ട്രാന്‍സ് മനുഷ്യർ ആക്രമിക്കപ്പെട്ടാൽ നിയമപരമായി എന്തെല്ലാം ചെയ്യാം | LAW POINT

ഏതൊരു പൗരനേയും പോലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും ഒരു വ്യക്തിയില്‍ നിന്ന് ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന ആക്രമണം ഉണ്ടായാല്‍ നിലവിലെ ഇന്ത്യന്‍ ശിക്ഷ നിയമത്തിൽ ശിക്ഷിക്കാനുള്ള വിവിധ വകുപ്പുകളുണ്ട്. 2019 ല്‍ നിലവില്‍ വന്ന ' ദി ട്രാന്‍സ്‌ജെന്‍ഡര്‍ പേഴ്‌സണ്‍സ് പ്രൊട്ടക്ഷണ്‍ ഓഫ് റൈറ്റ്‌സ് ' നിയമത്തിലും ഇവരുടെ സുരക്ഷയ്ക്കായുളള വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവ എന്താണെന്നും, അതിക്രമങ്ങളെ എങ്ങനെ നിയമപരമായി നേരിടണമെന്നും നോക്കാം
ക്രൈം (എഫ്‌ഐആര്‍) രജിസ്റ്റര്‍ ചെയ്യാന്‍
ആക്രമണം നേരിട്ട ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തി നേരിട്ട് കുറ്റകൃത്യം നടന്ന അധികാര പരിധിയിലെ പോലീസ് സ്റ്റേഷനെ സമീപിച്ച് പരാതി നല്‍കുക. ആക്രമണം നടന്ന സമയം, തീയ്യതി, സ്ഥലം, ആക്രമിച്ച വ്യക്തിയെ കുറിച്ച് കൃത്യമായ വിവരണം, ആക്രമണ രീതി, ആയുധം എന്നിവയെ പറ്റിയെല്ലാം വ്യക്തമായ സൂചന നല്‍കുക. ഉചിതമായ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസ് രജിസ്റ്ററാക്കും.
ട്രാന്‍സ്‌ജെന്‍ഡര്‍ സംരക്ഷണ നിയമത്തിലെ വകുപ്പ് എഫ്‌ഐആറില്‍ ചേര്‍ക്കാന്‍
2019 നിയമത്തിന്റെ വകുപ്പ് 18 പറയുന്നത് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയെ ഏതൊരു വ്യക്തിയാണോ ആക്രമിച്ചത് അവരെ പ്രതിയാക്കി ഈ വകുപ്പ് അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യാമെന്നാണ്. ഇവിടെ പ്രതിയാക്കപ്പെടുന്ന വ്യക്തി പുരുഷനോ സ്ത്രീയോ ട്രാന്‍സ്‌ജെന്‍ഡര്‍ ആയ മറ്റൊരു വ്യക്തി തന്നെയുമാകാം. ട്രാന്‍സ്‌ജെന്‍ഡറിനെ അടിമത്തൊഴിലാളിയായി പണിയെടുപ്പിക്കുന്നതും പൊതു സ്ഥലം ഉപയോഗിക്കാനുളള അവകാശം നിഷേധിക്കുന്നതും വീടോ, ഗ്രാമമോ മറ്റ് താമസസ്ഥലമോ വിട്ടു പോകാന്‍ ബലപ്രയോഗം നടത്തുന്നതും അവരുടെ ജീവന്‍ അപായപ്പെടുത്തുന്ന വിധമോ, സുരക്ഷ, മാനസിക ആരോഗ്യ സൗഖ്യം എന്നിവക്ക് വിഘാതം സൃഷ്ടിക്കുകയോ, ശാരീരികമായി പീഢിപ്പിക്കുകയോ ലൈംഗികമായി ദുരുപയോഗപ്പെടുത്തുകയോ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതോ കുറ്റക്കരമാണ്. പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെയാകാവുന്ന തടവും കൂടെ പിഴയും ശിക്ഷയായി ലഭിക്കും.
ട്രാന്‍സ്ജന്‍ഡര്‍ സംരക്ഷണ നിയമപ്രകാരമുള്ള കുറ്റം ചുമത്തിയ എഫ്‌ഐആര്‍ ഭാഗം
അതിജീവിതര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ഐഡി ഹാജരാക്കുന്നത് അഭികാമ്യം
2019 ലെ നിയമത്തിന്റെ 18ാം വകുപ്പ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തി ആക്രമിക്കപ്പെട്ടാല്‍ മാത്രം ഉപയോഗിക്കേണ്ടതാണ്. വകുപ്പിന്റെ ദുരുപയോഗം തടയാനായി പരാതിക്കാരായ അതിജീവിതരോട് ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് അവകാശപ്പെടുന്ന മുറയ്ക്ക് ജാഗ്രതയോടെ പോലീസ് ഐ ഡി കാര്‍ഡ് അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടേക്കും. 18ാം
വകുപ്പ് കൂടി എഫ്‌ഐആറില്‍ ചേര്‍ക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ആക്രമിക്കപ്പെടുന്ന വ്യക്തി ട്രാന്‍സ്‌ജെന്‍ഡറാണെന്ന് രേഖ സഹിതം പോലീസിനെ ധരിപ്പിക്കുന്നതാണ് ഉചിതം. ഇങ്ങനെ ചെയ്യ്തില്ലെങ്കില്‍ ഭാവിയില്‍ വിചാരണ ഘട്ടത്തില്‍ കേസ് ദുര്‍ബലമാകും. പ്രത്യേക സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ വിചാരണയ്ക്ക് മുന്നോടിയായി ഒഴിവാക്കപ്പെട്ടേക്കാം. തെറ്റുകള്‍ ചൂണ്ടിക്കാട്ടി എഫ്‌ഐആര്‍ റദ്ദാക്കാന്‍ പ്രതി ഹൈക്കോടതിയെ സമീപിച്ചാലും അതിജീവിതര്‍ക്ക് നീതി നിഷേധിക്കപ്പെടാന്‍ ഇടയാകും.
കേരള പോലീസിന്റെ 25.03.2022 തീയ്യതി വച്ചിട്ടുളള സര്‍ക്കുലര്‍ നം.10/2022/PHO അനുസരിച്ച് ജില്ലാ മജിസ്‌ട്രേറ്റു കൂടിയായ കളക്ടറുടെ 2019 നിയമത്തിന്റെ 5,6 വകുപ്പുകള്‍ അനുസരിച്ചുളള ട്രാന്‍സ്‌ജെന്‍ഡര്‍ സര്‍ട്ടിഫിക്കറ്റോ ( സര്‍ട്ടിഫിക്കറ്റ് ഓഫ് ഐഡന്റിറ്റി) 2019 ന് മുന്‍പ് പ്രത്യക നിയമം വരും മുന്‍പേ ട്രാന്‍സ്‌ജെന്‍ഡര്‍ ആയവര്‍ക്ക് അത് സംബന്ധിച്ച ഔദ്യോഗിക രേഖയോ ഹാജരാക്കി ട്രാന്‍സ്‌ജെന്‍ഡറാണെന്ന് ബോധിപ്പിക്കാമെന്ന് പറയുന്നുണ്ട്. സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുന്ന ട്രാന്‍സ്ജന്‍ഡര്‍ ഐഡി കാര്‍ഡുകളും ഉപയോഗപ്പെടുത്താം. ഔദ്യോഗിക രേഖകള്‍ ഒന്നുമില്ലെങ്കില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം എങ്കിലും പോലീസ് മൊഴിയെടുക്കുന്ന സമയത്ത് സമര്‍പ്പിക്കാവുന്നതാണ്.
ട്രാന്‍സ്‌ജെന്‍ഡർ മനുഷ്യർക്ക് അനുകൂലമായി വ്യാഖ്യാനം ചെയ്യേണ്ടതും അവരുടെ സംരക്ഷണാര്‍ത്ഥം ഉപയോഗിക്കപ്പെടേണ്ടതുമായ 2019 ലെ നിയമം അനുസരിച്ച് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ തന്നെ പ്രതിയാക്കി കേസെടുക്കാന്‍ ഇടയാകുന്നതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. സമീപ ഭാവിയില്‍ തന്നെ വകുപ്പ് 18 ലെ ഈ പ്രശ്‌നം ചൂണ്ടിക്കാട്ടി കേസുകള്‍ വന്നേക്കും.
Content Highlights: article about transgender protection act