സ്വാതന്ത്ര്യത്തിന്റെ അപൂർണമായ വിപ്ലവം

#ഡോ. മാളവിക ബിന്നി
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

ഇന്ത്യൻ ദേശീയ സമരത്തെ ചൈതന്യവത്താക്കിയ, കൂടുതൽ ആഴമേറിയതും കൂടുതൽ വിവാദപരവുമായ സ്വാതന്ത്ര്യസങ്കല്പത്തെക്കുറിച്ച് നമ്മൾ ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. സ്വാതന്ത്ര്യസമരത്തിന്റെ ദൗത്യം വലിയതോതിൽ അപൂർണമായി ത്തുടരുന്നു. സ്വാതന്ത്ര്യസമരസേനാനികൾ സങ്കല്പിച്ച ക്ഷേമരാഷ്ട്രത്തിന്റെ ആദർശങ്ങളെസംബന്ധിച്ചും ഇന്ത്യൻ പൗരന്മാരുടെ മനസ്സിലെ ജനാധിപത്യരാഷ്ട്രത്തിന്റെ ആശയസങ്കല്പത്തെസംബന്ധിച്ചും ഈ അപൂർണത നിലനിൽക്കുന്നു.

ഇതുവരെ, നമ്മിൽ മിക്കവരും രാഷ്ട്രത്തെ, നിയമവും ക്രമവും പാലിക്കുന്നതിനുള്ള ഒരു ഭരണസംവിധാനമായോ അരാജകത്വത്തിനെതിരായ ഒരു കവചമായോ മാത്രമേ കരുതുന്നുള്ളൂ; സാമൂഹിക മോചനമോ സാംസ്‌കാരിക പരിഷ്‌കരണമോ സാധ്യമാക്കുന്ന ഒരു സംവിധാനമായി നമ്മൾ ഇന്നും രാഷ്ട്രത്തെ മനസ്സിലാക്കിയിട്ടില്ല. ഇന്ത്യയിലെ സ്വാതന്ത്ര്യസമരം രാഷ്ട്രത്തെ, ബ്രിട്ടീഷ് ഭരണവും ഇന്ത്യൻ ഭരണവും തമ്മിലുള്ള മാറ്റമായി മാത്രമല്ല, സാമൂഹിക വിപ്ലവത്തിനുള്ള ഒരു സാധ്യതയുള്ള ശക്തിയായാണു കണ്ടത്. നാം സംഭവത്തിൽ -അതായത് സ്വാതന്ത്ര്യത്തിന്റെ നേട്ടത്തിൽ- മാത്രം ഉറ്റുനോക്കുകയാണ്; നാം ചെയ്യേണ്ടത്, അതിലേക്കു നയിച്ച നൂറ്റാണ്ടുകാലം നീണ്ട പോരാട്ടത്തെ മനസ്സിലാക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക എന്നതാണ്.

ഇന്ത്യൻ ദേശീയപ്രസ്ഥാനം ഒരു ഏകീകൃതവും ഏകധ്രുവീകൃതവുമായ സ്വാതന്ത്ര്യത്തിനായുള്ള അന്വേഷണമായിരുന്നില്ല. മറിച്ച്, ബിപിൻ ചന്ദ്രമുതൽ ക്രിസ്റ്റഫർ ബെയ്ലിവരെയുള്ളവരുടെ ചരിത്രരചനാപാരമ്പര്യം ചൂണ്ടിക്കാണിക്കുന്നതുപോലെ, സ്വാതന്ത്ര്യം എന്താണെന്നും ആർക്കുവേണ്ടിയാണെന്നും എന്തു വിലകൊടുത്താണ് അതു നേടേണ്ടതെന്നുംസംബന്ധിച്ച അസംഖ്യം വൈരുധ്യാത്മകമായ വീക്ഷണങ്ങളുടെ ഒരു സമരമണ്ഡലം കൂടിയായിരുന്നു.

പല കാഴ്ചപ്പാടുകൾ, പല മാനങ്ങൾ

പ്രശസ്ത ചരിത്രകാരിയായ മൃദുല മുഖർജി തന്റെ കൃതികളിൽ, വിപ്ലവത്തെ വൻതോതിലുള്ള അക്രമവുമായി യാന്ത്രികമായി ബന്ധിപ്പിക്കുന്നത്, ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിലെ സാധാരണ ജനങ്ങളുടെയും പ്രത്യേകിച്ചും കർഷകരുടെ അഹിംസാത്മകവും അതേസമയം വിപ്ലവകരവുമായ രാഷ്ട്രീയരീതിയെ തിരിച്ചറിയാനുള്ള വിമുഖതയ്ക്കു കാരണമാകുന്നു എന്ന് വാദിച്ചു. കർഷകർ ഒരു രാഷ്ട്രീയവിഭാഗമെന്നനിലയിൽ, ദൈനംദിന പ്രതിരോധത്തിലൂടെയും കൂട്ടസമാഹരണങ്ങളിലൂടെയും കൊളോണിയൽ ഭരണത്തിനെതിരേ നിരന്തരമായ വെല്ലുവിളി ഉയർത്തിയതായി അവരുടെ ഗവേഷണം തെളിയിക്കുന്നു. അതുവഴി വിപ്ലവകരമായ പ്രവർത്തനത്തിന്റെ നിർവചനത്തെത്തന്നെ അവർ വിപുലീകരിച്ചു.

സ്വാതന്ത്ര്യം നേടിയെടുത്തത് നിസ്സഹകരണം (1920-22), സിവിൽ ഡിസൊബീഡിയൻസ് (1930'-34), ക്വിറ്റ് ഇന്ത്യ (1942) എന്നീ ഇടയ്ക്കിടെയുള്ള സംഭവാധിഷ്ഠിത പ്രസ്ഥാനങ്ങളിലൂടെ മാത്രമല്ല, ഏറ്റവും സാധാരണക്കാരായ ജനങ്ങളുടെ ദൈനംദിന പ്രതിരോധത്തിലൂടെയും ധിക്കാരത്തിലൂടെയും കൂടിയായിരുന്നു. ബ്രിട്ടീഷ് നയം നിർദേശിച്ച വിളകൾ വിതയ്ക്കാൻ വിസമ്മതിക്കുക, ബ്രിട്ടൻ നിശ്ചയിച്ച കൂലിക്ക് ജോലിചെയ്യാൻ വിസമ്മതിക്കുക, വിദേശവസ്ത്രങ്ങളും വിദേശ ഉത്പന്നങ്ങളും ദൈനംദിനാടിസ്ഥാനത്തിൽ നിരസിക്കുക, ഖാദി സ്വീകരിക്കുക, ബ്രിട്ടീഷുകാർ നടപ്പാക്കിയ 'ഭിന്നിപ്പിച്ച് ഭരിക്കുക' എന്ന വിഭാഗീയതയ്ക്ക് (communalism) കീഴടങ്ങാൻ വിസമ്മതിക്കുക, ദൈനംദിന ഹിന്ദു-മുസ്ലിം ഐക്യത്തെ ദൃഢീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, ജനങ്ങളുടെ മനസ്സിനെ രാജഭക്തിയിൽനിന്ന് ദേശീയതയിലേക്ക് പരിവർത്തനം ചെയ്യുക എന്നിവയായിരുന്നു ആ പ്രതിരോധം. ഈ ദൈനംദിന പ്രതിരോധങ്ങൾ പ്രകടനാത്മകമായിരുന്നില്ല; ഒരു ജനത ഒരു രാഷ്ട്രമാകുക എന്നതിന്റെ അർഥമെന്തെന്ന് പഠിക്കുകയായിരുന്നു

സമരത്തിലെ അക്രമവും അഹിംസയും

കൊളോണിയലിസത്തിനെതിരേയുള്ള സമരത്തിലെ അക്രമവും അഹിംസയും തമ്മിലുള്ള ബന്ധം ആധുനിക രാഷ്ട്രീയചിന്തയിൽ ഏറ്റവും ദീർഘകാലം നിലനിൽക്കുന്ന സൈദ്ധാന്തിക സംവാദങ്ങളിൽ ഒന്നിനു കാരണമായിട്ടുണ്ട്. അൽജീരിയയുടെ പശ്ചാത്തലത്തിൽ ഫ്രാൻസ്വാ ഫാനോൺ എഴുതിയ വിഖ്യാതമായ 'ഭൂമിയിലെ ശപിക്കപ്പെട്ടവർ' (The Wretched of the Earth; 1961) എന്ന കൃതിയിൽ കൊളോണിയലിസത്തിനെതിരായ പോരാട്ടം എല്ലായ്പ്പോഴും അക്രമാസക്തമായ ഒരു പ്രതിഭാസമാണെന്നും അക്രമം 'തദ്ദേശീയനെ അവന്റെ നീചത്വബോധത്തിൽനിന്നും നിരാശയിൽനിന്നും നിഷ്‌ക്രിയത്വത്തിൽനിന്നും മോചിപ്പിക്കുന്നു; അത് അവനെ നിർഭയനും ആത്മാഭിമാനമുള്ളവനുമാക്കുന്നു' എന്നു വാദിച്ചു. മൃദുല മുഖർജി രേഖപ്പെടുത്തുന്ന ഇന്ത്യൻ ഉദാഹരണം, ശക്തമായ ഒരു പ്രതിവാദമുന്നയിക്കുന്നു: ഗാന്ധിജിയും കർഷകരും ഒരുപോലെ നയിച്ച അഹിംസാപ്രസ്ഥാനങ്ങൾ, ഫാനോണിന്റെ അക്രമത്തെ ആശ്രയിക്കാതെത്തന്നെ വിപ്ലവകരമായ പരിവർത്തനം കൈവരിച്ചു. ഇന്ത്യൻ ദേശീയസമരം അങ്ങനെ ലോകത്തിന് ഒരു നവീനസമരമാതൃക നൽകി. ഈ മാതൃക അഹിംസയുടെയും സത്യാഗ്രഹത്തിന്റെയും മാത്രമായിരുന്നില്ല, മറിച്ച് ദൈനംദിന ചെറുത്തുനിൽപ്പിന്റെകൂടിയായിരുന്നു.

ഫാനോണിന്റെ സ്വാതന്ത്ര്യം ശുദ്ധീകരണാത്മകമായ അക്രമത്തിലൂടെയുള്ള മോചനമായിരുന്നെങ്കിൽ, ബി.ആർ. അംബേദ്കറുടെ സ്വാതന്ത്ര്യം കൊളോണിയൽ ഭരണം ത്വരപ്പെടുത്തിയ, സ്വാതന്ത്ര്യംകൊണ്ടുമാത്രം അലിഞ്ഞുപോകാത്തതുമായ ആന്തരിക ജാതിവ്യവസ്ഥിതികളിൽനിന്നുള്ള മോചനമായിരുന്നു. സാമൂഹികസമത്വവും സാമ്പത്തികതുല്യതയും കൈവരിക്കപ്പെട്ടില്ലെങ്കിൽ, രാഷ്ട്രീയജനാധിപത്യത്തിന്റെ സാധ്യമായ പരാജയത്തെക്കുറിച്ച് അദ്ദേഹം നമ്മൾക്ക് മുന്നറിയിപ്പുനൽകി. സാഹോദര്യം ഇല്ലെങ്കിൽ, സ്വാതന്ത്ര്യവും സമത്വവും പരസ്പരം നശിപ്പിച്ചുകളയുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അദ്ദേഹത്തെസംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം എന്നാൽ, കൊളോണിയൽ ഭരണത്തിന്റെ അഭാവം മാത്രമല്ല, സാമൂഹിക ജനാധിപത്യത്തിന്റെ നിശ്ചയാത്മക സാന്നിധ്യംകൂടിയായിരുന്നു.

ക്രിസ്റ്റഫർ ബെയ്ലിയുടെ കൃതികളായ ഒറിജിൻസ് ഓഫ് നാഷണാലിറ്റി ഇൻ സൗത്ത് ഏഷ്യ(1997)യും റിക്കവറിങ് ലിബർട്ടീസും (2012) ഈ ചിത്രത്തെ കൂടുതൽ സങ്കീർണമാക്കുന്നു. ദക്ഷിണേഷ്യയിലെ ദേശീയതകളുടെ രൂപവത്കരണത്തിൽ ഇന്ത്യയിലെ കൊളോണിയൽ പൂർവകാല സ്വത്വബോധങ്ങളും താദാത്മ്യങ്ങളും നിർണായകമായിരുന്നുവെന്നവർ നിരീക്ഷിച്ചു. അകീൽ ബിൽഗ്രാമി വാദിക്കുന്നത്, യൂറോപ്യൻ മാതൃകകളിൽനിന്ന് വ്യത്യസ്തമായി, 'ഇന്ത്യൻ ദേശീയത ഇന്ത്യയുടെ അന്തർലീനമായ ബഹുത്വപാരമ്പര്യങ്ങളുടെ പുനർനിർമാണത്തിൽ ഉൾക്കൊള്ളുന്നതായിരുന്നു എന്നാണ്. അത് സാമ്രാജ്യത്വവിരുദ്ധതയെ രാഷ്ട്രീയരംഗത്ത് പുനരാവിഷ്‌കരിക്കുകയും ചെയ്തു' എന്നുമാണ്. സ്വാതന്ത്ര്യം വൈവിധ്യത്തിന്റെ പ്രതിഫലനവും ഫലവുമായിരുന്നു; കൊളോണിയൽവിരുദ്ധ പോരാട്ടം അതിന് ആവിഷ്‌കാരത്തിന്റെ പുതിയൊരു മാർഗം നൽകി.

സ്വാതന്ത്ര്യത്തിന്റെ സ്വഭാവം

ഇന്ത്യൻ ദേശീയസമരം ഒരു ഏക പ്രതിഭാസമായിരുന്നില്ല; മറിച്ച്, അസംഖ്യം, പലപ്പോഴും വൈരുധ്യാത്മകമായ, സ്വാതന്ത്ര്യസങ്കല്പങ്ങൾ രൂപപ്പെടുത്തപ്പെടുകയും പരീക്ഷിക്കപ്പെടുകയും മത്സരിക്കപ്പെടുകയും ചെയ്ത ഒരു സ്വാതന്ത്ര്യപരീക്ഷണശാലയും കൂടിയായിരുന്നു. ബിപിൻ ചന്ദ്രയും മൃദുല മുഖർജിയും ചൂണ്ടിക്കാണിച്ച പ്രസ്ഥാനത്തിന്റെ സാമൂഹികവ്യാപ്തിയെക്കുറിച്ചുള്ള ഊന്നൽമുതൽ അംബേദ്കറുടെ സാമൂഹിക ജനാധിപത്യത്തിനുള്ള ആവശ്യംവരെ, ബെയ്ലിയുടെ സ്വദേശീയ രാഷ്ട്രീയചിന്തയുടെ പുനരുജ്ജീവനംമുതൽ ബിൽഗ്രാമിയുടെ ബഹുസ്വരദേശീയതയുടെ പ്രതിരോധംവരെ, കൂടാതെ ഫാനോണിന്റെ വിപ്ലവകരമായ അക്രമംമുതൽ ഡേവിസിന്റെയും ബട്ളറിന്റെയും ഭരണകൂട അധികാരത്തിന്റെയും അനിശ്ചിത ജീവിതത്തിന്റെയും വിമർശനങ്ങൾവരെ -ഇന്ത്യൻ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം രാഷ്ട്രീയഭാവനയുടെ ആഗോളശേഖരമാണ് നമുക്ക് വാഗ്ദാനംചെയ്യുന്നത്.

(കണ്ണൂർ യൂണിവേഴ്‌സിറ്റി ചരിത്രവിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക.)

Content Highlights: The mission of the Indian independence movement remains largely incomplete concerning welfare state ideals., Indian freedom struggle was not just a political shift, but a series of contradictory visions for social revolution., Peasants and common people contributed through daily resistance, non-cooperation, and sustaining Hindu-Muslim unity., B.R. Ambedkar emphasized that political democracy fails without social and economic equality and fraternity.