വാജ്‌പേയിയെ ചൂണ്ടി നെഹ്‌റു പറഞ്ഞു, ഇതാ ഭാവിപ്രധാനമന്ത്രി; പ്രതിപക്ഷപ്രവര്‍ത്തനം വിമതപ്രവര്‍ത്തനമല്ല

കുറച്ചുനാളുകള്‍ക്കുമുന്‍പ്, ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുമേല്‍ കരിനിഴല്‍വീഴ്ത്തുന്ന 152-ാം വകുപ്പ് ഭാരതീയ ന്യായസംഹിതയില്‍ ഉള്‍പ്പെടുത്തി. രാജ്യദ്രോഹമെന്നാല്‍ 'രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, പരമാധികാരം എന്നിവയെ അപായത്തിലാക്കുന്ന പ്രവൃത്തികള്‍' എന്ന ഒഴുക്കന്‍മട്ടിലുള്ള നിര്‍വചനവുമായി അത് നില്‍ക്കുന്നു. ഇപ്പോള്‍ ഇതാ ഭരണഘടനയുടെ 130-ാം ഭേദഗതിയിലൂടെ മറ്റൊരു നീക്കം
ജനാധിപത്യത്തിന് അനുപേക്ഷണീയമായ മൂന്നു ഘടകങ്ങളാണ് സ്വയംവിമര്‍ശനവും പരസ്പരബഹുമാനവും സുതാര്യതയും. ഇത് ഇന്ത്യന്‍രാഷ്ട്രീയത്തില്‍ ഒട്ടൊക്കെ ഉണ്ടായിരുന്നുതാനും, പ്രത്യേകിച്ച് ഭരണ-പ്രതിപക്ഷ നേതൃത്വങ്ങള്‍ തമ്മിലുള്ള പരസ്പരബഹുമാനം. രണ്ടു സംഭവങ്ങള്‍ ഓര്‍മ്മയിലെത്തുന്നു. ആദ്യത്തേത്, 1960-ല്‍ ഇന്ത്യയിലെത്തിയ ക്രൂഷ്ചേവിന് നല്‍കിയ അത്താഴവിരുന്നില്‍വെച്ച് നെഹ്റു ചെറുപ്പക്കാരനായ എ.ബി. വാജ്പേയിയെ പരിചയപ്പെടുത്തിക്കൊണ്ടു പറഞ്ഞതാണ്, 'ഇതാ ഞങ്ങളുടെ ഭാവിപ്രധാനമന്ത്രി'. മറ്റൊന്ന്, 1977-ലെ തിരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടി വിജയിച്ചപ്പോള്‍, വിജയാഹ്ളാദത്തില്‍ പങ്കെടുക്കാതെ ജയപ്രകാശ് നാരായണ്‍ നേരേ ഇന്ദിരാഗാന്ധിയെ വീട്ടില്‍ച്ചെന്നുകണ്ട് പറഞ്ഞതാണ്; 'മകളേ, കളിയില്‍ ജയപരാജയങ്ങളുണ്ടാവും. രണ്ടായാലും കാര്യമാക്കേണ്ടതില്ല. രാഷ്ട്രീയം ഒരു കളിയാണ്.' ജനാധിപത്യത്തിന് രാഷ്ട്രീയവിയോജിപ്പുകള്‍ക്കപ്പുറം മറ്റൊരു തലമുണ്ടെന്ന് അടയാളപ്പെടുത്തിയ രണ്ടു മഹാസംഭവങ്ങള്‍.
അവിശ്വാസത്തിന്റെ രാഷ്ട്രീയം
എന്നാല്‍, കുറെ വര്‍ഷങ്ങളായി ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇതെല്ലാം അവയുടെ അഭാവംകൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. പ്രതിപക്ഷത്തോടുള്ള ഭരണകക്ഷികളുടെ നിലപാടിലാണ് ഇത് ഏറ്റവും പ്രകടമായിരിക്കുന്നത്. അധികാരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ പിന്നെ ഘടികാരത്തിന്റെ സൂചിപോലെയാണ് അവരുടെ സഞ്ചാരം, മുന്നോട്ടുനോക്കിയേ സഞ്ചരിക്കൂ, അധികാരത്തിലേക്കുള്ള നോട്ടം, അധികാരത്തുടര്‍ച്ചയ്ക്കായുള്ള നെട്ടോട്ടം. സ്വയംവിമര്‍ശനം പുറകോട്ടുള്ള നോട്ടവും സഞ്ചാരവുമാണല്ലോ? സ്വയംവിമര്‍ശനത്തിന് തുനിയുന്ന ഭരണകൂടത്തിനേ പ്രതിപക്ഷവിമര്‍ശനത്തെ സമചിത്തതയോടെ നേരിടാനാവൂ. അപ്പോഴാണ് സുതാര്യതയും പ്രതിപക്ഷബഹുമാനവും ഉടലെടുക്കുന്നത്. ഇതാണ് ഇപ്പോള്‍ അന്യംനിന്നിരിക്കുന്നത്.
തന്മൂലം, രാഷ്ട്രീയത്തില്‍നിന്ന് ജനാധിപത്യത്തിന്റെ അംശം വാര്‍ന്നുതുടങ്ങിയിരിക്കുന്നു. ഒരു വലിയ മണ്‍കൂനയില്‍നിന്ന് ഓരോരോ മണ്‍തരികളായി മാറ്റുമ്പോള്‍, കൂനയ്ക്ക് എന്തെങ്കിലും സംഭവിക്കുന്നതായി നമുക്കനുഭവപ്പെടില്ല. എന്നാല്‍, ഒടുവില്‍ ഒന്നുമവശേഷിക്കാതാവുമ്പോഴാണ് അത് അപ്രത്യക്ഷമായ കാര്യം നാം മനസ്സിലാക്കുന്നത്. ഇതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്നതും. കുറച്ചുനാളുകള്‍ക്കുമുന്‍പ്, ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുമേല്‍ കരിനിഴല്‍വീഴ്ത്തുന്ന 152-ാം വകുപ്പ് ഭാരതീയ ന്യായസംഹിതയില്‍ ഉള്‍പ്പെടുത്തി. രാജ്യദ്രോഹമെന്നാല്‍ 'രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, പരമാധികാരം എന്നിവയെ അപായത്തിലാക്കുന്ന പ്രവൃത്തികള്‍' എന്ന ഒഴുക്കന്‍മട്ടിലുള്ള നിര്‍വചനവുമായി അത് നില്‍ക്കുന്നു. ഇപ്പോള്‍, ഇതാ ഭരണഘടനയുടെ 130-ാം ഭേദഗതിയിലൂടെ മറ്റൊരു നീക്കം. ഇതിനായുള്ള ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയിലാണ്.
130-ാം ഭേദഗതി
ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പിന്റെ രാഷ്ട്രീയപ്പതിപ്പാണ് പുതിയ ഭരണഘടനാഭേദഗതി. ആദ്യത്തേത്, അഭിപ്രായസ്വാതന്ത്ര്യത്തെ നോക്കുകുത്തിയാക്കുന്നെങ്കില്‍, രണ്ടാമത്തേത് രാഷ്ട്രീയവിയോജിപ്പുകളെ നിയന്ത്രിക്കാന്‍ മുതിരുന്നു. അഞ്ചുവര്‍ഷമോ അതിലധികമോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് ഏതെങ്കിലും അന്വേഷണ ഏജന്‍സി ഒരു മന്ത്രിയെ (പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെ) അറസ്റ്റുചെയ്ത് തുടര്‍ച്ചയായി 30 ദിവസം ജയിലിലടച്ചാല്‍ 31-ാം ദിവസം അദ്ദേഹത്തിന് മന്ത്രിപദവി നഷ്ടമാകുമെന്നാണ് ദേഭഗതി നിഷ്‌കര്‍ഷിക്കുന്നത്. സ്വന്തം നിരപരാധിത്വം കോടതിയില്‍ തെളിയിക്കുംവരെ ഈ അവസ്ഥ തുടരും.
ഇത്തരമൊരു കേസില്‍ ഒരിക്കല്‍ പെട്ടുകഴിഞ്ഞാല്‍, അയാളുടെ രാഷ്ട്രീയഭാവി ഇല്ലാതാകുമെന്നു സാരം. ഒരു ഉദാഹരണത്തിലൂടെ ഇതു ബോധ്യമാക്കാം. 2025-ലെ കണക്കനുസരിച്ച് അഞ്ചുകോടിയലധികം കേസുകളാണ് നമ്മുടെ കോടതികളില്‍ കെട്ടിക്കിടക്കുന്നത്. അഞ്ചുമുതല്‍ 20 വരെ വര്‍ഷം തീര്‍പ്പുകകല്പിക്കാതെകിടക്കുന്ന കേസുകളുടെ എണ്ണമാണിത്! ഇത്തരം സാഹചര്യത്തില്‍, കേസില്‍പ്പെടുന്നവര്‍ക്ക് കാലാവധി തീരുംമുന്‍പ് തങ്ങളുടെ നിരപരാധിത്വം തെളിയിച്ച് എങ്ങനെ അധികാരത്തില്‍ തിരികെയെത്താനാകും? ഇനി അഥവാ അങ്ങനെയൊന്ന് സംഭവിച്ചാല്‍ത്തന്നെ അപ്പോഴത്തെ രാഷ്ട്രീയസമവാക്യങ്ങള്‍ അയാള്‍ക്ക് അനുകൂലമാകണമെന്നില്ലല്ലോ?
പ്രതിപക്ഷപ്രവര്‍ത്തനം
ഇത് പ്രതിപക്ഷത്തെയാണ് ബാധിക്കുന്നത് എന്ന കാര്യത്തിലും സംശയമില്ല. പത്തുവര്‍ഷത്തിലധികമായി കേന്ദ്രം ഭരിക്കുന്ന കക്ഷികളില്‍പ്പെട്ട മന്ത്രിമാരെ ഏതെങ്കിലുമൊരു കേന്ദ്ര അന്വേഷണ ഏജന്‍സി പ്രതിപ്പട്ടികയില്‍ ചേര്‍ത്തതായി നമുക്കറിവില്ല. അതേസമയം, പ്രതിപക്ഷകക്ഷികളില്‍പ്പെട്ട മുഖ്യമന്ത്രിമാര്‍ക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരേ ഇതു ധാരാളം സംഭവിച്ചിട്ടുമുണ്ട്. ഇതിനൊരു മറുവശംകൂടിയുണ്ട്. ഇങ്ങനെയുള്ളവര്‍ ഭരണപക്ഷത്തേക്ക് ചേക്കേറിയാല്‍ കേസുകള്‍ മാഞ്ഞുപോകുന്നു! കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എടുക്കുന്ന പല കേസുകളുടെയും ഉദ്ദേശ്യശുദ്ധിയും ചോദ്യംചെയ്യപ്പെട്ടിരിക്കുന്നു. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ കുറ്റം തെളിയിക്കപ്പെടുന്നവയുടെ എണ്ണം തീരെ കുറവാണെന്നത്. സുപ്രീംകോടതിതന്നെ(ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍) ഇത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോട് ഒരിക്കല്‍ സൂചിപ്പിക്കുകയുണ്ടായി: 'നിങ്ങള്‍ ചുമത്തിയ നാനൂറോളം കേസില്‍ വെറും പത്തെണ്ണത്തില്‍ താഴെ മാത്രമേ കുറ്റം തെളിയിക്കപ്പെട്ടിട്ടുള്ളു. 4-5 വര്‍ഷം ആള്‍ക്കാര്‍ ജയിലില്‍ കഴിയുകയും ഒടുവില്‍ അവരെ വെറുതേവിടുകയും ചെയ്യുന്നു.' ഇതിലും നിശിതമായിരുന്നു ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് നടത്തിയ നിരീക്ഷണം: 'കുറ്റം തെളിയിക്കപ്പെടാതെ വര്‍ഷങ്ങളോളം ആള്‍ക്കാരെ ജയിലിലടയ്ക്കാന്‍ ഇഡിക്ക് വലിയ മിടുക്കാണ്.'
ഭരണഘടനാഭേദഗതി പാസാകുന്നതോടെ, പോലീസിലെ / അന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍മതി ഒരു മന്ത്രിയുടെ രാഷ്ട്രീയഭാവി ഇല്ലാതാവാന്‍. അതും നിഷ്പക്ഷമായ വിചാരണ നടക്കുന്നതിനും കോടതി കുറ്റക്കാരനെന്നു കണ്ടെത്തുന്നതിനുംമുന്‍പ്! ഭരിക്കുന്നവര്‍തന്നെ കുറ്റവും ശിക്ഷയും വിധിക്കുന്ന സ്ഥിതി! അനന്തരഫലമോ, കുറ്റമില്ലാ ശിക്ഷയും, ശിക്ഷയില്ലാ കുറ്റവും (ഭരിക്കുന്നവരുടെ സ്വന്തക്കാര്‍ കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടുന്നത് അപൂര്‍വമാണല്ലോ). ഇത് ഭരണഘടനയുടെയും സാമാന്യനീതിയുടെയും നിഷേധവുമാണ്. ഒരാള്‍ കുറ്റക്കാരനാണെന്ന് തെളിയുംവരെ നിരപരാധിയാണെന്ന പൊതുതത്ത്വത്തിന്റെ നഗ്‌നമായ ലംഘനം. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇതിന്റെ പ്രയോഗം നടക്കാന്‍ പോകുന്നത് എന്നതിനാല്‍ ഇത് ഫെഡറലിസത്തിന്റെ അന്തസ്സത്തയ്ക്ക് നിരക്കാത്തതുമാണ്. ഇപ്പോള്‍തന്നെ ഗവര്‍ണര്‍മാരുടെ അതിരുവിട്ടുള്ള രാഷ്ട്രീയ ഇടപെടല്‍ നിമിത്തം പല സംസ്ഥാനങ്ങളിലും പ്രതിപക്ഷസര്‍ക്കാരുകള്‍ക്ക് നേരാംവണ്ണം ഭരിക്കാനാവുന്നില്ലെന്നത് പകല്‍പോലെ വ്യക്തമാണ്.
ഈ പശ്ചാത്തലത്തില്‍ പുതിയ നിയമം പ്രതിപക്ഷപ്രവര്‍ത്തനത്തെയും അവര്‍ നയിക്കുന്ന സര്‍ക്കാരുകളെയും ബാധിക്കുമെന്നുവേണം കരുതാന്‍. പ്രതിപക്ഷപ്രവര്‍ത്തനത്തെ വിമതപ്രവര്‍ത്തനമായി കാണുന്നത് അത്യന്തം അപകടകരമാണ്. പ്രതിപക്ഷമെന്നത് രാഷ്ട്രീയവൈരത്തിനപ്പുറം, വ്യത്യസ്തമായൊരു സാമൂഹിക-രാഷ്ട്രീയ കാഴ്ചപ്പാടാണ്. ഈ തിരിച്ചറിവ് പൊതുസമൂഹത്തിനെന്നപോലെ ഭരണപക്ഷത്തിനും ഉണ്ടാകേണ്ടിയിരിക്കുന്നു. കാരണം ഇന്നത്തെ ഭരണപക്ഷമാണല്ലോ നാളത്തെ പ്രതിപക്ഷം.
(രാഷ്ട്രീയനിരീക്ഷകനും കേരള സര്‍വകലാശാലയിലെ മുന്‍ രാഷ്ട്രമീമാംസാ അധ്യാപകനുമാണ് ലേഖകന്‍)
Content Highlights: 130th constitutional ammendment bill ruling party opposition democracy