ഇന്ത്യക്കാർക്ക് ആരാണ് ഇറാനികൾ?

പശ്ചിമേഷ്യയിൽ യുദ്ധമുഖത്ത് പുകയുന്ന ഇറാൻ എന്ന പഴയ പേർഷ്യയും ഭാരതം എന്ന ഇന്ത്യയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ആ ജനതയനുഭവിക്കുന്ന ദുരിതത്തിൽ നമ്മൾ വേദനിക്കേണ്ടതുണ്ടോ? അവർ നമ്മുടെ ആരെങ്കിലുമാണോ ? ചരിത്രപരമായി പേർഷ്യയും ഇന്ത്യയും തമ്മിൽ നിരന്തരകച്ചവടബന്ധമുണ്ടായിരുന്നു എന്ന് നമുക്കറിയാം. ഗൾഫിൽ പോകുന്നവരുടെ അതേ പ്രൗഢി അന്ന് പേർഷ്യയിൽ പോകുന്നവർക്ക് ഉണ്ടായിരുന്നു. അക്കാലം പേർഷ്യയുടെ സുവർണകാലവുമായിരുന്നു. അതിനുമപ്പുറം എന്തെങ്കിലും ബന്ധമുണ്ടോ ? അതിനൊക്കെ അപ്പുറത്താണ് ഇറാനും ഇന്ത്യയും തമ്മിലുള്ള ബന്ധം. അത് ചരിത്രത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക് നീണ്ട് നരവംശശാസ്ത്രപരവും സാംസ്കാരികവും ഭാഷാപരവുമൊക്കെയാണ്. ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ ആഫ്രിക്കയിൽ നിന്ന് പുറത്തെത്തിയ മനുഷ്യർ ആദ്യം കുടിയേറിയ പ്രധാനപ്പെട്ട ഇടങ്ങളാണ് ഇറാനും ഇന്ത്യയും. മാത്രമല്ല, ഒരേ ഭൂമികയിൽ നിന്നാണ് ഇറാനിലേക്കും ഇന്ത്യയിലേക്കും മനുഷ്യക്കുടിയേറ്റം നടന്നത്. അതിനുമപ്പുറം ഇറാൻ വഴി നേരിട്ടും ഇന്ത്യയിലേക്ക് മനുഷ്യരെത്തി.
പ്രാചീന ഇന്ത്യക്കാരുടേയും പ്രാചീന ഇറാനികളുടേയും പൊതുപൂർവികരാണ് ഇൻഡോ ഇറാനിയൻ ജനത. മധ്യേഷ്യൻ പുൽമേടുകളിലൂടെ വ്യാപനം തുടർന്ന ഈ ജനത പിന്നീട് ഇന്നത്തെ തുർക്ക്മെനിസ്താൻ-അഫ്ഗാനിസ്താൻ മേഖലയിലേക്കെത്തി. അവിടെനിന്ന് ഒരു വിഭാഗം പടിഞ്ഞാറേക്കുനീങ്ങി ഇറാനിലേക്കും വേറൊരുവിഭാഗം തെക്കുകിഴക്കിലേക്കു നീങ്ങി ഇന്ത്യയിലേക്കും പ്രയാണം നടത്തി. ഇറാൻ വഴി ഇന്ത്യയിലെത്തിയവരെയാണ് ഇൻഡോ ആര്യൻസ് എന്ന് വിളിക്കുന്നത്. സാഗ്രോസ് മേഖലയിൽ നിന്ന് സിന്ധുനദീതടത്തിലേക്ക് ഇറാനിയൻ കർഷകർ കുടിയേറിയിട്ടുണ്ടെന്ന് ജനിതകശാസ്ത്രജ്ഞർ ഡി.എൻ.എ വെച്ച് തെളിയിച്ചിട്ടുണ്ട്. അവരും അന്നത്തെ ഇന്ത്യാക്കാരും തമ്മിൽ കലർന്നിട്ടുമുണ്ട്. അത് ഏകദേശം ബി.സി.ഇ 4700 നും ബി.സി.ഇ 3000നും ഇടക്കാവുമെന്ന് അവർ കണക്കുകൂട്ടുന്നു. അതായത് ഇന്നേക്ക് ചുരുങ്ങിയത് ആറായിരം വർഷം മുൻപ്! അപ്പോൾ അവർ നമ്മുടെതന്നെ രക്തബന്ധുക്കളാണ് എന്ന് ചുരുക്കം.
സാംസ്കാരികമായ ഇഴയടുപ്പം
ഇതുകൊണ്ടെല്ലാം തന്നെ സാംസ്കാരികമായും അവരുമായി നമുക്ക് ഏറെ ഇഴയടുപ്പമുണ്ട്. അഗ്നിയാരാധനയും യാഗവുമെല്ലാം ഉള്ളവരായിരുന്നു പുരാതന ഇറാൻജനത. അവർ കുതിരപ്പടയും രഥവുമെല്ലാം ഉപയോഗിച്ചു. പശുക്കളായിരുന്നു പ്രധാന ജീവിതോപാധി. അവിടെനിന്ന് ഒരു വിഭാഗം ഇന്ത്യയിലേക്ക് വരുന്ന വഴിയിലാണ് വേദങ്ങളുടെ തുടക്കം എന്നാണ് ചരിത്രകാരൻമാർ പറയുന്നത്. ആ വഴിയിലെ കാഴ്ചകളെല്ലാം വേദങ്ങളിൽ വിവരിക്കുന്നുമുണ്ട്. അതേസമയം ഇറാനിൽ തുടർന്ന ജനത 'സൗരാഷ്ട്രീയനിസം' എന്ന മതം വികസിപ്പിച്ചു. അവരുടെ മതഗ്രന്ഥമായ സെന്റ് അവസ്തയും ഇന്ത്യയിലെ വേദങ്ങളും തമ്മിൽ അതുകൊണ്ടുതന്നെ ഒട്ടേറേ സാദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
'ദേവ' ശബ്ദം ഇന്ത്യക്കാരും ഇറാനികളും ഉപയോഗിക്കുന്നു. അസുര എന്ന് നമ്മൾ വിളിക്കുമ്പോൾ അവരുടെ പ്രയോഗം 'അഹുര' എന്നാണ്. അവരുടെ പ്രധാന ദൈവത്തിന്റെ പേരുതന്നെ 'അഹുരമസ്ദ' എന്നാണ്. അതാണെങ്കിൽ ഇന്ത്യയിലെ പരമാത്മാവ് എന്ന സങ്കൽപത്തിന് തുല്യവുമാണ്. വേദങ്ങളിൽ പരാമർശിക്കുന്ന ഒരു തരം മദ്യമായ സോമരസത്തെ അവർ 'ഹോമ' എന്നാണ് വിശേഷിപ്പിക്കുന്നത്. യജ്ഞത്തിനും സദൃശമായ 'യസ്ന' എന്ന പദം ഉണ്ട്. വേദങ്ങളിലെ പ്രധാന ദേവനായ ഇന്ദ്രൻ സെന്റ്അവസ്തയിലുമുണ്ട്. എന്നാൽ വില്ലൻ വേഷത്തിലാണെന്ന് മാത്രം. അഗ്നിയാരാധകരായിരുന്നു പ്രാചീന ഇറാനികൾ. ഇന്നും സൊറാസ്ട്രിയൻ ക്ഷേത്രങ്ങളിൽ അഗ്നിയാരാധനയുണ്ട്. വേദങ്ങളിലും അഗ്നിയാരാധന പ്രധാനമാണല്ലോ. ഇന്ദ്രൻ മാത്രമല്ല, മിത്ര, വരുണ തുടങ്ങിയ വൈദികദൈവങ്ങൾ അവർക്കും അതേപേരിൽത്തന്നെയുണ്ട്.
സിന്ധൂനദിയുടെ അക്കരയിലുള്ളവർ എന്ന അർത്ഥത്തിൽ ഇന്ത്യാക്കാർക്കുണ്ടായിരുന്ന 'സിന്ധുക്കൾ' എന്ന വിശേഷണം പേർഷ്യക്കാർ വന്നതിന് ശേഷമാണ് 'ഹിന്ദുക്കൾ' എന്നായത്. അവർ 'സ' കാരം 'ഹ' കാരമായാണ് ഉപയോഗിച്ചിരുന്നത്. നമ്മുടെ വേദത്തിൽ സപ്തസിന്ധു എന്ന് ഏഴുനദികളെ വിശേഷിപ്പിക്കുമ്പോൾ സെന്റ് അവസ്തയിൽ 'ഹപ്ത ഹിന്ദു' എന്നാണ് വിളിക്കുന്നത്. അതായത്, ഹിന്ദുക്കൾ എന്നഭിമാനിക്കുന്നവർ ആ പേരിന് പഴയ ഇറാനികളോട് കടപ്പെട്ടിരിക്കുന്നു എന്നർത്ഥം.
തീർന്നില്ല നമ്മുടെ കടപ്പാടുകൾ
പേർഷ്യയുമായുള്ള നമ്മുടെ കൊള്ളക്കൊടുക്കകൾ ഇവിടെയൊന്നും തീരുന്നില്ല. പേർഷ്യൻ സാമ്രാജ്യത്തിന്റെ ഭരണരീതികൾപോലും പിൽക്കാലത്ത് ഇന്ത്യയിലെ പല സാമ്രാജ്യങ്ങളും സ്വീകരിച്ചിരുന്നു എന്ന് ചരിത്രകാരൻമാർ പറയുന്നു. പ്രവിശ്യാ ഭരണരീതി, നികുതിസംവിധാനം, രേഖകൾ സൂക്ഷിക്കുന്ന രീതികൾ എന്നിവ ചിലതാണ്. വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന 'ഖരോഷ്ടി' എന്ന ലിപി പേർഷ്യക്കാർ ഉപയോഗിച്ചിരുന്ന 'അരാമായിക്' ലിപിയുമായി അടുത്ത ബന്ധമുള്ളതാണെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ശിൽപകലയിലും വസ്ത്രധാരണരീതിയിലുമെല്ലാം പേർഷ്യൻ സ്വാധീനം ഉണ്ട്. ഇറാനിൽ നിന്ന് നമ്മൾ കുതിരകളേയും ലോഹങ്ങളേയും ആഡംബര വസ്തുക്കളേയും ഇറക്കുമതി ചെയ്തപ്പോൾ അവർ ഇവിടെനിന്ന് പരുത്തിയും ആനക്കൊമ്പും വിവിധ സുഗന്ധദ്രവ്യങ്ങളും കൊണ്ടുപോയി. പിൽക്കാലത്ത് മുഗളൻമാർ ഇന്ത്യഭരിച്ചപ്പോൾ രാജഭാഷയായി ഉപയോഗിച്ചിരുന്നത് പേർഷ്യൻ ഭാഷയായിരുന്നു. കോടതികളിലും അതുപയോഗിച്ചു. അതുവഴി നമ്മുടെ കലയും സാഹിത്യവും പരസ്പരം കൈമാറുകയും ചെയ്തു.
ഇന്ത്യയിലെ പേർഷ്യൻ സൗന്ദര്യങ്ങൾ
താജ്മഹലിനെ മാറ്റിനിർത്തി ഇന്ത്യയിലെ സൗന്ദര്യരൂപങ്ങളെക്കുറിച്ച് ചിന്തിക്കാനാവുമോ? പേർഷ്യൻ സ്വാധീനമുള്ള നിർമാണ രീതിയാണ് താജ്മഹലിൽ ഉപയോഗിച്ചിട്ടുള്ളത്. പേർഷ്യൻ ശില്പി മിറാക് മിർസ ഗിയാസിന്റെ സൃഷ്ടിയായ ഹുമയൂൺ കുടീരമാണ് പിന്നീട് താജ്മഹലിന് മാതൃകയായതെന്നാണ് പറയുന്നത്. ചാർബാഗ് ഗാർഡൻ എന്ന, നാലായി വിഭജിച്ച പൂന്തോട്ടമൊക്കെ പേർഷ്യൻ ശൈലിയാണ്. കെട്ടിടങ്ങളിലെ മകുടങ്ങൾ, കമാനങ്ങൾ എന്നിവയൊക്കെ അവരുടേതാണ്. അക്ബറിന്റെ കാലത്ത് നിർമിച്ച ഫത്തേപ്പുർസിക്രിയിലെ കമാനങ്ങൾ, മന്ദിരരൂപങ്ങൾ , ഷാലിമാർബാഗ് എന്നിവയിലെല്ലാം പേർഷ്യൻ ശിൽപസൗന്ദര്യം തുളുമ്പുന്നു.
പേർഷ്യൻ സാമ്രാജ്യത്തിന്റെ രാജധാനിയായിരുന്ന പെർസെപ്പോളിസിൽ ഉണ്ടായിരുന്ന തൂണുകൾക്ക് സമാനമായ തൂണുകൾ ഇന്ത്യയിലെ പല നിർമിതകളിലും ഉണ്ടായിരുന്നതായി ചരിത്രകാരൻമാർ നിരീക്ഷിച്ചിട്ടുണ്ട്. അഗ്രഭാഗത്ത് വിവിധ മൃഗങ്ങളുടെ തലകളുടെ രൂപങ്ങളുള്ള തൂണുകൾ, നിറമുള്ള ടൈലുകൾ, ഷെർവാനി, അച്കൻ തുടങ്ങിയ നീളൻ വസ്ത്രങ്ങൾ,കാശ്മീരിലെ ശിൽപങ്ങൾ വസ്ത്രാലങ്കാരങ്ങൾ,ടർബൻ പോലുള്ള തലക്കെട്ടുകൾ എന്നിവയിലെല്ലാം ഇന്നും പേർഷ്യൻ സ്വാധീനമുണ്ട്.
നമ്മുടെ ഭാഷയിൽ ഇന്നുമുണ്ട് ഇറാനികൾ
പേർഷ്യയുമായുള്ള സാംസ്കാരിക സമന്വയം ഏതെങ്കിലും ഒരു വിഷയത്തിൽ മാത്രം ഒതുങ്ങുന്നതല്ല. നമ്മുടെ ഭാഷ പേർഷ്യൻ വാക്കുകളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞത് കാണാം. മുഗൾ ഭരണകാലത്ത് 600 ഓളം വർഷം പേർഷ്യൻ ഭാഷ ഇന്ത്യയുടെ ഭരണഭാഷയായിരുന്നു. ആ സ്വാധീനത്തിന് ഇപ്പോഴും കുറവില്ല. ബസാർ(ചന്ത), ദുകാൻ(കട), ദിവാൻ, കാഗസ്(കടലാസ്), സബ്ജി(പച്ചക്കറി), ദർബാർ, മെഹ്ഫിൽ, ദോസ്ത് തുടങ്ങി അതങ്ങനെ നീളും. മലയാളവും ഇക്കാര്യത്തിൽ മോശമല്ല. ബിരിയാണി എന്ന വാക്കുപോലും വന്നത് പേർഷ്യയിൽ നിന്നാണ്. ഹൽവയും സർബത്തുമെല്ലാം അതുപോലെത്തന്നെ. ജില്ല, സർക്കാർ, മുൻഷി, ഖജനാവ്, കസേര, മേശ, കുപ്പി, നമാസ്, പൈജാമ, കമ്മീസ് അങ്ങനെ അസംഖ്യമാണ് പേർഷ്യൻപദങ്ങൾ. ഇത്പലതും ഹിന്ദിയിലും മലയാളത്തിലുമെല്ലാം എത്തിയത് അറബി, ഉറുദു ഭാഷകളിലൂടെയാണ്.
ഇറാനിൽനിന്ന് ഇന്ത്യയിലേക്കുള്ള മനുഷ്യരുടെ വരവ് പിൽക്കാലത്തും തുടർന്നു. ഇറാനിൽ ഇസ്ലാമികഭരണം വന്നതിന് ശേഷം രക്ഷയില്ലാതായ ഒട്ടേറേ സൊരാഷ്ട്രിയൻ വിശ്വാസികൾ ഇന്ത്യയിലേക്ക് കുടിയേറി. അവരാണ് പാഴ്സികൾ എന്നറിയപ്പെട്ടത്. ഗുജറാത്ത് മുംബൈ എന്നിവിടങ്ങളിൽ അവർ കച്ചവടം ചെയ്ത് പുലർന്നു.
ഇറാന്റെ പതനം
19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇറാൻ ഭരിച്ചിരുന്നത് ഖജാർ രാജവംശമായിരുന്നു. ദുർബലമായ ഭരണം കാരണം രാജ്യത്ത് അരാജകത്വമുണ്ടായി. അങ്ങനെയാണ് 1921-ൽ അന്ന് സൈനികോദ്യോഗസ്ഥനായിരുന്ന റെസ ഷാ പഹലവി സൈനിക അട്ടിമറി നടത്തി അധികാരം പിടിച്ചെടുക്കുന്നത്. പിന്നീട് അദ്ദേഹം യുദ്ധമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെയായി. ഒട്ടേറേ പരിഷ്കാരങ്ങൾ അദ്ദേഹം രാജ്യത്ത് നടപ്പിലാക്കിയിരുന്നു. എന്നാൽ രണ്ടാം ലോകമഹായുദ്ധകാലത്ത് സോവിയറ്റ് യൂണിയനും ബ്രിട്ടനും ഇറാൻ ആക്രമിച്ചു. റെസാ ഷാ രാജിവെക്കുകയും പിന്നീട് അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് റെസ പഹലവി രാജാവാകുകയും ചെയ്തു. ഇക്കാലത്തൊക്കെ യൂറോപ്യൻ രാജ്യങ്ങളെപ്പോലെ പരിഷ്കൃതരായി ജീവിച്ച ജനതയായിരുന്നു പേർഷ്യക്കാർ. സ്ത്രീകൾക്ക് അന്നേ വോട്ടവകാശമുണ്ടായിരുന്നു, ഇഷ്ടമുള്ള വസ്ത്രം ധരിക്കാമായിരുന്നു, ഇഷ്ടമുള്ള സർവകലാശാലകളിൽ പഠിക്കാമായിരുന്നു, പുരുഷൻമാർക്കൊപ്പം ഇഷ്ടമുള്ള ജോലി ചെയ്യാമായിരുന്നു.
ഏകാധിപതിയായ ഷാ ഭരണകൂടത്തിനെതിരേ വൈകാതെ സ്വജനപക്ഷപാതം, അഴിമതി തുടങ്ങിയ ആരോപണങ്ങുയർന്നു. ഷാ ഭരണകൂടത്തിന്റെ ഏകാധിപത്യത്തിനെതിരേ ഇറാനിൽ പ്രതിഷേധമുയർന്നപ്പോൾ പാരീസിലായിരുന്ന അന്നത്തെ ആയത്തുള്ള ഖൊമേനി അവരുടെ നേതൃത്വം ഏറ്റെടുത്തു. 1979 ലെ ആ വിപ്ലവത്തിൽ ഷാ ഭരണകൂടം വീണു. അതിനു ശേഷം അധികാരമേറ്റെടുത്ത ആയത്തുള്ള ഖൊമേനി ഇറാൻ ജനതയെ നൂറ്റാണ്ടുകൾ പിറകിലേക്കാണ് കൊണ്ടുപോയത്. ആദ്യഘട്ടമായി വിപ്ലവത്തിൽ കൂടെയുണ്ടായിരുന്ന കമ്യൂണിസ്റ്റുകാരെ കൂട്ടക്കൊലനടത്തി. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ചിറകരിഞ്ഞു. സ്ത്രീകൾ ജോലിചെയ്യുന്നതും പഠിക്കുന്നതും വിലക്കി. മാത്രമല്ല, ഒൻപത് വയസ്സിൽ വിവാഹം കഴിക്കാമെന്ന് നിയമം കൊണ്ടുവന്നു.
ഖൊമേനിക്ക് ശേഷം അധികാരമേറ്റ ആയത്തുള്ള അലി ഖമനയിയും അതേപാതയിലായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയലക്ഷ്യങ്ങൾ കുറേക്കൂടി വിപുലമായിരുന്നു. വൈകാതെ ഇറാന്റെ സാമ്പത്തികനില തകർന്നു. യുവാക്കൾക്ക് ജോലിയില്ലാതായി. പ്രതിഷേധിച്ചവരെയെല്ലാം രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കുകയും ഘട്ടം ഘട്ടമായി കൊലചെയ്യുകയും ചെയ്തു. അതിന്റെ തുടർച്ചയായാണ് കൂനിൻമേൽ കുരുവായി ഇപ്പോഴത്തെ യുദ്ധം. നൂറ്റാണ്ടുകളോളം ഒട്ടേറേ അട്ടിമറികളും ആക്രമണങ്ങളും ദുരിതങ്ങളും അനുഭവിച്ചവരാണ് ഇറാൻ ജനത. പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരാൻ കൊതിക്കുന്ന ഒരു സമൂഹം അവിടെയുണ്ട്. അവരെ സഹായിക്കേണ്ടത് നമ്മുടെ കൂടി ഉത്തരവാദിത്തമാണ്. കാരണം അവർ ചരിത്രപരമായും ജനിതകപരമായും നമ്മുടെ സഹോദരങ്ങൾ തന്നെയാണ്.