ദുരന്തമുഖത്തൊരു മഹാസ്ഥാപനം

നമ്മുടെ സംസ്‌കാരത്തിന്റെ ഈടുവെപ്പുകളായ കലകളെ കാത്തുസൂക്ഷിക്കുകയും ഉത്തേജിപ്പിക്കുകയും നിരന്തരം പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് കേരളം ഭരിക്കുന്ന സര്‍ക്കാരിന് ഒരിക്കലും ഒഴിഞ്ഞുനില്‍ക്കാനാവില്ല. പൈതൃകസംരക്ഷണത്തിന്റെ ഭാഗം തന്നെയാണ് കലാസ്ഥാപനങ്ങള്‍ക്ക് സാമ്പത്തികസുരക്ഷിതത്വം ഉറപ്പാക്കുക എന്നത്. ലോകത്തിന്റെ നാനാഭാഗത്തും പൈതൃകസംരക്ഷണം അതത് രാജ്യങ്ങള്‍ ഭരിക്കുന്ന സര്‍ക്കാരുകള്‍ കക്ഷിരാഷ്ട്രീയഭേദമെന്യേ ഏതുകാലത്തും ഏറ്റെടുത്തിട്ടുണ്ട്. പകരം എന്തെങ്കിലും കിട്ടണമെന്ന ദുഷ്ടലാക്കോടെയല്ല.
കലാസ്ഥാപനങ്ങളുടെ പ്രവര്‍ത്തനമൂല്യം അളന്നുതിട്ടപ്പെടുത്താനാവില്ല. ഭൗതികവാദവുമായി ക്ലാസിക്കല്‍ കലകളെ നേരിടാന്‍ സാധ്യമല്ല. കേരളം ഭരിച്ചവരില്‍ സി. അച്യുതമേനോനും കെ. കരുണാകരനുമാണ് കലാമണ്ഡലത്തിനോട് ഏറ്റവും അനുഭാവം പ്രകടിപ്പിച്ചവര്‍.
വള്ളത്തോള്‍ക്കവിതകള്‍ പ്രഭാഷണങ്ങളില്‍ ഉദ്ധരിച്ചിരുന്ന ഇ.കെ. നായനാരും ക്ലാസിക്കല്‍ കലകളോടും അവയുടെ പ്രയോക്താക്കളോടും ഏറെ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ടി.കെ. രാമകൃഷ്ണനും ഒരു പരിധിവരെ എം. എ. ബേബിയും കലാമണ്ഡലത്തിന്റെ ശ്രേയസ്സ് മലയാളിയുടെ സാംസ്‌കാരികസ്വത്വത്തിന്റെ അവിഭാജ്യഘടകമാണെന്ന് കരുതി പ്രവര്‍ത്തിച്ചവരാണ്. കാലികപ്രവണതകള്‍ നമ്മുടെ ക്ലാസിക്കല്‍ കലകളില്‍ സന്നിവേശിപ്പിക്കണമെന്നോ പുതുപ്രമേയങ്ങള്‍ പേര്‍ത്തും പേര്‍ത്തും ചെലുത്തി അവയുടെ അന്തഃരംഗം മലിനമാക്കണമെന്നോ വാശിപിടിക്കാത്തവര്‍. പുരോഗമനോമ്മുഖമായ ഒട്ടേറെ ആശയങ്ങള്‍ അവര്‍ മുന്നോട്ടുവെച്ചിട്ടുണ്ടെങ്കില്‍പ്പോലും അവയെല്ലാം കഥകളിയിലും മോഹിനിയാട്ടത്തിലും പരീക്ഷിച്ചുനോക്കണമെന്നൊരു നിര്‍ദേശവും അവരാരും കലാമണ്ഡലം ഭരണാധികാരികളുടെ മേല്‍ അടിച്ചേല്‍പ്പിച്ചില്ല. അക്കാലങ്ങളിലെ കലാമണ്ഡലം നടത്തിപ്പുകാര്‍ക്കും വിവേകം പൂര്‍ണമായി കൈമോശം വന്നിരുന്നില്ല എന്നതായിരുന്നു വലിയൊരു സമാധാനം.
കെട്ടിക്കിടക്കുന്ന ജലാശയമല്ല അവ
കാലത്തിനൊപ്പം സഞ്ചരിച്ച്, കാലികരുചികളില്‍ അഭിരമിച്ച്, അവിരാമം നവീകരിക്കപ്പെടാന്‍ നിയുക്തമായതല്ല ശൈലീകൃതകലാരൂപങ്ങളൊന്നും. എന്നാല്‍, ഈ കലകളൊന്നും കെട്ടിക്കിടക്കുന്ന ജലാശയവുമല്ല. അവയോരോന്നും സ്വാഭാവികമായ പുതുക്കലുകള്‍ക്കും മാറ്റങ്ങള്‍ക്കും വിധേയമായിട്ടുണ്ട് കാലാകാലങ്ങളില്‍. പ്രതിഭാധനരായ പ്രയോക്താക്കളും ആരോഗ്യകരമായ സാഹചര്യങ്ങളും സൂക്ഷ്മമായ സൗന്ദര്യാവബോധവും ഒത്തുചേര്‍ന്നുണ്ടാവുന്ന ചമല്‍ക്കാരങ്ങള്‍ സകലശാസ്ത്രീയകലകളെയും സ്വാധീനിച്ചിട്ടുണ്ട്.
ആചാരങ്ങളിലും പ്രമാണങ്ങളിലും വിട്ടുവീഴ്ചയ്ക്കിടം തീരേ നല്‍കാത്ത കൂടിയാട്ടത്തില്‍പ്പോലും സ്വാഗതാര്‍ഹമായ വ്യതിയാനങ്ങള്‍ സംഭവിക്കുന്നുണ്ട്. ഈ തരത്തിലല്ലാത്ത ബലപ്രയോഗത്തിലൂടെയും പ്രത്യയശാസ്ത്രശാഠ്യത്തിലൂടെയും വിപ്‌ളവവായാടിത്തത്തിലൂടെയും സുഘടിതമായ ദൃശ്യകലകളെ വിലക്ഷണമാക്കാനുള്ള ഒരു പരാക്രമവും പ്രേക്ഷകര്‍ അംഗീകരിക്കുന്ന പ്രശ്‌നവുമില്ല. സമാനകലാരൂപങ്ങള്‍ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് മാതൃകയായി പ്വര്‍ത്തിക്കേണ്ട കേരള കലാമണ്ഡലം അതിന്റെ തലപ്പത്തിരിക്കുന്നവരുടെ രാഷ്ട്രീയവും വ്യക്തിപരവുമായ താത്പര്യങ്ങള്‍ നടപ്പാക്കാനുള്ള മാധ്യമമായി മാറുന്നത് ഗര്‍ഹണീയമാണ്.
ആരു രക്ഷിക്കും
താനൊരു തികഞ്ഞ ജനാധിപത്യവാദിയാണെങ്കിലും കലയില്‍ ജനാധിപത്യം ഒരിക്കലും സാധ്യമല്ലെന്നുറപ്പിച്ചുപറഞ്ഞത് സി. ജെ. തോമസാണ്. കലാകാരന്റെ/കലാകാരിയുടെ സിദ്ധി-സാധനാ വൈഭവമാകണം കലാമണ്ഡലം പോലൊരു സ്ഥാപനത്തില്‍ നിയമനം ലഭിക്കാനുള്ള പരമപ്രധാനമായ യോഗ്യത. പകരം രാഷ്ട്രീയത്തിന്റെ നിറം നോക്കിയും ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായും സംവരണത്തിന്റെ പരിഗണനയിലും അവിടെ പ്രവേശനം നിശ്ചയിക്കപ്പെടുമ്പോള്‍ അതിന്റെ ഗ്രാഫ് താണുകൊണ്ടേയിരിക്കും. അനധ്യാപകജീവനക്കാരുടെ കാര്യത്തിലും സ്ഥിതി മറിച്ചല്ല.
വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിലും ഈ മാനദണ്ഡങ്ങള്‍ വരുത്തിവെക്കുന്ന ദ്രോഹത്തിന് കണക്കില്ല. കല പഠിച്ചിറങ്ങുന്നവര്‍ക്ക് അതുകൊണ്ട് ജീവിക്കാനൊരു വഴിയും കാണാത്തതുകൊണ്ടാണ് കലാമണ്ഡലത്തില്‍ കലാവിഷയങ്ങള്‍ പരിശീലിക്കാന്‍ കുട്ടികളില്ലാത്തത്. അതേസമയം, അധ്യാപകരും അനധ്യാപകജീവനക്കാരും ഒട്ടേറെ. ഈ വൈരുധ്യം പരിഹരിക്കാന്‍ ആരാണ് ഒരുമ്പെടുക. ഈ സ്ഥാപനത്തിന്റെ വൃഥാസ്ഥൂലത കണ്ട് അന്ധാളിച്ചുപോയിട്ടാണ് കലാമണ്ഡലം സാമ്പത്തികമായി സ്വയം പര്യാപ്തത നേടണമെന്ന് ധനകാര്യമന്ത്രി അതിന്റെ ചാന്‍സലറോട് ഉപദേശിച്ചത്.
സര്‍ക്കാരല്ലെങ്കില്‍ മറ്റാരാണ് കലാമണ്ഡലത്തെ സാമ്പത്തികഭദ്രമാക്കാന്‍ സഹായിക്കുക. വന്‍കിട വ്യയവസായികളോ വാണിജ്യപ്രമുഖരോ പ്രവാസികളായ ധനാഢ്യരോ കലാമണ്ഡലത്തിന് ചില്ലിക്കാശ് സഹായമായി നല്‍കുമെന്ന പ്രതീക്ഷവേണ്ടാ. കലയും സംസ്‌കാരവും നമ്മുടെ നാടിന്റെ സ്വത്വശക്തിയാണെന്ന് തിരിച്ചറിഞ്ഞ് ഉദാരമതികളാവുന്ന നൈസര്‍ഗികപ്രഭാവമുള്ളവര്‍ ഒളിവിലുണ്ടോ ഇല്ലയോ എന്നുകണ്ടെത്തണം. അങ്ങനെയൊരു കാലമുണ്ടായിരുന്നു. ജവാഹര്‍ലാല്‍ നെഹ്രുവും സര്‍ സി.പി. രാമസ്വാമിഅയ്യരും ദിവാന്‍ ഷണ്‍മുഖം ചെട്ടിയും മാനവേദനും അടക്കമുള്ള തേജസ്വികള്‍ വിളങ്ങിയിരുന്ന കാലം. ഇനിയൊരിക്കലും വീണ്ടെടുക്കാനാവാത്തൊരു വിദൂരഭൂതകാലം.
(കലാനിരൂപകനും കലാമണ്ഡലം മുന്‍ ഡെപ്യൂട്ടി രജിസ്ട്രാറുമാണ് ലേഖകന്‍)
Content Highlights: kerala kalamandalam and its current situation