ചൊവ്വയില്‍ അപ്രതീക്ഷിത കാഴ്ച- ദൃശ്യങ്ങള്‍ പകര്‍ത്തി പെര്‍സിവിയറന്‍സ് റോവര്‍

ചൊവ്വയിലെ ജസെറോ ഗര്‍ത്തത്തില്‍ പര്യവേക്ഷണ ദൗത്യത്തിലാണ് നാസയുടെ പെര്‍സിവിയിറന്‍സ് റോവര്‍. പതിവ് ജോലികള്‍ക്കിടയിലാണ് പെര്‍സിവിയറന്‍സ് റോവര്‍ അപ്രതീക്ഷിതമായ ഒരു കാഴ്ച കണ്ടത്. പൊടി പടലങ്ങള്‍ വായുവിലുയര്‍ന്നു പൊങ്ങി നീങ്ങുന്ന വലിയൊരു പൊടിച്ചുഴലി (Dust Devil). കിഴക്ക് നിന്നും പടിഞ്ഞാറോട്ട് നീങ്ങിക്കൊട്ടിരിക്കുന്ന ഈ പൊടിച്ചുഴലിക്ക് മണിക്കൂറില്‍ 19 കിമീ വേഗമുണ്ടായിരുന്നു.
ഓഗസ്റ്റ് 30 നാണ് പേടകം ഈ രംഗം പകര്‍ത്തിയത്. കഴിഞ്ഞ ദിവസമാണ് നാസ ഈ ചിത്രം പങ്കുവെച്ചത്. പേടകത്തിലെ നാവ് കാംസ് പകര്‍ത്തിയ ചിത്രങ്ങള്‍ ഉപയോഗിച്ച് 4 സെക്കന്റ് ദൈര്‍ഘ്യമുള്ള 21 ഫ്രെയിം വീഡിയോ നാസ ഒരുക്കിയിട്ടുണ്ട്.
പേടകം നില്‍ക്കുന്നതിന് 4 കിമീ അകലെയുള്ള തോറോഫെയര്‍ റിഡ്ജ് എന്ന് വിളിക്കപ്പെടുന്ന സ്ഥലത്താണ് ഈ പൊടിച്ചുഴലി രൂപപ്പെട്ടത്. ഇതിന് 60 മീറ്ററോളം വീതിയുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. വീഡിയോയില്‍ പക്ഷെ പൊടിച്ചുഴലിയുടെ ഏകദേശം 18 മീറ്റര്‍ മാത്രമുള്ള താഴ് ഭാഗം മാത്രമേ കാണുന്നുള്ളൂ. എന്നാല്‍ ഇതിന്റെ നിഴലിന്റെ വലിപ്പം പരിശോധിച്ചാല്‍ ഒരു 2 കിമീ എങ്കിലും ഉയരം ഈ പൊടിച്ചുഴലിക്കുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്.
വരണ്ട കാലാവസ്ഥകളില്‍ ഭൂമിയിലും സാധാരണയായി പൊടിച്ചുഴലി കാണാറുണ്ട്. എന്നാല്‍ ചൊവ്വയില്‍ ഉണ്ടാകുന്ന പൊടിച്ചുഴലി ഭൂമിയിലുണ്ടാകുന്നതിനേക്കാള്‍ വളരെ വലുതാണ്. എങ്കിലും ഭൂമിയിലെ ചുഴലിക്കാറ്റിനേക്കാള്‍(tornado) ചെറുതും ശക്തികുറഞ്ഞതുമായിരിക്കും ഇത്. ചൊവ്വയിലെ വസന്തകാലത്തും വേനല്‍കാലത്തുമാണ് ഇത് കൂടുതലായും കാണുക. ചൊവ്വയിലെ ഉത്തരാര്‍ദ്ധഗോളത്തിലാണ് പെര്‍സിവിയറന്‍സ് റോവര്‍ ഇപ്പോഴുള്ളത്. ഈ പ്രദേശത്ത് ഇപ്പോള്‍ വേനലാണ്. ചൊവ്വയിലെ കാലാവസ്ഥയെ കുറിച്ച് പഠിക്കുന്നതിനായി ഈ പൊടിച്ചുഴലിയെക്കുറിച്ചും ശാസ്ത്രജ്ഞര്‍ പഠിക്കുന്നുണ്ട്.