ചന്ദ്രനിലെ പര്‍വതങ്ങള്‍; 'ചാറ്റല്‍ മഴയുടെ കടലി'ലെ വിസ്മയങ്ങള്‍

ഭൂമിയുമായി താരതമ്യം ചെയ്യുമ്പോള്‍ ചന്ദ്രന്റെ വലിപ്പവും ഗുരുത്വാകര്‍ഷണ ബലവും കുറവാണ്. അതിനാല്‍ത്തന്നെ ചന്ദ്രനിലെ പ്രകൃതിയിലും മാറ്റമുണ്ട്. പ്രത്യേകിച്ച് പര്‍വതങ്ങളുടെ വലിപ്പം പരിഗണിക്കുമ്പോള്‍ അവയെല്ലാം തന്നെ ഭൂമിയിലേതിനേക്കാള്‍ വളരെ ചെറുതാണ്. പല പ്രക്രിയകളുടെ സംയോജനത്തിലൂടെയാണ് ചന്ദ്രനിലെ പര്‍വതങ്ങളും രൂപപ്പെട്ടത്. ചന്ദ്രന്റെ ഉള്‍ഭാഗം തണുക്കുകയും തുടര്‍ന്ന് ചുരുങ്ങുകയും ചെയ്യുന്നതായി ശാസ്ത്രം കരുതുന്നു. ഇത് ചന്ദ്രന്റെ പുറംതോട് വളയുന്നതിന് ഇടയാക്കും. ഇതിന്റെ അനന്തരഫലമാണ് ചന്ദ്രനിലെ മിക്ക പര്‍വതങ്ങളും രൂപപ്പെടാന്‍ കാരണം. ചില വലിയ ആഘാതങ്ങള്‍ ചന്ദ്രോപരിതലത്തില്‍ ഗര്‍ത്തങ്ങള്‍ക്കൊപ്പം പര്‍വതനിരകളും സൃഷ്ടിച്ചു. അഗ്‌നിപര്‍വത സ്‌ഫോടനങ്ങളും ലാവാ പ്രവാഹങ്ങളും പര്‍വതനിരകള്‍ സൃഷ്ടിക്കപ്പെടാന്‍ കാരണമായി.
ചന്ദ്രനില്‍ അഗ്നിപര്‍വതങ്ങളില്‍നിന്നുള്ള ലാവ തണുത്തുറഞ്ഞുണ്ടായ പാറകളാണ് മേയോര്‍ ഇംബ്രിയം സമതലത്തിലുള്ളത്. ഭൂമിയില്‍നിന്ന് കാണാവുന്ന ചന്ദ്രന്റെ ഭാഗത്ത് വടക്കു പടിഞ്ഞാറന്‍ മേഖലയിലാണ് ഈ താഴ്വാരം. 1212 കിലോമീറ്റര്‍ ദൂരമുള്ള മേഖലക്ക് 505,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. 380 കോടി വര്‍ഷം മുന്‍പ് ചന്ദ്രനിലേക്ക് ഒരു വലിയ ഛിന്നഗ്രഹം ഇടിച്ച് ഇറങ്ങിയപ്പോള്‍ ഉണ്ടായ ഗര്‍ത്തം പിന്നീട് അഗ്നിപര്‍വത ലാവയാല്‍ മൂടപ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. ഇരുമ്പ്, മഗ്നീഷ്യം എന്നിവയാല്‍ സമ്പന്നമാണ് ഈ സമതലം. ചിലയിടങ്ങളില്‍ പരന്നതും മിനുസമാര്‍ന്നതുമായ ഉപരിതലം, മറ്റ് ചിലയിടങ്ങളില്‍ നിരവധി ചുളിവുകള്‍, ഒറ്റപ്പെട്ട ചില അഗ്നിപര്‍വത മുഖങ്ങള്‍ എന്നിങ്ങനെ നിരവധി വ്യത്യസ്ത സ്വഭാവ സവിശേഷതകള്‍ മേയോര്‍ ഇംബ്രിയത്തിനുണ്ട്. ചന്ദ്രന്റെ ഭൂമിശാസ്ത്രപരമായ ചരിത്രം, ഘടന, പരിണാമം എന്നിവയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതാണ് ചന്ദ്രന്റെ ഉപരിതലത്തിലെ പ്രധാന സവിശേഷതയായ മേയോര്‍ ഇംബ്രിയം സമതലം.
1971-ല്‍ അപ്പോളോ 15 ദൗത്യത്തിനിടെ, ബഹിരാകാശയാത്രികരായ ഡേവിഡ് സ്‌കോട്ടും ജെയിംസ് ഇര്‍വിനും ഇംബ്രിയം മേഖല സന്ദര്‍ശിക്കുകയും സമതലത്തിലെ പാറയുടെ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. പിന്നീട് ലൂണാര്‍ റെക്കണൈസന്‍സ് ഓര്‍ബിറ്റര്‍ (എല്‍.ആര്‍.ഒ.) ഈ മേഖലയെ ഉയര്‍ന്ന റെസല്യൂഷനില്‍ ചിത്രീകരിച്ചു. ഇത് അതിന്റെ രൂപഘടനയെ സംബന്ധിച്ച് വിലയേറിയ ഉള്‍ക്കാഴ്ച നല്‍കുന്നതായി.
മേയോര്‍ ഇംബ്രിയം എന്ന പേര് ലാറ്റിന്‍ ഭാഷയില്‍നിന്നും രൂപം കണ്ടതാണ്. 'ചാറ്റല്‍ മഴയുടെ കടല്‍' അല്ലെങ്കില്‍ 'മഴയുടെ കടല്‍' എന്നാണ് അര്‍ത്ഥം. പതിനേഴാം നൂറ്റാണ്ടിലെ ഇറ്റാലിയന്‍ ജ്യോതി ശാസ്ത്രജ്ഞനായിരുന്ന ജിയോവാനി ബാറ്റിസ്റ്റ റിക്കിയോലിയാണ് സമതലത്തിന് മേയോര്‍ ഇംബ്രിയം എന്ന പേര് നല്‍കിയത്.
ചന്ദ്രന്റെ അന്തര്‍ഭാഗത്തുള്ള ഫലകങ്ങളുടെ (ടെക്‌റ്റോണിക്) ചലനം, ഛിന്നഗ്രഹങ്ങളും ധൂമകേതുക്കളും വന്ന് ഇടിച്ചതു മൂലമുള്ള ആഘാതങ്ങള്‍, അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍ തുടങ്ങിയവയുടെ ഫലമായി രൂപപ്പെട്ട നിരവധി പര്‍വതനിരകള്‍ ചന്ദ്രനിലുണ്ട്. ചന്ദ്രനിലെ ഏറ്റവും ശ്രദ്ധേയമായ ചില പര്‍വതനിരകളെ കുറിച്ച് കൂടി പറയാം.
മേയോര്‍ ഇംബ്രിയത്തിന്റെ തെക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന അപെനൈന്‍ പര്‍വത നിരകളാണ് ഇതില്‍ പ്രധാനം. ഏകദേശം 600 കിലോമീറ്റര്‍ നീളവും 3-4 കിലോമീറ്റര്‍ ഉയരവുമുണ്ട്. 1971-ലെ അപ്പോളോ 15 ദൗത്യത്തിനിടെ, ബഹിരാകാശയാത്രികരായ ഡേവിഡ് സ്‌കോട്ടും ജെയിംസ് ഇര്‍വിനും ഈ പര്‍വതനിരകള്‍ സന്ദര്‍ശിക്കുകയും പാറകളുടെ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. ഇതിന് പുറമേ ലൂണാര്‍ റെക്കണൈസന്‍സ് ഓര്‍ബിറ്റര്‍ (എല്‍.ആര്‍.ഒ.) ഈ പര്‍വതനിരകളെ ഉയര്‍ന്ന റെസല്യൂഷനില്‍ ചിത്രീകരിക്കുകയും രൂപഘടനയെ കുറിച്ച് വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ നല്‍കുകയും ചെയ്തു. വലിപ്പത്തിലും രൂപത്തിലും ഇറ്റലിയിലെ അപെനൈന്‍ പര്‍വത നിരകളുമായുള്ള സാമ്യമാണ് ശാസ്ത്രം ഈ പേര് നല്‍കാന്‍ കാരണം.
450 കിലോമീറ്റര്‍ നീളമുള്ള കോക്കസസ് പര്‍വതനിരകള്‍ മേയോര്‍ ഇംബ്രിയത്തിന്റെ കിഴക്കേ അറ്റത്താണ് സ്ഥിതി ചെയ്യുന്നത്. ഉയരം ഏകദേശം 3-4 കിലോമീറ്റര്‍. ഫലക ചലനങ്ങളാണ് ഈ പര്‍വത രൂപീകരണത്തിന് കാരണം. അപ്പോളോ 15,17 ദൗത്യങ്ങളില്‍ ഈ പര്‍വത നിരകള്‍ ഉയര്‍ന്ന റെസല്യൂഷനില്‍ ചിത്രീകരിക്കുകയുണ്ടായി. ഭൂമിയും ചന്ദ്രനും തമ്മിലുള്ള 'തുടര്‍ച്ചയും ബന്ധു ബന്ധ'ത്തെയും സൂചിപ്പിക്കാനാണ് ഈ പേര് നല്‍കിയത്. ഇതിനൊരു കാരണമുണ്ട്. ഏഷ്യ, യൂറോപ്പ് മേഖലകളുടെ അതിര്‍ത്തിയില്‍ ബ്ലാക്, കാപ്‌സിയന്‍ കടലുകള്‍ക്കിടയിലെ പര്‍വതമാണ് കോക്കസസ്. 1100 കിലോമീറ്റര്‍ നീളമുള്ള ഈ പര്‍വതത്തിനോട് ചേര്‍ന്നാണ് ഗ്രീക്ക്, റോമന്‍ സംസ്‌കാരങ്ങള്‍ വളര്‍ന്നത്. ആ സംസ്‌കാരങ്ങളോടുള്ള ആഭിമുഖ്യം കൂടിയാണ് ഈ പേരിടാന്‍ ഇന്റര്‍നാഷണല്‍ അസ്ട്രണോമിക്കല്‍ യൂണിയനെ പ്രേരിപ്പിച്ചത്.
മേയോര്‍ ഇംബ്രിയത്തിന്റെ വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ജൂറ പര്‍വത നിരകള്‍ക്ക് ഏകദേശം 400 കിലോമീറ്റര്‍ നീളവും 1-2 കിലോമീറ്റര്‍ ഉയരവുമുണ്ട്. കാല്‍സ്യം, അലൂമിനിയം എന്നിവയാല്‍ സമ്പന്നമാണ് ഈ പര്‍വതം. യൂറോപ്പിലെ സ്വിറ്റ്‌സര്‍ലന്‍ഡ് മുതല്‍ ഫ്രാന്‍സ് വരെ 300 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന പ്രധാന പര്‍വതനിരയാണ് ജൂറ പര്‍വതനിരകള്‍. ജുറാസിക് കാലഘട്ടത്തിലെ ചുണ്ണാമ്പുകല്ലും ഡോളമൈറ്റ് പാറകളും ഉള്‍ക്കൊള്ളുന്ന, തനതായ ഭൂമിശാസ്ത്രത്തിന് പേരുകേട്ടതാണ് ജൂറ പര്‍വതനിരകള്‍. ഇന്റര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ യൂണിയന്‍ (IAU) ഭൂമിയുടെ ഭൂമിശാസ്ത്രത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നാമകരണം ചെയ്യുന്നതിന്റെ ഭാഗമായിരുന്നു ഇതും. യൂറോപ്യന്‍ ജൂറ പര്‍വതനിരകളുടെ പേരിലാണ് ചാന്ദ്ര ജൂറ പര്‍വതനിരകള്‍ക്ക് പേരിട്ടത്. ഭൂമിയുടെയും ചന്ദ്രനിലെയും ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ തമ്മില്‍ തുടര്‍ച്ചയും ബന്ധവും വെളിപ്പെടുത്തുക എന്ന ലക്ഷ്യമായിരുന്നു ഈ പേരിടലിലൂടെ ഉദ്ദേശിച്ചത്.
മേയോര്‍ ഇംബ്രിയത്തിന്റെ തെക്കുകിഴക്കന്‍ അറ്റത്ത് സ്ഥിതി ചെയ്യുന്ന ചെറിയ പര്‍വതനിരയാണ് ചന്ദ്ര ആല്‍പ്സ്. ഏകദേശം 250 കിലോമീറ്റര്‍ നീളവും 1-2 കിലോമീറ്റര്‍ ഉയരവുമുണ്ട്. അപ്പോളോ 15,17 ദൗത്യത്തില്‍ ഇതും ഉയര്‍ന്ന റെസലൂഷനില്‍ ചിത്രീകരിക്കുകയുണ്ടായി. കാല്‍സ്യം, അലൂമിനിയം എന്നിവയാല്‍ സമ്പന്നമാണ് ഈ പര്‍വതം. യൂറോപ്പിലെ എട്ടുരാജ്യങ്ങളിലൂടെ കടന്നുപോകുന്നതും 1200 കിലോമീറ്റര്‍ നീളവുമുള്ള ആല്‍പ്‌സ് പര്‍വതത്തിന്റെ പേരാണ് ഇതിനും നല്‍കിയത്.മുന്‍പ് പറഞ്ഞ കാരണങ്ങള്‍ തന്നെയാണ് ഈ പേരിടലിനു പിന്നിലും.
ചന്ദ്രന്റെ മധ്യരേഖയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതാണ് ലെയ്ബ്‌നിറ്റ്‌സ് പര്‍വതനിരകള്‍. ഏകദേശം 250 കിലോമീറ്റര്‍ നീളവും ഏകദേശം 1-2 കിലോമീറ്റര്‍ ഉയരവുമുണ്ട്. 1960-കളിലും 1970-കളിലും സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ച ലൂണാര്‍ പര്യവേക്ഷണ വാഹനങ്ങള്‍ ലെയ്ബ്‌നിറ്റ്‌സ് പര്‍വതനിരകളുടെ ഉയര്‍ന്ന റെസൊല്യൂഷനിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. ജര്‍മന്‍ തത്ത്വചിന്തകനും ഗണിത ശാസ്ത്രജ്ഞനുമായ ഗോട്ട്‌ഫ്രൈഡ് വില്‍ഹെം ലെബ്‌നിറ്റ്‌സിന്റെ പേരിലാണ് ചന്ദ്രനിലെ ലെബ്‌നിറ്റ്‌സ് പര്‍വതനിരകള്‍ എന്ന് നാമകരണം ചെയ്യപ്പെട്ടത്. ഗണിതശാസ്ത്രം, തത്ത്വചിന്ത, ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവയില്‍ കാര്യമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് ലെയ്ബ്‌നിറ്റ്‌സ്. ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാന ശാഖയായ കാല്‍ക്കുലസിന്റെ വികാസത്തിന് ഐസക് ന്യൂട്ടനൊപ്പം ലെയ്ബ്‌നിറ്റ്‌സും അര്‍ഹനാണ്. ജ്യോതിശാസ്ത്രത്തിലും താല്‍പ്പര്യമുള്ളയാളായിരുന്നു ഇദ്ദേഹം , കൂടാതെ ചന്ദ്രനിലേക്കുള്ള ദൂരം നിര്‍ണയിക്കുന്നതിനുള്ള ഒരു പുതിയ രീതി നിര്‍ദ്ദേശിച്ചതുള്‍പ്പെടെ ഈ മേഖലയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ അനേകമാണ് .
മേയോര്‍ ഇംബ്രിയത്തിന്റെ തെക്ക് കിഴക്കന്‍ ഭാഗത്താണ് മൗട്ടോണ്‍ പര്‍വതം സ്ഥിതി ചെയ്യുന്നത്. ഉയരം ഏകദേശം 2.3 കിലോമീറ്റര്‍. ഇതിന്റെ രൂപീകരണവും ചന്ദ്രന്റെ അന്തര്‍ ഭാഗത്തെ ഫലക പ്രവര്‍ത്തനങ്ങളാണ്. കാല്‍സ്യം, അലൂമിനിയം എന്നിവയാല്‍ സമൃദ്ധമാണ് ഈ പര്‍വതം. 1971-ലെ അപ്പോളോ 15 ദൗത്യത്തിനിടെ, ബഹിരാകാശ യാത്രികരായ ഡേവിഡ് സ്‌കോട്ടും ജെയിംസ് ഇര്‍വിനും മേയോര്‍ ഇംബ്രിയം സന്ദര്‍ശിക്കുകയും മൗട്ടോണ്‍ പര്‍വതത്തിന് ചുറ്റുമുള്ള പ്രദേശത്ത് പര്യവേക്ഷണം നടത്തുകയും ചെയ്തു. വടക്കേ അമേരിക്കയിലെ ഡെനലി പര്‍വതത്തിനു സമാനമായ ഉയരമാണ് മൗട്ടോണിനും. ചന്ദ്രന്റെ ദക്ഷിണ മേഖലയിലെ മറ്റ് പര്‍വതങ്ങളേക്കാള്‍ 20000 അടി ഉയരം ഇതിന് കൂടുതലുണ്ട്. പ്രകൃതിക്ഷോഭങ്ങളൊന്നും ഈ പര്‍വതത്തെ ബാധിച്ചിട്ടില്ല. അതു കൊണ്ടു തന്നെ ഈ പര്‍വതത്തിന്റെ കാലപ്പഴക്കം കോടിക്കണക്കിന് വര്‍ഷങ്ങളാണെന്നാണ് കരുതുന്നത്.
ഭീമാകാരമായ നിരവധി ഗര്‍ത്തങ്ങളാണ് ഇതിനു ചുറ്റിലുമുള്ളത്. ചിലത് കണ്ടാല്‍ കൊടുമുടിയുടെ ഉയര്‍ന്ന ഭാഗം പോലെ തോന്നും. ഈ പര്‍വതത്തില്‍ ചെറിയ പാറകളും ചരല്‍ക്കല്ലുകളും കാണാം.
ഈ പര്‍വതത്തിന് മൗട്ടോണ്‍ എന്ന് നാമകരണം ചെയ്തത് പിന്നിലെ കഥകള്‍ കൂടി പറയാം. അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞ മെല്‍ബ റോയ് മൗട്ടോണ്‍ എന്ന പ്രതിഭയുടെ ഓര്‍മയ്ക്കാണ് ഈ നാമകരണം. 1960 കളിലും 1970 കളിലും നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ ജ്യോതിശാസ്ത്ര മേഖലയില്‍ ജോലി ചെയ്ത ആദ്യ വനിതകളില്‍ ഒരാളാണ് മൗട്ടണ്‍. ജ്യോതിശാസ്ത്ര മേഖലയിലെ ഒരു മുന്‍നിര വനിതയായിരുന്ന അവര്‍. ചന്ദ്രന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ച് അവര്‍ നല്‍കിയത് കാര്യമായ സംഭാവനകളാണ്. നാസയുടെ റേഞ്ചര്‍ ബഹിരാകാശ പേടകം എടുത്ത ചന്ദ്രന്റെ ചിത്രങ്ങള്‍ വിശകലനം ചെയ്ത ടീമിന്റെ ഭാഗമായിരുന്നു അവര്‍. ചന്ദ്രശാസ്ത്ര പഠനത്തില്‍, പ്രത്യേകിച്ച് ചന്ദ്രഗര്‍ത്തങ്ങളെയും അഗ്‌നിപര്‍വത സവിശേഷതകളെയും കുറിച്ചുള്ള പഠനത്തില്‍ അവര്‍ തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു. ചന്ദ്രന്റെ ഉപരിതല സവിശേഷതകള്‍ നന്നായി മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞരെ സഹായിച്ച ചാന്ദ്ര ഭൂപടങ്ങളുടെ നിര്‍മ്മാണത്തിലും അവര്‍ പങ്കാളിയായിരുന്നു. ചന്ദ്രന്റെ രൂപീകരണത്തിലും പരിണാമത്തിലും കാരണമായ കാര്യങ്ങളിലേക്ക് വെളിച്ചം വീശാന്‍ സഹായിച്ചത് അവരാണ്.
അമേരിക്കയിലെ മരിലന്‍ഡ് ഗ്രീന്‍ബെല്‍റ്റിലുള്ള നാസയുടെ ഗാദേര്‍ഡ് സ്‌പേസ് ഫ്‌ലൈറ്റ് സെന്ററിലായിരുന്നു മെല്‍ബ മൗട്ടോണ്‍ ആദ്യം പ്രവര്‍ത്തിച്ചിരുന്നത്. ബഹിരാകാശത്ത് മാത്രമല്ല അവരുടെ കണ്ണുകളെത്തിയത്. പുറംലോകത്ത് സ്ത്രീകളോട് ബഹിരാകാശത്തെ ലക്ഷ്യമാക്കാന്‍ അവര്‍ നിര്‍ബന്ധിച്ചു. മാത്രമല്ല അവരില്‍ വെള്ളക്കാരല്ലാത്ത സ്ത്രീകളും ഉണ്ടാകണമെന്ന് നിര്‍ബന്ധിച്ചിരുന്നു. 1958-ല്‍ രൂപീകൃതമായതാണ് നാസ. 1959-ല്‍ ഗാദേര്‍ഡ് സെന്ററില്‍ മൗട്ടോണ്‍ ആദ്യം ചേരുന്നത്. 1960, 1964 വര്‍ഷങ്ങളില്‍ തങ്ങള്‍ ബഹിരാകാശത്തേക്ക് അയച്ച എക്കോ 1, 2 പര്യവേക്ഷണ പേടകങ്ങളെ ട്രാക്ക് ചെയ്യാന്‍ മനുഷ്യ കമ്പ്യൂട്ടറുകള്‍ എന്ന പേരില്‍ ഒരു സംഘത്തെ നാസ നിയോഗിച്ചിരുന്നു. ആ സംഘത്തിന് നേതൃത്വം നല്‍കിയത് മൗട്ടോണ്‍ എന്ന ഈ ഗണിതശാസ്ത്രജ്ഞയായിരുന്നു. ഭ്രമണപഥത്തില്‍ എത്തിയ ഉപഗ്രഹങ്ങളെ ട്രാക്ക് ചെയ്യാനുള്ള സാങ്കേതികവിദ്യ 1961 ല്‍ നാസ സ്വന്തമാക്കിയതിന് പിന്നിലും അവരുടെ ശ്രമങ്ങളുണ്ടായിരുന്നു. 1969 ജൂലൈ 20 ന് അപ്പോളോ 11 ചന്ദ്രനില്‍ ഇറങ്ങുന്നതിന് മുഖ്യമായി പ്രവര്‍ത്തിച്ചവരില്‍ ഒരാള്‍ മൗട്ടോണ്‍ ആണ്.
പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തില്‍ കാര്യമായ സംഭാവനകള്‍ നല്‍കിയ പ്രശസ്തരായ ശാസ്ത്രജ്ഞര്‍, തത്ത്വചിന്തകര്‍, പര്യവേക്ഷകര്‍ എന്നിവരുടെ പേരിലാണ് IAU പലപ്പോഴും ചാന്ദ്ര സവിശേഷതകള്‍ക്ക് പേരിടുന്നത്. തങ്ങളുടെ മേഖലകളില്‍ അനിതരസാധാരണമായ പ്രവര്‍ത്തനം കാഴ്ച വച്ച ശാസ്ത്രജ്ഞരോടുള്ള ബഹുമാന സൂചകമായി പേരുകള്‍ നല്‍കാന്‍ ഇന്റര്‍നാഷണല്‍ അസ്ട്രണോമിക്കല്‍ യൂണിയന്‍ നിര്‍ദ്ദേശിച്ചിരുന്നു. പര്‍വതത്തിന് മൗട്ടോണ്‍ എന്ന പേര് നല്‍കുന്ന കാര്യം യൂണിയന്‍ മുമ്പാകെ നാസ അറിയിച്ചു. അവരത് അംഗീകരിച്ചു.
Content Highlights: mountains of moon