പാറയും മണ്ണും മാത്രമല്ല, സര്‍പ്രൈസായ പലതും ചൊവ്വയില്‍നിന്ന് ഭൂമിയിലെത്തിയേക്കും

2021 ഫെബ്രുവരി മുതല്‍ ചന്ദ്രനില്‍ കഠിനാധ്വാനം ചെയ്യുന്ന നാസയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യമാണ് പെര്‍സിവിറന്‍സ് റോവര്‍. ചൊവ്വയിലെ പാറക്കല്ലുകളും മണ്ണും സാമ്പിളുകളായി ശേഖരിക്കുകയാണ് റോവറിന്റെ ദൗത്യം. എന്നാല്‍ ഈ സാമ്പിളുകള്‍ മാത്രമല്ല ചൊവ്വയിലെ അന്തരീക്ഷവുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങളും പെര്‍സിവിറന്‍സ് ശേഖരിക്കുന്നുണ്ട്.
ഇതിനകം 24 സാമ്പിളുകള്‍ ടൈറ്റാനിയം ട്യൂബുകളിലാക്കി റോവര്‍ സൂക്ഷിച്ചിട്ടുണ്ട്. ഇതിലാണ് ചൊവ്വയിലെ അന്തരീക്ഷവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ അടങ്ങിയിരിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ ട്യൂബുകളില്‍ മണ്ണിനും ശിലകൾക്കുമൊപ്പം ചൊവ്വയിലെ വായുവും അടങ്ങിയിട്ടുണ്ട്. ഇത് ചൊവ്വയിലെ അന്തരീക്ഷം സംബന്ധിച്ച പഠനങ്ങള്‍ക്ക് നേട്ടമാവും.
പെര്‍സിവിറന്‍സ് റോവറിന്റെ പ്രധാന ദൗത്യം പാറയും മണ്ണും അടങ്ങുന്ന സാമ്പിളുകള്‍ ശേഖരിക്കുക എന്നതാണ്. ചൊവ്വയിലെ പ്രാചീന സൂക്ഷ്മ ജീവ സാന്നിധ്യം കണ്ടെത്തുകയാണ് ലക്ഷ്യം. ഈ സാമ്പിളുകള്‍ ശേഖരിച്ച് സൂക്ഷിക്കുന്നത് ടൈറ്റാനിയം ട്യൂബുകളിലാണ്. സാമ്പിളുകള്‍ക്കിടയിലുള്ള സ്ഥലത്ത് ചൊവ്വയിലെ അന്തരീക്ഷ വായുവും കുടുങ്ങിക്കിടക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ചൊവ്വയിലെ നിലവിലെ കാലാവസ്ഥ എന്താണെന്നും അന്തരീക്ഷം എങ്ങനെയാണെന്നും മാത്രമല്ല, ചൊവ്വയിലെ അന്തരീക്ഷത്തില്‍ ഇക്കാലമത്രയും എന്തെല്ലാം മാറ്റങ്ങളുണ്ടായെന്നും ആ മാറ്റങ്ങള്‍ ഭൂമിയില്‍നിന്ന് എത്രത്തോളം വ്യത്യാസമുണ്ടെന്നും പഠിക്കാന്‍ പെര്‍സിവിറന്‍സ് റോവര്‍ ശേഖരിച്ച സാമ്പിളുകള്‍ക്കിടിയിലെ വായുവിനെ കുറിച്ച് പഠിക്കുന്നതിലൂടെ സാധിക്കുമെന്ന് നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ പ്ലാനറ്ററി സൈന്റിസ്റ്റായ ബ്രാന്‍ഡി കാരിയര്‍ പറഞ്ഞു. ജലസാന്നിധ്യം, ഏതെല്ലാം വാതകങ്ങളുടെ സാന്നിധ്യം എന്നിവ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഇതില്‍പെടും.
ചാന്ദ്രദൗത്യമായ അപ്പോളോ 17-ല്‍ ഒരു സ്റ്റീല്‍ കണ്ടെയ്‌നറില്‍ ശേഖരിച്ച ചന്ദ്രനിലെ വായു 50 വര്‍ഷങ്ങള്‍ക്ക് ശേഷം 2021-ല്‍ ഒരു കൂട്ടം ഗവേഷകര്‍ പഠനവിധേയമാക്കിയിരുന്നു. ചന്ദ്രന് വളരെ നേര്‍ത്ത അന്തരീക്ഷമുണ്ടെന്നും വാതകങ്ങള്‍ ചന്ദ്രോപരിതലത്തിലെ കാലാന്തരത്തില്‍ ശിലകളില്‍ ശേഖരിക്കപ്പെടുന്നുണ്ടെന്നും ഇതുവഴി ഗവേഷകര്‍ കണ്ടെത്തി. ഈ സാധ്യതയാണ് പെര്‍സിവിറന്‍സ് റോവര്‍ ദൗത്യത്തിലും ശാസ്ത്രജ്ഞര്‍ കാണുന്നത്. അതി സങ്കീര്‍ണമായ പ്രക്രിയകളിലൂടെ കണ്ടെയ്‌നറില്‍ സൂക്ഷിക്കുന്ന വാതകത്തെ വേര്‍തിരിച്ചെടുക്കുകയും പരിശോധനകളിലൂടെ തിരിച്ചറിയാനും ഗവേഷകര്‍ ലക്ഷ്യമിടുന്നു.
Content Highlights: Air from Mars will come to Earth with perseverance samples