കണ്ടെത്തിയത് 67-ലേറെ സസ്യങ്ങൾ, സ്വന്തം പേരിൽ അഞ്ച് ചെടികൾ; നേട്ടങ്ങളിൽ ഡോ. മാമിയിൽ സാബു

സസ്യങ്ങളെക്കുറിച്ചുള്ള പഠനത്തിനായി ജീവിതം തന്നെ ഉഴിഞ്ഞുവെച്ച സസ്യശാസ്ത്രജ്ഞൻ ഡോ.മാമിയിൽ സാബുവിന് കഴിഞ്ഞദിവസമാണ് വർഗ്ഗീകരണശാസ്ത്രത്തിലെ (ടാക്സോണമി) രാജ്യത്തെ ഏറ്റവും ഉയർന്ന പുരസ്കാരമായ 'ഇ.കെ ജാനകി അമ്മാൾ ടാക്സോണമി ദേശീയ പുരസ്കാരം' സമ്മാനിച്ചത്. കാട്ടിഞ്ചി, കാട്ടുവാഴ, കൂവ്വ തുടങ്ങിയ സസ്യഗണങ്ങളെപ്പറ്റി പതിറ്റാണ്ടുകളോളം നീണ്ട പഠനം, 11 പുസ്തകങ്ങൾ, 160-ലേറെ പഠനപ്രബന്ധങ്ങൾ, ഇഞ്ചിവർഗ്ഗത്തിൽ പെട്ട 190 ഇനങ്ങളുടെ സംരക്ഷണത്തിനായി രൂപം നൽകിയ ജീൻ ബാങ്ക്...അധ്യാപന, ഗവേഷണ രംഗത്ത് പ്രവർത്തിച്ച 36 വർഷത്തിനിടെ 67 സസ്യങ്ങളാണ് ഡോ.സാബുവിന്റെ നേതൃത്വത്തിൽ കണ്ടുപിടിക്കപ്പെട്ടത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി അഞ്ച് പുതിയ സസ്യയിനങ്ങൾക്ക് ഡോ.സാബുവിന്റെ പേര് നൽകി ഗവേഷകർ.
കാലിക്കറ്റ് സർവകലാശാല ബോട്ടണി വിഭാഗം മുൻ മേധാവിയും കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ സിഎസ്ഐആർ എമിറിറ്റസ് പ്രഫസറുമാണ് ഡോ.മാമിയിൽ സാബു
പുരസ്കാരലബ്ധിയുടെ പശ്ചാത്തലത്തിൽ ഡോ.മാമിയിൽ സാബു മാതൃഭൂമി.കോമിനോട് സംസാരിക്കുന്നു;
ടാക്സോണമിയിൽ ഏറ്റവും ഉയർന്ന പുരസ്കാരമാണ് ഇ.കെ ജാനകിയമ്മാൾ പുരസ്കാരം. ഈ പുരസ്കാരലബ്ധിയെ എങ്ങനെ നോക്കിക്കാണുന്നു?
അങ്ങനെയൊരു ലൈഫ് ടൈം അച്ചീവ്മെന്റ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്. ഈ അംഗീകാരം എന്റെ കുടുംബത്തിനും, സുഹൃത്തുക്കൾക്കും, അധ്യാപകർക്കും, വിദ്യാർഥികൾക്കുമായി സമർപ്പിക്കുന്നു
സാധ്യതകളുടെ വലിയൊരു ലോകമാണ് ഇന്ന് വിദ്യാർഥികൾക്ക് മുന്നിലുള്ളത്. മുൻപങ്ങനെയായിരുന്നില്ല. അക്കാലത്ത് താങ്കൾക്കെങ്ങനെയാണ് ഈ മേഖലയോട് അഭിരുചി ഉണ്ടായത്?
കർഷക കുടുംബമായിരുന്നു എന്റേത്. ഇഞ്ചി, മഞ്ഞൾ തുടങ്ങി ധാരാളം കൃഷികൾ ചെയ്തിരുന്ന വീടായിരുന്നു. അതുകൊണ്ടാണോ എന്നറിയില്ല പണ്ടുമുതലേ ബോട്ടണിയോടൊരു ചായ് വുണ്ടായിരുന്നു. അതിൽ,തന്നെ ടാക്സോണമിയോടാണ് കൂടുതൽ താത്പര്യം തോന്നിയത്. ഈ മേഖലയിലേക്ക് ആളുകൾ വരുന്നത് മറ്റ് മേഖലയെ അപേക്ഷിച്ച് നന്നേ കുറവാണ്. മരിച്ചുകൊണ്ടിരിക്കുന്ന വിഷയമെന്ന് വേണമെങ്കിൽ പറയാം. നല്ല കഠിനാധ്വാനം വേണം ഇവിടെ. ബാക്കി വിഷയങ്ങൾക്ക് ഫീൽഡിൽ പോകേണ്ട കാര്യമില്ല. ലാബിലിരുന്ന് ചെയ്യാം. പക്ഷേ ചെടി കണ്ടുപിടിക്കാനും അത് ഏത് വർഗത്തിൽ പെടുന്നു എന്നൊക്കെ അറിയാനും ലാബിലിരുന്നാൽ പോരല്ലോ. ഇന്ത്യയ്ക്ക് അകത്തും പുറത്തുമൊക്കെയായി ധാരാളം യാത്രയും അന്വേഷണങ്ങളും വേണ്ടിവരും. അതിന്റേതായ റിസ്കും ഉണ്ട്. ഇതൊക്കെ ഓർത്തിട്ടായിരിക്കണം പലരും ഈ മേഖല തെരഞ്ഞെടുക്കാറില്ല.
അപ്പോൾ ടാക്സോണമി എന്ന പഠനവിഭാഗം തന്നെ നാളെ ഇല്ലാതാവുമെന്നാണോ?
അങ്ങനെ പറയാറായിട്ടില്ല. പോസിറ്റീവായൊരു മാറ്റം കാണുന്നുണ്ട്. ടാക്സോണമിയുമായി ബന്ധപ്പെട്ട് ഇന്ത്യൻ അസോസിയേഷൻ ഫോർ ആൻജിയോസ്പെം ടാക്സോണമി (IAAT-Indian Asosciation for Angiosperm Taxonomy ) എന്നൊരു സംഘടന പ്രവർത്തിക്കുന്നുണ്ട്. കാലിക്കറ്റ് സർവാകലാശാല പ്രഫസറും വിഖ്യാത ഗ്രന്ഥമായ ഹോർത്തൂസ് മലബാറിക്കസിന്റെ വിവർത്തകനുമായ പ്രഫ.കെ.എസ് മണിലാലും പ്രഫ.വി.വി ശിവരാജനുമാണ് അതിന്റെ സ്ഥാപകൻ. കാലിക്കറ്റ് സർവകലാശാല ബോട്ടണി വിഭാഗം ആസ്ഥാനമായി 1990ൽ സ്ഥാപിതമായ സംഘടനയുടെ ലക്ഷ്യം തന്നെ ടാക്സോണമിയെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. അത് പുതിയ തലമുറയെ ടാക്സോണമിയിലേക്ക് കൊണ്ടുവരാൻ ഏറെ സഹായകമായി. തുടക്കകാലത്ത് നൂറിൽ താഴെ മാത്രം അംഗങ്ങളുണ്ടായിരുന്ന സംഘടനയിൽ ഇപ്പോൾ 900-ൽ ഏറെ അംഗങ്ങളുണ്ട്. പുതുതായി ഈ മേഖലയിലേക്ക് ആളുകൾ കടന്നുവരുന്നുണ്ട്. പുതിയ ഗവേഷണപ്രബന്ധങ്ങളും വർക്കുകളും നടക്കുന്നുണ്ട്. കഴിവുള്ള കുട്ടികൾ പുതുതായി വരുന്നു എന്നത് ആശാവഹമാണ്
ടാക്സോണമിയിൽ സ്പെഷ്യലൈസ് ചെയ്തവരായിരിക്കില്ല പലപ്പോഴും സർവകലാശാലകളിലും കോളേജുകളിലും ഈ മേഖല കൈകാര്യം ചെയ്യുന്നുണ്ടാവുക. സ്വാഭാവികമായും കുട്ടികൾക്ക് ആ വിഷയത്തോട് അഭിരുചി ഇല്ലാതെ പോകും. ആ വിഷയം പഠിച്ചവരില്ലാതെ വരുമ്പോൾ സ്വാഭാവികമായും മറ്റ് മേഖലകളിൽ സ്പെഷ്യലൈസേഷനുള്ളവരായിരിക്കുമല്ലോ വരിക. പകരം ടാക്സോണമി തന്നെ പഠിച്ചുവന്ന അധ്യാപകരാണെങ്കിൽ കുട്ടികളിലും അതേ അഭിരുചി വളർത്താൻ അവർക്ക് കഴിയും. ഇത് എല്ലാ വിഷയത്തിൽ അങ്ങനെതന്നെയാണ്.
ടാക്സോണമിയിൽ ആദ്യകാലം മുതലേ കാലിക്കറ്റ് സർവകലാശാല ബോട്ടണി വിഭാഗം ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. അത്തരത്തിൽ ടാക്സോണമിയിൽ പുതിയ സാധ്യത തുറക്കുന്ന മറ്റ് സ്ഥാപനങ്ങൾ ഏതൊക്കെയാണ്?
ധാരാളം വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഇന്ന് ടാക്സോണമി നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പീച്ചി, തിരുവനന്തപുരം ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ, കേരള സർവകലാശാല ബോട്ടണി വിഭാഗം എന്നിവിടങ്ങളിലൊക്കെ ഇപ്പോൾ മികച്ച സൗകര്യമൊരുക്കുന്നുണ്ട്.
മറ്റ് കലാ-സാംസ്കാരിക രംഗത്തുള്ള പ്രതിഭകളെപ്പോലെ ജനപ്രിയരല്ല ശാസ്ത്രജ്ഞർ. എന്തുകൊണ്ടായിരിക്കുമിത്. അവരെ സമൂഹം വേണ്ടവിധം പരിഗണിക്കാറില്ല എന്ന് തോന്നിയിട്ടുണ്ടോ ?
ശാസ്ത്രമേഖലകൾ, പ്രത്യേകിച്ച് ഞാനുൾപ്പെടുന്ന ഈ ടാക്സോണമി മേഖല പൊതുജനവുമായി നേരിട്ട് ഇടപെടുന്ന മേഖലയല്ല. അങ്ങനെ വരുമ്പോഴാണല്ലോ ജനങ്ങൾ അറിയുക. സൈറ്റേഷനുകൾ, പുതിയ സ്പീഷിസുകൾ, ചെടികൾ കണ്ടെത്തൽ, അവയെ റെക്കോഡ് ചെയ്യൽ എന്നിവയൊക്കെയാണ് ടാക്സോണമിയിൽ വരിക. പ്രസിദ്ധീകരണങ്ങൾ എടുത്താലും അത്തരം ഇംപാക്ട് ഫാക്ടറുകളുള്ള ജേണലുകൾ വളരെ കുറവാണ്.
നമ്മൾ പുതുതായൊരു വാഴ കണ്ടുപിടിച്ചു, ഇഞ്ചിയുടെ ഒരു സ്പീഷിസ് കണ്ടെത്തി. ഇതൊന്നും പൊതുജനത്തിന് നമ്മളിൽ നിന്ന് നേരിട്ട് ഉപയോഗപ്പെടുത്താനോ അറിയാനോ പറ്റുന്ന കാര്യങ്ങളല്ല. ഇത്തരം സസ്യവർഗങ്ങൾ ക്രോസ് ബ്രീഡ് ചെയ്ത് ഉപയോഗപ്പെടുത്താൻ പറ്റുമെന്നല്ലാതെ നേരിട്ട് ജനങ്ങൾക്ക് ഉപയോഗപ്പെടുത്താനുമാവില്ല. ഇതുവരെ അറിയപ്പെടാത്ത ജൈവവൈവിധ്യങ്ങളാണ് നാം കണ്ടെത്തുന്നത്. അത്തരത്തിൽ ഏറെ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ പൊതുജനങ്ങൾക്കിടയിൽ അത്ര പ്രസിദ്ധിയില്ലെങ്കിലും ശാസ്ത്രലോകത്ത് നാം അംഗീകരിക്കപ്പെടുന്നുണ്ട്. ഒരുപേപ്പർ പബ്ലിഷ് ചെയ്താലോ പ്രബന്ധമവതരിപ്പിച്ചാലോ ഒക്കെ നാം അവിടെ അടയാളപ്പെടുത്തപ്പെടുന്നുണ്ട്. മാധ്യമങ്ങളിലോ പൊതുസമൂഹത്തിലോ അത് വരുന്നില്ലാ എന്നേയുള്ളൂ.
സ്കൂൾ കാലം മുതൽ തന്നെ കുട്ടികളിൽ സയൻസിനോടുള്ള അഭിരുചി വളർത്തേണ്ടത് ആവശ്യമാണെന്ന് തോന്നിയിട്ടുണ്ടോ?
ഉണ്ട്. പുതിയകാലത്ത് അത് ഏറെക്കുറേ പ്രാവർത്തികമാവുന്നുമുണ്ട്. ഈ ലക്ഷ്യം വെച്ച് കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി & എൻവയോൺമെന്റ് വിദ്യാർഥികൾക്കായി നടത്തുന്ന സയൻസ് കോൺഗ്രസ് ഒക്കെ ഇതുമായി ചേർത്തുവായിക്കാം. മിടുക്കരായ വിദ്യാർഥികൾ ഇതിലേക്ക് ആകൃഷ്ടരാകാൻ ഈ പ്രവർത്തനങ്ങൾ സഹായിക്കുന്നുണ്ട്.
എൺപതുകളിലും തൊണ്ണൂറുകളിലുമൊക്കെ ബോട്ടണിയിലേക്ക് കുട്ടികൾ വരാൻ താത്പര്യപ്പെട്ടിരുന്നില്ല. പ്ലസ്ടുവിന് ശേഷം നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകളൊക്കെയാണ് കൂടുതൽ പേരും പ്രവേശനം നേടിയത്. ആ സ്ഥിതിക്ക് ഇന്ന് ഏറെ മാറ്റം വന്നിട്ടുണ്ട്.
ആവാസവ്യവസ്ഥയുടെ നാശം നമ്മുടെ നാട്ടിൽ മാത്രം കാണപ്പെടുന്ന സസ്യ വൈവിധ്യങ്ങൾ ഇല്ലാതാവാൻ കാരണമാകില്ലേ?
തീർച്ചയായും. പ്രത്യേക ആവാസവ്യവസ്ഥയിൽ മാത്രം കണ്ടു വരുന്ന ധാരാളം സസ്യങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ആ ആവാസ വ്യവസ്ഥ നശിക്കാനിടയായാൽ ആ സസ്യം തന്നെയാണ് ഇല്ലാതായിപ്പോവുക. അങ്ങനെ സംഭവിക്കാതെ പ്രകൃതിയെ പരിരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. വർഷങ്ങൾക്ക് മുൻപ് ഞാൻ പഠനം നടത്തിയ ബോസെൻ ബെർജിയ അൽബോലൂടീആ, ബോസെൻ ബെർജിയ റബ്രോലൂടെയാ (ഇവ രണ്ടും ഇഞ്ചിവർഗം)മ്യൂസ സംഗിനെയാ (വാഴ വിഭാഗത്തിൽ പെടുന്ന സസ്യം)എന്നീ സസ്യങ്ങളെ പിന്നീടാ പ്രദേശത്ത് കാണാനായിട്ടില്ല. ഒന്ന് ആൻഡമാനിലും ഒന്ന് മേഘാലയയിലുമായിരുന്നു. വംശനാശം സംഭവിച്ച സസ്യവിഭാഗത്തിലാണ് ആ സസ്യങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു പ്രത്യേകവിഭാഗത്തിൽ പഠനം നടത്തിയതുകൊണ്ടാണ് ഈ ചെടികളുടെ പേര് വന്നത്. മറ്റ് വിഭാഗങ്ങൾ പരിശോധിച്ചാൽ വംശനാശഭീഷണി നേരിടുന്ന ഇത്തരത്തിൽ ധാരാളം സസ്യങ്ങൾ ഉണ്ടാകും. ഒന്നുകിൽ ആവാസ വ്യവസ്ഥ ഒന്നാകെ സംരക്ഷിക്കപ്പെടണം. അല്ലെങ്കിൽ വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളെ ബൊട്ടാണിക്കൽ ഗാർഡനുകളിൽ വളർത്തി അവയിൽ നിന്ന് കൂടുതൽ ചെടികളുണ്ടാക്കി സമാന കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ നടണം. ഈ രീതികൾ അവലംബിച്ചാൽ നമ്മുടെ ജൈവവൈവിധ്യത്തെ സംരക്ഷിക്കാൻ നമുക്ക് തന്നെ കഴിയും.
നമ്മുടെ നാട്ടിലെ പലവിത്തിനങ്ങളുടെയും പകർപ്പവകാശം മറ്റ് വിദേശരാജ്യങ്ങളുടെ കൈകളിലാണിപ്പോൾ. നമ്മുടെ ജൈവവൈവിധ്യത്തെ സംരക്ഷിക്കേണ്ടത് നമ്മളല്ലേ?
തീർച്ചയായും. ധാരാളം സസ്യങ്ങൾ ഇന്ത്യയിൽ നിന്ന് പുറത്തേക്ക് പോയിട്ടുണ്ട്. മുൻപ് അഗസ്ത്യമലകളിൽ മാത്രം കണ്ടെത്തിയിരുന്ന ഓർക്കിഡ് ഇനമായ ലേഡിസ് സ്ലിപ്പർ (lady's slipper Orchid) ഇന്ന് വിദേശരാജ്യങ്ങളിലടക്കം സുലഭമാണ്. നമ്മുടെ വനപ്രദേശങ്ങളിൽ അതിമനോഹരമായ അലങ്കാരച്ചെടികൾ ധാരാളമുണ്ട്. ചെടികൾ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും വ്യവസ്ഥകളും കർശനമാകണം. നമ്മുടെ ജൈവവൈവിധ്യം കൈവിടാതെ സംരക്ഷിക്കാനുള്ള പ്രയത്നം നമ്മുടെ ഭാഗത്ത് നിന്നാണുണ്ടാവേണ്ടത്. കാരണം ആ വൈവിധ്യമാണ് നമ്മുടെ സ്വത്ത്
പുതുതലമുറയോട് എന്താണ് പറയാനുള്ളത്
ധാരാളം പഠനസാധ്യതയുള്ള പഠനമേഖലയാണ് ടാക്സോണമി. പുതുതലമുറ ഈ മേഖലയിലേക്ക് കടന്നുവരണം. നമ്മുടെ ജൈവവൈവിധ്യത്തിലുൾപ്പെടുന്ന അനേകം ചെടികളെ ഇനിയും കണ്ടെത്താനുണ്ട്. അവയെക്കുറിച്ച് അറിയാനും പഠിക്കാനുമുണ്ട്. അത് നല്ലരീതിയിൽ വിനിയോഗിക്കപ്പെടേണ്ടത് നമ്മുടെ ആവശ്യമാണ്.
ഡോ.മാമിയിൽ സാബുവിന് 'ഇ കെ ജാനകിഅമ്മാൾ പുരസ്കാരം' ഏറ്റുവാങ്ങുന്നു
കുടുംബം
മീന സാബു ആണ് ഡോ.സാബുവിന്റെ പത്നി. അശ്വതി, ആഷിക് എം.സാബു എന്നിവരാണ് മക്കൾ
ഇന്ത്യൻ സസ്യശാസ്ത്രജ്ഞ ഡോ ഇ.കെ ജാനകി അമ്മാളിന്റെ സ്മരണാർഥം കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയമാണ് സസ്യവർഗ്ഗീകരണ രംഗത്തെ പ്രമുഖർക്ക് ഈ പുരസ്കാരം ഏർപ്പെടുത്തിയത്. അഞ്ചുലക്ഷം രൂപയും മെഡലുമാണ് സമ്മാനം. 2018 ലെ പുരസ്കാരമാണ് ഡോ.സാബുവിന് ലഭിച്ചത്.
ഇന്ത്യൻ ബൊട്ടാണിക്കൽ സൊസൈറ്റി (IBS) യുടെ പ്രൊഫ. പഞ്ചാനൻ മഹേശ്വരി ഗോൾഡ് മെഡൽ (2010), ഇന്ത്യൻ അസോസിയേഷൻ ഫോർ ആഞ്ചിയോസ്പേം ടാക്സോണമി (IAAT) ഏർപ്പെടുത്തിയിട്ടുള്ള പ്രൊഫ. വി വി ശിവരാമൻ ഗോൾഡ് മെഡൽ (2014), കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബെസ്റ്റ് റിസർച്ചർ അവാർഡ് (2012), ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി, ദൽഹി (2019), ഇന്ത്യൻ അക്കാദമി ഓഫ് സൻസ്, ബാംഗ്ലൂർ (2019), ഐ.എ.എ.ടി, ഐ.ബി.എസ്, ലീനേയൻ സൊസൈറ്റി എന്നിവയുടെ ഫെലേഷിപ്പുകൾ ഡോ.സാബുവിനെ തേടിയെത്തിയ ബഹുമതികളാണ്.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതൽ വാർത്തകൾ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പിൽ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Content Highlights: E.KJanaki Ammal National Award, Angiosperm Taxonomy, Mamiyil Sabu,M Sabu, Botany