ചന്ദ്രനിലെ സൂര്യോദയം! പേടകമിറക്കിയ ശേഷമുളള മനോഹര കാഴ്ച പങ്കുവെച്ച് ഫയര്‍ഫ്ളൈ എയ്റോസ്പെയ്സ്

ചന്ദ്രോപരിതലത്തിൽ സൂര്യോദയം(ഫയര്‍ഫ്ളൈ എയ്റോസ്പെയ്സ് പങ്കുവെച്ച ചിത്രം)| ഫോട്ടോ: X/ @Firefly_Space
ചന്ദ്രോപരിതലത്തിൽ സൂര്യോദയം(ഫയര്‍ഫ്ളൈ എയ്റോസ്പെയ്സ് പങ്കുവെച്ച ചിത്രം)| ഫോട്ടോ: X/ @Firefly_Space

ഫ്ളോറിഡ: ചന്ദ്രനേയും സൂര്യനേയും നമ്മൾ ആവോളം വർണ്ണിച്ചിട്ടുണ്ട്. എന്നാല്‍ ചന്ദ്രനിലെ സൂര്യോദയത്തെ പറ്റി ചിന്തിച്ചുനോക്കൂ. ചന്ദ്രനില്‍ ഉദിച്ചുയര്‍ന്ന സൂര്യനെ പകര്‍ത്തിയിരിക്കുകയാണ് ചന്ദ്രനിലിറങ്ങിയ ബ്ലൂ ഗോസ്റ്റ് പേടകം.  പേടകം ചന്ദ്രനിലിറക്കിയശേഷമുള്ള ആദ്യ സൂര്യോദയം എന്ന കുറിപ്പോടെയാണ് ഫയര്‍ഫ്‌ളൈ എയറോസ്‌പേസ് ചിത്രം എക്‌സിൽ പങ്കുവെച്ചത്. 

കഴിഞ്ഞ ദിവസ്സമാണ്  ബ്ലൂ ഗോസ്റ്റ് പേടകത്തെ ചന്ദ്രനിലിറക്കി അമേരിക്കയിലെ സ്വകാര്യകമ്പനിയായ ഫയര്‍ഫ്ളൈ എയ്റോസ്പെയ്സ് ചരിത്രംകുറിച്ചത്. ഇതോടെ ചന്ദ്രനില്‍ സുരക്ഷിതമായി ഇറങ്ങുന്ന രണ്ടാമത്തെ സ്വകാര്യ ലാന്‍ഡര്‍, ലാന്‍ഡിങ് സമ്പൂര്‍ണവിജയമാകുന്ന ആദ്യത്തെ സ്വകാര്യ ലാന്‍ഡര്‍ എന്നീ നേട്ടങ്ങള്‍ ബ്ലൂ ഗോസ്റ്റിന് സ്വന്തമായി. ഇന്ത്യന്‍ സമയം ഞായറാഴ്ച ഉച്ചയ്ക്ക് 2.04-ഓടെയാണ് ചന്ദ്രനിലെ ലാവാപ്രദേശമായ മേര്‍ ക്രിസിയം ഗര്‍ത്തത്തില്‍ ബ്ലൂ ഗോസ്റ്റ് ഇറങ്ങിയത്. പിന്നാലെ, ചന്ദ്രോപരിതലത്തിന്റെ ചിത്രം ലാന്‍ഡര്‍ ഭൂമിയിലേക്ക് അയച്ചിരുന്നു. ലാന്‍ഡിങ് പ്രക്രിയ 63 മിനിറ്റ് നീണ്ടു.

ഞങ്ങള്‍ ചന്ദ്രനിലെത്തിയെന്ന് ദൗത്യവിജയത്തെക്കുറിച്ച് ഫയര്‍ഫ്ളൈ പ്രതികരിച്ചു. ജനുവരി 15-ന് സ്പെയ്സ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റുപയോഗിച്ചായിരുന്നു ബ്ലൂ ഗോസ്റ്റിന്റെ വിക്ഷേപണം. ഒരുമാസത്തോളം ഭൂമിയെ ചുറ്റിയശേഷമാണ് പേടകം ചാന്ദ്രഭ്രമണപഥത്തിലേക്ക് കടന്നത്.

സ്വകാര്യലാന്‍ഡറുകളെ കരാറടിസ്ഥാനത്തില്‍ ചന്ദ്രനിലേക്ക് അയക്കുന്ന നാസയുടെ സി.എല്‍.പി.എസ്. പദ്ധതിയുടെ ഭാഗമാണ് ദൗത്യം. ചന്ദ്രനില്‍നിന്നുള്ള സാംപിളുകള്‍ ശേഖരിക്കുന്നതിനുള്ള, ഹൈടെക് വാക്വം ക്ലീനറിന് സമാനമായ പ്ലാനറ്റ് വാക് (എല്‍.പി.വി.) ഉള്‍പ്പെടെ നാസയുടെ ഏഴ് ശാസ്ത്രീയോപകരണങ്ങള്‍ പേടകത്തിലുണ്ട്. ചന്ദ്രന്റെ ഉള്‍ഭാഗത്തെ താപപ്രവാഹത്തെക്കുറിച്ച് ദൗത്യം പഠിക്കും. ചന്ദ്രന്റെ വൈദ്യുത, കാന്തിക മണ്ഡലങ്ങളെക്കുറിച്ചും ഭൂപ്രകൃതിയെക്കുറിച്ചുമുള്ള കൂടുതല്‍ അറിവുകളിലേക്ക് അത് വെളിച്ചംവീശുമെന്നാണ് കരുതുന്നത്.

ബ്ലൂ ഗോസ്റ്റിന് പിന്നാലെ നാസയുടെ പരീക്ഷണ ഉപകരണങ്ങളുമായി വ്യാഴാഴ്ച അമേരിക്കന്‍ എയ്റോസ്പെയ്‌സ് കമ്പനിയായ ഇന്റ്വിറ്റീവ് മെഷീന്‍സിന്റെ 'അഥീന' ലാന്‍ഡറും ചന്ദ്രനിലേക്ക് യാത്രതിരിച്ചിട്ടുണ്ട്. വ്യാഴാഴ്ച ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലുള്ള മോണ്‍സ് മൗട്ടന്‍ പീഠഭൂമിയിലാണ് അഥീന സോഫ്റ്റ് ലാന്‍ഡിങ് നടത്തുക. 2024 ഫെബ്രുവരിയില്‍ ഇന്റ്വിറ്റീവ് മെഷീന്‍സാണ് ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറക്കിയ ആദ്യ സ്വകാര്യകമ്പനി. ഒഡീസിയസ് എന്നായിരുന്നു അതിന്റെ പേര്. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ആര്‍ട്ടെമിസ് ദൗത്യത്തിനുമുന്‍പായി നൗസ അയക്കുന്ന പഠനദൗത്യങ്ങളാണ് ഇവയെല്ലാം.

Content Highlights: Firefly Aerospace`s Blue Ghost lunar lander captured a stunning sunrise on the Moon