മോദി ദത്തെടുത്ത ഗ്രാമം; പ്ലാസ്റ്റിക് ഷീറ്റിനു താഴെയുള്ള കട്ടിൽ,ഒറ്റമുറിവീടുകൾ | Reporter's diary

ഗംഗാ നദിയോരത്ത് നില്‍ക്കുന്നു. ഗംഗ നിറഞ്ഞൊഴുകുന്നില്ല, വേനല്‍ തീര്‍ത്ത മണല്‍ത്തിട്ടകള്‍ എല്ലായിടത്തും കാണാം. നദിയോരത്ത് ആയിരക്കണക്കിന് കെട്ടിടങ്ങള്‍ അടുക്കിവെച്ചപോലെ. ഗംഗാ ആരതിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടില്ല. സൂര്യാസ്തമയമാകുമ്പോഴേക്ക് കാശിയിലെ ഗംഗാതീരത്ത് ആയിരങ്ങള്‍ തടിച്ചുകൂടും. വിളക്കും വെളിച്ചവും പാട്ടും പൂവുമെല്ലാമായി ഗംഗ പൂജയ്‌ക്കൊരുങ്ങുന്നതും ആരതി സ്വീകരിക്കുന്നതും ആസ്വദിച്ചവര്‍ നില്‍ക്കും. അതിനപ്പുറത്ത് കാശി വിശ്വനാഥ ക്ഷേത്രം. തൊട്ടടുത്ത് ഗ്യാന്‍വാപി പള്ളി. ആള്‍ത്തിരക്കുള്ള, ഇടുങ്ങിയ വഴികളിലൂടെ ഞെങ്ങിഞെരുങ്ങി ആളുകള്‍ ആരതി കണ്ട് മടങ്ങും. ക്ഷേത്രനഗരമായതുകൊണ്ട് നടപ്പിലാക്കപ്പെട്ട വികസനപ്രവര്‍ത്തനങ്ങള്‍ കാശിയെ, വാരാണസിയെ അല്പംകൂടി സൗകര്യമുള്ളതാക്കി മാറ്റി. പക്ഷേ, ഗംഗയുടെ ആ തീരത്തല്ല ഞാന്‍ നില്‍ക്കുന്നത്. ഇപ്പുറത്താണ്. ആരതിയും ആരവവും ദിനേന ആള്‍ക്കൂട്ടവുമില്ലാത്ത തീരത്ത്, ദോംറി ഗ്രാമത്തില്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമാണ് വാരാണസി. അവിടെ മാതൃകാ ഗ്രാമമാക്കി മാറ്റാനായി മോദി ദത്തെടുത്ത ഗ്രാമം, ദോംറി. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ വാരാണസിയിലെ എട്ട് ഗ്രാമങ്ങള്‍ മോദി ദത്തെടുത്തിട്ടുണ്ട്. വീട്, റോഡ്, വിദ്യാലയം, വെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യ വികസനങ്ങള്‍ മെച്ചപ്പെട്ട നിലയില്‍ സാധ്യമാക്കും എന്നതാണ് 'സന്‍സദ് ആദര്‍ശ് ഗ്രാം യോജന'യുടെ ഉദ്ദേശ്യം.
മോദി എങ്ങനെയാണ് ആദര്‍ശ ഗ്രാമങ്ങളുണ്ടാക്കിയത്? ദോംറി ഗ്രാമം പറഞ്ഞുതരും
പാലത്തിലൂടെ ഗംഗ കടന്ന് പാലത്തിന് വശത്തെ റോഡിലൂടെ മുന്നോട്ട്. രണ്ടര മീറ്ററോളം വീതിയുള്ളൊരു ടാറിട്ട വഴി. കുടിലുകളും ഇഷ്ടിക കെട്ടിയ ചെറു വീടുകളുമുണ്ട്, സിമന്റുതേച്ച പെയിന്റ് പൂശിയ നല്ല വീടുകളും കാണാം. വലതുവശത്തെ സമൂസക്കടയുടെ പിറകിലെ മതിലിനുള്ളില്‍ ഒറ്റനിലയിലുള്ള രണ്ടുമൂന്ന് കെട്ടിടങ്ങള്‍. ചുവരില്‍ പുതുതായി കുറേ ചിത്രങ്ങള്‍ വരച്ചുവെച്ചിട്ടുണ്ട്, ഇതാണ് ഗ്രാമത്തിലെ പൊതുവിദ്യാലയം. അല്പംകൂടി മുന്നോട്ടുപോയി റോഡരികിലെ പെട്ടിക്കടയ്ക്ക് മുന്നില്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍ത്തി. പലതരം മിഠായികള്‍ വില്‍ക്കുന്ന കുഞ്ഞു കട. കട നടത്തുന്ന പ്രായം ചെന്നയാളോട് സ്‌നേഹാദരവോടെ സംസാരിച്ച് രണ്ട് കൗമാരക്കാരിരിപ്പുണ്ട്. മേയിലെ കൊടുംചൂട് എല്ലാവരെയും ബാധിച്ചിരിക്കുന്നു. കടയുടെ മുന്നില്‍ സിമന്റ് ബെഞ്ചില്‍വെച്ച കന്നാസില്‍നിന്ന് ആ കൗമാരക്കാര്‍ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നു.
''മോദിയുടെ ആദര്‍ശ ഗ്രാമമല്ലേയിത്?''
''അതെ.''
''നല്ല മാറ്റം വന്നോയിവിടെ?''
''വീട് കിട്ടി, വെള്ളം കിട്ടി, റേഷന്‍ കിട്ടി,'' ആ കട നടത്തിപ്പുകാരനാണ് മറുപടി പറഞ്ഞത്.
''വീട് കിട്ടി, പക്ഷേ, രണ്ടര ലക്ഷം രൂപകൊണ്ട് എങ്ങനെ വീടുണ്ടാക്കാനാണ്?'' 17 വയസ്സുകാരന്‍ അങ്കിതിന്റെ ചോദ്യം. ''വീട് കിട്ടിയത് നല്ല കാര്യമാണ് പക്ഷേ, സാധനങ്ങളും കൂലിയുമൊക്കെ വേണ്ടേ? എങ്ങനെയാണ് രണ്ടര ലക്ഷം രൂപ കൊണ്ട് വീടുണ്ടാക്കുക?'' അങ്കിത് തുടര്‍ന്നു.
''വീടെവിടെയാ, ഒന്ന് കാണിച്ച് തരാമോ?''
കടക്കാരന്‍ മുത്തശ്ശനോട് യാത്ര പറഞ്ഞ് അങ്കിതും കൂട്ടുകാരനും മുന്നില്‍ നടന്നു. പിന്നാലെ ഞങ്ങളും. റോഡില്‍നിന്ന് താഴേക്കിറങ്ങിയുള്ള നടവഴി. ഇരുവശങ്ങളിലെയും ഇരുപതിലധികം വീടുകള്‍ കടന്നുപോയി അങ്കിത് ഒരു കടയ്ക്ക് മുന്നില്‍ നിന്നു.
''ഇതാണ്'' അവന്‍ ചൂണ്ടിക്കാട്ടി.
''ഇത് കടയല്ലേ, വീടല്ലല്ലോ?''
''ഇത് തന്നെ വീട്, മുന്നില്‍ കടയാണെന്നേയുള്ളൂ.''
അങ്കിതിന്റെ അമ്മ സീതയാണ് കട നടത്തുന്നത്.
ഒരടി വലുപ്പത്തിലുള്ള വെളുത്ത മാര്‍ബിളില്‍ കറുത്ത പെയിന്റില്‍ എഴുതിയ ബോര്‍ഡ് വീടിന് മുന്നില്‍ത്തന്നെ വെച്ചിട്ടുണ്ട്.
''പ്രധാനമന്ത്രി ആവാസ് യോജന.'' പിന്നെ വീട്ടുകാരുടെ വിലാസവും, പദ്ധതി നമ്പറും. ഒരു മുറി, ഒരു ഹാള്‍, അടുക്കള. ഇതാണ് വീട്ടിനുള്ളിലെ സൗകര്യം. ഒരു മുറികൂടിയെടുത്ത് പണി പൂര്‍ത്തിയാക്കാനുള്ള ആഗ്രഹം സീത കടയിലിരുന്ന് പറഞ്ഞു. ഏതാണ്ട് നാലഞ്ച് പേരോട് കടയ്ക്കുമുന്നില്‍നിന്ന് സംസാരിച്ചു. ''വീട് കിട്ടി, വെള്ളം കിട്ടി, റേഷന്‍ കിട്ടി, ആയുഷ്മാന്‍ ഭാരത് ഉണ്ട്, ഗ്യാസ് കിട്ടി'' മിക്കവരുടെയും പറച്ചിലിന് ഒരേ ടോണ്‍. പല വീടുകളുടെയും മുകളില്‍ ബി.ജെ.പി.യുടെ കൊടി പാറുന്നുണ്ട്. അല്പംകൂടി മുന്നോട്ടുനടന്നു. ഇഷ്ടിക കെട്ടിയ ചുവരിനിടയിലെ ഒഴിഞ്ഞ സ്ഥലത്തുനിന്ന് ഒരു കുഞ്ഞും അമ്മയും ഞങ്ങളെത്തന്നെ നോക്കിനില്‍ക്കുന്നു.
ഞങ്ങളവിടേക്ക് നടന്നു. ''ചേച്ചീ, പേരെന്താ?''
''ഗുഡിയാദേവി, നോക്കൂ... എനിക്ക് വീട് കിട്ടിയിട്ടില്ല.''
ഇത്രയുംനേരം അവര്‍ ഞങ്ങളെ നോക്കിനിന്ന, ഇഷ്ടികക്കെട്ടിന്റെ ആ ഒഴിഞ്ഞ വിടവ് ഗുഡിയാദേവി ഇപ്പോള്‍ താമസിക്കുന്നിടത്തേക്കുള്ള വാതിലാണ്. അതിലൂടെ ഉള്ളിലേക്ക് നോക്കി. മേല്‍ക്കൂരയില്ല, അപ്പുറത്തെ വീടിന്റെ മുകളില്‍ കെട്ടിയ ബി.ജെ.പി. കൊടി പാറിക്കളിക്കുന്നത് കാണാം. പാതിയും നിറച്ചും വെള്ളമെടുത്തുവെച്ച കുറച്ച് പാത്രങ്ങള്‍. അവിടിവിടായി കിടക്കുന്ന വസ്ത്രങ്ങള്‍. കുറച്ച് ഇഷ്ടികക്കഷണങ്ങള്‍.
''അകത്തേക്ക് കയറിക്കോട്ടെ?''
''വരൂ,'' ഗുഡിയാദേവിയും രണ്ട് ചെറിയ മക്കളും മൂന്ന് പടികള്‍ കയറി അവരുടെ താമസസ്ഥലത്തെ ഏക മുറിക്ക് മുന്നില്‍ നിന്നു.
''ഞങ്ങള് പല തവണ ഫോം കൊടുത്തു. പക്ഷേ, വീട് കിട്ടിയില്ല. ഞങ്ങള്‍ക്ക് കക്കൂസില്ല. ദാ, നോക്കൂ ഇത് ഞങ്ങൾ മെല്ലെ മെല്ലെ പണിയുന്നതാണ്.''
പണി പാതിയിലായിക്കിടക്കുന്ന രണ്ട് കുഞ്ഞ് മുറികള്‍ അവര് ചൂണ്ടിക്കാണിച്ചു.
''കക്കൂസാണ്, ക്ലോസെറ്റ് വെക്കാനൊന്നും പറ്റിയിട്ടില്ല. ഞങ്ങള് പാവങ്ങളല്ലേ, മെല്ലെയല്ലേ പണിയാന്‍ പറ്റൂ?''
''അപ്പൊ നിങ്ങളെവിടെയാണിപ്പോള്‍ പോകുന്നത്?''
''ഞാന്‍ പാടത്ത് പോയാണ് വെളിക്കിരിക്കുന്നത്. കുഞ്ഞുങ്ങളും എന്റെകൂടെ പാടത്തേക്ക് വരും.''
''ഭര്‍ത്താവെവിടെ?''
''അദ്ദേഹം സൈക്കിള്‍റിക്ഷക്കാരനാണ്. പണിക്ക് പോയി, അനില്‍ സഹാനിയെന്നാണ് പേര്. കക്കൂസ് കിട്ടാനൊരായിരം തവണ ആധാര്‍ കാര്‍ഡ് കൊടുത്തതാണ്. പക്ഷേ, ഞങ്ങള്‍ക്ക് കിട്ടിയില്ല. ഉള്ളവര്‍ക്കുതന്നെ വീണ്ടും വീണ്ടും കൊടുക്കും. ഇല്ലാത്തവര്‍ക്ക് കിട്ടുന്നുമില്ല.''
ഉത്തരേന്ത്യയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പലയിടത്തും കക്കൂസും കുളിമുറിയുമൊന്നും കാണാന്‍ പറ്റില്ല. പക്ഷേ, വാരാണസിയിലെ ഈ ഗ്രാമത്തെ ആ ഗണത്തില്‍ പെടുത്തേണ്ടതില്ല. രാജ്യത്തിനാകെ മാതൃകയാക്കാനായി മോദി ദത്തെടുത്ത ഗ്രാമമാണ്. ഇവിടത്തെ പുരോഗതി കണ്ടാണല്ലോ മറ്റ് നാടുകള്‍ അനുകരിക്കേണ്ടത്. പക്ഷേ, ഗുഡിയാദേവിയും കുടുംബവും കടന്നുപോകുന്ന ജീവിത സാഹചര്യം കണ്ടല്ലോ?
വീടും കക്കൂസും ഇല്ലാത്ത ഗുഡിയാദേവിക്ക് പൈപ്പിലൂടെ വെള്ളം കിട്ടുന്നുണ്ട്. ഉജ്ജ്വല്‍ യോജനപ്രകാരം ഗ്യാസ് കണക്ഷനും കിട്ടിയിട്ടുണ്ട്. ആകെയുള്ള കുഞ്ഞുമുറിയുടെ മൂലയില്‍ വെച്ച ഗ്യാസടുപ്പ് കാട്ടിത്തന്നശേഷം ഗുഡിയാദേവി പറഞ്ഞു:
''മോദിജി ജയിക്കുകയല്ലേ? ഞങ്ങള് പാവങ്ങള്‍ക്ക് വീടും കക്കൂസും തരൂ...'' ഗുഡിയാദേവിയോട് വിവരങ്ങള്‍ തിരക്കി പുറത്തിറങ്ങുമ്പോള്‍ ആ ഇടവഴിയില്‍ ഒരാള് കാത്ത് നില്‍ക്കുന്നു.
മാധുരി.
ചുരിദാറിന്റെ ഷാള്‍ തലയിലേക്ക് അല്പം കയറ്റിയിട്ട മെലിഞ്ഞ യുവതി: ''ഒന്നെന്റെകൂടെ വരൂ, എനിക്കും വീടില്ല. ഞങ്ങളെങ്ങനെയാണ് ജീവിക്കുന്നതെന്ന് കാണൂ.''
പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ ഒരു മുറ്റത്തേക്കാണവര്‍ ക്ഷണിച്ചത്. അവിടെയൊരു കട്ടില്‍. ഒരു കടയുടെ പരസ്യമുള്ള കുറേ തുണിസഞ്ചികള്‍ കട്ടിലില്‍ കൂട്ടിയിട്ടിട്ടുണ്ട്. അതിനടുത്ത് തയ്യല്‍ മെഷിന്‍. മാധുരിയുടെ തൊഴില് തുണിസഞ്ചി തയ്ക്കലാണ്. ഒരു സഞ്ചി തുന്നിയാല്‍ മൂന്ന് രൂപ കിട്ടും.
''ഇവിടെയാണ് ഞങ്ങള് കഴിയുന്നത്. മൂന്ന് കുട്ടികളും ഭര്‍ത്താവും അച്ഛനും.''
ഇടുങ്ങിയ രണ്ട് മുറികള്‍ മാത്രം ചൂണ്ടി മാധുരി പറഞ്ഞു. വരാന്തയോ ഹാളോ അടുക്കളയോ ഒന്നുമില്ല. പണ്ടെപ്പഴോ പണിത രണ്ട് കുഞ്ഞ് മുറികളും മുറ്റത്ത് വലിച്ചുകെട്ടിയ പ്ലാസ്റ്റിക് ഷീറ്റിന് താഴെയിട്ട കട്ടിലും. നേരത്തേ കാണിച്ച രണ്ട് മുറികളിലൊന്നിനുള്ളില്‍ത്തന്നെ ഗ്യാസ് സിലിന്‍ഡര്‍ വെച്ചിട്ടുണ്ട്.
''ഗ്യാസ് സര്‍ക്കാര് തന്നതാണോ?''
''അല്ല, ഞങ്ങള്തന്നെ വാങ്ങിയതാണ്.''
''വിലക്കൂടുതലല്ലേ? ആയിരം രൂപവരെയായി. ഗ്യാസ് തീരുമ്പൊ അടുപ്പില്‍ കത്തിക്കും, പിന്നെ പൈസയാകുമ്പൊ നിറയ്ക്കും. കുഞ്ഞുങ്ങള്‍ക്ക് രാവിലെ ഭക്ഷണം കൊടുക്കണ്ടേ, അവര്‍ക്ക് സ്‌കൂളില്‍ പോകാനുള്ളതല്ലേ?''
''കുട്ടികളൊക്കെ എവിടെയാണ് പഠിക്കുന്നത്?''
''അവര് ഇവിടത്തെ രാംചരണ്‍ സ്‌കൂളിലാണ്.''
''സര്‍ക്കാര്‍ സ്‌കൂളാണോ അത്?''
''അല്ല, അത് പ്രൈവറ്റാണ്. പക്ഷേ, മാസത്തില്‍ 150 രൂപയേ ഫീസുള്ളൂ. അവിടെയാ കുട്ടികളെ വിടുന്നത്''
''അതെന്താ സര്‍ക്കാര്‍ സ്‌കൂളില്‍ വിടാത്തത്?''
''നേരത്തേ അവിടെയായിരുന്നു. കുട്ടികളെ നന്നായി പഠിപ്പിക്കണ്ടേ? കുഞ്ഞുങ്ങളോട് അധ്യാപകര് നന്നായി പെരുമാറണ്ടേ? അതൊന്നുമവിടെയില്ല. അങ്ങനെയാ മാറ്റിച്ചേര്‍ത്തത്.''
കട്ടിലിന് മുകളില്‍ കൂട്ടിയിട്ട തുണികളില്‍നിന്ന് രണ്ടെണ്ണമെടുത്ത് മാധുരി തയ്യല്‍ മെഷീന് മുന്നിലിരുന്നു. തയ്ച്ച് തുടങ്ങി.
''മഴ വരാന്‍ പോകുകയല്ലേ? വീട് കിട്ടിയാല്‍ നല്ലതായിരുന്നു. ഇവിടെ വന്ന് ഫോമൊക്കെ എഴുതിപ്പോയിട്ടുണ്ട്. പക്ഷേ, വീട് കിട്ടിയില്ല.''
മാധുരി, ഗുഡിയാദേവി എന്നിങ്ങനെ ഒറ്റപ്പെട്ട ആള്‍ക്കാര്‍ക്ക് മാത്രമുള്ള പ്രശ്‌നമല്ല ഈ ഗ്രാമത്തില്‍ വീടിന്റെത്. വീട് കിട്ടിയവരേക്കാള്‍ കൂടുതലാണ് വീട് കിട്ടാത്തവര്‍ എന്ന് ഗ്രാമീണര്‍ പറഞ്ഞു. പല വീടുകളിലും കയറിയിറങ്ങി സംസാരിക്കുമ്പഴേക്ക് ചെറിയൊരാള്‍ക്കൂട്ടംതന്നെ ഗ്രാമത്തില്‍ രൂപപ്പെട്ടു. എല്ലാവരും സ്‌നേഹത്തോടെ പെരുമാറുന്നവര്‍. തണുത്തവെള്ളവും ശര്‍ക്കരകൊണ്ടുണ്ടാക്കിയ ലഡുവുമെല്ലാം തന്ന് ഗ്രാമം ഞങ്ങളെ സ്വീകരിക്കുന്നു.
''മോദിജി ഞങ്ങള്‍ക്ക് വീട് തന്നു, റേഷന്‍ കിട്ടുന്നു. പിന്നെ രാമക്ഷേത്രം പണിതു.''
ആള്‍ക്കൂട്ടത്തിലെ ഏറ്റവും പ്രായമുള്ള പുരുഷന്‍, ബസാവന്‍ കിട്ടിയതിനെക്കുറിച്ച് പറഞ്ഞു. ബസാവന്റെ വീടിന് മുന്നിലുമുണ്ട് പ്രധാനമന്ത്രി ആവാസ് യോജനയില്‍ ലഭിച്ച വീട് എന്ന ഒരു മാര്‍ബിള്‍ ഫലകം.
''ഗ്യാസുണ്ടോ വീട്ടില്‍?''
''ഉണ്ട്, അത് പക്ഷേ, മോദിജി തന്നതല്ല. ഞങ്ങള് വാങ്ങിയതാ''
''ഗ്യാസിന്റെ വിലയെങ്ങനെ?''
ബസാവന്റെ ഭാര്യ സുനിതയാണ് ഈ ചോദ്യത്തിന്റെ മറുപടി പറഞ്ഞത്:
''വലിയ വിലയല്ലേ? തുടങ്ങുമ്പൊ അഞ്ഞൂറ് രൂപയായിരുന്നു. പിന്നെ ആയിരമായി, ഇപ്പൊ തൊള്ളായിരമായിട്ടുണ്ട്''
ബസാവന്‍ അതേറ്റുപിടിച്ചു: ''വിലക്കയറ്റമുണ്ട്. വളരെക്കൂടുതലാണത്. പാവങ്ങള്‍ക്കാണ് കൂടുതല്‍ പ്രശ്‌നം. ഞങ്ങള് വളരെ പാവപ്പെട്ടവരാണ്, വണ്ടിയോടിച്ച് ജീവിക്കുന്നവരാണ്. ഇത്രയും ചൂടത്ത് വിയര്‍ത്ത് വണ്ടിയോടിച്ചാല്‍ വൈകുന്നേരമാകുമ്പോള്‍ മുന്നൂറോ നാനൂറോ കിട്ടും. ചിലപ്പൊ അതും കിട്ടില്ല. പാവപ്പെട്ടവര്‍ക്കാണ് പ്രശ്‌നം, പണക്കാര്‍ക്ക് എന്ത് പ്രശ്‌നം? പാവങ്ങളല്ലേ കരയൂ.''
''ഗ്രാമത്തിലെല്ലാവര്‍ക്കും പണിയൊക്കെയുണ്ടോ?''
''ഇല്ല. ആളുകള് പലരും വെറുതേ നടക്കുകയാണ്. വയറ് നിറയ്ക്കണ്ടേ? എന്തെങ്കിലുമൊക്കെ തൊഴിലെടുക്കുകയാണ്.''
മോദി വീടും റേഷനും തന്നു എന്ന് പറയുന്ന ആദര്‍ശഗ്രാമത്തിലെ ജനങ്ങള്‍തന്നെ വിലക്കയറ്റത്തിന്റേയും തൊഴിലില്ലായ്മയുടേയും ചൂടറിയുന്നുണ്ട്. ഗ്യാസ് കണക്ഷന്‍ സൗജന്യമായി നല്‍കി എന്ന് മേനി പറയുന്ന സര്‍ക്കാര്‍ ആ സിലിണ്ടര്‍ വീണ്ടും നിറച്ച് ഉപയോഗിക്കാന്‍ കഴിയുന്ന വാങ്ങല്‍ശേഷിയുള്ളവരായി ജനതയെ വളര്‍ത്താന്‍ ശ്രമിക്കുന്നില്ല. എന്ന് മാത്രമല്ല, സബ്സിഡികള്‍ എടുത്തുകളഞ്ഞ് വിലക്കയറ്റം രൂക്ഷമാക്കുന്നുമുണ്ട്.
ഓരോ എം.പി.യും വര്‍ഷത്തില്‍ ഒരു ഗ്രാമം ദത്തെടുത്ത് അതിനെ മാതൃകാഗ്രാമമാക്കി വളര്‍ത്തുക എന്നതാണ് ആദര്‍ശഗ്രാമം എന്ന പദ്ധതിയിലൂടെ സര്‍ക്കാര്‍ മുന്നോട്ടുവെച്ച ആശയം. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഒരു രൂപപോലും പ്രത്യേക ഫണ്ട് ഈ പദ്ധതിക്കായി മാറ്റിവെച്ചില്ല എന്ന് എം.പി.മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ദത്തെടുത്ത ഗ്രാമത്തിലെ ജനപ്രതിനിധികളേയും ജനങ്ങളേയും ഒന്നിച്ചിരുത്തി പുരോഗതിക്കുവേണ്ടി എന്തുചെയ്യാന്‍ കഴിയുമെന്ന ചര്‍ച്ചയും പദ്ധതി നടത്തിപ്പുമാണ് നിര്‍ദേശമായി വെച്ചത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ആദര്‍ശഗ്രാമങ്ങള്‍ക്ക് മുന്‍ഗണന നല്‍കാം എന്ന നിര്‍ദേശം മാത്രമേ കേന്ദ്രസര്‍ക്കാരില്‍നിന്ന് താഴേക്ക് പോയുള്ളൂ. സി.എസ്.ആര്‍. ഫണ്ട് വിനിയോഗത്തില്‍ ആദര്‍ശഗ്രാമങ്ങളെ പരിഗണിക്കണം എന്ന ഉത്തരവെങ്കിലും ഉണ്ടായിരുന്നെങ്കില്‍ മെച്ചപ്പെട്ട അന്തരീക്ഷം സാധ്യമായേനെയെന്നും എം.പി.മാര്‍ക്ക് അഭിപ്രായമുണ്ട്. പദ്ധതി നടപ്പിലാക്കാന്‍ രാജ്യത്തെ മുഴുവന്‍ എം.പി.മാരോടും ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയുടെ ദത്ത്ഗ്രാമത്തില്‍ത്തന്നെ ഇതാണവസ്ഥ. അപ്പോള്‍ മറ്റ് മണ്ഡലങ്ങളിലെ സ്ഥിതിയെന്തായിരിക്കും?
പ്രധാനമന്ത്രിയുടെ ഗ്രാമത്തിലെന്ത് എന്നറിയാനും പറയാനും മാത്രമായല്ല ദോംറി ഗ്രാമത്തിലേക്ക് വന്നത്. ഇന്ത്യയിലെ ജനങ്ങളെ ഇവിടത്തെ സര്‍ക്കാര്‍ എങ്ങനെയാണ് സ്പര്‍ശിക്കുന്നത് എന്ന് വ്യക്തമാക്കാനും കൂടിയാണ്. വായ്ത്താരിയും പുറംമോടിയുമല്ല ഇന്ത്യന്‍ ഗ്രാമങ്ങളിലെ മനുഷ്യരുടെ ജീവിതം. തൊഴിലില്ലാത്ത, വാങ്ങല്‍ശേഷി കുറഞ്ഞ മനുഷ്യര്‍ ജീവിക്കാനായി പരക്കം പായുന്നുണ്ട്. മോദി നൂറുകണക്കിന് കോടി രൂപ ചെലവഴിച്ച് പണിത ഇടനാഴിയുടെ അപ്പുറത്തെ നദിക്കരയില്‍ കക്കൂസില്ലാതെ സ്ത്രീകള്‍ പാടവരമ്പത്തിരിക്കുന്നുണ്ട്. അവരുടെ അന്തിമയക്കത്തിനിടയില്‍ മഴ കോരിച്ചൊരിയുന്നുണ്ട്. അവരുടെ കുഞ്ഞുങ്ങള്‍ക്ക് പൊതുവിദ്യാലയത്തില്‍ നല്ല വിദ്യാഭ്യാസം കിട്ടുന്നില്ല. അപ്പോഴുമവരില്‍ പലരും രാമക്ഷേത്രം പണിത മോദിക്കുതന്നെ വോട്ട് ചെയ്യുമെന്ന് പറയുന്നുമുണ്ട്.
''മോദിതന്നെ വരും.'' ഇറങ്ങുംമുന്‍പ് ബസാവന്‍ പറഞ്ഞു. ബസാവന്റെ വീടിന് മുകളിലും ബി.ജെ.പി.യുടെ കൊടിയുണ്ട്.
കെജ്രിവാളിന്റെ ഭരണം നല്ലതാണെന്ന് കേട്ടിട്ടുണ്ട്. നിങ്ങള് ഡല്‍ഹിയില്‍ നിന്നല്ലേ, എങ്ങനുണ്ട്?''
ബസാവന്റെ ചോദ്യം വൈശാഖിനോടാണ്. മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ച് തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ കേള്‍ക്കല്‍ പഞ്ചാബില്‍നിന്നാണ് ഞങ്ങള്‍ തുടങ്ങിയത്. പഞ്ചാബ്, ഹരിയാണ, ഡല്‍ഹി എന്നീ മൂന്നിടത്തും കെജ്രിവാളിന്റെ ഭരണത്തെക്കുറിച്ച് പലരും നല്ല അഭിപ്രായം പറഞ്ഞുകേട്ടിട്ടുണ്ട്. യു.പി.യില്‍ നിന്നിതാദ്യമാണ് ഇങ്ങനൊരു ചോദ്യം. ''വൈദ്യുതിയും വെള്ളവും സൗജന്യമാണ്'' വൈശാഖ് അവര്‍ക്ക് മറുപടി നല്‍കി.
''സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യ യാത്രയാണല്ലൊ'' സുനിതയാണ് ചോദിച്ചത്.
അതെ.
മോദിയുടെ ആദര്‍ശ ഗ്രാമത്തിലുള്ളവര്‍ കെജ്രിവാളിനെ അറിയുന്നുണ്ട്. അത് അദ്ദേഹം നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളിലൂടെയാണ് എന്ന് കാണാന്‍പറ്റും. പല സംസ്ഥാനങ്ങള്‍ പിന്നിട്ടുള്ള ഈ യാത്രയ്ക്കിടയില്‍ കണ്ട മൂന്ന് പേരെക്കുറിച്ചുകൂടി പറയാം.
ആഗ്രയിലെ കച്പുര ഗ്രാമത്തിലെ മരത്തണലിനപ്പുറത്തെ മുറിയുടെ മുന്നില്‍ പുറത്തേക്ക് ചാടിച്ച് കെട്ടിയ ചെറിയൊരു ഭാഗം. നീണ്ട, വെളുത്ത കുപ്പായമിട്ട ഒരു മനുഷ്യന്‍ ഷൂസില്‍ തുന്നിച്ചേര്‍ക്കാനുള്ള ചെറിയ തുകലില്‍ പശതേച്ച് വയ്ക്കുകയാണ്.
''പേരെന്താണ്?''
''മഹിന്ദര്‍ സിങ്.''
''കുറേക്കാലമായോ ഈ പണിയില്‍?''
''നാല്‍പത് വര്‍ഷമായി. നന്നായിപ്പോകുന്നു.''
''നിങ്ങളുടെ നേതാവാരാണ്?''
''ആനയോടൊപ്പം നില്‍ക്കുന്നവര്‍, ആനയും കൊണ്ട് ജയിച്ചവര്‍.''
''മായാവതിയാണോ?''
''അതെ, സഹോദരി മായാവതിയാണ്, വളരെ നല്ല നേതാവാണ്.''
ഇപ്പോഴിരുന്ന് സംസാരിക്കുന്ന തറയുടെ മുന്നിലെ വാതിലിന് മുകളില്‍, അകത്ത് അലമാരയിലെല്ലാം അംബേദ്കറിന്റെ ചിത്രങ്ങളുണ്ട്.
''അംബേദ്കറും നിങ്ങളുടെ നേതാവാണോ?''
''അല്ല''
മായാവതിയെ വലിയ നേതാവായിക്കാണുന്ന ഈ തൊഴിലാളിക്ക് അംബേദ്കര്‍ നേതാവല്ലെന്നോ? എന്ത് വിചിത്രമായ ചിന്തകളിലൂടെയാണ് മനുഷ്യര്‍ സഞ്ചരിക്കുന്നത്? എന്റെ സംശയങ്ങള്‍ക്ക് പക്ഷേ, ഏറെ നിമിഷങ്ങളുടെ പോലും ആയുസ്സുണ്ടായില്ല.
''അംബേദ്കര്‍ ഞങ്ങളുടെ ഭഗവാനാണ്. ഭഗവാന്‍ അംബേദ്കര്‍ ജിയാണ്. വേറെ ഒരു ദേവതയിലും ഞങ്ങള്‍ വിശ്വസിക്കുന്നില്ല.
ദേവിയെ വിശ്വസിക്കുന്നില്ല. രാമനെ വിശ്വസിക്കുന്നില്ല, കൃഷ്ണനേയും വിശ്വസിക്കുന്നില്ല. ഇത് കലിയുഗമാണ്, കലിയുഗത്തില്‍ ഞങ്ങളുടെ ഭഗവാനായ ഡോക്ടര്‍ ഭീം റാവു അംബേദ്കറിനെ മാത്രം വിശ്വസിക്കുന്നു.''
''അതെന്തുകൊണ്ടാണ്?''
''ഞങ്ങളെ വസ്ത്രം ധരിക്കാന്‍ പഠിപ്പിച്ചു. സംസാരിക്കാന്‍ പഠിപ്പിച്ചു, എല്ലാം പഠിപ്പിച്ചു. വേറൊരു നേതാവും ഞങ്ങളെ ഇതൊന്നും പഠിപ്പിച്ചിട്ടില്ല. ഞാനിപ്പോള്‍ നിങ്ങളോട് സംസാരിക്കുന്നില്ലേ? അതിനും പഠിപ്പിച്ചത് ഞങ്ങളുടെ ഭഗവാനായ അദ്ദേഹമാണ്. ഞങ്ങള്‍ ബാബാ സാഹേബിനെ ഒരിക്കലും മറക്കില്ല, ബാക്കി എല്ലാവരേയും മറക്കും.''
''ബാബാ സാഹേബിന്റെ ആളാണോ നിങ്ങള്‍?''
''അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ആളാണ്. ഞങ്ങള്‍ ആനയ്ക്ക് വോട്ട്‌ചെയ്യും. ജയിച്ചാലും ഇല്ലെങ്കിലും. ഇന്ത്യ സഖ്യത്തെ ഇഷ്ടമല്ല, ഒറ്റയ്ക്കുനിന്ന് മത്സരിച്ച് ജയിക്കട്ടെ.''
രണ്ടാമത് പറയാനുള്ളത് ഒരു കൗമാരക്കാരനെക്കുറിച്ച്. മഹിന്ദര്‍ സിങ്ങിന്റെ ഗ്രാമത്തില്‍ത്തന്നെ വളര്‍ന്നവന്‍.
കചിപുരയിലെ ഗ്രാമീണരില്‍ പലരോടും സംസാരിച്ചുകൊണ്ടിരിക്കുകയാണ്. കളറ് മങ്ങിയിട്ടുണ്ടെങ്കിലും തേച്ച് വൃത്തിയാക്കിയ ഒരു കുപ്പായവും പാന്റ്സുമിട്ട ഒരു കൗമാരക്കാരന്‍ മുന്നിലേക്ക് നടന്നുവന്നു. ഭംഗിയുള്ള വസ്ത്രധാരണം. മെലിഞ്ഞ് നീണ്ട ആ ചെറുപ്പക്കാരന്‍ ഇത്രയും നേരത്തെ സംസാരങ്ങള്‍ ശ്രദ്ധയോടെ നോക്കിനിന്നതാണ്.
താജ്മഹലിന്റെ പേര് മാറ്റണമെന്ന ആവശ്യം ശരിയാണോ എന്നതൊക്കെയുള്ള ചര്‍ച്ചയായിരുന്നു ആ സമയത്ത് നടന്നത്. മൈക്ക് ആ കൗമാരക്കാരന് നേരേ നീട്ടി. അവന്‍ ഈ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം പറഞ്ഞുതന്നു: ''ബി.ജെ.പി. പണിയെടുക്കുന്നുണ്ട്. പക്ഷേ, വിലക്കയറ്റം വര്‍ധിക്കുകയാണ്. അത് കുറയ്ക്കണം. തൊഴിലാളികള്‍ക്ക് തൊഴില് കിട്ടുന്നില്ല, അത് കിട്ടണം.'' ഉറച്ച ശബ്ദത്തിലുള്ള നിലപാട് പറച്ചില്‍ ഈ പ്രായത്തിലുള്ള ഒരു കുട്ടിയില്‍നിന്നും വോട്ടര്‍ സൈക്കിള്‍ യാത്രയ്ക്കിടെ കേട്ടിട്ടില്ല. അവനോട് പേര് ചോദിച്ചതിനൊപ്പം പ്രായവും ചോദിച്ചു. ''ജതിന്‍ കുമാര്‍, 17 വയസ്സ്.''
''എന്ത് ചെയ്യുന്നു?''
അവന്‍ പിറകിലേക്ക് തിരിഞ്ഞ് ചൂണ്ടിക്കാണിച്ചു:
''അതാ അവിടെ പണിയെടുക്കുന്നു.''
അതൊരു ഷൂ നിര്‍മാണ യൂണിറ്റായിരുന്നു.
ഡല്‍ഹി മയൂര്‍ വിഹാറിലെ കര്‍ഷകത്തൊഴിലാളി സന്തി
ദേവിയെ കേള്‍ക്കാം:
മല്ലിയിലയ്ക്ക് മണ്ണ് കൂട്ടിയിട്ടുകൊണ്ടിരിക്കുന്ന തൊഴിലാളികള്‍ക്കിടയിലേക്ക് കയറി. വയലിലപ്പോഴവര്‍ രാഷ്ട്രീയം പറയുകയായിരുന്നില്ല. ''എങ്ങനെയുണ്ട് തിരഞ്ഞെടുപ്പൊക്കെ? ആരാ നേതാവ്?''
''ഞങ്ങടെ നേതാവ് കെജ്രിവാളാണ്. ഞങ്ങള്‍ക്കിവിടെ വെളിച്ചവും കക്കൂസുമൊന്നുമില്ല. പക്ഷേ, ഇവിടെ വെള്ളം കയറി ഞങ്ങള് റോഡില്‍ക്കഴിയുമ്പൊ കെജ്രിവാള് ഭക്ഷണംതന്നു, കുടിവെള്ളം തന്നു, നാട്ടിലേക്ക് പോയിവരാന്‍ പതിനായിരം രൂപയും തന്നു.''
സാരിചുറ്റി, ചുവന്ന പൊട്ടുകുത്തി, മൂക്കുത്തിയുമിട്ട ബസന്തി ബിഹാറുകാരിയാണ്. കളപറിക്കുന്നിടത്തുനിന്ന് എണീറ്റ് സന്തോഷത്തോടെയാണ് കെജ്രിവാളിനെക്കുറിച്ചുള്ള വര്‍ത്തമാനം.
''നിങ്ങള് രാമക്ഷേത്രത്തില്‍ പോയോ?''
''രാമക്ഷേത്രത്തില്‍ ഞങ്ങള്‍ പോയിട്ടില്ല. എന്ത് പോകാനാണ്, ഫോട്ടോയില്‍ കാണുന്നുണ്ട്. രാമക്ഷേത്രത്തില്‍ പോകാന്‍ പണം വേണ്ടേ? മോദിജി പണം അയക്കട്ടെ ഞങ്ങള് പോകാം. വലിയ ക്ഷേത്രം പണിതതല്ലാതെ മോദി എന്താണ് ചെയ്തത്? ഞങ്ങള്‍ക്കുവേണ്ടി എന്ത് ചെയ്തു? ഒന്നും ചെയ്തില്ലല്ലൊ?''
''നിങ്ങളുടെ വീടെവിടെയാ?''
ബസന്തി ദേവി വലത്തോട്ട് ചൂണ്ടിക്കാട്ടി: ''അതാണെന്റെ വീട്, ചെറുതാണ്. പക്ഷേ, നല്ലതാണ്.''
ഇന്ത്യന്‍ ഗ്രാമങ്ങള്‍ ശക്തമായി രാഷ്ട്രീയം ചര്‍ച്ചചെയ്യുന്നുണ്ട്. അവര് പറയുന്ന ജീവിതത്തില്‍ തൊഴിലില്ലായ്മയും വിലക്കയറ്റവും നിറഞ്ഞ് നില്‍ക്കുന്നുണ്ട്
Content Highlights: reporters journey,rural india,anoopdas,vaishakh,varanasi,modi,domari village