കെ-പോപ്പ്, കെ-ഡ്രാമ, കെ-ബ്യൂട്ടി...; ‘ഹല്യൂ’ ജീവനെടുക്കുന്ന ആസക്തിയാകുമ്പോൾ

ഞങ്ങൾ കൊറിയൻ പോപ് സംഗീതത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അത് ഞങ്ങളുടെ ജീവിതത്തിന്റെ വലിയൊരു ഭാഗമായിരുന്നു. പിന്തുടർന്നിരുന്ന ഗായകരോടും അഭിനേതാക്കളോടും ശക്തമായ വൈകാരികബന്ധമാണ് ഞങ്ങൾക്കുണ്ടായിരുന്നത്. ചിലപ്പോഴൊക്കെ ആ ലോകം ഞങ്ങൾക്ക് ചുറ്റുമുള്ള മറ്റെന്തിനെക്കാളും പ്രധാനമാണെന്ന് തോന്നി’ -ആദ്യം പുറത്തുവന്ന വാർത്തകൾ പ്രാകാരം ഇങ്ങനെ എഴുതിവെച്ചാണ് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കൊറിയൻ പോപ് ആരാധകരായ മൂന്ന് സഹോദരിമാർ ജീവനൊടുക്കിയത്. കേസിൽ മറ്റ് ദുരൂഹതകൾ ഉണ്ടെന്ന സൂചനയുമുണ്ട് .എങ്കിലും കൊറിയയോടും കൊറിയൻ വിനോദങ്ങളോടും ഗായകരോടുമുള്ള ഇഷ്ടത്തിന്റെ പേരിൽ ഇത്തരം തീരുമാനങ്ങളെടുക്കുന്ന ആദ്യത്തെ സംഭവമല്ല ഇത്. കേരളത്തിൽത്തന്നെ കൊറിയൻ സുഹൃത്ത് മരിച്ചതിലുള്ള വിഷമത്തിൽ ആത്മഹത്യചെയ്ത സ്കൂൾവിദ്യാർഥിനിയുടെ കഥ നമ്മെ നടുക്കിയിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടേയുള്ളൂ. 2024-ൽ തമിഴ്നാട് കരൂരിലെ 13 വയസ്സുള്ള മൂന്ന് പെൺകുട്ടികൾ കൊറിയൻ സംഗീത ഗ്രൂപ്പായ ബി.ടി.എസിനോടുള്ള ആരാധനമൂത്ത് ബോട്ടിൽ കൊറിയൻ തലസ്ഥാനമായ സോളിലേക്ക് പുറപ്പെട്ട വാർത്ത നമ്മെ ഞെട്ടിച്ചതാണ്. ഗാസിയാബാദിലെ സംഭവത്തോടെ കൊറിയൻ സംസ്കാരത്തോടുള്ള അമിതമായ പ്രണയവും ആസക്തിയും ഇന്ത്യയിൽ വീണ്ടും ചർച്ചയാകുന്നു. ഇതിനുപിന്നിലെ നല്ലതും ചീത്തയും വേർതിരിക്കാൻ ശ്രമിക്കുന്നതിനുമുൻപ് എന്തുകൊണ്ടാണ് ‘ഹല്യൂ അല്ലെങ്കിൽ കൊറിയൻവേവ് ഇത്രകണ്ട് ആകർഷണീയമാകുന്നതെന്നും മറ്റെന്തിനെക്കാളും ആസക്തിയുണ്ടാക്കുന്നതെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.
കൊറിയൻ തരംഗത്തിന്റെ കടന്നുവരവ്
സംഗീതവും സീരീസുകളുമാണ് കൊറിയൻ സംസ്‌കാരത്തിലേക്കുള്ള ആദ്യ ചവിട്ടുപടി. അടുത്തകാലത്താണ് കൊറിയൻ സംസ്‌കാരവും സംഗീതവുമെല്ലാം ഇന്ത്യയിലേക്ക് കടന്നുവന്നതെന്നാണ് പൊതുവായ ധാരണ. കോവിഡ് കാലത്തെ ലോക്ഡൗണും നെറ്റ്ഫ്‌ളിക്‌സ് സീരീസായ സ്‌ക്വിഡ് ഗെയിമിന്റെ വൻ വിജയവും ബി.ടി.എസ്. എന്ന സംഗീതബാൻഡും കൊറിയൻ സംസ്‌കാരത്തിന് ഇന്ത്യയിലേക്കുവരാൻ ഒരു വിശാലപാത തന്നെ തുറന്നിട്ടു. 2019-നും 2022-നും ഇടയിലാണ് കൊറിയൻ സംസ്‌കാരം കേരളത്തിൽ ഇത്രകണ്ട് പ്രബലമായതും. എന്നാൽ, കൊറിയൻ സിനിമകളും സീരീസുകളും ഗാനങ്ങളും അതിനൊക്കെ വളരെമുൻപുതന്നെ ആഗോളശ്രദ്ധ ആകർഷിച്ചിരുന്നു. ഇന്ത്യയിൽ, പ്രത്യേകിച്ച് വടക്കുകിഴക്കേ ഇന്ത്യയിൽ 2000-ത്തിന്റെ തുടക്കത്തിൽത്തന്നെ കൊറിയൻ തരംഗം ശക്തിപ്രാപിച്ചു. 2012-ൽ കെ-പോപ് ഗായകൻ സൈയുടെ ഗന്നം സ്‌റ്റൈൽ കേരളത്തിന്റെ മുക്കിലും മൂല യിലും നിറഞ്ഞു. 2018-ൽ ബി.ടി.എസ്., ബ്ലാക്ക് പിങ്ക് തു ടങ്ങിയ സംഗീതഗ്രൂപ്പുകൾ ഒന്നിനുപുറകെ മറ്റൊന്നായി വമ്പൻ ഹിറ്റുകളായതോടെ ഇന്നുകാണുന്ന വിധത്തിൽ കൊറിയൻ തരംഗം ഇന്ത്യയിലും കേരളത്തിലും അലയടിച്ചുതുടങ്ങി.
ഇന്ത്യൻ സംസ്കാരവുമായുള്ള ബന്ധം
കൊറിയൻ ഡ്രാമകൾക്ക് ഇന്ത്യയിൽ ഇത്രയധികം പ്രചാരം ലഭിക്കാനുള്ള ഏറ്റവും പ്രധാനകാരണങ്ങളിലൊന്ന് ഭൂമിശാസ്ത്രവും വേഷവിധാനവും ഭക്ഷണവും ഭാഷയുമൊക്കെ വ്യത്യസ്തമാണെങ്കിലും അവരുടെ സംസ്കാരവും മൂല്യങ്ങളും സാമൂഹിക ഘടനയും നമുക്ക് പരിചിതമായി തോന്നുന്നു എന്നതാണ്. കുടുംബബന്ധങ്ങൾ കേന്ദ്രമാക്കിയുള്ള സാമൂഹികഘടനയാണ് കൊറിയയുടേത്. മുതിർന്നവർക്ക് ബഹുമാനം നൽകിക്കൊണ്ടുള്ള ഭാഷ, വ്യക്തിഗതജീവിതത്തിൽ കുടുംബത്തിനുള്ള പങ്ക് എന്നിവയൊക്കെ ഇന്ത്യൻ സംസ്കാരവുമായി സാമ്യമുള്ളപ്പോൾത്തന്നെ പ്രണയം, സ്വാതന്ത്ര്യം, ജീവിതരീതി എന്നിവ വ്യത്യസ്തമാണുതാനും. ഇത് ഇന്ത്യൻ ആസ്വാദകരെ, പ്രത്യേകിച്ച് യുവത്വത്തെ വൈകാരികമായി സ്വാധീനിക്കുന്നു.
കുടുംബബന്ധങ്ങളെ വിച്ഛേദിക്കാതെത്തന്നെ തനിക്കും ഇത്തരമൊരു ജീവിതം സാധ്യമാണെന്ന് അവർ വിശ്വസിച്ചുതുടങ്ങുന്നു. ഓരോ സീരീസുകൾ കണ്ടുതീർക്കുന്നതിനനുസരിച്ച് ഈ വിശ്വാസവും ദൃഢപ്പെട്ടുവരുന്നു. പാശ്ചാത്യരാജ്യങ്ങളിലെ സീരീസുകൾക്കോ സിനിമകൾക്കോ നൽകാനാകാത്ത വൈകാരികബന്ധം ഇതുമൂലം കൊറിയൻ സീരീസുകളുണ്ടാക്കുന്നു.
ഇന്ത്യൻ പരമ്പരകളുടേതിന് സമമായ മെലോഡ്രാമയും വൈകാരികതതീവ്രതയും കൊറിയൻ ഡ്രാമകൾക്കും ഉണ്ടെന്നത് മറ്റൊരു കാരണം. എന്നാൽ, നമ്മുടെ ചാനലുകൾ പടച്ചുവിടുന്ന വർഷങ്ങൾ നീണ്ടുനിൽക്കുന്ന മെഗാസീരിയലുകളിൽനിന്ന് വ്യത്യസ്തമായി മികച്ച കഥ, തിരക്കഥ, ദൃശ്യചാരുത, അഭിനയം, സംഗീതം തുടങ്ങിയവയെല്ലാം നൽകുന്ന ദൃശ്യാനുഭവമാകട്ടെ മറ്റൊന്നിനും പകരംവെക്കാൻ കഴിയാത്തതാണുതാനും.
(തുടരും)
Content Highlights: The tragic suicide of three sisters in Ghaziabad, allegedly driven by an extreme obsession with K-Pop and K-Drama, has reignited the debate over 'Hallyu' addiction in India. While the Korean Wave is celebrated for its high-quality production and cultural similarities to Indian family values, experts warn of its "addictive" nature among teens. From the 2024 Karur incident to recent cases in Kerala, the transition from fandom to life-threatening obsession highlights a growing mental health crisis.