ബഹിരാകാശനിലയത്തില്‍ 6 മാസം കഴിയുന്ന ആദ്യ അറബ് സഞ്ചാരിയാവാൻ യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദി

Sultan Al Neyadi | Photo via Twitter@MaktoumMohammed
Sultan Al Neyadi | Photo via Twitter@MaktoumMohammed

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടര്‍ച്ചയായി ആറ് മാസം കഴിയുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാകാന്‍ യുഎഇയില്‍ നിന്നുള്ള സുല്‍ത്താന്‍ അല്‍ നെയാദി. 2023 തുടക്കത്തില്‍ സ്‌പേസ് എക്‌സിന്റെ ക്രൂ-6 ദൗത്യത്തിലാണ് നെയാദി നിലയത്തിലേക്ക് പുറപ്പെടുക. നിലയത്തില്‍ യുഎഇയ്ക്ക് വേണ്ടി അദ്ദേഹം ശാസ്ത്ര ഗവേഷണങ്ങളില്‍ ഏര്‍പ്പെടും.

ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യത്തില്‍ പങ്കാളിയാവുന്ന ആറാമത്തെ രാജ്യമാണ് യുഎഇയെന്ന് എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി പറഞ്ഞു.  ആക്‌സിയം സ്‌പേസും മുഹമ്മദ് ബിന്‍ റഷീദ് സ്‌പേസ് സെന്ററും തമ്മിലുള്ള കരാറിന്റെ ഭാഗമായാണ് അല്‍ നെയാദിയ്ക്ക് ബഹികാശ ദൗത്യത്തില്‍ അവസരം ലഭിച്ചത്. 

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്ന യുഎഇയില്‍ നിന്നുള്ള ആദ്യ സഞ്ചാരിയല്ല അല്‍ നെയാദി. 2019 ല്‍ ബഹിരാകാശ നിലയത്തില്‍ എട്ട് ദിവസം കഴിഞ്ഞ ഹസ്സ അല്‍ മന്‍സൂരിയാണ് ആ നേട്ടം കൈവരിച്ചത്. 

നാസയും ആക്‌സിയം സ്‌പേസും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ക്രൂ 6 ദൗത്യത്തില്‍ അല്‍ നെയാദിക്ക് അവസരം നല്‍കാന്‍ ആക്‌സിയത്തിന് സാധിച്ചത്. കരാറിന്റെ ഭാഗമായി ക്രൂ-6 ദൗത്യത്തില്‍ ഒരു സീറ്റ് നല്കിയതിന് പകരമായി റഷ്യയുടെ സോയൂസ് പേടകത്തില്‍ ഒരു സീറ്റ് ആക്‌സിയം നാസയ്ക്ക് നല്‍കുകയും ചെയ്തു.

ബഹിരാകാശ നിലയത്തില്‍ 355 ദിവസം കഴിഞ്ഞ് തിരികെയെത്തിയ മാര്‍ക്ക് വാന്‍ഡെ ഹെയ് സോയൂസ് പേടകത്തില്‍ യാത്ര ചെയ്തത് ആക്‌സിയം സ്‌പേസ് നല്‍കിയ സീറ്റിലാണ്. സീറ്റുകള്‍ക്ക് മൂല്യം ഒരു പോലെ ആയതിനാല്‍ തന്നെ ഇരു സ്ഥാപനങ്ങളും തമ്മില്‍ സീറ്റ് വെച്ചുമാറുകയല്ലാതെ അതിന് വേണ്ടി പണമിടപാട് നടന്നിട്ടില്ല. 

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സ്‌പേസ് എക്‌സ് സംഘടിപ്പിക്കുന്ന ആറാമത്തെ മനുഷ്യയാത്രയാണ് ക്രൂ-6 ദൗത്യം. നാസയുടെ സ്റ്റീഫന്‍ ബോവെന്‍ ആണ് പേടകത്തിന്റെ കമാന്‍ഡര്‍, നാസയുടെ തന്നെ വൂഡി ഹോബര്‍ഗ് പൈലറ്റായി ഒപ്പമുണ്ടാവും. 2023 ല്‍ കെന്നഡി സ്‌പേസ് സെന്ററില്‍ വെച്ച് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ പേടകം വിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

Content Highlights: Sultan Al Neyadi first Arab astronaut to spend six months on international space station