ഒളിച്ചിരുന്ന് സഹപാഠികളുടെ എച്ചിൽ തിന്നു, സ്വവർഗ്ഗരതിയുടെ നീറുന്ന ഓർമ്മകൾ | അതിജീവനം 109

കനകകുന്നിലെ മുളങ്കൂട്ടത്തിന് താഴത്തെ വേദിയും സജീവം. തീച്ചൂളയായിരുന്ന ജീവിതത്തെ കുറിച്ച് സംസാരം. അനുഭവങ്ങളുടെ കനൽ ചൂടേറ്റെന്നപോൽ മുളകൾതമ്മിൽ പതിയെ ഉരസി. നീളൻ ഇലകൾ നിശബ്ദമായി ചെവിയോർത്തു. മുന്നിലെ പേരാലിലേക്ക് കൂടുതൽ ചേർന്ന് അവ ഒറ്റമരമായ പോലെ. താഴെ മുഹമ്മദ് അബ്ബാസ് എന്ന മനുഷ്യൻ ചുരുങ്ങിയ വാക്കുകളിൽ ജീവിതാനുഭവങ്ങളുടെ ഭാണ്ഡക്കെട്ടഴിച്ചു. തിങ്ങി കൂടിയ താടിരോമങ്ങളിൽപോലും കഥ പുറത്തുചാടാൻ വെമ്പുന്നു. മുഖപേശികൾ ജീവിതവഴികൾക്കനുസരിച്ച് ചുരുങ്ങിയും വികസിച്ചും വരുന്നു.
പുറകിലെ സ്ക്രീനിൽ വിഷയം തെളിഞ്ഞു, 'ജീവിതമെനിക്കൊരു തീച്ചൂളയായിരുന്നപ്പോൾ'. അതിപ്പോഴും അങ്ങനെത്തന്നെയാണല്ലോ എന്ന മട്ടിൽ അബ്ബാസ് ഒന്നു തിരഞ്ഞുനോക്കിയ ശേഷം അമർന്നിരുന്നു. മൈക്ക് കയ്യിലെടുത്ത്, എന്റെ അനുഭവങ്ങൾ തികച്ചും സാധാരണമാണ് എന്നു മാത്രം പറഞ്ഞു. താടിക്കുള്ളിൽ ഒളിപ്പിച്ചുവച്ച ഒരു ചെറുചിരിയോടെ അയാൾ കേൾവിക്കാരനായി. ചുറ്റിലുമുള്ള ആൾക്കൂട്ടം കേൾക്കാൻ കൊതിച്ചെങ്കിലും പറയാനുള്ളത് വായിച്ചു കഴിഞ്ഞല്ലോ എന്ന് അൽപ്പം പരിഭ്രമത്തോടെ പറഞ്ഞു. ഏതൊരു മനുഷ്യനും ഒരുകാലത്തും തീച്ചൂളയ്ക്ക് പുറത്തല്ലെന്ന് നിശബ്ദമായി പറയാതെ പറഞ്ഞ പോലെ അയാൾ ഇരുന്നു.
ചെറുകാറ്റിൽ മുളങ്കൂട്ടങ്ങളും ആ മനുഷ്യനിലേക്ക് ചാഞ്ഞ പോലെ. തെന്നിമാറിയ മുളം ചില്ലകൾക്കുള്ളിലൂടെവന്ന സൂര്യപ്രകാശം അബ്ബാസിനെയാകെ പൊതിഞ്ഞു. കൈത്തണ്ടയിൽ പറ്റിപ്പിടിച്ചിരിക്കുന്ന പെയിന്റിന്റെ ഒരു തുണ്ട് പ്രകാശമേറ്റ് തിളങ്ങി. കനകകുന്നിലേക്കുള്ള വണ്ടി കയറുന്നതിന് മുൻപ് വരെ പെയ്ന്റിങിന് പോയെന്ന് അദ്ദേഹം പറഞ്ഞത് ഓർമ്മയിൽ വന്നു. വേദിയിലും ആ കണ്ണുകൾ മറ്റെന്തോ തിരഞ്ഞു. തലേദിവസം ഹൃദയംകൊണ്ടു കേട്ട അബ്ബാസിന്റെ ജീവിതാനുഭവത്തെ ഒരിക്കൽകൂടി ഓർത്തെടുത്തു...
ഓർമ്മകൾ നീറുന്ന ഗ്രാമം
കണ്ണകി കോവിലനെ രക്ഷിക്കാനുള്ള ഒറ്റച്ചിലമ്പുമായി ഓടിയ വഴി കാലം പെരുംചിലമ്പെന്ന് അടയാളപ്പെടുത്തി. ആ ഗ്രാമത്തിലേക്കാണ് കുടിയേറ്റ മനുഷ്യർക്കൊപ്പം സൈനബയും തത്രംപള്ളി മുഹമ്മദും രേഖകളേതുമില്ലാതെ എത്തിയത്. സമീപത്തുതന്നെ പള്ളിയും ഖബറിസ്ഥാനും മദ്രസയും ഉണ്ടായി. അരവയർ നിറയാത്ത തുച്ഛമായ കൂലിയിലും ആ മനുഷ്യർ സമൂഹ്യജീവിതത്തിനായി കല്ലുപടുത്തു. പത്തു മക്കളിൽ എട്ടാമനാണ് അബ്ബാസ്.
മഴയ്ക്കൊപ്പം ഓലച്ചീന്തിന് ഉള്ളിലൂടെ ഇരച്ചെത്തുന്ന വെള്ളത്തിൽ പന്ത്രണ്ട് ജീവനുകൾ കണ്ണടക്കാതെ സ്വപ്നം കണ്ടു. മാറിയുടുക്കാൻ മറ്റൊന്ന് ഇല്ലാത്ത കാലമാണത്. പഞ്ഞ മാസത്തിൽ അന്നം പിന്നെയും ചുരുങ്ങും. കഞ്ഞിയെന്നു പറഞ്ഞു വിളമ്പുന്ന കലക്കവെള്ളത്തിൽ ഒരു വറ്റുകിട്ടിയാൽ അന്നത് ലോട്ടറിയാണ്. ഉമ്മയ്ക്ക് ആ വെള്ളവും ഉണ്ടാവാറില്ല.
കാലം ഏറെ മുന്നോട്ടുപോയപ്പോൾ അതിർത്തികൾ മാറ്റിവരയ്ക്കപ്പെട്ടു. പെരുംചിലമ്പ് കന്യാകുമാരിയുടെ ഭാഗമായി. സ്കൂളിൽ കുട്ടികൾ തികയാതെ വന്നപ്പോൾ മൂന്നാം വയസ്സിൽ അബ്ബാസും ഹാജർ പട്ടികയുടെ ഭാഗമായി. എട്ടാം ക്ലാസ്സുവരെ തമിഴ് പ്രധാന വിഷയമായി പഠിച്ചു. തന്തൈ പെരിയൊരെ മനസിൽ പ്രതിഷ്ഠിച്ച മുത്തയ്യൻ മാഷാണ് ഏറെ പ്രിയപ്പെട്ടവൻ. വിശപ്പ് സഹിക്കാവുന്നതിലും അപ്പുറമാവുന്ന ദിവസങ്ങളിൽ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന് സഹപാഠികളുടെ എച്ചിൽ തിന്നും. മാഷാണ് ഒരിക്കൽ അത് കണ്ടുപിടിച്ചത്. അന്ന് അബ്ബാസിന്റെ കൈപിടിച്ച് തിരികെ സ്കൂളിലേക്ക് നടന്ന വഴിയിൽ മാഷിന്റെ കണ്ണീർ ആ കുഞ്ഞു കയ്യിൽ തുടരെ വീണു. അടുത്ത ദിവസം മുതൽ തൈരുസാധവും ഒരുപൊതി ചോറും ആ മനുഷ്യൻ അബ്ബാസിന്റെ കുഞ്ഞ് ആമാശയത്തിനായി കരുതി.കാലംപിന്നെയും വ്യത്യസ്ത പരീക്ഷണങ്ങളുമായി കുടുംബത്തെ തേടിയെത്തി. ഒരു സന്ധ്യയിൽ വീട്ടുമുറ്റത്ത് വന്നുനിന്ന ലോറി ഇന്നും അബ്ബാസിന്റെ കണ്ണിലുണ്ട്. പതിമൂന്നുകാരനും കുടുംബവും ആ മണ്ണിൽനിന്നു വേരുതേടി പുറപ്പെട്ടു. ഗ്രാമം നീറ്റലോടെ അബ്ബാസിനൊപ്പം ആ കാഴ്ച്ചയ്ക്ക് മുന്നിൽ മിഴിനിറച്ചു.
അക്ഷരങ്ങളുടെ കയറ്റിറക്കങ്ങൾ
തീർത്തും അപരിചിതമായ മലയാളനാട്ടിൽ ജീവിതത്തിന്റെ കൊടിനാട്ടി. വീട്ടിൽ സംസാരിക്കുന്നത് മലയാളമാണെങ്കിലും എഴുതാനും വായിക്കാനും അറിയില്ല. മറ്റൊരു ഗ്രഹത്തിലെ ജീവികളെപ്പോലെയാണ് ആ നാട് വരവേറ്റത്. അന്നാദ്യമായാണ് അണ്ണാച്ചി എന്ന വിളിക്ക് പരിഹാസത്തിന്റെ ക്രൂരമായ നീറ്റലുണ്ടെന്ന് തിരിച്ചറിഞ്ഞത്. പിന്നീടത് പലകുറി ആവർത്തിച്ചു.
മലയാളമറിയാത്ത പതിമൂന്നുകാരനെ രണ്ടാം ക്ലാസ്സിൽ ചേർക്കാനെ പറ്റൂ എന്ന പ്രധാന അധ്യാപകന്റെ വാശിയിൽ പഠനം നിലച്ചു. മലയാളം ബാലികേറാ മലയായി. ബസ്സിന്റെ ബോർഡു വായിക്കാൻ പോലും കഴിയാതെ പലതവണ വഴിതെറ്റി. തീർത്തും അസ്വസ്ഥമായ മനസ്സുമായി ആ കുട്ടി രാപ്പകൽ തള്ളിനീക്കി. ഒടുവിൽ കയ്യിൽ കിട്ടിയ പണവുമായി കോഴിക്കോടേക്ക് നാടുവിട്ടു. കേട്ടുമാത്രം ശീലിച്ച നഗരത്തിന് നടുവിൽ ഒറ്റയായി.
ഇരുട്ടു പരന്നാൽ മനുഷ്യരുടെ മുഖപടം പൊഴിഞ്ഞ് മറ്റൊന്നായി മാറുമെന്നതാണ് നഗരം പഠിപ്പിച്ച ആദ്യപാഠം. സ്വവർഗ്ഗരതിയുടെ നീറുന്ന ഓർമ്മകൾ ഇന്നും ആ മനസ്സിനെ ഉലക്കുന്നുണ്ട്. അക്ഷരങ്ങൾ പഠിക്കാനുള്ള ത്വര ഭ്രാന്തമായി മൂർച്ഛിച്ചതും അക്കാലത്താണ്. ഹോട്ടൽ പണിക്കിടെ അക്ഷരങ്ങളെ സ്വന്തമാക്കാൻ തുടിച്ച നാളുകൾ. നോവിന്റെ കണ്ണീരു കണ്ടത് ഗാമയെ ആദ്യം കണ്ട കോഴിക്കോട്ടെ കടലും മണൽത്തരികളും മാത്രം. അവിടെയാണ് ലക്ഷ്മിചേച്ചിയെയും സൈനത്തയെയും കണ്ടുമുട്ടുന്നത്. ശരീരത്തിന്റെ സാധ്യതകളിൽ അന്നം കണ്ടെത്തുന്ന പാവം സ്ത്രീ. മണൽപരപ്പിൽ കയറ്റിയിട്ട തോണിക്കു മുകളിൽ കീറു കടലാസിൽ അവർ 'കടൽ' എന്നെഴുതി. അതിനു താഴെ ആവർത്തിച്ചെഴുതാൻ പറഞ്ഞ് അത് പഠിപ്പിച്ചു. കടലിനേക്കാൾ ആഴം ചില മനുഷ്യർക്കുണ്ടെന്ന് അന്ന് അബ്ബാസിന് വെളിപ്പെട്ടു.
അവിചാരിതമായി കണ്ടുമുട്ടിയ അമ്മാവൻ ജീവിതത്തിലേക്ക് കൈതന്നു. റബ്ബർ തോട്ടത്തിൽ പണിയും കിടക്കാൻ ഒറ്റയ്ക്കൊരു ഇടവും ലഭിച്ചു. ഒഴിവുസമയങ്ങളിൽ അക്ഷരത്തെ ചേർത്തുവച്ചു. വായന ആഹാരം പോലെയാക്കി. കിട്ടിയതെല്ലാം വായിച്ചു. കെട്ടുപിണഞ്ഞ് കിടക്കുന്ന അക്ഷരങ്ങൾ മനസ്സിൽ പതിഞ്ഞെങ്കിലും എഴുതി തുടങ്ങാൻ പിന്നെയും കാലങ്ങളെടുത്തു.
അനുഭവങ്ങളിലേക്ക് ചാഞ്ഞ അക്ഷരങ്ങൾ
വായിച്ചു പുലർന്ന ദിവസങ്ങൾ ആവർത്തനമായി എഴുത്ത് ഒരു ശീലമാക്കി. മനസ്സിനെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോയപ്പോൾ ഡോക്റ്റർ അവസാനിപ്പിക്കാൻ പറഞ്ഞു. അതുവരെ എഴുതി ചാക്കിൽ സൂക്ഷിച്ചത് ഉമ്മ എടുത്ത് കത്തിച്ചു. ഒടുവിൽ മനസ്സുവീണ്ടെടുക്കാൻ സഹായിച്ചതും അതേ അക്ഷരങ്ങൾതന്നെ.
ഫേസ്‌ബുക്കിൽ നിന്നും വീണ്ടും കടലാസിലേക്ക് എഴുതി തുടങ്ങി.
അനുഭവങ്ങൾ ഒന്നിനു പുറകെ ഒന്നായി കോർക്കും, ഒട്ടും വെള്ളം ചേർക്കാതെ. ജീവിതത്തിൽ വന്നുപോയ ഓരോ സാധാരണക്കാരനെയും ആ എഴുത്തുകളിൽ കാണാം. ഇനിയും അത് തുടരാനാണ് ഇഷ്ടമെന്ന് പറയുമ്പോൾ അബ്ബാസിന്റെ കണ്ണാഴങ്ങളിൽ ഓർമ്മകൾ ഇരമ്പി. ഒരു മണിക്കൂർ കാറ്റുപോലും കാതോർത്ത വേദിവിട്ട് അബ്ബാസ് നിശബ്ദമായിതന്നെ ഇറങ്ങി. എങ്ങനെ എഴുതണമെന്നല്ല ആർക്കുവേണ്ടി എഴുതണം എന്നു ഇതിനോടകം അയാൾ മലയാളത്തിന് പരിചിതമാക്കിയിട്ടുണ്ട്.
Content Highlights: Mohammad Abbas life