കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് 3ഡിഎസ് ആദ്യചിത്രം ഭൂമിയിലേക്കയച്ചു

Photo: ISRO
Photo: ISRO

ഇന്ത്യയുടെ പുതിയ ജിയോ സ്‌റ്റേഷനറി ഉപഗ്രഹമായ ഇന്‍സാറ്റ് 3ഡിഎസ് ആദ്യചിത്രം ഭൂമിയിലേക്കയച്ചു. ഈ വര്‍ഷം ഫെബ്രുവരി 17-ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. അത്യാധുനിക പര്യവേക്ഷണ ഉപകരണങ്ങളുമായാണ് ഉപഗ്രഹം ഒരുക്കിയിരിക്കുന്നത്.

പേടകം പകര്‍ത്തിയ ഭൂമിയുടെ ചിത്രത്തില്‍ ഇന്ത്യയുടെ ചിത്രവും വ്യക്തമാണ്. ഉപഗ്രഹത്തിലെ 6 ചാനല്‍ ഇമേജര്‍ ഉപകരണം ഉപയോഗിച്ച് ഭൂമിയുടെ ഉപരിതലത്തിന്റേയും അന്തരീക്ഷത്തിന്റേയും ചിത്രങ്ങള്‍ വിവിധ സ്‌പെക്ട്രല്‍ ചാനലുകളിലും തരംഗദൈര്‍ഘ്യത്തിലും പകര്‍ത്തുമെന്ന് ഐഎസ്ആര്‍ഒ പറഞ്ഞു.

വിവിധ സ്‌പെക്ട്രല്‍ ചാനലുകളില്‍ ചിത്രം പകര്‍ത്തുമ്പോള്‍ മേഘങ്ങള്‍, എയറോസോള്‍, ഭൂമിയുടെ ഉപരിതല താപനില, സസ്യങ്ങളുടെ ആരോഗ്യം, ജല നീരാവി വിതരണം തുടങ്ങിയ വിവിധ അന്തരീക്ഷ, ഉപരിതല പ്രതിഭാസങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുമെന്നും ഐഎസ്ആര്‍ഒ പറഞ്ഞു.

ഇന്‍സാറ്റ്- 3ഡി (2014), ഇന്‍സാറ്റ് 3ഡിആര്‍(2016) എന്നീ ഉപഗ്രഹങ്ങളുടെ പിന്‍ഗാമിയാണ് ഇന്‍സാറ്റ്-3ഡിഎസ്. എര്‍ത്ത് സയന്‍സസ് മന്ത്രാലയമാണ് ഇതിന്റെ പൂര്‍ണമായ ചിലവും വഹിച്ചിരിക്കുന്നത്. മെച്ചപ്പെട്ട കാലാവസ്ഥാ നിരീക്ഷണം, ഭൗമ സമുദ്ര പ്രദേശങ്ങളുടെ നിരീക്ഷണം, കാലാവസ്ഥാ പ്രവചനം, ദുരന്ത മുന്നറിയിപ്പ്, ഉപഗ്രഹാധിഷ്ടിത റിസര്‍ച്ച് ആന്റ് റെസ്‌ക്യൂ സര്‍വീസസിനുള്ള പിന്തുണ ഉള്‍പ്പടെയുള്ള ലക്ഷ്യങ്ങളോടെയാണ് ഇന്‍സാറ്റ്-3ഡിഎസ് വിക്ഷേപിച്ചത്.

2274 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി, കാലാവസ്ഥാ വകുപ്പ്, നാഷണല്‍ സെന്റര്‍ ഫോര്‍ മ്യൂസിയം-റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റിങ്, ഇന്ത്യന്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് തുടങ്ങിയ എര്‍ത്ത് സയന്‍സസ് മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകള്‍ക്ക് ഉപയോഗപ്പെടുത്താനാവും. 

ആറ് തരംഗദൈര്‍ഘ്യ ബാന്‍ഡുകളില്‍ ഉയര്‍ന്ന റസലൂഷനിലുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ ഉപഗ്രഹത്തിലെ ഇമേജര്‍ പേലോഡിന് സാധിക്കും. ജല നീരാവിയുടെ സാന്നിധ്യം പോലുള്ള അന്തരീക്ഷത്തിലെ നിര്‍ണായ വിവരങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്നു. ചുഴലിക്കാറ്റുകള്‍, മണ്‍സൂണ്‍, ഇടിമിന്നലുകള്‍, മറ്റ് പ്രകൃതി ദുരന്തങ്ങള്‍ എന്നിവ നിരീക്ഷിക്കുന്നതിന് ഈ കഴിവ് സഹായകമാണ്, അതുവഴി ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനാവും. അന്തരീക്ഷത്തിലെ താപനില ഹ്യുമിഡിറ്റി എന്നിവ അളക്കുന്നതിനുള്ള സൗണ്ടര്‍ ഉപകരണവും ഇന്‍സാറ്റ് 3ഡിഎസിലുണ്ട്. അന്തരീക്ഷത്തിന്റെ ത്രിമാന പ്രതിനീകരണം കൃത്യമായ കാലാവസ്ഥാ പ്രവചനത്തിനും അന്തരീക്ഷ ചലനാത്മകത മനസ്സിലാക്കുന്നതിനും ഇത് സഹായിക്കും.

Content Highlights: Isro insat 3ds delivers first pictures