12,000 കോടി ചെറിയതുക, ബഹിരാകാശരംഗത്ത് സ്വകാര്യ പങ്കാളിത്തംവേണം, ഒന്നും പാഴാകില്ല- ISRO ചെയര്‍മാന്‍

ബെംഗളൂരു: ബഹിരാകാശരംഗത്ത് സ്വകാര്യ പങ്കാളിത്തം വേണമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥ്. ഐ.എസ്.ആര്‍.ഒയ്ക്ക് ബജറ്റില്‍ നിന്ന് ലഭിക്കുന്ന തുക പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കര്‍ണാടക എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് സൊസൈറ്റി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ബഹിരാകാശരംഗത്തിനായി വകയിരുത്തുന്ന 12,000 കോടി രൂപ വളരെ ചെറിയ തുകയാണ്. അതുകൊണ്ട് ബഹിരാകാശ മേഖലയില്‍ സ്വകാര്യപങ്കാളികളുമായി കൈകോര്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്.' -എസ്. സോമനാഥ് പറഞ്ഞു.
ഐ.എസ്.ആര്‍.ഒ. ചിലവാക്കുന്നതോ നിക്ഷേപിക്കുന്നതോ ആയ ഓരോ രൂപയും രണ്ടര രൂപയായി തിരികെ ലഭിക്കും. മറ്റ് രാജ്യങ്ങളുടെ ബഹിരാകാശ ഏജന്‍സികളുമായി മത്സരത്തിലല്ല ഐ.എസ്.ആര്‍.ഒ. രാജ്യത്തെ സേവിക്കുകയാണ് ഐ.എസ്.ആര്‍.ഒയുടെ പ്രധാന ഉദ്ദേശം. അത് സാധ്യമാക്കാനായി പ്രവര്‍ത്തിക്കാന്‍ ഐ.എസ്.ആര്‍.ഒയ്ക്ക് സ്വാതന്ത്ര്യം വേണം. ബഹിരാകാശരംഗത്ത് ബിസിനസ് അവസരങ്ങള്‍ക്കായി 'ഇക്കോ സിസ്റ്റം' സൃഷ്ടിച്ചുകൊണ്ട് ആ സ്വാതന്ത്ര്യം നേടാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വകാര്യമേഖലയിലെ ബഹിരാകാശ കമ്പനികളിൽ മുൻനിരയിലുള്ള സ്പേസ് എക്സിന്റെ സ്ഥാപകൻ ഇലോൺ മസ്കിനെ പ്രകീർത്തിച്ച് നേരത്തേ സോമനാഥ് സംസാരിച്ചിരുന്നു. പറന്നിറങ്ങിയ റോക്കറ്റ് ബൂസ്റ്ററിനെ യന്ത്രക്കൈ ഉപയോഗിച്ച് പിടിച്ചെടുത്ത് ബഹിരാകാശരംഗത്ത് നാഴികക്കല്ല് സൃഷ്ടിച്ച പശ്ചാത്തലത്തിലായിരുന്നു ഇത്. ഇലോണ്‍ മസ്‌ക് ബഹിരാകാശത്തെ കൂടുതല്‍ ആകര്‍ഷകമായിരിക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
'അവിടെ യു.എസ്സിലുള്ള ആ മനുഷ്യനുണ്ടല്ലോ, അയാള്‍ 'ചോപ്പ്സ്റ്റിക്ക്' ഉപയോഗിച്ച് പിടിച്ചെടുക്കാവുന്ന റോക്കറ്റുകള്‍ കൊണ്ട് എല്ലാവരേയും അമ്പരപ്പിച്ചിരിക്കുകയാണ്. എല്ലാവരും ചോദിക്കുന്നു, ഐ.എസ്.ആര്‍.ഒ. എപ്പോഴാണ് ഇത് ചെയ്യാന്‍ പോകുന്നതെന്ന്. എല്ലാവരും ഇലോണ്‍ മസ്‌കിനെ തന്നെയാണ് ശ്രദ്ധിക്കുന്നത്. അയാള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്, അയാളെ തോല്‍പ്പിക്കാനായി നമുക്ക് എന്ത് ചെയ്യാം എന്നാണ് ചിന്തിക്കുന്നത്. എല്ലാവര്‍ക്കും അയാളെ തോല്‍പ്പിക്കണം. എന്നാല്‍ അയാള്‍ അതിനെല്ലാം എത്രയോ മുകളിലാണ്.' -സോമനാഥ് പറഞ്ഞു.
ഇലോണ്‍ മസ്‌ക് ചെയ്യുന്ന കാര്യങ്ങളെല്ലാം തങ്ങളെയെല്ലാം പ്രചോദിപ്പിക്കുന്നതാണെന്നും ഐ.എസ്.ആര്‍.ഒ. മേധാവി കൂട്ടിച്ചേര്‍ത്തു. യുവാക്കള്‍ ബഹിരാകാശരംഗത്തേക്ക് കൂടുതലായി ആകര്‍ഷിക്കപ്പെടാന്‍ കാരണം ഇലോണ്‍ മസ്‌കാണെന്നും സോമനാഥ് പറഞ്ഞിരുന്നു.
ഒക്ടോബർ 13-നാണ് ബഹിരാകാശത്ത് നിന്നിറങ്ങിവന്ന റോക്കറ്റ് ബൂസ്റ്ററിനെ യന്ത്രക്കൈ കൊണ്ട് പിടിച്ചുവെച്ച് സ്‌പേസ് എക്‌സ് ചരിത്രം സൃഷ്ടിച്ചത്. അഞ്ചാം സ്റ്റാര്‍ഷിപ്പ് പരീക്ഷണത്തിലാണ് സ്റ്റാര്‍ഷിപ്പില്‍ നിന്ന് വേര്‍പെട്ട് താഴേക്കിറങ്ങിയ സൂപ്പര്‍ ഹെവി റോക്കറ്റിനെ കമ്പനി 'മെക്കാസില്ല' എന്ന് വിളിക്കുന്ന പുതിയതായി വികസിപ്പിച്ച യന്ത്രകൈകള്‍ ഉപയോഗിച്ച് പിടിച്ചുവെച്ചത്.
ടെക്‌സാസിലെ ബോക്കാചികയില്‍ നിന്ന് സ്റ്റാര്‍ഷിപ്പിന്റെ അഞ്ചാം പരീക്ഷണ ദൗത്യം വിക്ഷേപിച്ചത്. രണ്ടാം സ്‌റ്റേജായ സ്റ്റാര്‍ഷിപ്പ് റോക്കറ്റിനെ ബഹിരാകാശത്തെത്തിക്കുന്നതിനായി സൂപ്പര്‍ ഹെവി റോക്കറ്റിലെ റാപ്റ്റര്‍ എഞ്ചിനുകള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. സ്റ്റാര്‍ഷിപ്പില്‍ നിന്ന് വേര്‍പെട്ടതിന് ശേഷമാണ് സൂപ്പര്‍ഹെവി തിരിച്ചിറങ്ങിയത്. ഇതാദ്യമായാണ് സ്റ്റാര്‍ഷിപ്പ് പരീക്ഷണ ദൗത്യത്തില്‍ ഉപയോഗിച്ച സൂപ്പര്‍ ഹെവി റോക്കറ്റ് വീണ്ടെടുക്കുന്നത്. മുമ്പ് നടത്തിയ പരീക്ഷണ ദൗത്യങ്ങളിലെല്ലാം റോക്കറ്റ് ബൂസ്റ്ററിനെ കടലില്‍ പതിപ്പിക്കുകയാണ് ചെയ്തത്.
Content Highlights: ISRO chief advocates for private sector collaboration; says space budget inadequate