'രാജാ ഓടിക്കോ...'; ആ ശബ്ദത്തിന്റെ പേരില്‍ ഈച്ചരവാരിയരുടെ മകനായ രാജനെ പോലീസ് പൊക്കി'

പയ്യോളി: 'അടിയന്തരാവസ്ഥക്കാലത്ത് നടന്ന കായണ പോലീസ് സ്റ്റേഷന്‍ ആക്രമണത്തിനിടയില്‍ രാജാ ഓടിക്കോ... രാജാ ഓടിക്കോ... എന്ന് ആ സംഘത്തിലുള്ളവര്‍ ആരോ വിളിച്ചുപറഞ്ഞിരുന്നു. ഒരു പോലീസുകാരന്‍ അങ്ങനെ മൊഴിനല്‍കിയിരുന്നു. ആ ശബ്ദത്തിന്റെപേരില്‍ ഈച്ചരവാരിയരുടെ മകനായ എന്‍ജിനിയറിങ് വിദ്യാര്‍ഥി രാജനെ പോലീസ് പൊക്കി. എന്നാല്‍, ഓടിയ രാജന്‍ അവനായിരുന്നില്ല. പോലീസിന് കിട്ടേണ്ട ആ രാജന്‍ അന്ന് മണിയൂരിലെ തുണുറ കുന്നുമ്മലില്‍ സുരക്ഷിതനായിരുന്നു' -പേരാമ്പ്ര സ്വദേശിയായ വത്സരാജിനെ ഓലമേഞ്ഞ വീട്ടില്‍ ഒളിപ്പിച്ച കഥപറയുമ്പോള്‍ കോട്ടമ്പ്ര വടക്കന്‍ ടി.കെ. ഗോപാലനെന്ന മാവോ ഗോപാലന് ഇപ്പോഴും അന്നത്തെ 22 വയസ്സിന്റെ ചുറുചുറുക്ക്.
വത്സരാജ് പിന്നീട് പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പ്രതിയാകുകയും ജയിലില്‍പ്പോകുകയും ചെയ്തു. ഒളിവില്‍ താമസിപ്പിച്ചതിന് മാവോ ഗോപാലന്‍ മിസ തടവുകാരനായി പത്തുമാസം ജയിലിലുമായി. അന്‍പതുവര്‍ഷംമുമ്പത്തെ സംഭവങ്ങള്‍ നല്ല തെളിമയോടെ മാവോ ഗോപാലന്‍ ഓര്‍ക്കുന്നു. 'എംപിസി മണിയൂര്‍ എന്ന് വിളിക്കുന്ന എ.പി. ചാത്തുവാണ് നക്‌സലൈറ്റ് ആശയങ്ങളോട് അടുപ്പിച്ചത്.
കായണ്ണ സ്റ്റേഷന്‍ ആക്രമണം നടന്നതോടെ നേതാക്കളെല്ലാം ഒളിവില്‍പ്പോയി. പോലീസ് തപ്പികൊണ്ടിരിക്കുന്നതില്‍ വത്സരാജും ഉണ്ടായിരുന്നു. കോഴിക്കോട് ഡേവിഡ് ടാക്കീസിനടുത്ത് ഒളിവില്‍ക്കഴിയുന്ന വത്സരാജിനെ അവിടെനിന്ന് മാറ്റണമെന്ന നിര്‍ദേശം കിട്ടി. പോലീസ് പരിശോധന കര്‍ക്കശമാക്കിയിരുന്നു. ടാക്കീസിനടുത്ത് വത്സരാജ് എവിടെ താമസിച്ചുവെന്നത് ഇപ്പോഴും ഗോപാലന് അറിയില്ല. അവിടെയെത്തിയപ്പോള്‍ വത്സരാജ് റോഡിനരികെ നില്‍ക്കുകയായിരുന്നു. പയ്യോളി ഫീനിക്‌സ് പാരലല്‍ കോളേജില്‍ പഠിപ്പിക്കാന്‍വരുന്നതിനാല്‍ പരിചയമുണ്ടായിരുന്നു.
അവിടെനിന്ന് മണിയൂരിലെത്തി രാത്രി തുണുറ കുന്നുമ്മല്‍ വീട്ടില്‍ കഴിച്ചുകൂട്ടി. വെളുപ്പിന് അഞ്ചുമണിക്ക് ഞങ്ങള്‍ വടകരയിലേക്ക് പോയി. പകല്‍ ചില വീടുകളില്‍ പോയി. രാത്രി പുറങ്കര ഒഞ്ചിയം രക്തസാക്ഷിസ്മാരകത്തിനരികെ കിടന്നു. അടുത്തദിവസം ഞാന്‍ വീട്ടിലേക്കും വത്സരാജ് കണ്ണൂരിലേക്കും പോയി. വത്സരാജിനെ കണ്ണൂരില്‍നിന്ന് അറസ്റ്റുചെയ്തു. എന്നെ വീട്ടില്‍നിന്ന് അതേദിവസം പോലീസ് പിടിച്ചുകൊണ്ടുപോയി' -മാവോ ഗോപാലന്‍ പറഞ്ഞു.
ജയിലില്‍നിന്ന് ഇറങ്ങിയശേഷം വിദ്യാഭ്യാസവകുപ്പില്‍ ജോലിലഭിച്ച വത്സരാജ് ഇപ്പോള്‍ കണ്ണൂരില്‍ത്തന്നെയാണ് താമസം. ടി.എന്‍. ജോയ്യെപ്പോലുള്ളവര്‍ക്കും വീട്ടില്‍ അഭയംനല്‍കി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ മണിയൂര്‍ തെരുവില്‍ പ്രകടനം നടത്തിയിരുന്നു. 'അടിയന്തരാവസ്ഥ അറബിക്കടലില്‍' എന്ന മുദ്രാവാക്യവുമായി നാലുപേരാണ് പ്രകടനം നടത്തിയത്. ഒതയോത്ത് രാമദാസന്‍, കൂടാളി കണാരന്‍, നമ്പിടി ശ്രീധരന്‍ എന്നിവരായിരുന്നു മറ്റുള്ളവര്‍. അവര്‍ മൂന്നുപേരും ഇന്നില്ല.
ഒളിവില്‍ക്കഴിയുന്നവര്‍ക്ക് ഭക്ഷണവും വസ്ത്രവും എത്തിക്കുന്ന ചുമതലയും ഉണ്ടായിരുന്നു. സഹായംചെയ്യാന്‍ പി. കണ്ണനും വി. അരവിന്ദാക്ഷനും ഉണ്ടാകുമായിരുന്നു. 'വൈകീട്ട് വീട്ടിലേക്ക് കയറിവരുമ്പോള്‍ സാധാരണവസ്ത്രം ധരിച്ച ഒരാള്‍ ഗോപാലനാണോ എന്ന് ചോദിച്ചു. ആണ് എന്നുപറഞ്ഞ ഉടനെ ആഞ്ഞ് ചെകിടത്തടിച്ചു' -അങ്ങനെയായിരുന്നു അറസ്റ്റുനടന്നതെന്ന് ഗോപാലന്‍ പറഞ്ഞു. ഇത് കണ്ട അമ്മ ആര്‍ത്തുനിലവിളിച്ചു.
പശുക്കച്ചവടവുമായി ബന്ധപ്പെട്ടാണ് കൊണ്ടുപോകുന്നതെന്ന് പോലീസ് അമ്മയോട് പറഞ്ഞു. രത്‌നവേലു ആയിരുന്നു ആ പോലീസ് ഉദ്യോഗസ്ഥനെന്ന് പിന്നെ മനസ്സിലായി. ഒരുമാസം കസബ സ്റ്റേഷനില്‍ ലോക്കപ്പിലിട്ടു. രാത്രികാലങ്ങളില്‍ ക്രൂരമായ മര്‍ദനമേറ്റു. സഹായികളുടെ പേരുപറയിപ്പിക്കാനായി രാത്രി എത്തുന്ന ഉദ്യോഗസ്ഥരെല്ലാം മര്‍ദിക്കും. പിന്നീട് 1976 ജൂണ്‍ 29-ന് അറസ്റ്റ് രേഖപ്പെടുത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. 469 എന്നതായിരുന്നു നമ്പര്‍.
ജയിലിനുള്ളിലെ ജയിലായ സിപി ബ്ലോക്കിലായിരുന്നു പാര്‍പ്പിച്ചത്. സിവിക് ചന്ദ്രന്‍, പി. ഉയദഭാനു, ഫറോക്കിലെ അഡ്വ. സോമന്‍, നാദാപുരം നന്തോത്ത് ദാമോദരന്‍, വി.കെ. പ്രഭാകരന്‍ എന്നിവര്‍ ഉണ്ടായിരുന്നു. 1977 മാര്‍ച്ച് 24-നാണ് വിട്ടയച്ചത്.
നെയ്ത്തുതൊഴിലാളിയായ രാമന്റെയും മാതുവിന്റെയും ഏകമകനാണ് അന്ന് അറസ്റ്റിലായ ഗോപാലന്‍. മറ്റ് നാല് പെണ്‍കുട്ടികളായിരുന്നു ഇവര്‍ക്ക്. പിന്നീട് മാവോ ഗോപാലന്‍ സിപിഎം ടിക്കറ്റില്‍ മണിയൂര്‍ ഗ്രാമപ്പഞ്ചായത്ത് അംഗമായി. ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. ഇപ്പോള്‍ സിപിഐ പ്രവര്‍ത്തകനാണ്. കാര്‍ത്യായനിയാണ് ഭാര്യ. അഡ്വ. കെ. അശോകന്‍, കെ. അനില്‍കുമാര്‍ (കുവൈത്ത്) എന്നിവര്‍ മക്കളാണ്.
Content Highlights: Mao Gopal`s Story: Emergency Era Arrest & Escape