടേ. ആരും ആരെയും കൊല്ലരുത്.''

ഡോ. പാസ്ചര്‍ നിറകണ്ണുകളോടെ പോകുന്നതുകണ്ട് കരയാത്തവരായി അവിടെ ആരുമുണ്ടായിരുന്നില്ല. ഇന്ത്യയില്‍ സുപ്രീംകോടതിയിലെത്തിയ ദയാവധക്കേസുകളില്‍ ഒന്നൊഴിച്ച് ഡോ. പാസ്ചറുടെ നിലപാടുതന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. മഹാനായ ഒരു ജഡ്ജി സ്വന്തം വിധിന്യായത്തില്‍ ആക്‌സല്‍ മുന്‍തെയെ ഉദ്ധരിച്ചിട്ടുള്ളതായി ഓര്‍ക്കുന്നു.

തിങ്ങിനിറഞ്ഞ കിടപ്പുരോഗികളുടെ ഇടയിലൂടെ കള്ളനെപ്പോലെ പതുങ്ങിപ്പതുങ്ങി എന്തോ അന്വേഷിച്ചുനടക്കുന്ന 'അവനെ' മുന്‍തെ കാണുന്നു. അവനെയുംകാത്തുകിടക്കുന്ന വൃദ്ധരെ അവനുവേണ്ടാ. അവനുവേണ്ടത് ബാലകിശോരകങ്ങളെയാണ്. അവനുവേണ്ടത് പിറന്നുവീണ പിഞ്ചോമനകളെയാണ്. മുന്‍തെ അവനോടു പറയുന്നു:

''മാന്യമിത്രമേ, കുഞ്ഞുങ്ങളെ നീ നോക്കുന്നതു കാണുമ്പോള്‍ എന്റെ മനസ്സെരിയുന്നു; എന്റെ ഹൃദയം നുറുങ്ങുന്നു! അതാ അപ്പുറത്ത് നിന്നെയുംകാത്ത് എത്രനാളായി അവര്‍ കിടക്കുന്നു. എന്താ നീ അവരോട് ദയകാണിക്കാത്തത്? അവര്‍ക്ക് ദയാവധംപോലും നല്‍കാന്‍ ആരുമില്ലല്ലോ.''

ദയാവധത്തിന്റെ ആവശ്യക്കാരാര്

ആരാണ് ദയാവധത്തിന്റെ ആവശ്യക്കാര്‍? ദരിദ്രവാസികള്‍, നോക്കാന്‍ ആളില്ലാത്തവര്‍, തെണ്ടികള്‍, പാവങ്ങളില്‍ പാവങ്ങള്‍... നിരാശരും നിരാലംബരും ദുരിതസങ്കടങ്ങളില്‍പ്പെട്ട് നരകിക്കുന്നവരുമായ ആയിരക്കണക്കിന് ആള്‍ക്കാര്‍ നമ്മുടെചുറ്റും മരണവുംകാത്തുകിടക്കുന്നു. ഓരോ വീട്ടിലുംചെന്ന് അന്വേഷിച്ചാല്‍ വിവരമറിയും. ഇവരെ നമുക്ക് എങ്ങനെ രക്ഷിക്കാം? ഇവരെ എങ്ങനെ മാന്യമായി കുഴിമാടങ്ങളിലേക്കെത്തിക്കാം? അനാഥപ്രേതങ്ങളായി പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയാതെ മറവുചെയ്യുന്ന അന്തസ്സുള്ള ഒരു ശവമടക്കലിന് എങ്ങനെ വഴിയൊരുക്കാം? പാവപ്പെട്ടവന്റെ, തെണ്ടിയുടെ മരണത്തിനു ജാതിയോ മതമോ കൂട്ടിനെത്തുന്നില്ല. അവന്‍ ജീവിച്ചാലും മരിച്ചാലും തെണ്ടിതന്നെ. അവനെ തെമ്മാടിക്കുഴിപോലും കാത്തുകിടക്കുന്നില്ല.

മരണവുംകാത്തുകിടക്കുന്നവരുടെ സുഖമരണത്തിനു വഴിയൊരുക്കാന്‍ വഴികളുണ്ട്. സന്മനസ്സുവേണം. സേവനമനസ്സുവേണം. ദീനാനുകമ്പവേണം. നിങ്ങള്‍ മനുഷ്യസ്‌നേഹികളാണോ എന്ന് സ്വയം ചോദിക്കണം.

കൂട്ടായ്മകള്‍ വേണം

മെഡിക്കല്‍ ഡിപ്പാര്‍ട്ടുമെന്റില്‍നിന്നും ആരോഗ്യവകുപ്പില്‍നിന്നും പെന്‍ഷന്‍പറ്റിയ അനേകം മനുഷ്യസ്‌നേഹികളുണ്ട്. ഓരോ ചെറുപ്രദേശങ്ങളിലും വാര്‍ധക്യ-മരണസഹായക്കൂട്ടായ്മകള്‍ ഉണ്ടാക്കണം. മരിക്കാന്‍കിടക്കുന്നവരെ ഇടയ്ക്കിടെ ചെന്നുകാണണം. നേരാനേരങ്ങളില്‍ ഭക്ഷണവും മരുന്നും പരിചരണവും സ്വസ്ഥതയും എത്തിച്ചുകൊടുക്കണം. സര്‍ക്കാരിനെ ആശ്രയിക്കാന്‍പോകരുത്. അവര്‍ക്ക് വേറെ പണികളുണ്ട്.

മരണവുംകാത്തുകിടക്കുന്ന സാധുജനങ്ങളോട് ഞങ്ങളുണ്ട് എന്നുപറയാന്‍ ചുരുക്കം ചിലരെങ്കിലും വേണം. ആയിരങ്ങളോ ലക്ഷങ്ങളോ വേണ്ടാ. പെന്‍ഷന്‍പറ്റിയിട്ടും വേതനമില്ലാതെ ജോലിചെയ്യാന്‍ തയ്യാറുള്ള നൂറുകണക്കിനു പെന്‍ഷന്‍കാരുണ്ട്. പെന്‍ഷന്‍കാരെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് ഈ ലേഖകന്‍ ഒരു കുറിപ്പെഴുതിയിരുന്നു. അതിനുകിട്ടിയ മറുപടികള്‍ സത്യത്തില്‍ എന്നെ കരയിച്ചുകളഞ്ഞു! കാലനുപോലും വേണ്ടാതെ മരണവുംകാത്തുകിടക്കുന്ന മനുഷ്യരെ പരിചരിക്കാന്‍ നമുക്ക് എന്തെങ്കിലും ഒരു വഴി കണ്ടെത്തണം. ഈ കാലനില്ലാക്കാലത്തും സമയം വൈകി എന്നുതോന്നുന്നില്ല.

(സാഹിത്യനിരൂപകനായ ലേഖകന്‍ കാലിക്കറ്റ് സര്‍വകലാശാലാ മലയാള പഠനവകുപ്പ് മുന്‍ തലവനാണ്)

Content Highlights: there must be some people to say we are here to persons whom are waiting for death