സസ്യശാസ്ത്രജ്ഞന്‍ ഡോ.മാമിയില്‍ സാബുവിന് 'ഇ കെ ജാനകിഅമ്മാള്‍ പുരസ്‌കാരം' സമ്മാനിച്ചു

കൊല്‍ക്കത്ത: സസ്യവര്‍ഗ്ഗീകരണ ശാസ്ത്രരംഗത്തെ മികവിനുള്ള 'ഇ കെ ജാനകി അമ്മാള്‍ ടാക്സോണമി ദേശീയ പുരസ്‌കാരം' കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ മുന്‍പ്രൊഫസറും പ്രമുഖ സസ്യശാസ്ത്രജ്ഞനുമായ ഡോ.മാമിയില്‍ സാബുവിന് സമ്മാനിച്ചു. കൊല്‍ക്കത്തയില്‍ 'സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ' (ZSI) യുടെ നൂറ്റിയേഴാം സ്ഥാപക ദിനാഘോഷവേളയില്‍, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവാണ് പുരസ്‌കാരം സമ്മാനിച്ചത്.
വര്‍ഗ്ഗീകരണശാസ്ത്രത്തില്‍ (ടാക്സോണമിയില്‍) മികവ് തെളിയിച്ച ശാസ്ത്രജ്ഞര്‍ക്ക് നല്‍കുന്ന ഈ ബഹുമതി, ഭാവിടാക്‌സോണമിസ്റ്റുകള്‍ക്ക് പ്രചോദനമാകുമെന്ന് ഭൂപേന്ദ്ര യാദവ് പറഞ്ഞു.
കാട്ടിഞ്ചി, കാട്ടുവാഴ, കൂവ്വ തുടങ്ങിയ സസ്യഗണങ്ങളെപ്പറ്റി പതിറ്റാണ്ടുകളോളം പഠനം നടത്തിയ ശാസ്ത്രജ്ഞനാണ് ഡോ. സാബു. അധ്യാപന, ഗവേഷണ രംഗത്ത് 36 വര്‍ഷം പ്രവര്‍ത്തിച്ചു. കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി വിഭാഗം മേധാവിയായിരുന്ന അദ്ദേഹം, ഇപ്പോള്‍ കോഴിക്കോട് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ സിഎസ്‌ഐആര്‍ എമിറ്റേറ്റ്‌സ് ശാസ്ത്രജ്ഞനാണ്.
ഇന്ത്യയിലെ ആദ്യ സസ്യശാസ്ത്രജ്ഞ ഡോ ഇ.കെ ജാനകി അമ്മാളിന്റെ സ്മരണാര്‍ഥം കേന്ദ്ര വനം പരിസ്ഥിതിമന്ത്രായലമാണ് സസ്യവര്‍ഗ്ഗീകരണ രംഗത്തെ പ്രമുഖര്‍ക്ക് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അഞ്ചുലക്ഷം രൂപയും മെഡലുമാണ് സമ്മാനം. 2018 ലെ പുരസ്‌കാരമാണ് ഡോ.സാബുവിന് ലഭിച്ചത്.
ഇഞ്ചി, വാഴ വര്‍ഗ്ഗങ്ങളില്‍ പെട്ട സസ്യങ്ങളെ കുറിച്ച് 25 വര്‍ഷത്തോളം ഡോ.സാബു പഠിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍, ഇഞ്ചിവര്‍ഗ്ഗത്തില്‍ പെട്ട 190 ഇനങ്ങളുടെ ജീന്‍ ബാങ്കിന് അദ്ദേഹം രൂപംനല്‍കി. 67 പുതിയ സസ്യയിനങ്ങളെ ഡോ.സാബുവിന്റെ നേതൃത്വത്തില്‍ കണ്ടെത്തി വിശദീകരിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി അഞ്ച് പുതിയ സസ്യയിനങ്ങള്‍ക്ക് വിവിധ ഗവേഷകര്‍ ഡോ.സാബുവിന്റെ പേര് നല്‍കിയിട്ടുണ്ട്.
സസ്യവര്‍ഗ്ഗീകരണ ശാസ്ത്രത്തില്‍ ദേശീയ, അന്തര്‍ദേശീയ ശാസ്ത്രജേര്‍ണലുകളില്‍ 160 ലേറെ പഠനപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ച ഡോ.സാബു, 11 പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
ഒട്ടേറെ പുരസ്‌കാരങ്ങളും ബഹുമതികളും ഇതിനകം ഡോ.സാബുവിനെ തേടിയെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റി (IBS) യുടെ പ്രൊഫ. പഞ്ചാനന്‍ മഹേശ്വരി ഗോള്‍ഡ് മെഡല്‍ (2010), ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ആഞ്ചിയോസ്‌പേം ടാക്‌സോണമി (IAAT) ഏര്‍പ്പെടുത്തിയിട്ടുള്ള പ്രൊഫ. വി വി ശിവരാമന്‍ ഗോള്‍ഡ് മെഡല്‍ (2014), കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബെസ്റ്റ് റിസര്‍ച്ചര്‍ അവാര്‍ഡ് (2012), ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി, ദല്‍ഹി (2019), ഇന്ത്യന്‍ അക്കാദമി ഓഫ് സന്‍സ്, ബാംഗ്ലൂര്‍ (2019), ഐ.എ.എ.ടി, ഐ.ബി.എസ്, ലീനേയന്‍ സൊസൈറ്റി എന്നിവയുടെ ഫെലേഷിപ്പുകള്‍ ഡോ.സാബുവിനെ തേടിയെത്തിയ ബഹുമതികളാണ്.
ഐ.എ.എ.ടി.യുടെ സെക്രട്ടറി, സംഘടനയുടെ ഔദ്യോഗിക ജേര്‍ണലായ 'റീഡിയ' (Rheedea) യുടെ എഡിറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. മീന സാബു ആണ് ഡോ.സാബുവിന്റെ പത്‌നി. അശ്വതി, ആഷിക് എം.സാബു എന്നിവര്‍ മക്കളും.