31 വര്‍ഷത്തെ ജയില്‍വാസവും 154 ചാട്ടവാറടിയും; ജയിലറയ്ക്കുള്ളിലെ പോരാട്ടവീര്യത്തിന് ലോകത്തിന്റെ ആദരം

2023-ലെ സമാധാന നോബേല്‍ നർഗേസ് മൊഹമ്മദിയെ തേടിയെത്തുമ്പോള്‍ അവര്‍ കടന്നുപോവുന്നത് കലുഷിതമായ ജീവിത ചുറ്റുപാടുകളിലൂടെയാണ്. ഇറാനിയന്‍ മനുഷ്യവകാശ പ്രവര്‍ത്തകയായ നർഗേസ് തന്റെ രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ പോരാട്ടം നടത്തിയതിന് ജയിലിലാണ്. 13 തവണയാണ് നർഗേസിനെ ഇറാനിയന്‍ ഭരണകൂടം അറസ്റ്റ് ചെയ്തത്. അഞ്ചു തവണ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ അവര്‍ക്ക് 31 വര്‍ഷത്തെ ജയില്‍വാസവും 154 ചാട്ടവാറടികളുമാണ് ലഭിച്ച ശിക്ഷ. അമ്പത്തൊന്നുകാരികാരിയായ അവര്‍ ടെഹ്‌റാനിലെ ഇവിന്‍ ജയിലിലാണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ 12 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുയാണ് ഇപ്പോള്‍. അഞ്ചു മിനിറ്റ് മാത്രം നീണ്ടുനിന്നതായിരുന്നു ഇവരുടെ വിചാരണയെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. അതില്‍നിന്ന് തന്നെ അവരോട് ഭരണകൂടം കാണിക്കുന്ന നീതികേട് വ്യക്തമാണ്.
നീതിക്ക് വേണ്ടി പോരാടിയപ്പോള്‍ അവര്‍ക്ക് നഷ്ടമായത് മികച്ച ജോലി, കൂടുംബം, ആരോഗ്യം തുടങ്ങി വിലപ്പെട്ട സ്വകാര്യ ജീവിതമാണ്. സ്വന്തം മക്കളുടെ ശബ്ദം പോലും കേട്ടിട്ട് നാളുകളേറെയായി. ഇരട്ട സന്തതികളായ കിയാനയ്ക്കും അലിക്കും എട്ട് വയസുള്ളപ്പോളാണ് നർഗേസ് അവരെ അവസാനമായി കാണുന്നത്. അതിന് ശേഷം നേരിട്ട് കാണാന്‍ സാധിച്ചിട്ടില്ല. നർഗേസിന്റെ ഭര്‍ത്താവിനൊപ്പം പാരിസിലാണ് അവരിപ്പോഴുള്ളത്. ഇടയ്ക്ക് മാത്രം വീഡിയോ കോളില്‍ കണ്ടിരുന്നെങ്കിലും വിലക്കുകളുടെ പേരില്‍ ആ സാധ്യതയും അടഞ്ഞു.
Content Highlights: nobel peace prize 2023 narges mohammadi life