തലതല്ലി വീണ കുഞ്ഞിനെ അവര്‍ ആളിക്കത്തുന്ന തീയിലേക്ക് വലിച്ചെറിഞ്ഞു, കീഴ്‌വെണ്‍മണിയെ ഓര്‍ക്കുമ്പോള്‍

1968 ഡിസംബര്‍ 25ന് ലോകം മുഴുവന്‍ ക്രിസ്തുമസ് ആഘോഷിച്ചപ്പോള്‍ കീഴ്‌വെണ്‍മണിയിലെ ഒരു പറ്റം ദളിതര്‍ തങ്ങളെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന അഗ്നിജ്വാലകളെ അണയ്ക്കാനുള്ള ശ്രമത്തിലായിരുന്നു. കുഞ്ഞുങ്ങളെ മാറോട് ചേര്‍ത്ത് രക്ഷിക്കാന്‍ വിഫലശ്രമം നടത്തുന്ന അമ്മമാരുണ്ടായിരുന്നു, ഉദരത്തിലുള്ള കുഞ്ഞിനെ രക്ഷിക്കാന്‍ അവസാനം വരെ പരിശ്രമിക്കുന്ന ഗര്‍ഭിണികളുണ്ടായിരുന്നു. തളര്‍ന്നുപോയ ശരീരത്തിന്റെ അവസാന ഊര്‍ജവും ഉച്ചസ്ഥായിലാക്കി പെരുതുന്ന വൃദ്ധരുണ്ടായിരുന്നു. 44 ദളിത് കര്‍ഷകത്തൊഴിലാളികളാണ് ആ രാത്രി വെന്തുമരിച്ചത്. അതില്‍ കുട്ടികളുണ്ടായിരുന്നു, സ്ത്രീകളുണ്ടായിരുന്നു, വൃദ്ധരുണ്ടായിരുന്നു. തങ്ങള്‍ക്ക് അവകാശപ്പെട്ട കൂലി ചോദിച്ചുവെന്ന കാരണത്താലാണ് ആ പോരാളികള്‍ക്ക് അഗ്നിയെ വരിക്കേണ്ടിവന്നത്. ഉന്നത ജാതിക്കാര്‍ അവര്‍ക്ക് നല്‍കിയ ഈ സമ്മാനം കൊണ്ട് ആ ഗ്രാമം ഒറ്റരാത്രി കൊണ്ട് ചാവുഗ്രാമമായി മാറി.
തമിഴ്‌നാടിലെ നാഗപട്ടണത്ത് നിന്നും 30 കി.മി മാറിയാണ് കീഴ്‌വെണ്‍മണിയുള്ളത്. പൂര്‍ണമായും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരായിരുന്നു ഇവിടുത്തുകാർ. കാര്‍ഷികഭൂമിയുടെ ഏറിയ പങ്കും പ്രദേശത്തെ മേല്‍ജാതിക്കാരുടെ കയ്യിലായിരുന്നു. കൂലിക്കാരും പാട്ടകാരുമായിരുന്ന ദളിതര്‍ ഇവിടെ നേരിടേണ്ടിവന്നത് കൊടിയ ജാതി പീഡനങ്ങളായിരുന്നു. തൊഴില്‍ ചൂഷണത്തിന്റെ അങ്ങേയറ്റമായിരുന്നു അവര്‍ നേരിട്ടിരുന്നത്. തങ്ങള്‍ക്ക് കിട്ടുന്ന കൂലി തുച്ഛമാണെന്ന് അറിഞ്ഞിട്ടും അവരൊന്നും മിണ്ടാതെ പണിയെടുത്തു. പള്ളര്‍, പണിയര്‍ തുടങ്ങിയ ജാതികളിൽ പെട്ടവരായിരുന്നു തൊഴിലാളികളില്‍ ഏറെയും. നേരം പുലര്‍ന്നതുമുതല്‍ പകലന്തിയോളം പണിയെടുക്കണം. രണ്ടുനേരം പഴങ്കഞ്ഞിയും ആഴ്ച്ചയില്‍ തുച്ഛമായ കൂലിയുമാണ് പ്രതിഫലമായി ലഭിക്കുന്നത്. എന്ത് അസുഖമുണ്ടായാലും പണിക്ക് വരണം. അങ്ങനെ ഒരു അലിഖിത കരാര്‍ ജന്മിക്കും ദളിതര്‍ക്കും ഇടയിലുണ്ടായിരുന്നു. ജന്മിയെ പേടിച്ചായിരുന്നു ദളിതര്‍ ഒരോ ദിനവും കഴിച്ചുകൂട്ടിയത്. ചാട്ടവാറടി മുതല്‍ അതിഭീകരമായ ശിക്ഷാരിതീകള്‍ പലതും ജന്മികള്‍ നടപ്പാക്കിയിരുന്നു. ദളിതരുടെ സ്വകാര്യ ജീവിതം വരെ ജന്മികളായിരുന്നു നിയന്ത്രിച്ചിരുന്നത്. വിദ്യാഭ്യാസത്തിന് പോലും അവകാശമുണ്ടായിരുന്നില്ല.
Content Highlights: The Keezhvenmani massacre of 1968 saw 44 Dalit farm laborers burned alive for demanding fair wages