2028-ലെ എഐ ഉച്ചകോടി യുഎഇയിൽ; 2027-ൽ ജനീവ ഉച്ചകോടിയിൽ യുഎഇ പങ്കെടുക്കും

അബുദാബി: 2028-ൽ നടക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉച്ചകോടിക്ക് യുഎഇ ആതിഥേയത്വം വഹിക്കും. അതിനുമുൻപ് 2027-ൽ ജനീവയിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ യുഎഇ സഹഅധ്യക്ഷത വഹിക്കുകയും ചെയ്യും. ഡൽഹിയിൽ നടന്ന എഐ ഇംപാക്ട് ഉച്ചകോടി 2026 ലായിരുന്നു പ്രഖ്യാപനം. നൂതന സാങ്കേതിക മേഖലകളിലെ സഹകരണം ശക്തമാക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് യുഎഇ വലിയ പിന്തുണയാണ് ഉച്ചകോടിയിൽ നൽകിയത്.

നൂതന സാങ്കേതിക വിദ്യകളുടെ ആഗോളകേന്ദ്രം എന്ന നിലയിലും അന്താരാഷ്ട്ര എഐ കേന്ദ്രം രൂപപ്പെടുത്തുന്നതിനുള്ള മുൻനിര വേദിയെന്ന നിലയിലുമാണ് യുഎ.ഇ 2028-ലെ എഐ ഉച്ചകോടിയുടെ വേദിയായി തിരഞ്ഞെടുക്കപ്പെട്ടത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലും യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരവും എ.ഐയുടെ ഭാവി രൂപപ്പെടുത്തുമെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കണോമി, റിമോട്ട് വർക്ക് ആപ്ലിക്കേഷനുകൾ എന്നിവയുടെ സഹമന്ത്രി ഒമർ സുൽത്താൻ അൽ ഒലാമ പറഞ്ഞു.

വിവിധ സർക്കാരുകൾ, നയരൂപകർത്താക്കൾ, സാങ്കേതിക വിദഗ്ധർ, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു പ്രമുഖ ആഗോള പ്ലാറ്റ്‌ഫോമാണ് എ.ഐ ഉച്ചകോടി.

മികച്ച എ.ഐ രീതികൾ കൈമാറുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഏകീകരിക്കുക, പ്രായോഗികമായ നയങ്ങൾ രൂപപ്പെടുത്തുക, അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുക, സമൂഹത്തെ ശാക്തീകരിച്ച് എഐയുടെ സുരക്ഷിതവും വിശ്വസനീയവുമായ ഉപയോഗം ഉറപ്പാക്കുക, എഐയിൽ സമഗ്രമായ വളർച്ച കൈവരിക്കുക, സുപ്രധാന മേഖലകളിലുടനീളം ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണയ്ക്കുക എന്നിവയാണ് എഐ ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.

Content Highlights: UAE to host the 2028 AI Summit and co-chair the 2027 Geneva Summit