പുരുഷ നൃത്തമായ കുച്ചിപ്പുടി സ്ത്രീകള്‍ കളിക്കുന്നില്ലേ |മോഹിനിയാട്ടം പുരുഷന്‍ കളിച്ചാലെന്താ?

സംഗീത പ്രസാദ്
സംഗീത പ്രസാദ്

തൃശ്ശൂർ: കുച്ചിപ്പുടി പുരുഷന്‍മാരുടെ മാത്രം നൃത്തമായിരുന്നതില്‍ നിന്ന് സ്ത്രീ വേഷം കെട്ടി സ്ത്രീകളും കളിക്കാന്‍ തുടങ്ങിയപോലെ മോഹിനിയാട്ടം പുരുഷവേഷത്തില്‍ പുരുഷനും കളിക്കാമെന്ന് കലാമണ്ഡലം മോഹിനിയാട്ടം ഡിഗ്രി വകുപ്പ് മേധാവി സംഗീത പ്രസാദ്. മോഹിനിയാട്ടം പുരുഷന്‍ കളിച്ചാലെന്താ എന്ന മാതൃഭൂമി ഡോട്ട്കോമിന്റെ ചര്‍ച്ചയുടെ ഭാഗമായി പ്രതികരിക്കുകയായിരുന്നു അവര്‍.

മോഹിനിയാട്ടത്തില്‍  പുരുഷന്മാര്‍ സ്ത്രീവേഷം കെട്ടിയാടുന്നതിനേക്കാള്‍ പുരുഷവേഷത്തോടെ അവതരിപ്പിക്കുമ്പോള്‍ അത് രംഗത്തു അവതരിപ്പിക്കുന്ന കലാകാരനും കാണുന്ന പ്രേക്ഷകനും കൂടുതല്‍ സ്വീകാര്യത തോന്നും.  കുച്ചിപ്പുടി പുരുഷന്‍മാരുടെ മാത്രം നൃത്തമായിരുന്നതില്‍ നിന്ന് സ്ത്രീ വേഷം കെട്ടി സ്ത്രീകളും കളിക്കാന്‍ തുടങ്ങിയപോലെ ഇപ്പോഴത്തെ പല പുരുഷ കലാകാരന്മാരും പുരുഷവേഷത്തിലാണ് മോഹിനിയാട്ടം അവതരിപ്പിക്കുന്നത്", സംഗീത പ്രസാദ് പറയുന്നു. സത്യത്തില്‍  ഈ കല സ്ത്രീകള്‍ മാത്രം ചെയ്യേണ്ടതോ പുരുഷന്‍ ചെയ്യേണ്ടതോ  തൊലി വെളുപ്പോ കറപ്പോ ഉളളവര്‍  ചെയ്യേണ്ടതോ എന്നൊന്നുമല്ല ചര്‍ച്ചയാകേണ്ടത്. സാമാന്യബുദ്ധിയുള്ളവര്‍ ഇതൊന്നുമല്ല ഒരു കല ആസ്വദിക്കുമ്പോള്‍ ശ്രദ്ധിക്കുന്നത്. ഈ കലയില്‍ കൂടി എങ്ങിനെ മനുഷ്യന്റേ  കണ്ണിനും കാതിനും മനസ്സിനും വിനോദം നല്‍കാം, അതിനായി എങ്ങിനെ ഇത്തരം കലകളില്‍ കലാംശവും നല്ല ആശയങ്ങളും ഉള്‍ച്ചേര്‍ത്ത് ജനസ്വീകാര്യത കൂടുതല്‍ വര്‍ദ്ധിപ്പിക്കാം എന്നതാണെന്നും സംഗീത കൂട്ടിച്ചേര്‍ത്തു.
 

Content Highlights: kalamandalam sangeetha prasad, artist mohiniyattam performance, purushanmohiniyattamkalichalentha